അടുത്ത സമയം ഒരു സ്കൂളില്‍ ചെറിയ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും സംഭവം അന്വേഷിക്കുന്നതില്‍ പാളിച്ചയുണ്ടെന്ന് കണ്ട് നാട്ടുകാര്‍ സംഘടിച്ചു പ്രതിഷേധിക്കുകയും അനന്തരം സ്കൂള്‍ മാനേജ്മെന്റ് നിരുത്തരവാദപരമായ പ്രസ്താവനകള്‍ പരസ്യമായി നടത്തുകയും ഒക്കെയുണ്ടായി. ഈ സമയത്ത് ചിലര്‍ എന്നോട് ഒരു കുട്ടി ലൈംഗികമായി ആക്രമിക്കപ്പെടുകയാണെങ്കില്‍ അത് എങ്ങനെ തിരിച്ചറിയും, അതില്‍ മാതാപിതാക്കള്‍ എന്തു ചെയ്യണം എന്നൊക്കെ എഴുതണം എന്ന് ആവശ്യപ്പെട്ടിരുന്നു. തിരക്കുകള്‍ മൂലവും പുസ്തകങ്ങള്‍ കയ്യിലില്ലായിരുന്നതു മൂലവും ഇതുവരെ എഴുതാന്‍ സാധിച്ചില്ല.
1. നിങ്ങളുടെ കുട്ടി ലൈംഗികാക്രമണത്തിനു വിധേയമാകാന്‍ സാദ്ധ്യതയുണ്ടോ?
ഇന്ത്യാ സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 53% കുട്ടികള്‍ ലൈംഗികാതിക്രമത്തിനു വിധേയമാകുന്നു. ഇതില്‍ ആണ്‍പെണ്‍ ഭേദമില്ല. ചില വിഭാഗം കുട്ടികള്‍ - ഉദാഹരണം തെരുവുകുട്ടികള്‍, ബാലവേല ചെയ്യുന്ന കുട്ടികള്‍ തുടങ്ങിയവര്‍ ആക്രമിക്കപ്പെടാന്‍ സാധ്യത ഏറും എങ്കിലും ഒരു വിഭാഗം കുട്ടികളും അപകട സാദ്ധ്യതയ്ക്ക് അതീതരല്ല. കുട്ടികള്‍ക്ക് മേലേയുള്ള ലൈംഗികാക്രമണം അവരില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്ന ഹീനകൃത്യമാണ് എന്നതിനാല്‍ അതിന്റെ ലക്ഷണങ്ങള്‍ എന്തെങ്കിലും കുട്ടി കാട്ടുന്നുണ്ടെങ്കില്‍ അത് തിരിച്ചറിയാന്‍ പഠിച്ചിരിക്കണം.
2. എന്താണ് ഒരു കുട്ടി ലൈംഗികാക്രമണത്തിനു വിധേയമായിട്ടുണ്ടെന്ന് സംശയിക്കേണ്ട സൂചനകള്‍?
- അറിയിക്കല്‍. അല്പം മുതിര്‍ന്ന കുട്ടികള്‍, പ്രത്യേകിച്ച് ആറുവയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ വിവരം മാതാപിതാക്കളെയോ മുതിര്‍ന്ന സഹോദരങ്ങളെയോ അറിയിക്കാന്‍ സാദ്ധ്യതയുണ്ട്. കുട്ടിക്ക് എന്തും, നല്ലതും ചീത്തയും, ശരിയും തെറ്റും, വീട്ടില്‍ പറയാനും ചര്‍ച്ച ചെയ്യാനും സ്വാതന്ത്ര്യമുണ്ടായിരിക്കണം. കുട്ടി എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ അതിന്റെ പേരില്‍ പരിഹസിക്കുകയോ വിവരം പറഞ്ഞതിന്റെ പേരില്‍ ശാസിക്കുകയോ അരുത്. ഇത് ഭയം മൂലം കുട്ടികള്‍ എന്തെങ്കിലും പ്രധാനപ്പെട്ട സംഭവം - ലൈംഗികാക്രമണം ആയാലും മറ്റെന്തെങ്കിലും ആയാലും- ഒളിച്ചു വയ്ക്കാന്‍ കാരണമാവും. പലപ്പോഴും മാതാപിതാക്കള്‍ അറിഞ്ഞുകൊണ്ട് അല്ല ഇത്തരം സാഹചര്യമുണ്ടാക്കുന്നത്. ഒരു ഉദാഹരണം: കുട്ടി സ്കൂളില്‍ നിന്നു വരുമ്പോള്‍ ഒരു അഭിപ്രായം പറയുന്നു "ഞാന്‍ വളരുമ്പോള്‍ എന്റെ ക്ലാസ്സിലെ ---- നെ കല്യാണം കഴിക്കും." ഇതു കേട്ട് വീട്ടുകാര്‍ പൊട്ടിച്ചിരിക്കുകയും സുഹൃത്തുക്കളോട് കുട്ടിയുടെ സാന്നിദ്ധ്യത്തില്‍ ഫലിതം പങ്കുവയ്ക്കുകയും ചെയ്യുന്നു . ഇത് താന്‍ പരിഹസിക്കപ്പെടുമോ എന്ന ഭയം മൂലം പല കാര്യങ്ങളും വീട്ടില്‍ നിന്ന് ഒളിക്കാന്‍ കാരണമായേക്കാം. താന്‍ ഗൗരവത്തോടെ പറയുന്നത് എന്തും ഗൗരവമായിത്തന്നെ വീട്ടുകാര്‍ എടുക്കും എന്ന ഉറപ്പ് കുട്ടിക്ക് ഉണ്ടാവണം. മിക്കപ്പോഴും കുറ്റവാളി ഇരയെ പുറത്തു പറയരുത് എന്ന് ഭീഷണിപ്പെടുത്താറുണ്ട്. പലപ്പോഴും കുറ്റവാളി കുട്ടി അറിയുന്ന ആള്‍ ആയതിനാല്‍ അയാള്‍ ചെയ്തത് തെറ്റാണോ കുറ്റമാണോ എന്ന് കുട്ടിക്ക് അറിയുകയുമില്ല. കുറ്റത്തെക്കുറിച്ച് കുട്ടിക്ക് നാണക്കേട് ഉണ്ടായേക്കാം. ഭാഷ പൂര്‍ണ്ണമായും സ്വായത്തമാക്കാത്ത ചെറിയ കുട്ടിയാണെങ്കില്‍ അതിനു കഴിയുകയുമില്ല. ഇതൊക്കെമൂലം മറ്റു സൂചനകള്‍ക്കും വളരെ വലിയ പ്രാധാന്യമുണ്ട്.
- ശാരീരികക്ഷതം. ലൈംഗികാവയവത്തിലോ മലദ്വാരത്തിലോ മുറിവുകള്‍, പഴുപ്പും അണുബാധയും, രക്തക്കറ, ചോരപുരണ്ട അടിവസ്ത്രങ്ങള്‍ തുടങ്ങി ശാരീരിക തെളിവുകള്‍. പലപ്പോഴും കുട്ടിക്ക് ഇതിനൊപ്പം തലവേദനയും വയറുവേദനയും ഉണ്ടാകാറുമുണ്ട്.
- ലൈംഗിക ചേഷ്ഠകള്‍. വാക്കാലല്ലാതെയും കുട്ടികള്‍ തങ്ങള്‍ ആക്രമണത്തിനു വിധേയരായെന്ന് സൂചിപ്പിക്കാറുണ്ട്. തീരെച്ചെറിയ കുട്ടികള്‍ പലപ്പോഴും പരസ്യമായിത്തന്നെ ലൈംഗികാവയവങ്ങള്‍ സ്പര്‍ശിക്കാറുണ്ട്, എന്നാല്‍ കുട്ടി സ്വാഭാവികമായി സ്വയം തൊട്ടുനോക്കുന്നതിന്റെ രീതി കണ്ടാല്‍ മാതാപിതാക്കള്‍ക്ക് അറിയാവുന്നതേയുള്ളൂ. അല്പം മുതിര്‍ന്നാല്‍ കുട്ടികള്‍ അത് പരസ്യമായി ചെയ്യുന്നത് നിറുത്തുകയും ചെയ്യും. ഇതല്ലാതെയുള്ള ചേഷ്ടകള്‍ - എന്തെങ്കിലും സാധനം (ഉദാഹരണം പെന്‍സില്‍) കൊണ്ട് ലൈംഗികാവയവം സ്പര്‍ശിക്കുകയോ , ലൈംഗികാവയവത്തിലോ മലദ്വാരത്തിലോ എന്തെങ്കിലും പ്രവേശിപ്പിക്കാന്‍ ശ്രമിക്കുകയോ കളിപ്പാട്ടങ്ങളോടോ പാവകളോടോ ലൈംഗിക ചേഷ്ഠകള്‍ കാണിക്കുകയോ ചെയ്യുന്നുണ്ട് കുട്ടിയെങ്കില്‍ അപായസൂചനയാണത്. ലൈംഗിക വൃത്തി എന്താണെന്ന് അറിയാത്തതിനാല്‍ കുട്ടിക്ക് ആക്രമണത്തെപ്പറ്റി പറയാനും അറിയാതെപോയേക്കാം. ഇതിനാല്‍ കുട്ടി താന്‍ അനുഭവിച്ച പീഡനം ആവര്‍ത്തിച്ച് കാട്ടിസംഭവത്തെപ്പറ്റി നിങ്ങളെ അറിയിക്കുകയാണ് ഇങ്ങനെ ചെയ്യുന്നതിലൂടെ. മിക്കപ്പോഴും കുട്ടി സ്വയം അറിയാതെ തന്നെ ചെയ്യുന്നതാണിത്.
- പദപ്രയോഗം. മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന ലൈംഗിക പദങ്ങള്‍ പെട്ടെന്ന് പ്രയോഗിക്കാന്‍ തുടങ്ങുക. ലൈംഗിക വൃത്തിയുമായി ബന്ധപ്പെട്ട മുതിര്‍ന്നവരുടെ പദങ്ങള്‍ - പലപ്പോഴും അസഭ്യ പദങ്ങള്‍- കുറ്റവാളിയില്‍ നിന്നും കേട്ടത് കുട്ടിയുടെ സംസാരത്തില്‍ ഉള്‍ക്കൊള്ളിച്ചും കുട്ടി താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന് സൂചിപ്പിക്കാറുണ്ട്.
- വ്യക്തികളോടും സ്ഥലങ്ങളോടും ഭയം . ചില തരം സ്ഥലങ്ങളോടും ആളുകളോടും പെട്ടെന്നു തുടങ്ങുന്ന ഭയം. അടുത്ത വീട്ടില്‍ പോകാന്‍ പെട്ടെന്നു തുടങ്ങുന്ന ഭയം, മീശവച്ച ആളുകളെയൊക്കെ പെട്ടെന്നു ഭയക്കാന്‍ തുടങ്ങി, സ്കൂള്‍ ബസ്സില്‍ കയറാന്‍ അതുവരെ ഇല്ലാതെയിരുന്ന ഭയം ഒക്കെ സംശയം ഉണര്‍ത്തേണ്ട കാര്യങ്ങളാണ്. പുതിയ ഭീതി കുട്ടിക്കു തുടങ്ങുമ്പോഴാണ് സംശയം ഉണരേണ്ടത്. പലേ കുട്ടികള്‍ക്കും സ്ഥിരമായ ഭയങ്ങള്‍ ഉണ്ട് പ്രത്യേകിച്ച് തീരെ ചെറിയ കുട്ടികള്‍ക്ക്. ഇതില്‍ ആശങ്കയുടെ കാര്യമില്ല, എന്നാല്‍ പുതിയതായി കുട്ടിക്ക് ചില തരം ആളുകളെയോ സ്ഥലങ്ങളെയോ ഭയം തുടങ്ങിയാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
- നഗ്നതയും സ്പര്‍ശനവും ഭയം. വസ്ത്രം മാറല്‍, കുളിക്കല്‍, ഡോക്റ്റര്‍ പരിശോധിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഭയം. നഗ്നതയുമായോ സ്പര്‍ശനവുമായോ ബന്ധപ്പെട്ട കാര്യങ്ങള്‍ കുട്ടി ഭയക്കാന്‍ തുടങ്ങുന്നെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
- ശീലങ്ങളിലും സ്വഭാവത്തിലും വത്യാസം . ടോയിലറ്റിലോ പോട്ടിയിലോ പോകാന്‍ പഠിച്ചു കഴിഞ്ഞ കുട്ടി പെട്ടെന്ന് വീണ്ടും വസ്ത്രത്തില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യാന്‍ ആരംഭിക്കല്‍, കൂട്ടുകാരോടും വീട്ടുകാരോടും മിണ്ടാതെയാകല്‍, ശ്രദ്ധിക്കാനും പഠിക്കാനും കളിക്കാനും ഉള്ള താല്പര്യം നഷ്ടമാകല്‍ തുടങ്ങിയവ ഉദാഹരണം.
ഇത് സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍ മാത്രമാണ്. മറ്റു പലരീതിയിലും കുട്ടികള്‍ ലൈംഗികാക്രമണത്തിനു വിധേയമായി എന്ന് സൂചിപ്പിച്ചേക്കാം. അസ്വാഭാവികമായ എന്തു മാറ്റം കുട്ടിയില്‍ കണ്ടാലും ശ്രദ്ധിക്കാന്‍ ശീലിക്കുക.
3. കുട്ടിയോട് ഇക്കാര്യം സംസാരിക്കുന്നത് എങ്ങനെ?
സംസാരപ്രായമായ കുട്ടിയാണെങ്കില്‍ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് കുട്ടിയോട് ചര്‍ച്ച ചെയ്യാവുന്നതാണ്. ഇക്കാര്യം ചെയ്യാന്‍ പ്രൊഫഷണല്‍ ഫോറന്‍സിക്ക് ഇന്റര്വ്യൂവര്‍ പിന്‍തുടരുന്ന രീതിതന്നെയാണ് അത്യുത്തമം, കാരണം ഈ രീതി ആഗോളതലത്തില്‍ ക്രിമിനോളജിസ്റ്റുകളും മനശാസ്ത്ര വിദഗ്ദ്ധരും കാലാകാലം ഗവേഷണം കൊണ്ട് ഉരുത്തിരിച്ചതാണ്. ഫോറന്‍സിക്ക് ഇന്റര്വ്യൂവര്‍ പിന്‍ തുടരുന്ന മാനദണ്ഡങ്ങള്‍:
- മുതിര്‍ന്നവരുടെ രീതിയിലുള്ള ലൈംഗികത കുട്ടിക്ക് അന്യമാണ്. അതിനാല്‍ സ്വയം ഒരിക്കലും കുട്ടി കള്ളം പറയില്ല.
- ഒരു മുതിര്‍ന്നയാള്‍ പറഞ്ഞു പഠിപ്പിച്ച കള്ളം (ഉദാഹരണം അതിര്‍ത്തി തര്‍ക്കത്തിലെ വിദ്വേഷം മൂലം ഒരു പിതാവ് മകളോട് അയല്‍ക്കാരന്‍ പീഡിപ്പിച്ചെന്ന കഥ പറയാന്‍ പ്രേരിപ്പിച്ചു) ആണെങ്കില്‍ത്തന്നെ കുട്ടിക്ക് അന്യമായ ഒരു പ്രവൃത്തിയെക്കുറിച്ചുള്ള കള്ളം ആയതിനാല്‍ വളരെ വേഗം അത് സ്വയം ഖണ്ഡിക്കും എന്നതിനാല്‍ തിരിച്ചറിയാന്‍ യാതൊരു പ്രയാസവുമില്ല. [ ഇന്ത്യയില്‍ കുട്ടി ലൈംഗികാക്രമണത്തിനു വിധേയമായാല്‍ക്കൂടി അതിനെ മാനം ഭാവി എന്നൊക്കെ ചിന്തിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുകയാണ് എന്നതിനാല്‍ ഇത്തരം സംഭവങ്ങള്‍ വളരെ വിരളമായിരിക്കാം]
- കുട്ടിയെ ചോദ്യം ചെയ്യാനോ മൊഴി അവിശ്വസിക്കുന്നെന്ന് സൂചിപ്പിക്കാനോ പാടില്ല. കുട്ടിക്ക് തുറന്ന് എന്തും സംസാരിക്കാനുള്ള സാഹചര്യമായിരിക്കണം.
ഫോറന്‍സിക്ക് ഇന്റര്‍വ്യൂവിന് മൂന്നു രീതിയുണ്ട്. പടിപടിയായി ഒന്നില്‍ നിന്നു രണ്ടിലേക്കും രണ്ടില്‍ നിന്നും ആവശ്യമെങ്കില്‍ മൂന്നിലേക്കും പോകുകയാണ് ചെയ്യുക.
ഒന്ന്: ഫ്രീ റീകോള്‍. കുട്ടിയോട് എന്താണ് സംഭവിച്ചത് എന്നു ചോദിച്ചാല്‍ അതിനു ഓര്‍മ്മയുള്ളതും മനസ്സിലായതും പ്രകടിപ്പിക്കാന്‍ ആവുന്നതും അത് പറയും. എന്നാല്‍ അവ്യക്തതയും ഭീതിയും മൂലം ഇതില്‍ പലേ ഭാഗങ്ങളും ഉണ്ടാവില്ല, കാരണം കുഞ്ഞുമനസ്സിനു നെഗേഷന്‍ പ്രോസസ് എന്നൊരു രീതിയുണ്ട്. അപകടം ഉണ്ടായാല്‍ അത് സംഭവിച്ചിട്ടില്ല എന്നു സ്വയം വിശ്വസിപ്പിക്കല്‍. നെഗേഷന്‍ 100% ആകില്ല എന്നതിനാല്‍ കുട്ടി ഫ്രീറീകോളില്‍ അപൂര്‍ണ്ണമായൊരു സംഭവ വിവരണം ആയിരിക്കും തരുക. പ്രായം കൂടുന്നത് അനുസരിച്ച് കുട്ടിക്ക് സംഭവം ഓര്‍ക്കുന്നതിലെ വ്യക്തതയും പൂര്‍ണ്ണതയും ഏറും.
രണ്ട്: ക്യൂഡ് റീകോള്‍. സംഭവസ്ഥലത്തോ (ഉദാഹരണം അയല്‍വീട്) കുറ്റവാളിയുമായി സാമ്യമുള്ള ആള്‍ (ഉദാഹരണം അദ്ധ്യാപകര്‍) തുടങ്ങിയവരെ കാണുമ്പോള്‍ കുട്ടി ഫ്രീ റീകോളില്‍ ഓര്‍ക്കാത്തത് പലതും ഓര്‍ക്കും. മാതാപിതാക്കള്‍ക്ക് പരിമിതമായേ ക്യൂഡ് റീകോള്‍ നടത്താന്‍ കഴിഞ്ഞേക്കൂ. എന്നാല്‍ ഫോറന്‍സിക്ക് ഇന്‍വെസ്റ്റിഗേറ്റര്‍ക്ക് സ്വന്തം അധികാരം ഉപയോഗിച്ച് വളരെ വിപുലമായ ക്യൂഡ് റീകോള്‍ ഇന്റര്‍വ്യൂ നടത്താന്‍ കഴിയും. എനിക്കറിയുന്ന ഒരു കേസില്‍ ഫ്രീ റീകോളില്‍ കുട്ടിക്ക് ആകെ ഓര്‍ക്കാന്‍ കഴിഞ്ഞിരുന്നത് തനിക്ക് വ്യക്തമായി ഓര്‍മ്മയില്ലാത്ത ആരോ സ്കൂളില്‍ വച്ച് എന്തൊക്കെയോ ചെയ്തു എന്നു മാത്രമായിരുന്നു. ഫോറന്‍സിക്ക് ഇന്‍വെസ്റ്റിഗേറ്റര്‍ പോലീസിനെക്കൊണ്ട് സ്കൂളില്‍ വച്ച് ഐഡന്റിഫിക്കേഷന്‍ പരേഡ് നടത്തിച്ചു. കുട്ടി കുറ്റവാളിയെ തിരിച്ചറിയുക മാത്രമല്ല, അയാളെ കണ്ടതോടെ സംഭവം മുഴുവന്‍ ഓര്‍ക്കുകയും പറയുകയും ചെയ്തു.
മൂന്ന്: സജസ്റ്റീവ് റീകോള്‍. ഇന്‍റ്റര്വ്യൂവര്‍ മറ്റു രണ്ടു രീതികൊണ്ട് അതുവരെ മനസ്സിലായ കാര്യങ്ങള്‍ കൊണ്ട് ചില സൂചനകള്‍ സംഭവത്തെക്കുറിച്ച് നല്‍കുകയും കുട്ടി അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യുന്ന രീതിയാണ് സജസ്റ്റീവ് റീകോള്‍. ഇത് മാതാപിതാക്കളോ രക്ഷിതാക്കളോ ചെയ്ത് കൂടുതല്‍ കാര്യം മനസ്സിലാക്കുന്നതിനു പകരം വിദഗ്ദ്ധര്‍ക്ക് വിടുന്നതാണ് നല്ലത്. കാരണം, കുട്ടിയോട് ഏറെ സജസ്റ്റീവ് ആയി ആവര്‍ത്തിച്ചാല്‍ കുട്ടി സ്വയം അതു വിശ്വസിക്കാന്‍ തുടങ്ങും- കുട്ടികളുടെ ഭാവനയും യാഥാര്‍ത്ഥ്യബോധവും വളരെ വ്യക്തമായി വേര്‍തിരിക്കപ്പെട്ടതല്ല. "നിന്നെ പീഡിപ്പിച്ചത് ഈ അമ്മാവന്‍ അല്ലേ, അയാള്‍ ആ വീട്ടില്‍ വച്ച് ഇങ്ങനെയല്ലേ ചെയ്തത്" എന്ന രീതിയില്‍ രണ്ടുമൂന്നു തവണ ആവര്‍ത്തിച്ചു ചോദിച്ചാല്‍ കുട്ടി അങ്ങനെയെന്ന് വിശ്വസിക്കാന്‍ തുറ്റങ്ങുകയും ഒരുപക്ഷേ യഥാര്‍ത്ഥ കുറ്റവാളി മറ്റൊരാള്‍ ആയെന്നു വരികില്‍ ശിക്ഷിക്കപ്പെടാതെ പോകുകയും ചെയ്യാം. കുട്ടി താന്‍ ആക്രമിക്കപ്പെട്ടെന്ന് കള്ളം പറയുകയോ സ്വയം വിശ്വസിക്കുകയോ ചെയ്യില്ല, എന്നാല്‍ അതിന്റെ വിശദ വിവരങ്ങള്‍ സജസ്റ്റീവ് റീകോള്‍ തെറ്റായാല്‍ തെറ്റി വിശ്വസിച്ചേക്കാം.
4. കുട്ടി ലൈംഗികാക്രമണത്തിനു വിധേയമായി എന്ന് ന്യായമായ സംശയം തോന്നിയാല്‍ എന്താണു ചെയ്യേണ്ടത്?
- ശാരീരികമായി അപകടഘട്ടമെങ്കില്‍ ആദ്യം ആശുപത്രിയില്‍ എത്തിക്കുക. അല്ലെങ്കില്‍ എത്രയും വേഗം പോലീസില്‍ പരാതി നല്‍കുകയാണ് വേണ്ടത്. പോലീസ് വിവരം വനിതാ ശിശുക്ഷേമ സമിതിയെ അറിയിക്കും. സമിതിയുടെ നിര്‍ദ്ദേശപ്രകാരം കുട്ടിക്ക് വേണ്ട ആശുപത്രി പരിചരണവും തെറാപ്പിയും ലഭ്യമാക്കും. എല്ലാ നടപടികളും ചോദ്യം ചെയ്യലും കോടതി നടപടിയും എല്ലാം കമ്മീഷന്‍ നിര്‍ദ്ദേശിച്ച വിദഗ്ദ്ധര്‍ വഴി മാതാപിതാക്കളുടെയോ അവരില്ലെങ്കില്‍ അടുത്ത ബന്ധുവിന്റെയോ സാന്നിദ്ധ്യത്തിലായിരിക്കും. കുട്ടി പെണ്ണാണെങ്കില്‍ ഒരു സ്ത്രീബന്ധു എപ്പോഴും കൂടെയുണ്ടായിരിക്കും. ഒരുപാട് തവണ കുട്ടി പോലീസ് സ്റ്റേഷനിലോ കോടതിയിലോ പോകേണ്ടി വരില്ല. കേസെടുക്കാന്‍ വിസമ്മതിക്കുകയോ കുട്ടിയെ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ പോലീസ് ചെയ്യില്ല, ചെയ്യാന്‍ ശ്രമിച്ചാല്‍ തൊപ്പി തെറിക്കുന്ന ഗുരുതര കുറ്റം ചെയ്തെന്ന് കാട്ടി പരാതി നല്‍കിയാല്‍ മതിയാകും.
- ഒരിക്കലും കുറ്റവാളിയെന്ന് സംശയിക്കുന്ന ആളിനെ ചോദ്യം ചെയ്യാനോ ഭേദ്യം ചെയ്യാനോ മുതിരരുത്. ഒന്നാമതായി അത് നിയമം കയ്യിലെടുക്കുകയാണ്. രണ്ടാമത് അയാള്‍ കുട്ടിയെയോ നിങ്ങളെയോ അപായപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ പോലീസില്‍ നിന്നു രക്ഷപ്പെടാനോ ശ്രമിച്ചേക്കാം. .
- സംഭവം നടന്ന സ്ഥലത്ത് പരാതിപ്പെടാനും (ഉദാഹരണം നഴ്സറി) ശ്രമിക്കരുത്. അധികാരികള്‍ക്ക് ഇങ്ങനെ ഒരു സംഭവം തന്റെ ഇടത്തു നടന്നു എന്നു പുറത്തറിയുന്നത് അപമാനകരവും പലപ്പോഴും ബിസിനസ് താല്പര്യത്തിനു വിരുദ്ധവുമാണ്. അതിനാല്‍ അവര്‍ കേസ് തേച്ചുമാച്ചു കളയാനോ കുറ്റവാളിയെ രക്ഷിക്കാനോ കുട്ടിയെ ശിക്ഷിക്കാനോ നിങ്ങളെ നിശബ്ദരാക്കാനോ ശ്രമിച്ചേക്കും. അധികാരികളുമായി ബന്ധപ്പെടേണ്ടത് പോലീസിന്റെ പണിയാണ്, നിങ്ങളുടേതല്ല.
ചുരുക്കം : കുട്ടികളിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കുക. അപായ സൂചനകളും ലക്ഷണങ്ങളും തിരിച്ചറിയാന്‍ പഠിക്കുക . കുട്ടിക്ക് ഇത്തരം കാര്യങ്ങള്‍ അടക്കം എന്തും തുറന്ന് പറയാനുള്ള സാഹചര്യം വീട്ടിലുണ്ടാക്കുക. ഇക്കാര്യങ്ങള്‍ കുട്ടിയോട് എങ്ങനെ സംസാരിക്കാം എന്ന് പഠിക്കുക. ലൈംഗികാക്രമണം കുട്ടിക്കു നേരേ ഉണ്ടായി എന്ന് ശക്തമായ സംശയം ഉണ്ടായാല്‍ എത്രയും വേഗം പോലീസില്‍ അറിയിക്കുക.
പിന്‍കുറിപ്പ്:
- അതിശക്തമായ പേട്രിയാര്‍ക്കി നിലനില്‍ക്കുന്ന സംസ്കാരങ്ങളില്‍ കുട്ടിയെ പിതാവോ മുത്തച്ഛനോ മറ്റു മുതിര്‍ന്ന പുരുഷാംഗമോ പീഡിപ്പിച്ചാല്‍ അത് ഒളിച്ചു വയ്ക്കാനേ മറ്റു അംഗങ്ങള്‍ ശ്രമിക്കാറുള്ളൂ എന്നതാണ് ദയനീയ സത്യം. ആരു കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടേണ്ടതുണ്ട്. അടുത്ത സമയത്ത് ഒരു ബഹറിനി സ്ത്രീ തന്റെ ഭര്‍ത്താവ് അടുത്ത വീട്ടിലെ എട്ടുവയസ്സുകാരി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കോടതില്‍ മൊഴി നല്‍കി മാതൃകയായി.
- കുട്ടികള്‍ക്കെതിരേ- ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരേ - ലൈംഗിക പീഡനങ്ങള്‍ ചെയ്യുന്നവരില്‍ മഹാഭൂരിപക്ഷവും പുരുഷന്മാരാണ്. അതില്‍ തന്നെ ഭൂരിപക്ഷം കുട്ടി വിശ്വസിക്കുന്ന ഒരാള്‍ - കുടുംബാംഗമോ അദ്ധ്യാപകനോ മറ്റോ ആണ്. ഇതുകൊണ്ട് സ്ത്രീ കുറ്റവാളികള്‍ ഇല്ലെന്ന് വരുന്നില്ല. സ്ത്രീപുരുഷഭേദമെന്യേ കുട്ടികളില്‍ ലൈംഗിക കുറ്റകൃത്യം നടത്തുന്ന ആരെയും ശിക്ഷിക്കേണ്ടതുണ്ട്.
No comments:
Post a Comment