മുഖവുര
കുട്ടികളെ പിടിച്ചു കൊണ്ട് പോയി ബലാത്സംഗം ചെയ്യുന്ന അപരിചിതന്‍ എന്നാണ് പലര്‍ക്കും ബാലലൈംഗിക പീഡനക്കുറ്റം ചെയ്യുന്നയാളിനെക്കുറിച്ചുള്ള ചിത്രം. ഇങ്ങനെയും കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ട്, എന്നാല്‍ യു.കെ. ഹോം ഡിപ്പാര്‍ട്ട്മെന്റ് പ്രസിദ്ധീകരണ പ്രകാരം 80% കുട്ടികളും പീഡിപ്പിക്കപ്പെടുന്നത് കുട്ടി അറിയുന്ന, വിശ്വസിക്കുന്ന, സ്നേഹിക്കുന്ന ആളുകള്‍ മൂലമാണ്. അടുത്ത ബന്ധുവാകാം, അയല്‍ക്കാരന്‍ ആകാം, സ്വന്തം പിതാവുതന്നെയാകാം, അദ്ധ്യാപകന്‍ ആകാം, കുടുംബ സുഹൃത്ത് ആകാം, മറ്റാരുമാകാം. ഇത്തരം പീഡനങ്ങളാണ് മഹാഭൂരിപക്ഷവും എന്നതിനാല്‍ ഇത് എങ്ങനെ കണ്ടെത്തുകയും ഒഴിവാക്കുകയും ചെയ്യാം എന്നതാണ് ഈ നോട്ടിന്റെ വിഷയം.
മുതിര്‍ന്നവരെപ്പോലെ കുട്ടിയും സമൂഹത്തിലെ അംഗമാണ്. കുട്ടിക്ക് ബന്ധങ്ങള്‍ വേണം, സൗഹൃദങ്ങള്‍ വേണം, സ്കൂളും അയല്‍വക്കവുമൊക്കെ വേണം. ലൈംഗികമായി പീഡിപ്പിക്കപ്പെടാനുള്ള സാധ്യത മൂലം കുട്ടിയെ സമൂഹത്തില്‍ നിന്ന് അകറ്റാനാവില്ല. അതുപോലെ തന്നെ കുട്ടിയുമായി ഇടപഴകുന്നവരില്‍ മഹാഭൂരിപക്ഷവും ലൈംഗിക പീഡനത്തിനു മുതിരുന്നവരുമല്ല. എന്നിരിക്കെ തന്നെ കുട്ടി ലൈംഗിക പീഡനത്തിനു ഇരയായാല്‍ അതിന്റെ ഗുരുതരമായ പ്രത്യാഘാതം മനസ്സിലാക്കി കഴിവതും അത്തരം ഒരു സംഭവത്തിനുള്ള സാധ്യത തടയേണ്ടതുമുണ്ട്.
അപകട സാധ്യത
ആദ്യമായി നമുക്ക് ചില വസ്തുകതള്‍ മനസ്സിലാക്കാം. ദേശീയ വനിതാ-ശിശു ക്ഷേമ വകുപ്പ് 2007 ഇല്‍ പുറത്തിറക്കിയ പഠനപ്രകാരം:
1. ഇന്ത്യയില്‍ 53.22 % കുട്ടികളും കുറഞ്ഞത് ഒരിക്കലെങ്കിലും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.
2. ഇവരില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉണ്ട്.
3. ഇവരില്‍ 21.9 % അതീവ ഗുരുതരമായ ലൈംഗിക പീഡനത്തിനു ഇരയായവര്‍ ആണ്.
അതായത് ഇന്ത്യയില്‍ രണ്ടിലൊരു കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. അഞ്ചില്‍ ഒരു കുട്ടിക്കുമേല്‍ ഗുരുതരമായ ലൈംഗിക കുറ്റം ചെയ്യുന്നു. ഇവരില്‍ ധരികരും ദരിദ്രരും സനാഥരും അനാഥരും ഉണ്ട്. വിദ്യാസമ്പന്നരുടെ കുട്ടിയും നിരക്ഷരരുടെ കുട്ടിയുമുണ്ട്. സ്വതേയുള്ള അപകട സാധ്യത - ഇന്‍ഹെറന്റ് റിസ്ക് - ലൈംഗിക പീഡനത്തില്‍ ഇന്ത്യയില്‍ വളരെ അധികമാണ്. വസ്തുത നിഷേധിച്ച് നമ്മുടെ കുട്ടികള്‍ സുരക്ഷിതരെന്ന് നടിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും.
ഗ്രൂമിങ്ങ്
കുട്ടി ലൈംഗികമായി പീഡിപ്പിക്കുന്നത് തടയാനുള്ള പോം വഴി നോക്കുകയാണ്, അതായത് കണ്‍ട്രോള്‍ റിസ്ക് കുറയ്ക്കുകയാണ് നമുക്കു ചെയ്യാനാവുന്നത്. 80% കുറ്റവാളികള്‍ കുട്ടിയോട് അടുപ്പമുള്ളവരില്‍ പെടുന്നെന്ന് ശ്രദ്ധിച്ചല്ലോ, അവര്‍ എങ്ങനെ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന് ശ്രദ്ധിക്കാം. അപരിചിതര്‍ ചെയ്യുമ്പോലെ ഇവര്‍ കുട്ടിയെ പെട്ടെന്ന് ലൈംഗികമായി ആക്രമിക്കാറില്ല. ഏതാണ്ട് എല്ലായ്പ്പോഴും കുട്ടിക്കുമേല്‍ ലൈംഗിക കുറ്റം നിര്‍വഹിക്കുന്നതിനു കുട്ടിയെ "തയ്യാറെടുപ്പിക്കുക" ആണ് ചെയ്യാറ്. ഇതിനെ ക്രിമിനോളജിസ്റ്റുകള്‍ ഗ്രൂമിങ്ങ് എന്നു വിളിക്കുന്നു. ഘട്ടം ഘട്ടമായി സമയമെടുത്തോ വളരെ വേഗമോ കുറ്റവാളി ഗ്രൂമിങ്ങ് ചെയ്തേക്കാം എങ്കിലും അതിന് ഒരു പൊതു സ്വഭാവമുണ്ട്. ഗ്രൂമിങ്ങിന്റെ വിധിധ ഘട്ടങ്ങള്‍:
1. ബന്ധം സ്ഥാപിക്കല്‍ - കുട്ടിയുടെ പിതാവോ മുതിര്‍ന്ന സഹോദരനോ അല്ലാത്ത കുറ്റവാളി ആദ്യമായി കുട്ടിയുമായും കുടുംബവുമായും ഒരടുത്ത ബന്ധം സ്ഥാപിക്കും. കുറ്റവാളി കുട്ടിക്കും കുടുംബത്തിനും മുന്നില്‍ വലിയൊരു വ്യക്തിത്വമാകും. നല്ല അങ്കിള്‍, കുട്ടികളെ ജീവനാണ്, ഉദാര മനസ്കനാണ്, സമൂഹത്തിലെ വിശ്വസ്ഥനാണ്, അതിലുപരി കുട്ടിയുടെ നല്ലത് ആഗ്രഹിക്കുന്നയാളാണ്. വിശ്വാസം പിടിച്ചു പറ്റുക ഒന്നാം പടി. പല കുറ്റവാളികളും ഇത് കുട്ടിയുടെ മുന്നില്‍ ആകര്‍ഷകമായ വ്യക്തിത്വമായി വികസിപ്പിക്കും (എല്ലായ്പ്പോഴും കൂടെ കളിക്കാന്‍ വരും, എന്നെ ഒരു മുതിര്‍ന്ന ആളിനെപ്പോലെ കാണും ).
2. ആവശ്യം നിറവേറ്റല്‍- കുട്ടിയുടെ ജീവിതത്തിലെ എന്തെങ്കിലും ആവശ്യം നിറവേറ്റി കുട്ടികളെ കുറ്റവാളി ആശ്രിതരാക്കുന്നു. ഇത് കുട്ടിക്കു കിട്ടാത്ത ശ്രദ്ധയോ സ്നേഹമോ സാന്ത്വനമോ മുതല്‍ വിനോദയാത്രയോ സമ്മാനങ്ങളോ ഉടുപ്പുകളോ വരെ ആകാം. അച്ഛന്റെ ശ്രദ്ധയില്ലാതെ വളര്‍ന്ന ഒരു കുട്ടിയാണെങ്കില്‍ പിതാവിനെപ്പോലെ വീട്ടുകാര്യം ശ്രദ്ധിക്കുന്നതാകാം.
4 .എതിര്‍പ്പില്ലാതെയാക്കല്‍ - ലൈംഗികമായി കുട്ടിയെ സമീപിക്കുന്നതിനുള്ള കുട്ടിക്കുള്ള സ്വാഭാവികമായ എതിര്‍പ്പ് ഇല്ലാതെയാക്കാന്‍ സ്വകാര്യഭാഗങ്ങളിലും മറ്റും സ്പര്‍ശിക്കുന്ന രീതിയിലുള്ള കളികളോ ലാളനമോ നടത്തല്‍, പോണ്‍ കാണിക്കല്‍ തുടങ്ങിയവ കുറ്റവാളി ചെയ്യുന്നു.
5.കുറ്റം ചെയ്യല്‍- ലൈംഗിക കുറ്റങ്ങള്‍ കുട്ടിയുടെ മേല്‍ ചെയ്യുന്നു. അപ്പോഴേക്ക് കുട്ടി കുറ്റവാളിയുടെ ആശ്രിതയും പ്രതിരോധങ്ങള്‍ ഇല്ലാത്തയാളും ആയിക്കഴിഞ്ഞു. കുട്ടിക്കു മേല്‍ ഉള്ള ലൈംഗികവൃത്തി ഒരു തെറ്റ് എന്നതിലുപരി കുറ്റവാളിക്ക് ചെയ്യാന്‍ അവകാശമുള്ളതോ താന്‍ സഹിക്കേണ്ടതോ ആണെന്ന് ചെറിയ തോതില്‍ എങ്കിലും കുട്ടിക്ക് തോന്നിത്തുടങ്ങും.
6. ഉത്തരവാദിത്തം കൈമാറല്‍ - കുറ്റവാളി ലൈംഗിക കുറ്റം ചെയ്തത് കുട്ടിയുടെ കുഴപ്പമാണെന്നോ, അതീവ രഹസ്യമായിരുന്നില്ലെങ്കില്‍ കുട്ടിക്ക് അത് ദോഷമാകുമെന്നോ വരുത്തി തീര്‍ത്തേക്കാം കുറ്റവാളി. അല്ലെങ്കില്‍ വിവരം പുറത്ത് അറിഞ്ഞാല്‍ താന്‍ കുട്ടിയെ ദ്രോഹിക്കുമെന്ന ഭീഷണിയാകാം. നഗ്ന ചിത്രങ്ങള്‍ വീട്ടുകാരെ കാണിക്കുമെന്നാകാം. എന്തെങ്കിലും അടവെടുത്ത് കുട്ടി ഇക്കാര്യം പുറത്തുപറഞ്ഞ് തന്നെ അപകടപ്പെടുത്താതിരിക്കാന്‍ കുറ്റവാളി ശ്രമിക്കും. അതേ കാരണം ഉപയോഗിച്ചു തന്നെ തുടര്‍ന്നും കുട്ടിയെ ലൈംഗികമായി ആക്രമിക്കും.
കുറ്റവാളിയെ തിരിച്ചറിയല്‍
ഗ്രൂമിങ്ങിന്റെ ഏതെങ്കിലും ലക്ഷണം കണ്ടാല്‍ തിരിച്ചറിയുക എന്നതാണ് ഏതു ഘട്ടത്തില്‍ ആയാലും കുട്ടിയെ രക്ഷിക്കാനുള്ള വഴി. കുട്ടിയുടെ മേല്‍ ശരിയായ സംരക്ഷണാബോധമുള്ള ആരും കുട്ടിയോട് ഇടപഴകുന്നവരില്‍ താഴെപ്പറയുന്നവ ഉണ്ടോ എന്ന് ശ്രദ്ധിക്കുക. ഒന്നിലേറെ കാര്യങ്ങള്‍ ഒരേ സമയം കണ്ടെത്തുന്നത് സംശയത്തിന്റെ അളവ് കൂട്ടേണ്ടതാണ്. കുട്ടിയോട് പ്രായത്തില്‍ മൂത്ത ആരെങ്കിലും ഇടപെടുമ്പോള്‍:
1. കുട്ടി ഇഷ്ടപ്പെടുന്നതിലും കൂടിയ അളവില്‍ ലാളന, കുട്ടിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടുമുള്ള മല്പ്പിടിത്തം പോലെയോ കളി പോലെയോ ഉള്ള ശാരീരിക സ്പര്‍ശനം. എടുത്തു മടിയിലിരുത്തി ലാളിക്കല്‍, കുട്ടി കുതറിപ്പോകാന്‍ ശ്രമിച്ചാലും വിടാതിരിക്കല്‍.
2. കുട്ടിയുമൊത്ത് മറ്റാരും കാണാത്ത ഇടങ്ങളില്‍ പോകാനുള്ള താല്പര്യം.
3. മുതിര്‍ന്നവരോടൊത്ത് സമയം ചിലവിടാതെ മുഴുവന്‍ സമയവും കുട്ടിയോടൊത്തും കുട്ടിക്ക് ആവശ്യമുള്ളതിലധികവും സമയം ചിലവിടല്‍.
4. കുട്ടിയുമായി രഹസ്യങ്ങള്‍ സൂക്ഷിക്കല്‍, കുട്ടിയെ പരാമര്‍ശിക്കുമ്പോള്‍ അഡല്‍റ്റ് സംബോധനകള്‍ "കാമുകി, ഭാര്യ, ഗേള്‍ഫ്രണ്ട് ..." ഉപയോഗിക്കുക.
5. കുട്ടി അര്‍ഹിക്കുന്നതിലും കൂടുതല്‍ സമ്മാനങ്ങള്‍, പ്രത്യേകിച്ച് വിലയുള്ളത് സ്ഥിരമായി വാങ്ങിക്കൊടുക്കല്‍.
6. ഒരു കുട്ടി മറ്റു കുട്ടികളെക്കാള്‍ സ്പെഷ്യല്‍ ഫ്രണ്ട് ആണെന്നോ സ്പെഷ്യല്‍ വ്യക്തിത്വമുള്ളയാളാണെന്നോ വരുത്തിത്തീര്‍ക്കല്‍.
ഇരയെ തിരിച്ചറിയല്‍
ലൈംഗിക പീഡനത്തിനു ഇരയാകുന്ന കുട്ടികളിള്‍ പലപ്പോഴും സ്വഭാവമാറ്റങ്ങള്‍ ഉണ്ടായേക്കാം. താഴെ പറയുന്നവ സര്‍വ സാധാരണമായ ലക്ഷണങ്ങളാണ്:
1. പെട്ടെന്ന് സ്വഭാവമാറ്റവും അരക്ഷിതത്വ ബോധവും.
2. പേടി സ്വപ്നങ്ങളില്‍ ഗണ്യമായ വര്‍ധന, ഉറക്കമില്ലായ്മ.
3. പെട്ടെന്ന് ഉള്ള അന്തര്‍മുഖതയും ഡിപ്രഷനും
4. ചില ആളുകളോട് അകാരണമായ പേടി, ചിലരുമായുള്ള ബന്ധത്തെപ്പറ്റി സംസാരിക്കാന്‍ വിസമ്മതം
5. കുട്ടിയുടെ പ്രായത്തിനു ചേരാത്ത ലൈംഗിക പദ പ്രയോഗം, മുതിര്‍ന്നവരെപ്പോലെ ലൈംഗികതയുടെ ചിത്രം വരയ്ക്കല്‍.
6. ആരു കൊടുത്തു എന്ന് കുട്ടി പറയാന്‍ വിസമ്മതിക്കുന്ന പണം, സമ്മാനങ്ങള്‍ എന്നിവ.
7.കുട്ടി എവിടെയായിരുന്നു എന്നു ചോദിച്ചാല്‍ ഭയവും വിവരിക്കാന്‍ വിസമ്മതവും
8. കിടക്കയില്‍ മുള്ളുന്ന ശീലമില്ലാത്ത കുട്ടി പെട്ടെന്ന് അതു തുടങ്ങുക
9. ലൈംഗികാവയവങ്ങള്‍ക്ക് പെട്ടെന്ന് പുതിയ പേരുകള്‍ കുട്ടി ഉപയോഗിച്ചു തുടങ്ങുക
10. കുട്ടി മുതിര്‍ന്നവരുടെ ലൈംഗിക വേഴ്ചാ ചലനങ്ങള്‍ പാവകള്‍ക്കോ കളിപ്പാട്ടങ്ങള്‍ക്കോ മേലേ നടത്തുക.
ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ കുട്ടിയെ ആരോ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടോ എന്ന് സസൂക്ഷ്മം പരിശോധിക്കുകയും കുട്ടിയോട് കാര്യങ്ങള്‍ സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹാന്തരീക്ഷം
പൊതുവില്‍ കുട്ടികളോട് എപ്പോഴും സംസാരിക്കുക. അവര്‍ക്ക് എന്തും പറയാന്‍ ശരിയും തെറ്റും ന്യായവും അന്യായവും കുറ്റാരോപണവും കുറ്റസമ്മതവും ഒക്കെ നിര്‍ഭയം പറയാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുക. താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു എന്ന് വ്യക്തമായോ സൂചനകളിലൂടെയോ കുട്ടി പറഞ്ഞാല്‍ അത് വിശ്വസിക്കുക. കുട്ടിക്ക് ഇഷ്ടമല്ലാത്ത എന്തു കാര്യവും അത് എന്തെങ്കിലും ചെയ്യാന്‍ നിര്‍ബന്ധിക്കുകയോ കേള്‍പ്പിക്കുകയോ കാണിക്കുകയോ എന്തുമാകട്ടെ, ശക്തമായി എതിര്‍ക്കാനും രക്ഷയ്ക്കായി ആളെ വിളിക്കാനും അവകാശമുണ്ടെന്ന് ബോധ്യപ്പെടുത്തുക. ആരു ചെയ്താലും, എത്ര വേണ്ടപ്പെട്ടവര്‍ ചെയ്താലും അതിനു അവകാശമുണ്ടെന്ന് മനസ്സിലാക്കിക്കൊടുക്കുക. അനാവശ്യമായി ആളുകള്‍ കുട്ടിയുടെ ജീവിതത്തില്‍ ഇടം നേടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലായാല്‍ പോലീസില്‍ അറിയിക്കുക . ബാല ലൈംഗിക പീഡനം കൊടിയ കുറ്റമാണ്. കുറ്റവാളിക്ക് കുടുംബവുമായുള്ള ബന്ധം, കുട്ടിയുടെ ഭാവി, റിപ്പോര്‍ട്ട് ചെയ്താല്‍ കുട്ടി വീണ്ടും പീഡിപ്പിക്കപ്പെടുമോ എന്ന ഭയം ഒക്കെ അതില്‍ നിന്ന് നിരുത്സാഹപ്പെടുത്തിയാല്‍ നിങ്ങളുടെ കുട്ടിയടക്കം കൂടുതല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടും.
[ബാല ലൈംഗിക പീഡനം എന്ന പരമ്പരയിലെ രണ്ടാമത്തെ നോട്ട് ആണിത്.എന്താണ് ബാല ലൈംഗിക പീഡനം, കുറ്റവാളി കുറ്റം ചെയ്യുന്നതിന്റെ ഘട്ടങ്ങള്‍ ആരാണ് കുറ്റവാളി ആരാണ് ഇരയാകാന്‍ സാധ്യത കൂടിയ കുട്ടി എന്നീ കാര്യങ്ങള്‍ ആദ്യത്തെ നോട്ടില്‍ ഉണ്ട്.]
07-oct-2014
No comments:
Post a Comment