ദില്ലിയില്‍ ഒരു സ്ത്രീയെ ടാക്സി ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. ഇതില്‍ പ്രതിയായ ആളിനെ അറസ്റ്റ് ചെയ്യുകയും നവയുഗ ടാക്സി കമ്പനിയായ ഊബറിനെ നിരോധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ സ്ത്രീയ്ക്കു സുരക്ഷയില്ല എന്ന പഴകിത്തേഞ്ഞ വാദം ചിലര്‍ വീണ്ടും ഉന്നയിച്ചത്.
കോജിത്തോ എര്‍ഗോ സം - ഐ തിങ്ക് ദെയര്‍ഫോര്‍ ഐ ആം - എന്ന് ദെക്കാര്‍ത്തേ പറഞ്ഞിരിക്കുന്നു. "റ്റു ബീ" എന്ന സ്റ്റേറ്റീവ് ക്രിയയുടെ ഏഴു രൂപങ്ങളില്‍ ഒന്നാണ് "ഐ ആം" എന്നത്. ഏഴു രൂപം ഉള്ളതില്‍ മൂന്നില്‍ "ഈസ്" എന്നും മറ്റൊരു മൂന്നെണ്ണത്തില്‍ "ആര്‍" എന്നതും ആണ് ആം എന്നത് ഒരെണ്ണത്തില്‍ മാത്രം എന്നതിനാല്‍ ചിന്തിക്കാതെ ഒരു രൂപം എടുത്താല്‍ ഐ ആര്‍ എന്നോ ഐ ഈസ് എന്നോ ആണ് വരാന്‍ സാധ്യത എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. "റ്റു ബീ ഓര്‍ നോട്ട്" എന്ന ചോദ്യം വില്യം ഷേക്ക്സ്പിയറിനെയും അലട്ടിയിരുന്നു, അതിലേക്ക് കടക്കുന്നില്ല.
സ്മാര്‍ട്ട് ഫോണ്‍ വഴി ടാക്സി വിളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചാല്‍ തന്നെ സ്ത്രീസുരക്ഷയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കും. ചാന്ദ്രയാത്രികര്‍ നെഞ്ചേറ്റു കൊണ്ടുപോയ അപ്പോളോ ഗൈഡന്‍സ് കമ്പ്യൂട്ടറിനു ഒരു മെഗാഹേര്‍റ്റ്സ് പ്രോസസറും നാലു കിലോബൈറ്റ് മെമ്മറിയും ആയിരുന്നു . ഇന്നത്തെ വിപണിയിലെ ബ്ലാക്ക്ബെറി ക്യൂ 10 ഫോണിനു ഒന്നര ഗിഗാ ഹേര്‍ട്ട്സ് പ്രോസസറും 16 ജിബി ഇന്റേണല്‍ മെമ്മറിയും 32 ജിബി കാര്‍ഡ് മെമ്മറിയും ആണെന്നത് ശ്രദ്ധിച്ചാല്‍ തന്നെ ചന്ദ്രനില്‍ സ്ത്രീസുരക്ഷ എന്തുകൊണ്ട് സാധ്യമായെന്നും ഏജീസിയുടെ 1500 മടങ്ങ് ശക്തിയുള്ള പ്രോസസറുള്ള സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന നഗരങ്ങളില്‍ എന്തുകൊണ്ട് സാധ്യമാവുന്നില്ലെന്നും സുധീഷണര്‍ക്കു വെളിവാകും.
ഇതുവരെ ഊബര്‍ നിരോധിച്ച രാജ്യങ്ങളും നഗരങ്ങളും എല്ലാം തന്നെ മുതലാളിത്ത വ്യവസ്ഥയിലാണ്. ദില്ലി പിന്‍തുടര്‍ന്നതും ഇതേ പാതയാണ്. എല്ലാ പ്രവര്‍ത്തികളും ചില മുദ്രകള്‍ പതിപ്പിക്കുന്നു. പ്രിയ നാരങ്ങാ അച്ചാറിന്റെ കുപ്പിക്കു മുകളില്‍ ഈനാട് കോമ്പ്ലക്സ്, സോമാജിഗുഡ, ഹൈദരാബാദ് എന്ന് എഴുതിയിട്ടുണ്ട്. ഈനാടിന്റെ കോമ്പ്ലക്സുകള്‍ മൂലമാണ് നാട്ടില്‍ സ്ത്രീസുരക്ഷയില്ലാതെയാകുന്നത്. ഈനാടും രാമോജി ഫിലിം സിറ്റിയും പ്രിയ അച്ചാറും രാമോജിയുടേതാണെന്നത് ശ്രദ്ധേയമാണ്. തെലുങ്കില്‍ നാരങ്ങായ്ക്കു നിമ്മക്കായ എന്നാണു പറയുക. മുളകിനു മിരപക്കായ എന്നും. എന്നാല്‍ ഉപ്പിനു ഉപ്പു എന്നു തന്നെ പറയും.
ബുദ്ധിപരമായ അഭിവൃദ്ധിയുടെ ഫലമായ മനോവികാസങ്ങളുടെ പരിണിതഫലമാണ് സംസ്കാരം. സ്വതബോധം, അഹംഭാവം, അബോധവിചാര വികാരങ്ങള്‍ എന്നിവയുടെ സങ്കലനമാണ് മനോവൃത്തിയെന്ന് യൂങ്ങ് നിരീക്ഷിച്ചതു ശരിയാണെന്നു വരുന്നു. അഭിവൃദ്ധിയെ ജി.ഡി.പി വളര്‍ച്ചയിലൂടെ മാത്രം നോക്കിക്കാണുന്ന ഇക്കാലത്ത് ബുദ്ധിപരമായ അഭിവൃദ്ധി - ഇന്റലിജന്‍സ് ക്വോഷ്യന്റ് സിദ്ധിമാനം - ജിഡിപി കൊണ്ട് ഹരിച്ചാണ് എടുക്കേണ്ടതെന്നു വരുന്നു.
മകാര്‍തര്‍ ഫെല്ലോസിന്റെ ബുദ്ധിയെ അതത് രാജ്യത്തിന്റെ പ്രതിശീര്‍ഷ ജിഡിപി കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന സിദ്ധിമാനമായിരിക്കില്ല ഡിജിപിയുടെ ബുദ്ധിയെ ജിഡിപികൊണ്ട് ഹരിച്ചാല്‍ കിട്ടുന്നത്. സംസ്കാരത്തിനു ആരും ഉത്തരവാദിയല്ല എന്നു വരുന്നതിനാല്‍ സംസ്കാരശൂന്യതയ്ക്കും ആരും ഉത്തരവാദിയാകുന്നില്ല എന്ന് ഉപസിദ്ധാന്തതത്വം പ്രകാരന്‍ അനുമാനിക്കാവുന്നതാണ്. സ്ത്രീകളുടെ സുരക്ഷാനിലവാരം സംസ്കാരജന്യമല്ല എന്ന് ആരും തര്‍ക്കിക്കില്ലല്ലോ.
സ്ത്രീകളോടെന്നല്ല ആരോടായാലും ശരി കുറ്റകൃത്യം ചെയ്താല്‍ ചെയ്തവരെ പിടിച്ചു ശിക്ഷിക്കണമെന്ന് ചില ഫെയിസ്ബുക്ക് ശുഷ്കബുദ്ധികള്‍ വാദിച്ചു കണ്ടു. ഭൂമിയുടെ ഉത്തരാര്‍ദ്ധത്തിലെ ഒരു നഗരമായ ബെര്‍ലിനില്‍ ജീവിച്ചിരുന്ന ഉത്തരാധുനിക പരിണാമ സൈദ്ധാന്തികന്‍ റിച്ചാര്‍ഡ് സെമൊണ്‍ തന്റെ നിമി എന്ന പുസ്തകത്തില്‍ പറഞ്ഞതാണ് എതിര്‍വാദമായി എനിക്കു വരുന്നത്. നിമിക് അല്പ്പാംശങ്ങളായ എന്‍ഗ്രാംസ് പലപ്പോഴും സ്പര്‍ശനപ്രണകള്‍ക്ക് പ്രതികരിക്കുക തലച്ചോറിന്റെ സുവ്യക്തമായ ആജ്ഞകള്‍ക്ക് അനുസരിച്ചല്ല. അതിന്റേതായ പെരുമാറ്റ ചട്ടങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ സ്ഥിരമുദ്രണം ചെയ്തത് അനുസരിച്ചാണ്. പട്ടി കടിക്കാന്‍ വന്നാല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ബൗദ്ധികമായ പ്രവൃത്തിയല്ല, കാരണം ശരാശരി പട്ടിക്ക് ശരാശരി മനുഷ്യനെക്കാള്‍ വേഗത്തിലോടാന്‍ കഴിയും, പക്ഷേ നിങ്ങള്‍ ഓടുന്നു, എന്തുകൊണ്ട്? നിങ്ങളുടെ ഉള്ളിലെ നിമിക് അല്പ്പാന്‍ശങ്ങളില്‍ പട്ടിയുടെ ആഗമനത്തെക്കുറിച്ചുള്ള എന്‍ഗ്രേവ്ഡ് സ്ക്രിപ്റ്റ് "തോമസുകുട്ടീ വിട്ടോടാ" എന്നതിനു സമാനമാണ്. പട്ടിവരുമ്പോള്‍ ഓടുന്നത് നിങ്ങളുടെ വിവേചനാ ജന്യമായ പ്രവൃത്തിയല്ലാത്തതിനാല്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്തവുമില്ല. നിങ്ങള്‍ ഉത്തരവാദിയല്ലാത്തതിനു ശിക്ഷിക്കപ്പെടുന്നത് കിരാതനീതിയാണ്. അതിനാല്‍ കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണം എന്ന വാദം അനീതിയാണ്, പൂര്‍വ്വാധുനിക കാലത്ത് അങ്ങനെ ആരെങ്കിലും വാദിച്ചിട്ടുണ്ടാവുമെന്നതില്‍ കഴമ്പില്ല. കുറ്റം ആരു ചെയ്താലും അവനോ അവള്‍ക്കോ അന്തസ്സായി തടിയൂരാന്‍ കഴിയണം, സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ
No comments:
Post a Comment