പ്രാരാബ്ധങ്ങള്‍ക്ക് ഒരു ചെവി കൊടുക്കല്‍ സാമൂഹ്യചുമതലകളുടെ ഭാഗമാണ്. നിങ്ങള്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ട, ആളുകള്‍ വന്ന് അവരുടെ കഷ്ടപ്പാടുകള്‍ ഒക്കെ എണ്ണിപ്പെറുക്കി കുറച്ചു സമാധാനം നേടി അങ്ങു പോയിക്കോളും.
ഒരു സ്ഥാപനം തുടച്ചു വൃത്തിയാക്കിയിടുന്ന ജോലിയെടുക്കുന്ന തമിഴ്നാട്ടുകാരി സ്ത്രീ അങ്ങനെ ഒരിക്കല്‍ എന്നോട് ജീവചരിത്രം പറഞ്ഞു തുടങ്ങി. ഉത്സവപ്പറമ്പുകളിലും മറ്റും സ്റ്റേജില്‍ ഡാന്‍സ് കളിക്കുന്ന ട്രൂപ്പില്‍ ചേര്‍ന്ന് തൊഴിലാളി ജീവിതം തുടങ്ങി. അതില്‍ ഒരാളെ കല്യാണവും കഴിച്ചു. ഒരു കുട്ടിയായപ്പോള്‍ ഭര്‍ത്താവ് മറ്റൊരു പെണ്ണിനെ കൂടി കെട്ടി. അവളുടെ പോട്ടി സഹിക്കവയ്യാതെ ഇവരും കുട്ടിയും അയാളെ ഉപേക്ഷിച്ചു. ഡാന്‍സിനുള്ള പ്രായം ഒക്കെ കഴിഞ്ഞപ്പോള്‍ വീട്ടുജോലിക്കാരിയായി ഒരു തമിഴു കുടുംബത്തിനൊപ്പം ദുബായില്‍ വന്നു, ആ ദമ്പതികളുടെ കുട്ടികള്‍ ഒക്കെ വളര്‍ന്നപ്പോള്‍ അവര്‍ തന്നെ ശരിയാക്കിക്കൊടുത്തതാണ് ഇപ്പോഴുള്ള ജോലി. അനുജനു നാട്ടില്‍ ചെറിയ കേറ്ററിങ്ങ് സര്‍വീസ് ഉണ്ട്. അക്കനു സിനിമ ഉണ്ടായിരുന്നപ്പോള്‍ നിറയെ വര്‍ക്ക് പിടിച്ചു കൊടുക്കുമായിരുന്നു, ഇപ്പോള്‍ അവനും കടത്തിലാണ്.
നിങ്ങളുടെ അക്കന്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ടോ? ഞാന്‍ തിരക്കി.
ഓ, എന്റെ അക്കനല്ല, ഷക്കീല അക്കന്‍. അറിയില്ലേ, മലയാളത്തിലും നിറയെ പടം ചെയ്തിട്ടുണ്ട്.
ഓ, എന്റെ അക്കനല്ല, ഷക്കീല അക്കന്‍. അറിയില്ലേ, മലയാളത്തിലും നിറയെ പടം ചെയ്തിട്ടുണ്ട്.
കാര്യങ്ങളൊക്കെ ചോദിച്ചു വന്നപ്പോള്‍ ഷക്കീല സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്റെ അയല്‍ക്കാര്‍ക്കും മറ്റും പ്രോജക്റ്റില്‍ ചെറിയ വര്‍ക്കുകള്‍- ടാക്സി, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് റോള്‍, കേറ്ററിങ്ങ് അങ്ങനെയുള്ളവ- കൊടുക്കണമെന്ന് നിബന്ധന വയ്ക്കുമായിരുന്നത്രേ. അങ്ങനെ ഒരു ചെറിയ റോഡിന് അവര്‍ അക്കനും ആശ്രയവും ഒക്കെയായിരുന്നു,
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സിനിമാതാരം ജാക്കി ചാന്‍ ആണെന്ന് ഫാന്‍സ് അവകാശപ്പെടുന്നു. അദ്ദേഹം ലോകോത്തര സിനിമയൊന്നും എടുത്തിട്ടില്ല, ആക്ഷന്‍ ചിത്രീകരണത്തിലെ ആത്മാര്‍ത്തത കൊണ്ടും പ്രത്യേകത കൊണ്ടും പ്രശസ്തനായി. മറ്റൊരു പ്രത്യേകത ജാക്കിയുടെ സപ്പോര്‍ട്ടീവ് റോള്‍ ആണ്. ഹോങ്ങ് കോങ്ങ് സിനിമകളില്‍ ജൂനിയര്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ ജീവിതം വലിയ കഷ്ടമായിരുന്നു. അപകടങ്ങള്‍ ഏറെയും. ജാക്കിച്ചാന്‍ സിനിമകളിലെ സംഘട്ടന രംഗങ്ങള്‍ എല്ലാം ചെയ്യുന്നത് അദ്ദേഹം ട്രെയിന്‍ ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്ന സ്റ്റണ്ട് ടീം ആണ്. അതുപോലെ ഹോങ്ങ് കോങ്ങ് സിനിമ ഷൂട്ടിങ്ങുകളില്‍ മരിച്ചു പോയിട്ടുള്ള സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ വിധവകള്‍ക്ക് സ്വത്ത് ആര്‍ജ്ജിക്കാനാണ് തന്റെ ചില സിനിമകളുടെ ലാഭം മുഴുവന്‍ ഉപയോഗിച്ചത്. സിനിമയില്‍ നിന്ന് ആര്‍ജ്ജിച്ച സ്വത്ത് തന്റെ അടുത്ത തലമുറയ്ക്കല്ല, ചാരിറ്റിക്കാണെന്ന് വില്‍പത്രം എഴുതി ഈയിടെ ജാക്കി. നടന്‍ എന്നതിനപ്പുറം ജാക്കി എന്ന നല്ല മനുഷ്യനെയും അനാഥ കുട്ടികളുടെ സംരക്ഷകനെയും ആരാധകര്‍ക്ക് ഇഷ്ടമാണ്.
ഷക്കീല വര്‍ക്ക് പരിചയക്കാര്‍ക്ക് പിടിച്ചു കൊടുക്കും എന്ന് ആ പ്രായമായ സ്ത്രീ പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഹോംകോങ്ങ് സ്റ്റണ്ട്‌മെന്‍ വെല്‍ഫയര്‍ ഫണ്ടും ജാക്കിച്ചാന്‍ സ്റ്റണ്ട് ടീമും ആണ്.
തിരുവനന്തപുരത്തുകാര്‍ ആരെയും അണ്ണാ എന്നു വിളിക്കും, രായണ്ണാ, രെവിയണ്ണാ, കാര്‍ലോസണ്ണാ, നൗഷാദണ്ണാ... പക്ഷേ തിരുവനന്തപുരത്ത് ചെന്ന് വെറുതേ അണ്ണന്‍ എന്നു പറഞ്ഞാല്‍ അത് വര്‍ക്കല രാധാകൃഷ്ണന്‍ ആണ്. അതിനു പാര്‍ട്ടിഭേദമൊന്നുമില്ല. വര്‍ക്കല രാധാകൃഷ്ണന്‍ ഒരു ജില്ലയുടെ മുഴുവന്‍ അണ്ണന്‍ ആയതുപോലെ ഒരു തീരെ ചെറിയ തെരുവായിരിക്കാം, ഒരു കോളനി ആയിരിക്കാം, എനിക്കറിയില്ല, തമിഴ് നാട്ടില്‍ ഏതോ ഒരിടത്ത് വെറുതേ അക്കന്‍ എന്നു പറഞ്ഞാല്‍ അത് ഷക്കീലയാണ്.
സ്ക്രീനില്‍ കണ്ട് വെള്ളമിറക്കി, പുറത്തിറങ്ങി കൂട്ടുകാരോടൊത്ത് അശ്ലീലം പറഞ്ഞു പൊട്ടിച്ചിരിച്ച്, രാത്രി ഓര്‍ത്ത് സ്വയംഭോഗം ചെയ്തില്ലേ, ആ ശരീരമല്ല ഷക്കീല. അതവരുടെ തൊഴില്‍ ആയിരുന്നു, ജീവിതമല്ല.
[രാവിലേ രാഹുല്‍ പശുപാലന്റെ പോസ്റ്റ് കണ്ടപ്പോള്‍ ഇത്രയും എഴുതാന്‍ തോന്നി.]
29-dec-2-14
No comments:
Post a Comment