Saturday, August 8, 2015

ഏഴിലം പാല പൂത്തു...

നമസ്കാരം. ആട്ടിന്റെ പാല്‍ നാഴിയിലേക്ക് സ്വാഗതം. പഴയ പാട്ടുകള്‍ നിങ്ങള്‍ പലതവണ കേട്ടിട്ടുണ്ടാവും പക്ഷേ അതിനെക്കുറിച്ചുള്ള രസകരമായ കഥകള്‍, അതിന്റെ വശ്യചാരുതയാര്‍ന്ന വരികളുടെ ഗൂഢാര്‍ത്ഥങ്ങള്‍, അതിന്റെ സംഗീതത്തിന്റെ സങ്കീര്‍ണ്ണതകള്‍ ഒക്കെ എനിക്കു മാത്രമേ അറിയൂ. അതു നിങ്ങള്‍ക്കു കൂടി പറഞ്ഞു തരാനായിട്ടാണ് താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയില്‍ തനിച്ചിരുന്നുറങ്ങാതെ ചെറുപ്പക്കാരനായ ഞാന്‍ റേഡിയോസ്റ്റേഷനില്‍ വന്നു കുത്തിയിരിക്കുന്നത്. ന്നാ തൊടങ്വല്ലേ?
"ഏഴിലം പാല പൂത്തു പൂമരങ്ങൽ കുട പിടിച്ചു."
മനോഹരമായ വരികള്‍. പാലകള്‍ പലതരമുണ്ട്. കുടപ്പാല, കൂനന്‍ പാല, കള്ളിപ്പാല, കുരുട്ടുപാല... പാലക്കാട് തൃശ്ശൂരിനപ്പുറത്തുള്ള ജില്ലയാണ്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിനു കൈമാറിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാലക്കാട് ജില്ലയുണ്ടാക്കിയിരിക്കുന്നത്. നിങ്ങള്‍ക്കറിയാത്ത പല കാര്യങ്ങളും ഉണ്ട് അതിനെക്കുറിച്ചു പറയാന്‍. പാലക്കാട് മണി അയ്യര്‍ ഒരു പാലക്കാടുകാരന്‍ ആയിരുന്നു. അദ്ദേഹം മറ്റൊരു പാലക്കാട്ടുകാരനായ ചെമ്പൈക്കു വേണ്ടി മൃദംഗം വായിച്ചിട്ടുണ്ട്. മൈക്കിള്‍ മദന്‍ കാമരാജന്‍ എന്ന ചിത്രത്തിലെ കമലഹാസന്റെ നാലുവേഷങ്ങളില്‍ ഒന്നായ കാമേശ്വരന്‍ പാലക്കാടുകാരനാണ്. പാലാരിവട്ടം കൊച്ചിയിലാണ്. അതിനു തൊട്ടടുത്താണ് ജവഹര്‍ലാല്‍ നെഹ്രു ക്രിക്കറ്റ് സ്റ്റേഡിയം. ജഗതിയുടെ പാലാരിവട്ടം ശശി ഓര്‍മ്മയുണ്ടാവുമല്ലോ. പാലാ കോട്ടയത്താണ്. കെ. ആര്‍ നാരായണന്‍, കെ.എം. മാണി, ജി.വി. രാജാ, സക്കറിയ, ഏഴാച്ചേരി, റിമി ടോമി ... അങ്ങു കാലിഫോര്‍ണിയയിലും ഒരു പാല ഉണ്ടത്രേ. നമ്മള്‍ വിഷയത്തില്‍ നിന്നു മാറിപ്പോയി.
ഈ പാട്ടിലെ പാല മറ്റൊന്നുമല്ല ഏഴിലം പാലയാണ്. ഒരടുക്കില്‍ ഏഴ് ഇല വീതം വരുന്നതുകൊണ്ടാണ് ഇതിനെ ഏഴിലം പാല എന്നു വിളിക്കുന്നത്. എന്നു കരുതി പുളിയാറിലയ്ക്ക് ആറ് ഇല വീതം ഉണ്ടെന്ന് കരുതരുത് മൂന്നേയുള്ളൂ. പക്ഷേ മൂവിലയ്ക്ക് മൂന്ന് ഇലകള്‍ വീതമാണ്. രണ്ടില കാണുമ്പോള്‍ ജയലളിതയെ ഓര്‍മ്മവരും.
ഒരു തണ്ടേല്‍ കാക്കത്തൊള്ളായിരം ഇലകള്‍ ഉള്ളതാണ് തെങ്ങോല. പാഴ്മരങ്ങള്‍ പോലും പനയോളം വളര്‍ന്നേക്കാം എന്നാല്‍ ഈര്‍ക്കിലി എത്ര മൂത്താലും കാതലുണ്ടാവില്ല എന്നതിനു ഉദാഹരണമാണ് ഈ പരിപാടി.
"വെള്ളി മലയിൽ ... വേളി മലയിൽ"
മനോഹരമായ വരികള്‍ . ജവാന്‍ ഓഫ് വെള്ളിമല മമ്മൂട്ടി അഭിനയിച്ച ഒരു ചിത്രമാണ്. വേളി മലയോ? നമ്മള്‍ വേളീ കായല്‍ എന്നേ കേട്ടിട്ടുള്ളൂ. വല്യ വേളിയിലോ കൊച്ചുവേളിയിലോ മല കണ്ട ഓര്‍മ്മ നിങ്ങള്‍ക്ക് ഉണ്ടാവില്ല. അതാണ് കവിതയുടെ മാഹാത്മ്യം. പണ്ട് ഞാന്‍ തമ്പാനൂര്‍ റെയില്‍‌‌വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് "വേളി കഴിഞ്ഞ് അകത്തുമുറിയില്‍ എത്താന്‍ എത്ര സമയം എടുക്കും?" എന്ന് എന്നോട് ചോദിച്ചു ഞാന്‍ പറഞ്ഞു "മുരുക്കും‌പുഴയും കഴക്കൂട്ടത്തും ക്രോസിങ്ങ് ഇല്ലെങ്കില്‍ പെട്ടെന്ന് എത്താമെന്ന്." ഹ ഹ ഹ.
"ഏലേലം പാടി വരും കുയിലിണകൾ കുരവയിട്ടു."
മനോഹരമായ വരികള്‍. ആയാസമുള്ള ജോലി ചെയ്യുമ്പോഴാണ് ആളുകള്‍ ഏലേലം വിളിക്കുന്നത്, തോണി തുഴയുമ്പോള്‍ , മരം പൊക്കുമ്പോള്‍, കമ്പ വലിക്കുമ്പോള്‍ ഒക്കെ ഇങ്ങനെ ഏലേലം കേള്‍ക്കാം. കുരുവികള്‍ പറന്നാണല്ലോ വരിക, അവരും ഏലേലം വിളിക്കും. മംഗള കര്‍മ്മം നടക്കുമ്പോഴാണ് കുരവ കേള്‍ക്കുക. കുരവ എന്നതിനു ചിരവ എന്ന ഉപകരണവുമായോ പരവ എന്ന മീനുമായോ ബന്ധമില്ല എന്ന് നമ്മളോര്‍ക്കണം.
"വെള്ളി മലയിൽ... വേളി മലയിൽ"
മനോഹരമായ വരികള്‍. വണ്ടന്‍‌മേടിനും നിരപ്പേലിനും ഇടയിലാണ് വെള്ളിമല. വേളിമല ഹൈദരാബാദില്‍ പഠാന്‍‌ചേരുവില്‍ ആണ്. ഇതിനടുത്ത് ലിംഗംപള്ളിയിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍‌കൂര്‍ റൂറല്‍ ബാങ്കിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട്. ഇവിടെ ബി.എച്ച്.ഈ. എല്‍ ബസ്സില്‍ കയറിയാല്‍ ഒരു പഞ്ചാബി ധാബയും തൊട്ടടുത്ത് വൈന്‍ ഷോപ്പും കാണാം. കുപ്പി വാങ്ങി ധാബയിലെ ഫൂഡും അടിച്ചു റോഡില്‍ ഇരിക്കാന്‍ എന്തു രസമാണെന്നോ.
"പൊൻകിനാവിൻ പൂവനത്തിൽ പാരിജാതം പൂത്തുലഞ്ഞൂ"
മനോഹരമായ വരികള്‍. പൊന്‍‌കിനാക്കള്‍ ഒരു പൂങ്കാവനം പോലെയാണല്ലോ. പാരിജാതം പൂങ്കാവനങ്ങളില്‍ കാണുന്ന മരവും. പൊന്‍‌കിനാവിന്‍ പുഷ്പരഥത്തില്‍ എന്ന പാട്ടും പാരിജാതം തിരുമിഴി തുടന്നു എന്ന പാട്ടും കൂടെ കൂട്ടിയിടിച്ചപ്പോള്‍ ഉണ്ടായ വരികള്‍ ആണെന്നു തോന്നുന്നു.
"എൻ മനസ്സിൻ മലനിരകൾ പൊന്നശോക മലരണിഞ്ഞു"
മനോഹരമായ വരികള്‍.... ങ്ഹേ സമയം കഴിയുകയാണ്. ആട്ടിന്റെ പാല്‍‌ നാഴിയുടെ ഈ ഭാഗം പൂര്‍ത്തിയായപ്പോള്‍ നിങ്ങള്‍ക്ക് പഴയ പാട്ടുകളെക്കുറിച്ച് അധികം ആര്‍ക്കും അറിയാത്ത രഹസ്യങ്ങള്‍ പകര്‍ന്നു തരാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ വിടപറയുന്നു, ആരെങ്കിലും ഇത്രയും നേരം ഉറങ്ങാതെ പിടിച്ചു നില്പ്പുണ്ടെങ്കില്‍ അവര്‍ക്ക് ശുഭരാത്രി.
13-dec-2014

No comments:

Post a Comment