Saturday, August 8, 2015

പ്ലാറ്റോയുടെ ക്രിറ്റോയിലെ സോക്രട്ടീസിന്റെ കോടതി വിസ്താരം അവസാന ഭാഗത്തിന്റെ ഒരു  സ്വതന്ത്ര വിവര്‍ത്തനം. വിവര്‍ത്തകനു ഭംഗിയുള്ള ഭാഷ വശമില്ല, ഒന്നു വിരട്ടിയാല്‍ മതി, തല്ലരുത്]


നിങ്ങളില്‍ പലരും ചോദിച്ചു- സോക്രട്ടീസ്, നിങ്ങള്‍ക്ക് ഏഥന്‍സില്‍ നിന്നു രക്ഷപ്പെട്ട് എവിടെയെങ്കിലും പോയി സമാധാനമായി ജീവിച്ചുകൂടായിരുന്നോ എന്ന്. പറഞ്ഞു മനസ്സിലാക്കാന്‍ ഏറ്റവും പ്രയാസമുള്ള കാര്യമാണത്. ഞാന്‍ അതു ചെയ്താല്‍ നീതിദേവതയെ ധിക്കരിക്കലാണ്, അതു ചെയ്തിട്ട് എവിടെ പോയാലും സമാധാനമുണ്ടാവില്ല എനിക്ക്. മറിച്ച് ഞാന്‍ ഇവിടെ നിന്ന് ഇവരും ഞാനും ചേര്‍ന്ന് ഞാന്‍ എന്ന വ്യക്തിയെയും മറ്റുള്ളവരെയും പരിശോധിക്കുന്ന ഈ അവസരം ലഭിക്കുക എന്നത് വലിയൊരു കാര്യമാണ്. 


അതേ സമയം എനിക്കു അന്യായമായ ഒരു ശിക്ഷ ലഭിക്കുന്നതിനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഒരു ധനികന്‍ ആയിരുന്നെങ്കില്‍ എനിക്കു അടയ്ക്കാന്‍ കഴിയുന്ന ഒരു തുക പിഴയൊടുക്കി  സ്വന്തന്ത്രനായി പോകാമായിരുന്നു, അതിനു കഴിവില്ല, ഒരു വെള്ളിനാണയം പിഴയായി വിധിക്കാന്‍ നിങ്ങള്‍ തയ്യാറെങ്കില്‍ അതെടുക്കാനുണ്ടാവും എന്റെ പക്കല്‍.


ഏഥന്‍സുകാരേ, പ്ലാറ്റോയും ക്രിറ്റോയും അപ്പോളോഡറസും ചേര്‍ന്ന് മുപ്പതു വെള്ളിക്കാശ് കൊണ്ടുവന്നിട്ടുണ്ട്, അവര്‍ ആള്‍ജാമ്യത്തിനും തയ്യാറാണ്. മുപ്പതു വെള്ളി പിഴയും മൂന്ന് ആള്‍ ജാമ്യവും ഏഥന്‍സുകാരേ, എന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റത്തിനു ന്യായമായ ശിക്ഷയാണ്.


  [ന്യായാധിപര്‍ സോക്രട്ടീസിനു വധശിക്ഷ  നല്‍കുന്നു എന്നടങ്ങിയ വിധി പ്രസ്താവിക്കുന്നു. അതു കേട്ട ശേഷം അദ്ദേഹം തുടരുന്നു]


ഏഥന്‍സുകാരേ, കല്പാന്തകാലത്തോളം ലോകമൊട്ടുക്കുമുള്ളവരില്‍ ഏഥന്‍സ് നഗരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആഗ്രഹമുള്ളവര്‍ നിങ്ങളെ ആക്ഷേപിക്കും സോക്രട്ടീസ് എന്ന ജ്ഞാനിക്ക്  നിങ്ങള്‍ വധശിക്ഷ നല്‍കിയെന്ന്. നിങ്ങളോട് ആക്ഷേപവാക്കു പറയുന്നവരോട് നിങ്ങള്‍ സമ്മതിക്കും ഞാന്‍ ഒരു ജ്ഞാനിയായിരുന്നെന്ന്, ഞാന്‍ ജ്ഞാനിയല്ല എന്നതാണു സത്യമെങ്കിലും. എനിക്കു വധശിക്ഷ വിധിച്ചവരേ, കുറച്ചു ക്ഷമകാട്ടിയിരുന്നെങ്കില്‍ നിങ്ങള്‍ ആഗ്രഹിച്ച എന്റെ മരണം സ്വാഭാവികമായി സംഭവിച്ചേനെ; ഞാന്‍ വയോവൃദ്ധനായി മരണം അടുത്തിരിക്കുകയാണ്.


ഏഥന്‍സുകാരേ, നിങ്ങള്‍ കരുതുന്നു ഞാന്‍ സം‌വാദങ്ങള്‍ക്കു ഉത്സാഹിയായതുകൊണ്ടാണ് വധശിക്ഷ ലഭിച്ചതെന്ന്. അതിലൂടെ എന്തും നിങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കുകയും എന്നിട്ട് ശിക്ഷയില്ലാതെ രക്ഷപ്പെടാം എന്നു കരുതിയെന്നും. സത്യം മറിച്ചാണ്- ഞാന്‍ സം‌വദിക്കുന്നതിനല്ല ശിക്ഷിക്കപ്പെട്ടത്, എത്രയോ പേര്‍ സം‌വാദങ്ങളില്‍ ഏര്‍പ്പെടുന്നു. ഞാന്‍ ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങള്‍- അവ എത്ര അപ്രിയവും അസുഖകരവുമാണെങ്കിലും- സധൈര്യം നിര്‍ലജ്ജം വിളിച്ചു പറഞ്ഞു നടക്കുന്നതിനാണു വധിക്കപ്പെടുന്നത്.  


പ്രിയകരമോ, അംഗീകൃതമോ, കേട്ടുശീലമുള്ളതോ ആയ കാര്യങ്ങള്‍ മാത്രം പറഞ്ഞ് എന്റെ സുരക്ഷ ഉറപ്പാക്കണം എന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല, അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ ആഗ്രഹിക്കുന്നുമില്ല.നിര്‍ഭയം സംസാരിക്കാനാവാത്ത മനുഷ്യന്‍ സ്വതന്ത്രനല്ല, സ്വാതന്ത്ര്യമില്ലാതെ ഒരു ജീവിതം ഞാന്‍ ആഗ്രഹിക്കുന്നുമില്ല. യുദ്ധമാകട്ടെ, കോടതി വിസ്താരമാകട്ടെ എന്തു ചെയ്തും മരണമൊഴിവാക്കുക എന്നതല്ല  അടിസ്ഥാന ലക്ഷ്യം. യുദ്ധത്തില്‍  ശത്രുവിനു മുന്നില്‍ ആയുധം വച്ച് കീഴടങ്ങി സ്വാതന്ത്ര്യം അടിയറ വച്ച് ദയക്കു യാചിക്കുന്നവരുണ്ട്. അങ്ങനെ പലരീതിയിലും മരണം ഒഴിവാക്കാം.  മരണം ഒഴിവാക്കാനല്ല ദുഷിച്ച ജീവിതം ഒഴിവാക്കാനാണ് പ്രയാസം. അന്തസ്സില്ലാത്ത ജീവിതം മരണത്തിലും എത്രയോ ഭീതിദമാണ്.


വൃദ്ധനായ ഞാന്‍ സ്വതന്ത്രമല്ലാത്ത ജീവിതത്തിലും ഭേദപ്പെട്ട മരണം തിരഞ്ഞെടുക്കുന്നു. എന്നില്‍ കുറ്റം ആരോപിച്ച ചെറുപ്പക്കാരായ നിങ്ങള്‍ അന്തസ്സില്ലാത്ത ജീവിതം തെരഞ്ഞെടുക്കുന്നു. 


നിങ്ങള്‍ എനിക്കു വിധിച്ചത് വധശിക്ഷ. അതിലൂടെ നിങ്ങള്‍ക്കു സ്വയം വിധിച്ചതോ സത്യസന്ധതയില്ലാത്ത, ആത്മാര്‍ത്ഥതയില്ലാത്ത, അധാര്‍മ്മികമായ, അനീതിയുള്ള, കുറ്റബോധം നിറഞ്ഞ നീണ്ട ജീവിതവും. ഞാന്‍ എന്റെ വിധി സ്വീകരിക്കുന്നു, നിങ്ങള്‍ നിങ്ങളുടെ വിധി ഏറ്റെടുക്കുന്നു.  ഇങ്ങനെ തന്നെയായിരുന്നു ഇത് അവസാനിക്കേണ്ടിയിരുന്നതും.


അപ്രിയമായ  അഭിപ്രായം പ്രകടിപ്പിച്ച കുറ്റത്തിനു എനിക്കു വധശിക്ഷ വിധിച്ചവരേ,  ഇതാ എന്റെ മരണമൊഴി കേട്ടോളൂ:
"ഞാന്‍ പോയിക്കഴിയുമ്പോള്‍  നിങ്ങള്‍ക്ക് പ്രശ്നപരിഹാരം ആകും എന്നു കരുതുന്നോ? ഓര്‍ത്തോളൂ,   ഈ വിധിയും ഒരു അഭിപ്രായമാണ്. നാളെ നിങ്ങളുടേ മേല്‍ ഇതേ കുറ്റം ആരോപിക്കുന്നത്  ഇതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ആയിരിക്കും. അവര്‍ നിങ്ങളെക്കാള്‍ ചെറുപ്പക്കാരും പ്രചണ്ഡരുമായിരിക്കും. ആളുകളെ  വധിച്ച് വിമര്‍ശനം ഇല്ലാതെയാക്കാം എന്നു കരുതുന്നവരേ, അത് നടപ്പില്ല എന്നു മാത്രമല്ല അന്തസ്സില്ലാത്ത ശ്രമവുമാണ്. മറ്റുള്ളവരുടെ  കാര്യത്തില്‍ ഇടപെടാതെ സ്വയം എങ്ങനെ അന്തസ്സായി ജീവിക്കാം എന്ന് കരുതാത്ത നിങ്ങളുടെ ഈ ദുഷിച്ച ജീവിതം എത്ര ദയനീയം."

നിങ്ങളുടെ ഭാവി  പ്രവചിച്ചു കഴിഞ്ഞു. ഞാന്‍ വിടവാങ്ങുന്നു. 
14-Jan-2015

Appended as comment: The last moments of Socrates:
"എത്ര മര്യാദ്യയുള്ള മനുഷ്യന്‍, ഇവിടെ വന്നതിനു ശേഷം പലതവണ അയാള്‍ വന്നു സംസാരിച്ചു, നല്ല മനുഷ്യന്‍, എനിക്കുവേണ്ടി എത്ര കണ്ണീര്‍‌വാര്‍ത്തു! ക്രിറ്റോ, അയാളുടെ ജോലി നടക്കട്ടെ, വിഷം തയ്യാറായെങ്കില്‍ കൊണ്ടു വരാന്‍ പറയൂ, ആയിട്ടില്ലെങ്കില്‍ അരച്ചു തയ്യാറാക്കാന്‍ പറയൂ."

"സോക്രട്ടീസ്, നേരം ഇനിയും വെളുത്തില്ല. മറ്റുപലരും നേരല്‍ പുലര്‍ന്ന് വളരെക്കഴിഞ്ഞാണ് വിഷം കുടിച്ചത്. നല്ല ഭഷണവും മദ്യം കഴിച്ച്, ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്തു കഴിഞ്ഞ ശേഷം മാത്രം. ധൃതി വയ്ക്കണ്ട, സമയമിനിയും ധാരാളമുണ്ട്."

"അവരെല്ലാം അതു ചെയ്തത്, അത് ആസ്വദിക്കുന്നതുകൊണ്ടാണ്. ഞാന്‍ കുറച്ചു നേരം കൂടുതല്‍ ഇരിക്കുകയോ കുടിക്കുകയോ ചെയ്യാന്‍ ആഗ്രഹിച്ചാല്‍ അത് മരണത്തെ അല്പ്പനേരം കൂടി ഒഴിവാക്കാന്‍ ശ്രമിക്കലാണ്. ഞാന്‍ മരണമൊഴിവാക്കാന്‍ ശ്രമിച്ചിട്ടില്ല, ശ്രമിക്കുന്നുമില്ല. ക്രിറ്റോ, തര്‍ക്കുത്തരം പറയാതെ അനുസരിക്കൂ."

ക്രിറ്റോ വാതില്‍ക്കലുള്ള ഒരു പയ്യനു നേരേ തലകുലുക്കി. കുറച്ചു കഴിഞ്ഞ് അവന്‍ വിഷപാത്രമേന്തിയ ഒരാളുമായി മടങ്ങിവന്നു. പാത്രത്തിലെ വിഷം പരിശോധിച്ച സോക്രട്ടീസ് അയാളോട് തിരക്കി. "സുഹൃത്തേ, ഇക്കാര്യത്തിലെ വിദഗ്ദ്ധന്‍ താങ്കളല്ലേ? ഞാന്‍ എന്തൊക്കെയാണു ചെയ്യേണ്ടത് എന്നു പറഞ്ഞു തരുമോ?

"ഒന്നും വേണ്ട, ഇതു കുടിക്കുക, കാലുകള്‍ മരവിക്കും വരെ നടക്കുക. കാലുമരയ്ക്കുമ്പോള്‍ കിടക്കുക, അത്ര തന്നെ."
സോക്രട്ടീസ് വിഷപാത്രം വാങ്ങി സോക്രട്ടീസ് ഉല്ലാസവാനായി അയാളോട് ചോദിച്ചു. "അല്ല സുഹൃത്തേ, ഒരു സംശയം. ഇതു ദൈവങ്ങള്‍ക്ക് നൈവേദ്യമായി കൊടുക്കുന്നത് നിയമപരമാണോ? 
......

കാലുകള്‍ മരവിച്ചു തുടങ്ങിയപ്പോള്‍ സോക്രട്ടീസ് കിടന്നു. വിഷം നല്‍കിയ ആള്‍ സോക്രട്ടീസിന്റെ പാദങ്ങളില്‍ ഞെക്കിയിട്ട് അറിയുന്നുണ്ടോ എന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ തുടകളില്‍ അമര്‍ത്തി നോക്കി. അതും ഇല്ലെന്നു പറഞ്ഞു അദ്ദേഹം. പിന്നെ സോക്രട്ടീസ് സ്വയം അമര്‍ത്തി നോക്കി. വിഷം ഹൃദയം വരെ കയറുമ്പോള്‍ താന്‍ മരിച്ചോളും എന്ന് നിരീക്ഷിച്ചു. വയറിന്റെ ഭാഗം വരെ തണുത്തു മരച്ചപ്പോള്‍ സോക്രട്ടീസ് പെട്ടെന്നു പുതപ്പ് എടുത്തു മാറ്റി ക്രിറ്റോയുടെ നേര്‍ക്കു തിരിഞ്ഞു.

"ക്രിറ്റോ, നമ്മള്‍ക്ക് എസ്ക്യുലാപ്പിയസിനു ഒരു കോഴിയെ കൊടുക്കാനുണ്ട്. ആ കടം വീട്ടാന്‍ മറക്കരുത്."
"അതു ഞാന്‍ വീട്ടിക്കോളാം സോക്രട്ടീസ്, മറ്റെന്തെങ്കിലും പറയാനുണ്ടോ?"

ആ ചോദ്യത്തിനു മറുപടി ഇല്ലായിരുന്നു. ശേഷം സോക്രട്ടീസ് ഒന്നു പിടഞ്ഞു. വിഷം കൊണ്ടുവന്നയാള്‍ പുതപ്പുകൊണ്ട് അദ്ദേഹത്തെ പുതപ്പിച്ചു. ക്രിറ്റോ സോക്രട്ടീസിന്റെ നിശ്ചലമായ കണ്‍പോളകളും തുറന്ന വായും തിരുമ്മി അടച്ചു.

ഇതായിരുന്നു അവസാനം, ഞങ്ങളുടെ എക്കാലത്തെയും മികച്ച സുഹൃത്തിന്റെ, ഇക്കാലത്തെ ഏറ്റവും വലിയ മനുഷ്യന്റെ, ജ്ഞാനിയും നീതിമാനുമായിരുന്ന മഹാന്റെ

No comments:

Post a Comment