ഒരു ലക്ഷം വര്‍ഷം മുന്നേ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മനുഷ്യന്‍ ഉണ്ടായിരുന്നില്ല. കണാദന്‍ പത്തു രണ്ടായിരത്തി അഞ്ഞൂറു വര്‍ഷം മുന്നേ ജീവിച്ചിരുന്ന ശാസ്ത്രജ്ഞനാണ്. പഞ്ചഭൂതങ്ങളാല്‍ ആണ് ലോകം നിര്‍മ്മിച്ചിരുന്നത് എന്ന് അക്കാലത്തെ ശാസ്ത്രലോകം വിശ്വസിച്ചിരുന്നു. അതിന്റെ ഏറ്റവും ചെറിയ കണങ്ങള്‍ കാണാനാവില്ലെന്നും നശിപ്പിക്കാന്‍ ആവില്ല എന്നും അവര്‍ വിശ്വസിച്ചിരുന്നു. കണാദനും മുന്നേ ജീവിച്ചിരുന്ന ഡെമോക്രിറ്റസ് അതിനെ ആറ്റം എന്നു വിളിച്ചു. ശാസ്ത്രലോകം അന്നും അറിവു പങ്കുവച്ചിരുന്നു അതിനാല്‍ കണാദനും അണു എന്ന കണത്തെക്കുറിച്ച് പിന്നീട് എഴുതി. ഇതാണ് പൊതുവില്‍ അറിയുന്ന കാര്യം. ചിലര്‍ കണാദന്റെ ജീവകാലം ഡെമോക്രിറ്റസിന്റേതു തന്നെയെന്നും അവര്‍ ഒരുമിച്ചാണ് ഇത്തരം കാര്യങ്ങള്‍ കണ്ടെത്തിയെന്നും വാദിക്കുന്നു, തെളിവില്ല. അല്ലാതെ ആരും അണുബോംബ് ഒന്നും അന്നു നിര്‍മ്മിച്ചിരുന്നില്ല.
ലോകത്ത് എല്ലായിടത്തും ജ്യോതിഷവും നിലനിന്നിരുന്നു. 17000 കൊല്ലം മുന്നേയുള്ള ജ്യോതിഷം ഫ്രാന്‍സിലെ ലാസ്കൗ ഗുഹകളില്‍ കാണാം. അറിവ് അത്രയൊന്നുമില്ലാതിരുന്ന കാലത്ത് മനുഷ്യന്‍ ഗ്രഹങ്ങളും നക്ഷത്രങ്ങളും ഒക്കെ ചേര്‍ന്നാണ് ആളിനെ ജീവിതത്തിനു തിരക്കഥ എഴുതുന്നത് എന്നു വിശ്വസിച്ചു. അത് ലോകത്ത് എല്ലായിടത്തും പ്രബലം ആയിരുന്നു. ഇന്നും മിക്കരാജ്യങ്ങളിലും ഇമ്മാതിരി ഒക്കെ വിശ്വസിക്കുന്ന ഒരു തീരെച്ചെറിയ ന്യൂനപക്ഷം കാണാം.
ഏതാണ് ഇക്കാലത്ത് ഇന്ത്യയും ചൈനയും പോലെയുള്ള രാജ്യങ്ങളില്‍ മതം വന്‍ കുതിച്ചു കയറ്റം നടത്തിയതു മൂലം ആദ്ധ്യാത്മികത ശാസ്ത്രപുരോഗതിയെ വിഴുങ്ങിക്കളഞ്ഞു. അതിനാല്‍ ശാസ്ത്രത്തിന്റെ മുന്നേറ്റം ഏതാണ്ട് പൂര്‍ണ്ണമായി അവിടെയൊക്കെ നിലച്ചു. ആളുകള്‍ പഴയകാലം തുടര്‍ന്നു.
യൂറോപ്പില്‍ ശാസ്ത്രം അപ്പോഴും പുരോഗമിക്കുകയായിരുന്നു. അവര്‍ സൂര്യനെ ചുറ്റുന്ന ഗോളങ്ങളുള്‍ല സൗരയൂഥവും ഭൂമിയുടെ കാന്തിക വലയങ്ങളും ഒക്കെ കണ്ടെത്തി. നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും അടുത്തറിഞ്ഞു. ഇങ്ങനെ പുരോഗമിക്കവേ അവിടെ ജ്യോതിഷത്തിന്റെ കളസം ശാസ്ത്രീയമായി കീറി.
അതിലും എത്രയോ മുന്നേ തന്നെ ജ്യോതിഷത്തെ നിലവിലുള്ള അറിവുകൊണ്ട് തന്നെ ശാസ്ത്രലോകം തള്ളിക്കളഞ്ഞിരുന്നു എന്നതാണ് രസകരം. രണ്ടായിരം കൊല്ലം മുന്നേ സിസെറോ എത്രയോ ദൂരെ കിടക്കുന്ന നക്ഷത്രങ്ങളും മറ്റും എന്തു പിണ്ണാക്ക് ഉണ്ടാക്കാനാണു മനുഷ്യ ഭാവിയില്‍, വളര്‍ത്തുന്ന സാഹചര്യം, സമൂഹത്തിന്റെ അവസ്ഥ, മരുന്നും ചികിത്സയും പുരോഗമിക്കല്‍, കാലാവസ്ഥ തുടങ്ങിയവയാണ് ഒരാളിന്റെ ജീവിതം തീരുമാനിക്കുക, ഒന്നും ചെയ്യാന്‍ കെല്പ്പില്ലാത്ത നക്ഷത്രങ്ങളല്ല എന്നു വാദിച്ചു.
പ്ലോട്ടിനസ് ജ്യോതിഷം ചിരിച്ചു തള്ളേണ്ട തമാശ ആണെന്നും അമാവാസിയും പൗര്‍ണ്ണമിയും ഒക്കെ പ്രകാശ ലഭ്യത മാറ്റുന്നു എന്നല്ലാതെ ചന്ദ്രന്റെ "ശക്തി"യില്‍ എന്തു തേങ്ങയാണ് ഉണ്ടാക്കുന്നത് എന്ന് ചോദിച്ചു. അനന്തമായ പ്രപഞ്ചത്തില്‍ ഒരു ചെറു ചലനം ഉണ്ടായാല്‍ അത് ജീവികളില്‍ എങ്ങനെ എന്തു മാറ്റം ഉണ്ടാക്കാന്‍ എന്ന് ഫെവോറിനസ് ചോദിച്ചു. കര്‍ണിയേഡിസ് നിരീക്ഷിച്ചു "വിധി മുന്‍നിശ്ചിതം എന്നൊക്കെ പറഞ്ഞു പരത്തുന്നത് മനുഷ്യന്റെ സ്വന്തന്ത്ര ജീവിതത്തിനും വ്യക്തിവികാസത്തിനും തടസ്സമാകുന്ന അസംബന്ധമാണ്. ജ്യോതിഷപ്രകാരം പലേ സമയത്ത് ജനിച്ച, രണ്ട് സംസ്കാരങ്ങളില്‍ വളര്‍ന്ന പരസ്പരം കണ്ടിട്ടില്ലാത്ത ആയിരങ്ങള്‍ ഒരേ യുദ്ധത്തില്‍ വടിയായിപ്പോകുന്നത് തന്നെ ഇമ്മാതിരി അന്ധവിശ്വാസങ്ങളില്‍ കാര്യമില്ല എന്നതാണു കാണിക്കുന്നത് എന്നായിരുന്നു. രണ്ടായിരം കൊല്ലം മുന്നേ തന്നെ ശാസ്ത്രവും തത്വചിന്തയും ജ്യോതിഷത്തിന്റെ കളസം കീറി, പക്ഷേ ഇന്ത്യ (ചൈനയും) അതു കണ്ടില്ല, അവിടെ ശാസ്ത്രവും തത്വചിന്തയും മരിച്ച് അതിന്റെ അനാഥപ്രേതങ്ങള്‍ ആത്മീയതയുടെ ഇരുട്ടില്‍ തപ്പുകയായിരുന്നു.
ഇന്ന് വ്യക്തിക്കോ ലോകത്തിനോ സംഭവിക്കുന്നതിനൊക്കെ ജൈവശാസ്ത്രം കൊണ്ടും ഭൗതിക ശാസ്ത്രം കൊണ്ടും വ്യക്തമായ വിശദീകരണം നല്‍കാനാവും. ഗ്രഹങ്ങള്‍ക്കോ നക്ഷത്രങ്ങള്‍ക്കോ ഇതിലൊരു പങ്കുമില്ലെന്നും തെളിയിക്കാനാകും. മതത്തിന്റെ പ്രചാരണത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചിട്ടു റോക്കറ്റ് അയക്കുന്നതു മനസ്സിലാക്കാം. സ്വന്തം മനസ്സിനു ശാസ്ത്രബോധം ഇല്ലാത്തതിനാല്‍ നേര്‍ച്ചക്കാശ് ഇട്ടിട്ടു കോടതിയില്‍ പോകുന്ന വക്കീലിനെ മനസ്സിലാക്കാം. പ്രാര്‍ത്ഥിച്ചിട്ടു സ്കാള്‍പെല്‍ എടുത്താല്‍ കൈ വിറയ്ക്കാത്ത ഡോക്റ്ററെയും മനസ്സിലാക്കാം, പക്ഷേ ശാസ്ത്രം ജ്യോതിഷത്തിന്റെ മുന്നില്‍ ഒന്നുമല്ലെന്നു വാദിക്കുന്ന എം.പി. എന്തോന്നാണു വിചാരിച്ചിരിക്കുന്നത്?
അല്ല, മനുഷ്യരാശി ഇന്ത്യയില്‍ എത്തുന്നേനു മുന്നേ കണാദന്‍ ഇവിടൊക്കെ അണുബോംബ് ഇട്ടു നടക്കുകയായിരുന്നു എന്നു വിശ്വസിക്കുന്നയാള്‍ ഇങ്ങനെ അല്ലാതെ വേറേ എങ്ങനെ വിചാരിക്കാന്‍?
04-dec-2014
No comments:
Post a Comment