Saturday, August 8, 2015

ശാസ്ത്രം? വാട്ടീസിറ്റ്?

ഒരു ലക്ഷം വര്‍ഷം മുന്നേ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മനുഷ്യന്‍ ഉണ്ടായിരുന്നില്ല. കണാദന്‍ പത്തു രണ്ടായിരത്തി അഞ്ഞൂറു വര്‍ഷം മുന്നേ ജീവിച്ചിരുന്ന ശാസ്ത്രജ്ഞനാണ്. പഞ്ചഭൂതങ്ങളാല്‍ ആണ് ലോകം നിര്‍മ്മിച്ചിരുന്നത് എന്ന് അക്കാലത്തെ ശാസ്ത്രലോകം വിശ്വസിച്ചിരുന്നു. അതിന്റെ ഏറ്റവും ചെറിയ കണങ്ങള്‍ കാണാനാവില്ലെന്നും നശിപ്പിക്കാന്‍ ആവില്ല എന്നും അവര്‍ വിശ്വസിച്ചിരുന്നു. കണാദനും മുന്നേ ജീവിച്ചിരുന്ന ഡെമോക്രിറ്റസ് അതിനെ ആറ്റം എന്നു വിളിച്ചു. ശാസ്ത്രലോകം അന്നും അറിവു പങ്കുവച്ചിരുന്നു അതിനാല്‍ കണാദനും അണു എന്ന കണത്തെക്കുറിച്ച് പിന്നീട് എഴുതി. ഇതാണ് പൊതുവില്‍ അറിയുന്ന കാര്യം. ചിലര്‍ കണാദന്റെ ജീവകാലം ഡെമോക്രിറ്റസിന്റേതു തന്നെയെന്നും അവര്‍ ഒരുമിച്ചാണ് ഇത്തരം കാര്യങ്ങള്‍ കണ്ടെത്തിയെന്നും വാദിക്കുന്നു, തെളിവില്ല. അല്ലാതെ ആരും അണുബോംബ് ഒന്നും അന്നു നിര്‍മ്മിച്ചിരുന്നില്ല.
ലോകത്ത് എല്ലായിടത്തും ജ്യോതിഷവും നിലനിന്നിരുന്നു. 17000 കൊല്ലം മുന്നേയുള്ള ജ്യോതിഷം ഫ്രാന്‍സിലെ ലാസ്കൗ ഗുഹകളില്‍ കാണാം. അറിവ് അത്രയൊന്നുമില്ലാതിരുന്ന കാലത്ത് മനുഷ്യന്‍ ഗ്രഹങ്ങളും നക്ഷത്രങ്ങളും ഒക്കെ ചേര്‍ന്നാണ് ആളിനെ ജീവിതത്തിനു തിരക്കഥ എഴുതുന്നത് എന്നു വിശ്വസിച്ചു. അത് ലോകത്ത് എല്ലായിടത്തും പ്രബലം ആയിരുന്നു. ഇന്നും മിക്കരാജ്യങ്ങളിലും ഇമ്മാതിരി ഒക്കെ വിശ്വസിക്കുന്ന ഒരു തീരെച്ചെറിയ ന്യൂനപക്ഷം കാണാം.
ഏതാണ് ഇക്കാലത്ത് ഇന്ത്യയും ചൈനയും പോലെയുള്ള രാജ്യങ്ങളില്‍ മതം വന്‍ കുതിച്ചു കയറ്റം നടത്തിയതു മൂലം ആദ്ധ്യാത്മികത ശാസ്ത്രപുരോഗതിയെ വിഴുങ്ങിക്കളഞ്ഞു. അതിനാല്‍ ശാസ്ത്രത്തിന്റെ മുന്നേറ്റം ഏതാണ്ട് പൂര്‍ണ്ണമായി അവിടെയൊക്കെ നിലച്ചു. ആളുകള്‍ പഴയകാലം തുടര്‍ന്നു.
യൂറോപ്പില്‍ ശാസ്ത്രം അപ്പോഴും പുരോഗമിക്കുകയായിരുന്നു. അവര്‍ സൂര്യനെ ചുറ്റുന്ന ഗോളങ്ങളുള്‍ല സൗരയൂഥവും ഭൂമിയുടെ കാന്തിക വലയങ്ങളും ഒക്കെ കണ്ടെത്തി. നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും അടുത്തറിഞ്ഞു. ഇങ്ങനെ പുരോഗമിക്കവേ അവിടെ ജ്യോതിഷത്തിന്റെ കളസം ശാസ്ത്രീയമായി കീറി.
അതിലും എത്രയോ മുന്നേ തന്നെ ജ്യോതിഷത്തെ നിലവിലുള്ള അറിവുകൊണ്ട് തന്നെ ശാസ്ത്രലോകം തള്ളിക്കളഞ്ഞിരുന്നു എന്നതാണ് രസകരം. രണ്ടായിരം കൊല്ലം മുന്നേ സിസെറോ എത്രയോ ദൂരെ കിടക്കുന്ന നക്ഷത്രങ്ങളും മറ്റും എന്തു പിണ്ണാക്ക് ഉണ്ടാക്കാനാണു മനുഷ്യ ഭാവിയില്‍, വളര്‍ത്തുന്ന സാഹചര്യം, സമൂഹത്തിന്റെ അവസ്ഥ, മരുന്നും ചികിത്സയും പുരോഗമിക്കല്‍, കാലാവസ്ഥ തുടങ്ങിയവയാണ് ഒരാളിന്റെ ജീവിതം തീരുമാനിക്കുക, ഒന്നും ചെയ്യാന്‍ കെല്പ്പില്ലാത്ത നക്ഷത്രങ്ങളല്ല എന്നു വാദിച്ചു.
പ്ലോട്ടിനസ് ജ്യോതിഷം ചിരിച്ചു തള്ളേണ്ട തമാശ ആണെന്നും അമാവാസിയും പൗര്‍ണ്ണമിയും ഒക്കെ പ്രകാശ ലഭ്യത മാറ്റുന്നു എന്നല്ലാതെ ചന്ദ്രന്റെ "ശക്തി"യില്‍ എന്തു തേങ്ങയാണ് ഉണ്ടാക്കുന്നത് എന്ന് ചോദിച്ചു. അനന്തമായ പ്രപഞ്ചത്തില്‍ ഒരു ചെറു ചലനം ഉണ്ടായാല്‍ അത് ജീവികളില്‍ എങ്ങനെ എന്തു മാറ്റം ഉണ്ടാക്കാന്‍ എന്ന് ഫെവോറിനസ് ചോദിച്ചു. കര്‍ണിയേഡിസ് നിരീക്ഷിച്ചു "വിധി മുന്‍‌നിശ്ചിതം എന്നൊക്കെ പറഞ്ഞു പരത്തുന്നത് മനുഷ്യന്റെ സ്വന്തന്ത്ര ജീവിതത്തിനും വ്യക്തിവികാസത്തിനും തടസ്സമാകുന്ന അസംബന്ധമാണ്. ജ്യോതിഷപ്രകാരം പലേ സമയത്ത് ജനിച്ച, രണ്ട് സംസ്കാരങ്ങളില്‍ വളര്‍ന്ന പരസ്പരം കണ്ടിട്ടില്ലാത്ത ആയിരങ്ങള്‍ ഒരേ യുദ്ധത്തില്‍ വടിയായിപ്പോകുന്നത് തന്നെ ഇമ്മാതിരി അന്ധവിശ്വാസങ്ങളില്‍ കാര്യമില്ല എന്നതാണു കാണിക്കുന്നത് എന്നായിരുന്നു. രണ്ടായിരം കൊല്ലം മുന്നേ തന്നെ ശാസ്ത്രവും തത്വചിന്തയും ജ്യോതിഷത്തിന്റെ കളസം കീറി, പക്ഷേ ഇന്ത്യ (ചൈനയും) അതു കണ്ടില്ല, അവിടെ ശാസ്ത്രവും തത്വചിന്തയും മരിച്ച് അതിന്റെ അനാഥപ്രേതങ്ങള്‍ ആത്മീയതയുടെ ഇരുട്ടില്‍ തപ്പുകയായിരുന്നു.
ഇന്ന് വ്യക്തിക്കോ ലോകത്തിനോ സംഭവിക്കുന്നതിനൊക്കെ ജൈവശാസ്ത്രം കൊണ്ടും ഭൗതിക ശാസ്ത്രം കൊണ്ടും വ്യക്തമായ വിശദീകരണം നല്‍കാനാവും. ഗ്രഹങ്ങള്‍ക്കോ നക്ഷത്രങ്ങള്‍ക്കോ ഇതിലൊരു പങ്കുമില്ലെന്നും തെളിയിക്കാനാകും. മതത്തിന്റെ പ്രചാരണത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചിട്ടു റോക്കറ്റ് അയക്കുന്നതു മനസ്സിലാക്കാം. സ്വന്തം മനസ്സിനു ശാസ്ത്രബോധം ഇല്ലാത്തതിനാല്‍ നേര്‍ച്ചക്കാശ് ഇട്ടിട്ടു കോടതിയില്‍ പോകുന്ന വക്കീലിനെ മനസ്സിലാക്കാം. പ്രാര്‍ത്ഥിച്ചിട്ടു സ്കാള്‍പെല്‍ എടുത്താല്‍ കൈ വിറയ്ക്കാത്ത ഡോക്റ്ററെയും മനസ്സിലാക്കാം, പക്ഷേ ശാസ്ത്രം ജ്യോതിഷത്തിന്റെ മുന്നില്‍ ഒന്നുമല്ലെന്നു വാദിക്കുന്ന എം.പി. എന്തോന്നാണു വിചാരിച്ചിരിക്കുന്നത്?
അല്ല, മനുഷ്യരാശി ഇന്ത്യയില്‍ എത്തുന്നേനു മുന്നേ കണാദന്‍ ഇവിടൊക്കെ അണുബോംബ് ഇട്ടു നടക്കുകയായിരുന്നു എന്നു വിശ്വസിക്കുന്നയാള്‍ ഇങ്ങനെ അല്ലാതെ വേറേ എങ്ങനെ വിചാരിക്കാന്‍?

04-dec-2014

ഭയം

മഴക്കാലത്ത് വിത്തു പാകിയാല്‍ അത് മുളയ്ക്കും വരെ പകല്‍ കാവലിരിക്കണം, ഇല്ലെങ്കില്‍ പ്രാവുകള്‍ പടയായി വന്ന് വിത്തു തിന്നും. ഇത് ഷിഫ്റ്റ് ഡ്യൂട്ടിയാണ്, ഒരാള്‍ വരുമ്പോള്‍ മുന്നത്തെയാളിനു പോകാം. ഞാന്‍ പള്ളിക്കൂടത്തില്‍ നിന്നു വന്നു കാപ്പി കുടിച്ചു. പാവുവയല്‍ വീട്ടില്‍ നിന്നു ദൂരെയാണ്. നികിതയുടെ ബാല്യം എടുത്തു (എനിക്കതു വിശുദ്ധഗ്രന്ഥം ആയിരുന്നു, എന്നും കുറച്ചു പേജ് വായിക്കും) അവിടേക്ക് പോയി. ചേച്ചി അവിടെ ഇരുന്നു പുസ്തകം വായിക്കുകയാണ്.
"ചേച്ചി എന്താ വായിക്കുന്നേ?"
"കേശവീയം. കേള്‍ക്കണോ?"
"ഉം. കേള്‍ക്കണം."
മൃതിവശഗതനായ് പ്രസേനവീരൻ
കുതിരയൊടൊത്തവിടെക്കിടന്നിരുന്നു.
വിധിമഹിമയലം ഘനീയമാണെ-
ന്നതിദയനീയമുരച്ചിടുന്നവണ്ണം
കടുനിണമൊഴുകിപ്പടർന്നു ചുറ്റും
കഠിനത പൂണ്ടു കറുത്തു നിന്നിരുന്നു
സ്ഫുടരുചിതടവും വിശാലവക്ഷ-
സ്തടമവഗാഢതരം പിളർന്നിരുന്നു....
....
"ഞാന്‍ പോട്ടേ, മോനേ." ചേച്ചി പോയി.
ഞാന്‍ വരമ്പത്തു കുത്തിയിരിപ്പായി. മഴക്കാറു മൂടി കറുത്ത ആകാശം ഒരു കുട്ട കമിഴ്ത്തിവച്ചതുപോലെ. ഒരാളുപോലും വയലില്‍ ഇല്ല. ഒരു ശബ്ദവും കേള്‍ക്കാനില്ല. അമ്പലത്തില്‍ പാട്ടു വയ്ക്കുമായിരുന്നു വൈകിട്ട്, ഇന്നതുമില്ല.
ഹരിതനിറമിയന്ന വാരവാണം
പലവഴി പൊട്ടി വിടുർന്നിരുന്നു മെയ്യിൽ
വിഘടിതജഠരാന്തരത്തിൽനിന്നും
കുടലുകൾ ചാടി വെളിക്കു വീണിരുന്നു .
ചെളിയില്‍ ആരെങ്കിലും ചത്തു പൂഴ്ന്നു കിടക്കുന്നുണ്ടാവുമോ? കൈതക്കാട്ടില്‍ എന്തോ അനങ്ങുന്നു. വല്ല ശവവും പട്ടി കടിച്ചു വലിക്കുകയാണോ?
സുരുചിരത കലർന്ന വില്ലുമമ്പും
കരയുഗസന്നിധിയിൽ പതച്ചിരുന്നു
കസവൊളി തിരളുന്ന തൊപ്പിയൂരി-
ത്തലയൊടു ചേർന്നരികിൽ കിടന്നിരുന്നു .
കൈവെട്ടിയ ഭാര്‍ഗ്ഗവിയമ്മ വരമ്പത്തൂടെ നടന്നു വരുന്നു. അവരെ വിളിച്ചു.
"ഭാര്‍ഗ്ഗവിയമ്മ ഇവിടെ ഇച്ചിരി നേരം പ്രാവിനെയടിക്കാമോ? ഞാനിപ്പ വരാം."
"നീയെവിടെ പോണു കുഞ്ഞേ?"
പേടിയാണെന്ന് പറഞ്ഞാല്‍ അവരു ചിരിക്കും.
"ഞാന്‍ ഒന്നു കക്കൂസി പോയേച്ചു വേഗം ഇഞ്ഞു വരാം."
"ആ കൈതേടെ എടേല്‍ എങ്ങാനും പോയാ മതി. പിന്നേ, പിള്ളേരു തൂറാന്‍ കക്കൂസിലല്ല്യോ പോണെ!"
അവരു നടന്നങ്ങു പോയി.
ഘനതതിയുടെ കാന്തിയെജ്ജയിക്കും
ഘനതരകോമളമായ കേശജാലം
പലവഴി ചിതറിപ്പിണഞ്ഞു മണ്ണിൽ
പൊടിയുമണിഞ്ഞു കിടന്നിരുന്നു ചുററും.
തോട്ടില്‍ നോക്കിയപ്പോള്‍ ദൂരെനിന്ന് അതില്‍ കൂടി ഒരു ജഡം ഒഴുകി വരുന്നു!
ഝടിതി ഗളതലേ തടഞ്ഞ ബാഷ്പോൽ-
ഗമമൊടു നിന്ന നിലയക്കു നിന്നുപോയി.
അതൊഴു വാഴ വെട്ടിയത് ഒഴുകി വന്നതായിരുന്നു. പാവുകണ്ടത്തിനെ അനാഥമാക്കി ഒരൊറ്റയോട്ടം വീട്ടിലേക്ക്. നേരേ പോയി ആശാന്റെ തുടല്‍ അഴിച്ചു. അവന്‍ ആളു ഹൗണ്ട് ആണെങ്കിലും രൂപത്തിലും നടത്തയിലും വലിപ്പത്തിലും കടുവയെപ്പോലെയാണ്. സ്വഭാവത്തിലും അതേ, ശാന്തമായി നടക്കും, ശാന്തമായി നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഒറ്റ അലര്‍ച്ചയും കുതിപ്പുമായി ശത്രുവിനെ കശാപ്പും ചെയ്യും.
"ആശാനേ വാടാ."
"വൗഫ്???"
"എനിക്കു പേടി, നീയുംകൊടെ വാ."
ആശാനു ചെളിയും വരമ്പും ഒന്നും അത്ര പിടിച്ചില്ല. എങ്കിലും സംഗതിയുടെ ഗൗരവം പിടി കിട്ടി. എന്റെ ജീവന്റെയും സ്വത്തിന്റെയും സം‌രക്ഷണച്ചുമതല അവന്റേതാണല്ലോ. കര്‍മ്മബോധം കൊണ്ട് അവന്‍ മുന്നേ ഞാന്‍ പിന്നേ പാവുകണ്ടത്തിലോട്ട് പോയി. പ്രാവൊന്നുമില്ല. മനുഷ്യേനും മാന്‍‌ജാതിയുമില്ല.
"ബഫ്??" അവന്‍ ചെവി കൂര്‍പ്പിച്ചു കറങ്ങി നടന്നു നോക്കി.
"എനിക്കു പേടിയെടാ, ഇവിടെ ജഡം ഉണ്ട്."
ആശാന്‍ അവിടെയൊക്കെ മണത്തു നോക്കി. കൈതക്കാടു വരെ ഒന്നു ഓടിപ്പോയി നോക്കി തിരിച്ചു വന്നു എന്നെ സൂക്ഷിച്ചു നോക്കി, ഇവന്‍ ഏതു കൊജ്ഞാണന്‍ എന്ന മട്ടില്‍.
"ബാവൂള്‍ഫ്!!!"
"ബാവൂള്‍ഫ് ആയിരിക്കും, എന്നാലും ശകലം പേടിയുണ്ട് ബാക്കി. നീ ഇങ്ങടുത്തിരുന്നേ; ഞാന്‍ ചെവി ചൊറിഞ്ഞു തരാം."
അന്ന് എന്നെ കവിത ചൊല്ലി വിരട്ടിയ സുധച്ചേച്ചി, ഹാപ്പി ബെര്‍ത്ത്ഡേ

07-dec-2014

ആംസ്റ്റ്രോങ്ങ് സെല്‍ഫിയെടുത്തത് സ്മാര്‍ട്ട് ഫോണിലായിരുന്നില്ല.

ദില്ലിയില്‍ ഒരു സ്ത്രീയെ ടാക്സി ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. ഇതില്‍ പ്രതിയായ ആളിനെ അറസ്റ്റ് ചെയ്യുകയും നവയുഗ ടാക്സി കമ്പനിയായ ഊബറിനെ നിരോധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ സ്ത്രീയ്ക്കു സുരക്ഷയില്ല എന്ന പഴകിത്തേഞ്ഞ വാദം ചിലര്‍ വീണ്ടും ഉന്നയിച്ചത്.
കോജിത്തോ എര്‍ഗോ സം - ഐ തിങ്ക് ദെയര്‍ഫോര്‍ ഐ ആം - എന്ന് ദെക്കാര്‍ത്തേ പറഞ്ഞിരിക്കുന്നു. "റ്റു ബീ" എന്ന സ്റ്റേറ്റീവ് ക്രിയയുടെ ഏഴു രൂപങ്ങളില്‍ ഒന്നാണ് "ഐ ആം" എന്നത്. ഏഴു രൂപം ഉള്ളതില്‍ മൂന്നില്‍ "ഈസ്" എന്നും മറ്റൊരു മൂന്നെണ്ണത്തില്‍ "ആര്‍" എന്നതും ആണ് ആം എന്നത് ഒരെണ്ണത്തില്‍ മാത്രം എന്നതിനാല്‍ ചിന്തിക്കാതെ ഒരു രൂപം എടുത്താല്‍ ഐ ആര്‍ എന്നോ ഐ ഈസ് എന്നോ ആണ് വരാന്‍ സാധ്യത എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. "റ്റു ബീ ഓര്‍ നോട്ട്" എന്ന ചോദ്യം വില്യം ഷേക്ക്സ്പിയറിനെയും അലട്ടിയിരുന്നു, അതിലേക്ക് കടക്കുന്നില്ല.
സ്മാര്‍ട്ട് ഫോണ്‍ വഴി ടാക്സി വിളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചാല്‍ തന്നെ സ്ത്രീസുരക്ഷയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കും. ചാന്ദ്രയാത്രികര്‍ നെഞ്ചേറ്റു കൊണ്ടുപോയ അപ്പോളോ ഗൈഡന്‍സ് കമ്പ്യൂട്ടറിനു ഒരു മെഗാഹേര്‍‌റ്റ്സ് പ്രോസസറും നാലു കിലോബൈറ്റ് മെമ്മറിയും ആയിരുന്നു . ഇന്നത്തെ വിപണിയിലെ ബ്ലാക്ക്ബെറി ക്യൂ 10 ഫോണിനു ഒന്നര ഗിഗാ ഹേര്‍ട്ട്സ് പ്രോസസറും 16 ജിബി ഇന്റേണല്‍ മെമ്മറിയും 32 ജിബി കാര്‍ഡ് മെമ്മറിയും ആണെന്നത് ശ്രദ്ധിച്ചാല്‍ തന്നെ ചന്ദ്രനില്‍ സ്ത്രീസുരക്ഷ എന്തുകൊണ്ട് സാധ്യമായെന്നും ഏജീസിയുടെ 1500 മടങ്ങ് ശക്തിയുള്ള പ്രോസസറുള്ള സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന നഗരങ്ങളില്‍ എന്തുകൊണ്ട് സാധ്യമാവുന്നില്ലെന്നും സുധീഷണര്‍ക്കു വെളിവാകും.
ഇതുവരെ ഊബര്‍ നിരോധിച്ച രാജ്യങ്ങളും നഗരങ്ങളും എല്ലാം തന്നെ മുതലാളിത്ത വ്യവസ്ഥയിലാണ്. ദില്ലി പിന്‍‌തുടര്‍ന്നതും ഇതേ പാതയാണ്. എല്ലാ പ്രവര്‍ത്തികളും ചില മുദ്രകള്‍ പതിപ്പിക്കുന്നു. പ്രിയ നാരങ്ങാ അച്ചാറിന്റെ കുപ്പിക്കു മുകളില്‍ ഈനാട് കോമ്പ്ലക്സ്, സോമാജിഗുഡ, ഹൈദരാബാദ് എന്ന് എഴുതിയിട്ടുണ്ട്. ഈനാടിന്റെ കോമ്പ്ലക്സുകള്‍ മൂലമാണ് നാട്ടില്‍ സ്ത്രീസുരക്ഷയില്ലാതെയാകുന്നത്. ഈനാടും രാമോജി ഫിലിം സിറ്റിയും പ്രിയ അച്ചാറും രാമോജിയുടേതാണെന്നത് ശ്രദ്ധേയമാണ്. തെലുങ്കില്‍ നാരങ്ങായ്ക്കു നിമ്മക്കായ എന്നാണു പറയുക. മുളകിനു മിരപക്കായ എന്നും. എന്നാല്‍ ഉപ്പിനു ഉപ്പു എന്നു തന്നെ പറയും.
ബുദ്ധിപരമായ അഭിവൃദ്ധിയുടെ ഫലമായ മനോവികാസങ്ങളുടെ പരിണിതഫലമാണ് സംസ്കാരം. സ്വതബോധം, അഹംഭാവം, അബോധവിചാര വികാരങ്ങള്‍ എന്നിവയുടെ സങ്കലനമാണ് മനോവൃത്തിയെന്ന് യൂങ്ങ് നിരീക്ഷിച്ചതു ശരിയാണെന്നു വരുന്നു. അഭിവൃദ്ധിയെ ജി.ഡി.പി വളര്‍ച്ചയിലൂടെ മാത്രം നോക്കിക്കാണുന്ന ഇക്കാലത്ത് ബുദ്ധിപരമായ അഭിവൃദ്ധി - ഇന്റലിജന്‍സ് ക്വോഷ്യന്റ് സിദ്ധിമാനം - ജിഡിപി കൊണ്ട് ഹരിച്ചാണ് എടുക്കേണ്ടതെന്നു വരുന്നു.
മകാര്‍തര്‍ ഫെല്ലോസിന്റെ ബുദ്ധിയെ അതത് രാജ്യത്തിന്റെ പ്രതിശീര്‍ഷ ജിഡിപി കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന സിദ്ധിമാനമായിരിക്കില്ല ഡിജിപിയുടെ ബുദ്ധിയെ ജിഡിപികൊണ്ട് ഹരിച്ചാല്‍ കിട്ടുന്നത്. സംസ്കാരത്തിനു ആരും ഉത്തരവാദിയല്ല എന്നു വരുന്നതിനാല്‍ സംസ്കാരശൂന്യതയ്ക്കും ആരും ഉത്തരവാദിയാകുന്നില്ല എന്ന് ഉപസിദ്ധാന്തതത്വം പ്രകാരന്‍ അനുമാനിക്കാവുന്നതാണ്. സ്ത്രീകളുടെ സുരക്ഷാനിലവാരം സംസ്കാരജന്യമല്ല എന്ന് ആരും തര്‍ക്കിക്കില്ലല്ലോ.
സ്ത്രീകളോടെന്നല്ല ആരോടായാലും ശരി കുറ്റകൃത്യം ചെയ്താല്‍ ചെയ്തവരെ പിടിച്ചു ശിക്ഷിക്കണമെന്ന് ചില ഫെയിസ്ബുക്ക് ശുഷ്കബുദ്ധികള്‍ വാദിച്ചു കണ്ടു. ഭൂമിയുടെ ഉത്തരാര്‍ദ്ധത്തിലെ ഒരു നഗരമായ ബെര്‍ലിനില്‍ ജീവിച്ചിരുന്ന ഉത്തരാധുനിക പരിണാമ സൈദ്ധാന്തികന്‍ റിച്ചാര്‍ഡ് സെമൊണ്‍ തന്റെ നിമി എന്ന പുസ്തകത്തില്‍ പറഞ്ഞതാണ് എതിര്‍‌വാദമായി എനിക്കു വരുന്നത്. നിമിക് അല്പ്പാംശങ്ങളായ എന്‍‌ഗ്രാംസ് പലപ്പോഴും സ്പര്‍ശനപ്രണകള്‍ക്ക് പ്രതികരിക്കുക തലച്ചോറിന്റെ സുവ്യക്തമായ ആജ്ഞകള്‍ക്ക് അനുസരിച്ചല്ല. അതിന്റേതായ പെരുമാറ്റ ചട്ടങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ സ്ഥിരമുദ്രണം ചെയ്തത് അനുസരിച്ചാണ്. പട്ടി കടിക്കാന്‍ വന്നാല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ബൗദ്ധികമായ പ്രവൃത്തിയല്ല, കാരണം ശരാശരി പട്ടിക്ക് ശരാശരി മനുഷ്യനെക്കാള്‍ വേഗത്തിലോടാന്‍ കഴിയും, പക്ഷേ നിങ്ങള്‍ ഓടുന്നു, എന്തുകൊണ്ട്? നിങ്ങളുടെ ഉള്ളിലെ നിമിക് അല്പ്പാന്‍ശങ്ങളില്‍ പട്ടിയുടെ ആഗമനത്തെക്കുറിച്ചുള്ള എന്‍‌ഗ്രേവ്ഡ് സ്ക്രിപ്റ്റ് "തോമസുകുട്ടീ വിട്ടോടാ" എന്നതിനു സമാനമാണ്. പട്ടിവരുമ്പോള്‍ ഓടുന്നത് നിങ്ങളുടെ വിവേചനാ ജന്യമായ പ്രവൃത്തിയല്ലാത്തതിനാല്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്തവുമില്ല. നിങ്ങള്‍ ഉത്തരവാദിയല്ലാത്തതിനു ശിക്ഷിക്കപ്പെടുന്നത് കിരാതനീതിയാണ്. അതിനാല്‍ കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണം എന്ന വാദം അനീതിയാണ്, പൂര്‍‌വ്വാധുനിക കാലത്ത് അങ്ങനെ ആരെങ്കിലും വാദിച്ചിട്ടുണ്ടാവുമെന്നതില്‍ കഴമ്പില്ല. കുറ്റം ആരു ചെയ്താലും അവനോ അവള്‍ക്കോ അന്തസ്സായി തടിയൂരാന്‍ കഴിയണം, സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ

ഹടിയന്തിരാവസ്ഥക്കാലം !

ഹടിയന്തിരാവസ്ഥക്കാലം. ഞാനന്ന് കഷ്ടിച്ചു പിച്ച വച്ചു തുടങ്ങിയിട്ടേയുള്ളൂ, ഇന്നത്തെപ്പോലെ വലിയ ബുദ്ധിരാക്ഷസനൊന്നുമായിട്ടില്ല. കൊല്ലം എസ് എന്‍ മെന്‍സ് കോളേജില്‍ അന്നു പരീക്ഷ നടക്കുന്നു. പരീക്ഷ എഴുതിക്കൊണ്ടിരിക്കെ എം. ഏ . ബേബിയെ പോലീസ് കരുതല്‍ തടങ്കല്‍ നിയമപ്രകാരം ഹോളില്‍ നിന്നു അറസ്റ്റ് ചെയ്തു കൊണ്ടുപോയ വാര്‍ത്ത എന്റെ കൂടെ മണ്ണപ്പം ചുട്ടുകളിക്കാന്‍ വന്ന സാനുവാണ് പറഞ്ഞത്. ഹെന്റെ രക്തം തിളച്ച നീരാവികൊണ്ട് എനിക്കു ചുറ്റും ഒരു മരീചികയുണ്ടായി.
പാഞ്ഞ് അടുക്കളയില്‍ കയറി. കയ്യില്‍ കിട്ടിയത് ചിക്കന്‍ വെട്ടുന്ന വലിയൊരു പിച്ചാത്തി. അതുമെടുത്ത് അടുത്ത വീട്ടിലേക്ക് ഓടി. അയലത്തെ വീട്ടിലെ ദീപ്തിക്ക് ഒരു മുച്ചക്രസൈക്കിള്‍ ഉണ്ട്. അതില്‍ക്കയറി ഞാന്‍ കൊല്ലം ഈസ്റ്റ് പോലീസ്റ്റേഷനിലേക്ക് കുതിച്ചു. ഓവര്‍ബ്രിഡ്ജ് ഇറങ്ങി എന്റെ വാഹനം കുതിച്ച് വരുന്നതു കണ്ട് പാറാവുനിന്ന പോലീസുകാരന്‍ ഓടി ആല്‍മരത്തില്‍ കേറി . സര്‍ക്കിളിന്‍സ്പെക്റ്റര്‍ പിറകിലെ മതിലു ചാടി കുതിരലായത്തില്‍ ‌- ഓ അത് നിങ്ങള്‍ക്കൊന്നുമറിയില്ല, ഇപ്പോഴത്തെ റിസര്‍‌വ് പോലീസ് ക്യാമ്പ് നില്‍ക്കുന്ന സ്ഥലത്താണ് - കയറി ഒളിച്ചു. സ്റ്റേഷനില്‍ വേറേ പോലീസില്ലായിരുന്നു. ഞാന്‍ ലോക്കപ്പുകള്‍ ഓരോന്നോരോന്നായി നോക്കി. ബേബി അതിലൊന്നുമില്ല. ഞാന്‍ വരുന്നത് കണ്ട പോലീസ് ബേബിയെ മറ്റെങ്ങോട്ടോ മാറ്റിക്കഴിഞ്ഞിരുന്നു. ഞങ്ങളൊക്കെ ചെറുപ്പമല്ലേ, പോലീസിന്റെ രഹസ്യനീക്കങ്ങള്‍ ചോര്‍ത്തിത്തരാന്‍ ആരുമില്ലായിരുന്നു. അങ്ങനെ രക്ഷിക്കനെനിക്കു കഴിഞ്ഞില്ല. അന്നത്തെ സെന്റ്രിയും ഇന്‍സ്പെക്റ്ററും ഒക്കെ മരിച്ചു. ബേബി അവിടെ ഇല്ലായിരുന്നതുകാരണം ഇക്കാര്യം അദ്ദേഹവും ഇതുവരെ അറിഞ്ഞിട്ടില്ല.
ലേബല്‍ : പട്ടാളക്കാരുടെ വീരസ്യമൊക്കെ എന്ത്!

11-dec-2014

ഏഴിലം പാല പൂത്തു...

നമസ്കാരം. ആട്ടിന്റെ പാല്‍ നാഴിയിലേക്ക് സ്വാഗതം. പഴയ പാട്ടുകള്‍ നിങ്ങള്‍ പലതവണ കേട്ടിട്ടുണ്ടാവും പക്ഷേ അതിനെക്കുറിച്ചുള്ള രസകരമായ കഥകള്‍, അതിന്റെ വശ്യചാരുതയാര്‍ന്ന വരികളുടെ ഗൂഢാര്‍ത്ഥങ്ങള്‍, അതിന്റെ സംഗീതത്തിന്റെ സങ്കീര്‍ണ്ണതകള്‍ ഒക്കെ എനിക്കു മാത്രമേ അറിയൂ. അതു നിങ്ങള്‍ക്കു കൂടി പറഞ്ഞു തരാനായിട്ടാണ് താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയില്‍ തനിച്ചിരുന്നുറങ്ങാതെ ചെറുപ്പക്കാരനായ ഞാന്‍ റേഡിയോസ്റ്റേഷനില്‍ വന്നു കുത്തിയിരിക്കുന്നത്. ന്നാ തൊടങ്വല്ലേ?
"ഏഴിലം പാല പൂത്തു പൂമരങ്ങൽ കുട പിടിച്ചു."
മനോഹരമായ വരികള്‍. പാലകള്‍ പലതരമുണ്ട്. കുടപ്പാല, കൂനന്‍ പാല, കള്ളിപ്പാല, കുരുട്ടുപാല... പാലക്കാട് തൃശ്ശൂരിനപ്പുറത്തുള്ള ജില്ലയാണ്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിനു കൈമാറിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാലക്കാട് ജില്ലയുണ്ടാക്കിയിരിക്കുന്നത്. നിങ്ങള്‍ക്കറിയാത്ത പല കാര്യങ്ങളും ഉണ്ട് അതിനെക്കുറിച്ചു പറയാന്‍. പാലക്കാട് മണി അയ്യര്‍ ഒരു പാലക്കാടുകാരന്‍ ആയിരുന്നു. അദ്ദേഹം മറ്റൊരു പാലക്കാട്ടുകാരനായ ചെമ്പൈക്കു വേണ്ടി മൃദംഗം വായിച്ചിട്ടുണ്ട്. മൈക്കിള്‍ മദന്‍ കാമരാജന്‍ എന്ന ചിത്രത്തിലെ കമലഹാസന്റെ നാലുവേഷങ്ങളില്‍ ഒന്നായ കാമേശ്വരന്‍ പാലക്കാടുകാരനാണ്. പാലാരിവട്ടം കൊച്ചിയിലാണ്. അതിനു തൊട്ടടുത്താണ് ജവഹര്‍ലാല്‍ നെഹ്രു ക്രിക്കറ്റ് സ്റ്റേഡിയം. ജഗതിയുടെ പാലാരിവട്ടം ശശി ഓര്‍മ്മയുണ്ടാവുമല്ലോ. പാലാ കോട്ടയത്താണ്. കെ. ആര്‍ നാരായണന്‍, കെ.എം. മാണി, ജി.വി. രാജാ, സക്കറിയ, ഏഴാച്ചേരി, റിമി ടോമി ... അങ്ങു കാലിഫോര്‍ണിയയിലും ഒരു പാല ഉണ്ടത്രേ. നമ്മള്‍ വിഷയത്തില്‍ നിന്നു മാറിപ്പോയി.
ഈ പാട്ടിലെ പാല മറ്റൊന്നുമല്ല ഏഴിലം പാലയാണ്. ഒരടുക്കില്‍ ഏഴ് ഇല വീതം വരുന്നതുകൊണ്ടാണ് ഇതിനെ ഏഴിലം പാല എന്നു വിളിക്കുന്നത്. എന്നു കരുതി പുളിയാറിലയ്ക്ക് ആറ് ഇല വീതം ഉണ്ടെന്ന് കരുതരുത് മൂന്നേയുള്ളൂ. പക്ഷേ മൂവിലയ്ക്ക് മൂന്ന് ഇലകള്‍ വീതമാണ്. രണ്ടില കാണുമ്പോള്‍ ജയലളിതയെ ഓര്‍മ്മവരും.
ഒരു തണ്ടേല്‍ കാക്കത്തൊള്ളായിരം ഇലകള്‍ ഉള്ളതാണ് തെങ്ങോല. പാഴ്മരങ്ങള്‍ പോലും പനയോളം വളര്‍ന്നേക്കാം എന്നാല്‍ ഈര്‍ക്കിലി എത്ര മൂത്താലും കാതലുണ്ടാവില്ല എന്നതിനു ഉദാഹരണമാണ് ഈ പരിപാടി.
"വെള്ളി മലയിൽ ... വേളി മലയിൽ"
മനോഹരമായ വരികള്‍ . ജവാന്‍ ഓഫ് വെള്ളിമല മമ്മൂട്ടി അഭിനയിച്ച ഒരു ചിത്രമാണ്. വേളി മലയോ? നമ്മള്‍ വേളീ കായല്‍ എന്നേ കേട്ടിട്ടുള്ളൂ. വല്യ വേളിയിലോ കൊച്ചുവേളിയിലോ മല കണ്ട ഓര്‍മ്മ നിങ്ങള്‍ക്ക് ഉണ്ടാവില്ല. അതാണ് കവിതയുടെ മാഹാത്മ്യം. പണ്ട് ഞാന്‍ തമ്പാനൂര്‍ റെയില്‍‌‌വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് "വേളി കഴിഞ്ഞ് അകത്തുമുറിയില്‍ എത്താന്‍ എത്ര സമയം എടുക്കും?" എന്ന് എന്നോട് ചോദിച്ചു ഞാന്‍ പറഞ്ഞു "മുരുക്കും‌പുഴയും കഴക്കൂട്ടത്തും ക്രോസിങ്ങ് ഇല്ലെങ്കില്‍ പെട്ടെന്ന് എത്താമെന്ന്." ഹ ഹ ഹ.
"ഏലേലം പാടി വരും കുയിലിണകൾ കുരവയിട്ടു."
മനോഹരമായ വരികള്‍. ആയാസമുള്ള ജോലി ചെയ്യുമ്പോഴാണ് ആളുകള്‍ ഏലേലം വിളിക്കുന്നത്, തോണി തുഴയുമ്പോള്‍ , മരം പൊക്കുമ്പോള്‍, കമ്പ വലിക്കുമ്പോള്‍ ഒക്കെ ഇങ്ങനെ ഏലേലം കേള്‍ക്കാം. കുരുവികള്‍ പറന്നാണല്ലോ വരിക, അവരും ഏലേലം വിളിക്കും. മംഗള കര്‍മ്മം നടക്കുമ്പോഴാണ് കുരവ കേള്‍ക്കുക. കുരവ എന്നതിനു ചിരവ എന്ന ഉപകരണവുമായോ പരവ എന്ന മീനുമായോ ബന്ധമില്ല എന്ന് നമ്മളോര്‍ക്കണം.
"വെള്ളി മലയിൽ... വേളി മലയിൽ"
മനോഹരമായ വരികള്‍. വണ്ടന്‍‌മേടിനും നിരപ്പേലിനും ഇടയിലാണ് വെള്ളിമല. വേളിമല ഹൈദരാബാദില്‍ പഠാന്‍‌ചേരുവില്‍ ആണ്. ഇതിനടുത്ത് ലിംഗംപള്ളിയിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍‌കൂര്‍ റൂറല്‍ ബാങ്കിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട്. ഇവിടെ ബി.എച്ച്.ഈ. എല്‍ ബസ്സില്‍ കയറിയാല്‍ ഒരു പഞ്ചാബി ധാബയും തൊട്ടടുത്ത് വൈന്‍ ഷോപ്പും കാണാം. കുപ്പി വാങ്ങി ധാബയിലെ ഫൂഡും അടിച്ചു റോഡില്‍ ഇരിക്കാന്‍ എന്തു രസമാണെന്നോ.
"പൊൻകിനാവിൻ പൂവനത്തിൽ പാരിജാതം പൂത്തുലഞ്ഞൂ"
മനോഹരമായ വരികള്‍. പൊന്‍‌കിനാക്കള്‍ ഒരു പൂങ്കാവനം പോലെയാണല്ലോ. പാരിജാതം പൂങ്കാവനങ്ങളില്‍ കാണുന്ന മരവും. പൊന്‍‌കിനാവിന്‍ പുഷ്പരഥത്തില്‍ എന്ന പാട്ടും പാരിജാതം തിരുമിഴി തുടന്നു എന്ന പാട്ടും കൂടെ കൂട്ടിയിടിച്ചപ്പോള്‍ ഉണ്ടായ വരികള്‍ ആണെന്നു തോന്നുന്നു.
"എൻ മനസ്സിൻ മലനിരകൾ പൊന്നശോക മലരണിഞ്ഞു"
മനോഹരമായ വരികള്‍.... ങ്ഹേ സമയം കഴിയുകയാണ്. ആട്ടിന്റെ പാല്‍‌ നാഴിയുടെ ഈ ഭാഗം പൂര്‍ത്തിയായപ്പോള്‍ നിങ്ങള്‍ക്ക് പഴയ പാട്ടുകളെക്കുറിച്ച് അധികം ആര്‍ക്കും അറിയാത്ത രഹസ്യങ്ങള്‍ പകര്‍ന്നു തരാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ വിടപറയുന്നു, ആരെങ്കിലും ഇത്രയും നേരം ഉറങ്ങാതെ പിടിച്ചു നില്പ്പുണ്ടെങ്കില്‍ അവര്‍ക്ക് ശുഭരാത്രി.
13-dec-2014

ഓപ്പറേഷന്‍ ഉമ്മാവോയിസ്റ്റ്സ്

അകത്തോട്ട് വരട്ടോ?
വരൂ, ഇരിക്കൂ, ആരാ?
ഞാന്‍ ക്യാപ്റ്റന്‍ കൊച്ചീപ്പന്‍. ബ്ലണ്ടര്‍‌തോട്ട്സ് കമാന്‍ഡോസിന്റെ ലീഡ്.
ഓഹ്, ഞാന്‍ പത്രത്തിലൊക്കെ വായിക്കാറുണ്ട്.
ഹും. അതൊക്കെ ഞങ്ങളെ കരിവാരിത്തേക്കാന്‍ പത്രക്കാരു പടയ്ക്കുന്നതാണ്. അതുപോട്ടെ, ഈ ചുംബന സമരം മാവോയിസ്റ്റ് റിക്രൂട്ട്മെന്റ് നടത്താനാണ് എന്ന റിപ്പോര്‍ട്ട് നിങ്ങളല്ലേ ഉണ്ടാക്കിയത്?
അതേയതേ, സ്തോഭജഘനമായ വിവരമായിരുന്നു അത്. ഞാന്‍ അപ്പോ തന്നെ എഴുതി.
ജനകം, ജഘനമല്ല. നിങ്ങടെ മലയാളം ഇങ്ങനാണെങ്കില്‍ റിപ്പോര്‍ട്ട് തരണ്ടാ, കാര്യം പറഞ്ഞാല്‍ മതി. എങ്ങനെയാണ് ഈ വിവരം നിങ്ങള്‍ക്ക് ലഭിക്കുന്നത്?
ഞാന്‍ ഒരു ഫെയിസ്ബുക്ക് അക്കൗണ്ട് തുറന്നതോടെയാണു വിവരങ്ങളുടെ ചുരുള്‍ അഴിയാന്‍ തുടങ്ങിയത്. അതില്‍ മുഴുവന്‍ ചുംബനവാദികള്‍ "രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു." എന്ന് എഴുതിക്കൊണ്ട് നടപ്പുണ്ട്. പിള്ളേരല്ലേ, ചുമ്മാ പൈങ്കിളി പറയുന്നതാകുമെന്ന് ആദ്യം കരുതി.
എന്നിട്ട്?
കഴിഞ്ഞാഴ്ച ഞാന്‍ കോട്ടയത്തിനു പോകുന്ന വഴി തിരുവല്ല ബിവറേജസില്‍ നിന്ന് ഒരു ഓപ്പീയാര്‍ വാങ്ങി വണ്ടീലിരുന്ന് അടിക്കുമ്പോഴാണ് ആ വെളിപാടുണ്ടായത്. സാധാരണ രണ്ടു പേര്‍ ചുംബിച്ചാല്‍ കുറച്ചു കഴിയുമ്പോ നിറുത്തും വേറെന്തോ ഉണ്ടാകാനാ. കേരളത്തിലാണെങ്കില്‍ വല്ല സദാചാര പോലീസും ഓടിച്ചിട്ട് ഇടിക്കും, അല്ലാതെ ലോകം മാറുന്നതെങ്ങനെ? ലോകം മാറ്റുന്ന പ്രവൃത്തി എന്നു പറഞ്ഞാല്‍ സായുധ വിപ്ലവം. ഇവിടിപ്പോള്‍ ആരാ സായുധ വിപ്ലവം എന്നു പറഞ്ഞു നടക്കുന്നത്? മാവോയിസ്റ്റ്. അപ്പോ ഇവരു മാവോയിസ്റ്റ് ആഹ്വാനമാണ് എഴുതി വയ്ക്കുന്നത്.
അല്ല, ഒരാളെ ചുംബിച്ച് മാവോയിസ്റ്റാക്കുന്നത് എങ്ങനെ?
അതാണ് എന്നെയും അലട്ടിയിരുന്ന ചോദ്യം. അലട്ട് ഉണ്ടായാല്‍ ഞാന്‍ അപ്പോ അലേര്‍ട്ട് ആകും. എന്നിട്ട് എന്റെ മകനോട് സംശയം ചോദിക്കും. ഇതു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു അങ്ങനെ സംഭവിക്കാം, അവന്‍ കളിക്കുന്ന വീഡിയോ ഗെയിമിലെ സോംബി തൊടുന്നവരും സോംബി ആയിപ്പോകുന്നില്ലേ, അതുപ്പൊലെ എന്തെങ്കിലും ആഭിചാരക്രിയ ആയിരിക്കും എന്ന്.
ഹോ! എന്നിട്ട്?
ഞാന്‍ അപ്പോള്‍ തന്നെ ജ്യോതിഷവജ്രം ഡോ. വടിമാളൂര്‍ കര്‍മ്മയെ പോയി കണ്ടു. ഒരാളെ ചുംബിക്കുമ്പോള്‍ മാവോയിസ്റ്റായി മാറ്റുന്ന വല്ല ക്രിയയും ഉണ്ടാക്കാന്‍ കഴിയുമോ എന്ന് തിരക്കി. കര്‍മ്മാജി പറഞ്ഞു മഹാമാവോയന്ത്രം അരയില്‍ കെട്ടിക്കൊണ്ട് ആരെ ചുംബിച്ചാലും അയാള്‍ മാവോയിസ്റ്റ് ആകുമെന്നും സ്പോട്ടില്‍ തന്നെ ആയുധം എടുക്കണമെങ്കില്‍ കൂടെ ക്ഷണായുധമന്ത്രം ജപിച്ച നൂലും കയ്യില്‍ കെട്ടി കൊടുത്താല്‍ മതി എന്ന്.
അപ്പോള്‍ അതാണു വിദ്യ! ശരി, ഇനി ചുംബന സമരം നടക്കുന്നേടത്ത് ക്യാപ്റ്റന്‍ കൊച്ചീപ്പന്‍ ബ്ലണ്ടര്‍‌ തോട്ട്സിനെ ഇറക്കും. ഓപ്പറേഷന്‍ ഉമ്മാവോയിസ്റ്റ്സ്.
അല്ലാ മാവോയിസ്റ്റുകളെ എങ്ങനെ തിരിച്ചറിയും അവിടെ?
നിങ്ങള്‍ ഇങ്ങനെ ഇന്റലിജന്‍സ് ഇല്ലാതെ സംസാരിക്കരുത്. മാവോയിസ്റ്റുകളെ വെടിവയ്ക്കാന്‍ ആണു ബ്ലണ്ടര്‍‌തോട്ട്സ്. കൊറോണറി, ബ്ലണ്ടര്‍ തോട്ട്സിന്റെ വെടി കൊള്ളുന്നവരാണ് മാവൊയിസ്റ്റുകള്‍.
കൊറോളറി. അല്ല നിങ്ങടെ വെടി കൊള്ളുമോ?
ഇല്ലെങ്കില്‍ ഞങ്ങള്‍ വല്ല കമ്പോ കൊളിയോ എടുത്തെറിഞ്ഞു പിടിച്ചോളാം. അപ്പോ വരട്ടേ, വെഞ്ഞാറമ്മൂട് അടുത്തുനിന്ന് ഒരു മാവോയിസ്റ്റിനെ പിടിക്കാനുണ്ട്.
അല്ലാ, സാധാരണ നിങ്ങളെങ്ങനെയാ മാവോയിസ്റ്റുകളെ പിടിക്കാറ്?
ഞങ്ങള്‍ ഇങ്ങനെ കാടും പൊന്തയും ഉള്ള സ്ഥലത്തു പോകും, എന്നിട്ട് വെടി വയ്ക്കും, അതിന്റകത്ത് മാവോയിസ്റ്റ് ഉണ്ടെങ്കില്‍ തിരിച്ചു വെടിവയ്ക്കുമല്ലോ.
വെടി വല്ല പന്നിക്കോ കാട്ടിക്കോ കൊണ്ടാലോ?
ഞങ്ങള് ഓടും. അല്ലാതെന്തു ചെയ്യാനാ?
അതല്ല, വൈല്‍ഡ് ലൈഫ് ആക്റ്റ് പ്രകാരം കേസാവൂല്ലേ?
ഓപ്പറേഷനില്‍ കേസില്ല.
പൊന്തേല്‍ വെളിക്കെറങ്ങാനിരിക്കുന്ന വല്ല ലോറി ഡ്രൈവര്‍ക്കും കൊണ്ടാലോ?
വെടി കൊണ്ടാല്‍ അവനാണു മാവോയിസ്റ്റ്.
മലക്കപ്പാറ ഓപ്പറേഷനും ഇങ്ങനെയായിരുന്നു അല്ലേ?
അതേ. ഞങ്ങള്‍ മലക്കപ്പാറയില്‍ ചെന്നു ഒരു വെടി വച്ചു. അപ്പോള്‍ കാട്ടീന്നു തിരിച്ചൊരു വെടി!
ഹമ്മേ എന്നിട്ട്?
ഞങ്ങള്‍ ശറപറാ വെടി തുടങ്ങി. ഏതാണ്ട് ഒരു മണിക്കൂര്‍ കൊണ്ട് 76 റൗണ്ട് വെടി ഞങ്ങള്‍ വച്ചു. അവരും അത്രയും വെടി തിരിച്ചു വച്ചു.
എത്ര മാവോയിസ്റ്റ് ചത്തു?
ആരും ചത്തില്ല.
ഒരു കമ്പനി കമാന്‍ഡോസ് 76 റൗണ്ട് വെടി വച്ചിട്ട് ആരും ചത്തില്ലേ? ഭയങ്കര ഉന്നം. എന്നിട്ട് ഉണ്ട തീര്‍ന്നോ?
ഇല്ലില്ല, അപ്പോഴാണ് ഒരു ചെറുക്കന്‍ ആടിനെ തീറ്റാന്‍ അവിടെ വന്നത്. അവന്‍ ഞങ്ങളോട് എന്താ കാര്യമെന്ന് ചോദിച്ചു. "മാറ്ട്ര ചെറുക്കാ പാറക്കെട്ടീന്ന് വെടി വരുന്നത് കണ്ടില്ലേ" എന്ന് പറഞ്ഞപ്പ ചെറുക്കന്‍ ചിരിക്കണ്.
അതെന്തിനാ?
അതെന്തിനാന്ന് ഞങ്ങളും അവനോട് ചോദിച്ച്. ചെറുക്കന്‍ പറഞ്ഞ് വെടി നിറുത്തീട്ട് ഒന്നു കൂവി നോക്കാന്‍.
ഞങ്ങളു കൂവി നോക്കിയപ്പോ മാവോക്യാമ്പീന്നും കൂവല്!
ഓ മാറ്റൊലി ആയിരുന്നോ അത്രേം നേരം കേട്ട വെടി?
വ തന്നെ, എക്കോ . എക്കോളജിക്കലി സെന്‍സിറ്റീവ് ആയ സ്ഥലമാണെന്ന് ഓര്‍ത്തില്ല. ആഹ് ഞാന്‍ പോട്ടെ, വിവരത്തിനു നന്ദി.
15-dec-2014

No true Scotsman

ശരിക്കുള്ള മതവിശ്വാസം ഇങ്ങനല്ല എന്ന സ്ഥിരം പല്ലവി. മനസ്സിലായി, there is no true Scotsman എന്ന വൈശാഖന്‍ തമ്പിയുടെ കൃത്യമായ മറുപടി.
നിങ്ങള്‍ കാണുന്നവരില്‍ ഭൂരിപക്ഷവും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവരാണ്. അവരില്‍ ഒരാളുപോലും തോക്കോ ബോംബോ എടുത്ത് മതത്തിന്റെയോ മറ്റെന്തെങ്കിലുമോ പേരില്‍ ആളെക്കൊല്ലാന്‍ തയ്യാറുമല്ല, അങ്ങനെ വേണമെന്ന് അറ്റ് ലീസ്റ്റ് പരസ്യമായി വിശ്വസിക്കുന്നുമില്ല. എന്തെങ്കിലും വിശ്വാസത്തിന്റെയോ വിശ്വാസമില്ലായ്മയുടെയോ പേരില്‍ ആരെങ്കിലും കൊല്ലപ്പെടണമെന്ന് ആഗ്രഹിക്കുന്നവരല്ല മഹാ ഭൂരിപക്ഷം മതവിശ്വാസിയും, അത് ഏതു മതത്തിന്റേതായാലും. എങ്കില്‍ പിന്നെങ്ങനെ വൈശാഖന്‍ തമ്പിയുടെ മറുപടി ശരിയാകുന്നു?
മതവും ഭീകരതയും തമ്മില്‍ ഉള്ള ബന്ധത്തെപ്പറ്റി പ്രൊഫസര്‍ തിമോത്തി സിസ്കിന്റെ നേതൃത്വത്തില്‍ ഡെന്‍‌വര്‍ യൂണിവേര്‍സിറ്റി നടത്തിയ ഒരു പഠനമുണ്ട്. ഒരാളോ ഭൂരിപക്ഷം ജനതയോ മതവിശ്വാസിയോ അവിശ്വാസിയോ ആയാല്‍ ഭീകരവാദം തനിയേ പൊട്ടിമുളയ്ക്കുകയൊന്നുമില്ല എന്നതിനാല്‍ ഹിംസയിലും അതിക്രമങ്ങളിലും മതം എന്തു പങ്കു വഹിക്കുന്നു എന്നാണ് ഗവേഷണത്തിന്റെ വിഷയം . Between Terror and Tolerance: Religion, Conflict and Peacemaking എന്നാണു പേര്‍.
ഒരു മതത്തില്‍ വിശ്വസിക്കുന്നയാളും മറ്റൊരു മതത്തില്‍ വിശ്വസിക്കുന്നയാളും തമ്മില്‍ അടിസ്ഥാനപരമായി വത്യാസമൊന്നുമില്ല. ഡെന്‍‌വര്‍ യൂണിവേര്‍സിറ്റി പഠനം പല കലാപങ്ങളിലും പല മതം വഹിച്ച പങ്ക് പരിശോധിക്കുന്നു.
1. സുന്നി - ഷിയ സംഘട്ടനം
2. ലെബനോണ്‍ സിവില്‍ വാറില്‍ കത്തോലിക്കാ സഭയുടെ പങ്ക്
3. ഇസ്രയേല്‍ പലസ്തീന്‍ പ്രശ്നത്തില്‍ ആഗോളവത്കരണവും മതവും ദേശീയതയും വഹിക്കുന്ന പങ്ക്
4. സുഡാന്‍ സിവില്‍ വാര്‍
5. നൈജീരിയന്‍ കലാപം
6. ശ്രീലങ്കന്‍ വംശീയോന്മൂലനത്തിലെ ബുദ്ധമതത്തിന്റെ പങ്ക്
7. കശ്മീര്‍ പ്രശ്നത്തില്‍ ഹിന്ദു-മുസ്ലീം മതങ്ങളുടെ പങ്ക്
8. വടക്കന്‍ അയര്‍ലന്‍ഡിലെ വംശീയ പ്രശ്നത്തില്‍ കൃസ്തുമതത്തിന്റെ പങ്ക്.
ഇവയിലെ എല്ലാം പൊതു ഘടകം എന്തെന്ന് പരിശോധിച്ചാല്‍ മതത്തിനു ഹിംസയിലും അഹിംസയിലും എന്തു പങ്കാണു വഹിക്കാനുള്ളത് എന്ന് മനസ്സിലാക്കാമല്ലോ. അവരുടെ കണ്ടെത്തെലുകള്‍ ഇങ്ങനെയായിരുന്നു
1. ഏതാണ്ട് എല്ലായിടത്തും ഭരണത്തില്‍ മതത്തിനുള്ള സ്വാധീനം ശക്തമായിരുന്നു. ഇതു രണ്ടും പരസ്പരം സ്വാധീനിക്കും എന്നതിനാല്‍ മതത്തിന്റെ നിലപാട് ഭരണകൂടത്തിന്റേതുമായും മറിച്ചും ശക്തിയായി ബാധിക്കും. തമിശ് വംശജരുമായി സമാധാന ഉടമ്പടിക്ക് ശ്രമിക്കുകയും വെറും അഞ്ചു വര്‍ഷത്തിനു ശേഷം അവരെ ഉന്മൂലനം ചെയ്യാന്‍ കൂടെ നില്‍ക്കുകയും ചെയ്തത് ഒരേ ബുദ്ധമതമാണ്. സര്‍ക്കാരിന്റെ നാഷണലിസത്തില്‍ ശക്തിയായ ഉയര്‍ച്ചയുണ്ടായി എന്നതാണു കാരണം.
2. ഭരണകൂടം മതവുമായി ഒട്ടിച്ചേര്‍ന്നാല്‍ മതം ഭരിക്കും. മതം ഭരിച്ചാല്‍ അതിന്റെ നേതൃത്വം മത ചിന്തകളും മത മുദ്രാവാക്യങ്ങളും മറ്റും ഭരണത്തില്‍ അടിച്ചുകയറ്റും. മത-ദേശീയതാ സഖ്യം രാജ്യം ഭരിക്കുമ്പോള്‍ സ്വാഭാവികമായി അക്രമങ്ങളും തീവ്രവാദവും ഒക്കെ അടിച്ചു കയറും.
3. ഗോത്രവര്‍ഗ്ഗ ഭിന്നത, പ്രാദേശികത, ഇതര രാജ്യങ്ങളുടെയും നാടുകളുടെയും ഇടപെടല്‍ തുടങ്ങിയവയും മതത്തെ ഹിംസയ്ക്ക് അനുകൂലമായ സാഹചര്യത്തിലേക്ക് നയിക്കും. അമേരിക്കക്ക് അഫ്ഘാനിസ്ഥാനിലെ സോവിയറ്റ് ഇടപെടലിനോടുള്ള എതിര്‍പ്പ്, ഗോത്ര ഭിന്നത, പാക്കിസ്ഥാനിലെ മതബന്ധിത നാഷണലിസ്റ്റ് ഭരണം, മറ്റു ചില മതരാജ്യങ്ങളുടെ തുറന്ന സഹായം എന്നിവ മതത്തില്‍ ഉണ്ടാക്കിയ വത്യാസമാണ് ഇന്നത്തെ ഏറ്റവും വലിയ ഭീകരതയ്ക്ക് വിത്തുപാകിയത്. ഇതിലെ മറ്റൊന്നും കാണാതെ ഇതൊക്കെ പാശ്ചാത്യ ഗൂഢാലോചന മാത്രമെന്ന് സ്ഥിരമായി കാണുന്നു. റ്വാണ്ടന്‍ കലാപം കത്തോലിക്കാ സഭ ആഗ്രഹിച്ചിരുന്ന ഒന്നല്ല, ഹുട്ടി-ടുറ്റ്സി ഗോത്രവര്‍ഗ്ഗ ശത്രുത രൂക്ഷമായപ്പോള്‍ സഭ ഇവരിലെ വിശ്വാസികള്‍ക്കു വേണ്ടി പക്ഷം പിടിച്ചു. കൂട്ടമണിയടിച്ച് ആളെ പള്ളിയില്‍ വിളിച്ചു കയറ്റി യന്ത്രത്തോക്കിനു പള്ളീലച്ചന്‍ കൂട്ടക്കൊല ചെയ്യുന്നയിടം വരെ എത്തി അത്.
4. മത നേതൃത്വം എവിടെ ഫോക്കസ് ചെയ്യുന്നു എന്നതിനു ഭീകരതയുമായും മതഹിംസയുമായും നേരിട്ടു ബന്ധമുണ്ട്. ശ്രീലങ്കന്‍ വംശീയ ഹത്യയ്ക്കു മുന്നേ ബുദ്ധമത ഭിക്ഷുക്കള്‍ ഇതര ആരാധനാലയങ്ങള്‍ പൊളിക്കുകയായിരുന്നു. സുഡാന്‍ കലാപത്തിനു മുന്നേ മത നേതാക്കള്‍ എല്ലാവരിലും ശരിയ അടിച്ചേല്പ്പിക്കാന്‍ വാശിപിടിക്കുകയായിരുന്നു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ, രാജ്യത്തിന്റെ, ന്യൂനപക്ഷത്തിന്റെ, ദേശത്തിന്റെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേരേ മത നേതൃത്ത്വം കുതിര കയറാന്‍ തുടങ്ങിയാല്‍ അവിടെ ഹിംസയും ഭീകരവാദവും മുളയ്ക്കാന്‍ താമസമില്ല.
വൈകുന്നേരം നിലവിളക്കു കത്തിച്ച് "മുകുന്നരാമ പായിമാ" എന്നു നാമം ചൊല്ലി ഉറങ്ങുന്ന നാണിത്തള്ളയ്ക്ക് അരോടും ഒരു വിദ്വേഷവുമില്ല. ആരുടെ കുട്ടി ഉരുണ്ടുവീണാലും അവര്‍ ഓടിച്ചെന്ന് എടുക്കും. ഏത് അമ്പലത്തില്‍ പോയാലും അവിടെ വരുന്നവരില്‍ ഭൂരിപക്ഷവും നാണിത്തള്ളയെപ്പോലെയോ ശങ്കരേട്ടനെ പോലെയോ ആയിരിക്കും. എന്നാല്‍ അവര്‍ക്ക് വിശ്വഹിന്ദുപരിഷത്തിന്റെ നയത്തില്‍ യാതൊരു പങ്കുമില്ല. ഹിന്ദു നാഷണലിസം ഉയര്‍ന്നു പാറുമ്പോഴാണ് ശങ്കരാചാര്യനും ജൈനമത നേതാവും ബി.ജെ.പി എം.എല്‍.ഏയും ഒക്കെയിരിക്കുന്നേടത്ത് സാധ്വി സരസ്വതി ബാബറിമസ്ജിദ് ദിനം ആഘോഷിക്കേണ്ടത് കൊടി പൊക്കിയല്ല, ഓരോരുത്തരും കുറഞ്ഞത് ഒരു ശത്രുവിന്റെയെങ്കിലും തലവെട്ടിക്കൊണ്ടാണ് എന്ന് പ്രസംഗിച്ചത്. ആരും കേസെടുത്തില്ല. പാക്കിസ്ഥാന്റെ അനുഭവത്തില്‍ നിന്നുപോലും പാഠം പഠിക്കില്ല എന്ന വാശിയിലാണു നമ്മളെന്ന് തോന്നുന്നു.
നിര്‍ദ്ദോഷികളായ ഭൂരിപക്ഷം വിശ്വാസികളെ ചൂണ്ടിക്കാട്ടി മതത്തിനു ഭീകരതയില്‍ നിന്ന് തലയൂരാനാവില്ല. ഒരു മതത്തിനും.
17-dec-2014