Showing posts with label Crimes. Show all posts
Showing posts with label Crimes. Show all posts

Saturday, August 8, 2015

No true Scotsman

ശരിക്കുള്ള മതവിശ്വാസം ഇങ്ങനല്ല എന്ന സ്ഥിരം പല്ലവി. മനസ്സിലായി, there is no true Scotsman എന്ന വൈശാഖന്‍ തമ്പിയുടെ കൃത്യമായ മറുപടി.
നിങ്ങള്‍ കാണുന്നവരില്‍ ഭൂരിപക്ഷവും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവരാണ്. അവരില്‍ ഒരാളുപോലും തോക്കോ ബോംബോ എടുത്ത് മതത്തിന്റെയോ മറ്റെന്തെങ്കിലുമോ പേരില്‍ ആളെക്കൊല്ലാന്‍ തയ്യാറുമല്ല, അങ്ങനെ വേണമെന്ന് അറ്റ് ലീസ്റ്റ് പരസ്യമായി വിശ്വസിക്കുന്നുമില്ല. എന്തെങ്കിലും വിശ്വാസത്തിന്റെയോ വിശ്വാസമില്ലായ്മയുടെയോ പേരില്‍ ആരെങ്കിലും കൊല്ലപ്പെടണമെന്ന് ആഗ്രഹിക്കുന്നവരല്ല മഹാ ഭൂരിപക്ഷം മതവിശ്വാസിയും, അത് ഏതു മതത്തിന്റേതായാലും. എങ്കില്‍ പിന്നെങ്ങനെ വൈശാഖന്‍ തമ്പിയുടെ മറുപടി ശരിയാകുന്നു?
മതവും ഭീകരതയും തമ്മില്‍ ഉള്ള ബന്ധത്തെപ്പറ്റി പ്രൊഫസര്‍ തിമോത്തി സിസ്കിന്റെ നേതൃത്വത്തില്‍ ഡെന്‍‌വര്‍ യൂണിവേര്‍സിറ്റി നടത്തിയ ഒരു പഠനമുണ്ട്. ഒരാളോ ഭൂരിപക്ഷം ജനതയോ മതവിശ്വാസിയോ അവിശ്വാസിയോ ആയാല്‍ ഭീകരവാദം തനിയേ പൊട്ടിമുളയ്ക്കുകയൊന്നുമില്ല എന്നതിനാല്‍ ഹിംസയിലും അതിക്രമങ്ങളിലും മതം എന്തു പങ്കു വഹിക്കുന്നു എന്നാണ് ഗവേഷണത്തിന്റെ വിഷയം . Between Terror and Tolerance: Religion, Conflict and Peacemaking എന്നാണു പേര്‍.
ഒരു മതത്തില്‍ വിശ്വസിക്കുന്നയാളും മറ്റൊരു മതത്തില്‍ വിശ്വസിക്കുന്നയാളും തമ്മില്‍ അടിസ്ഥാനപരമായി വത്യാസമൊന്നുമില്ല. ഡെന്‍‌വര്‍ യൂണിവേര്‍സിറ്റി പഠനം പല കലാപങ്ങളിലും പല മതം വഹിച്ച പങ്ക് പരിശോധിക്കുന്നു.
1. സുന്നി - ഷിയ സംഘട്ടനം
2. ലെബനോണ്‍ സിവില്‍ വാറില്‍ കത്തോലിക്കാ സഭയുടെ പങ്ക്
3. ഇസ്രയേല്‍ പലസ്തീന്‍ പ്രശ്നത്തില്‍ ആഗോളവത്കരണവും മതവും ദേശീയതയും വഹിക്കുന്ന പങ്ക്
4. സുഡാന്‍ സിവില്‍ വാര്‍
5. നൈജീരിയന്‍ കലാപം
6. ശ്രീലങ്കന്‍ വംശീയോന്മൂലനത്തിലെ ബുദ്ധമതത്തിന്റെ പങ്ക്
7. കശ്മീര്‍ പ്രശ്നത്തില്‍ ഹിന്ദു-മുസ്ലീം മതങ്ങളുടെ പങ്ക്
8. വടക്കന്‍ അയര്‍ലന്‍ഡിലെ വംശീയ പ്രശ്നത്തില്‍ കൃസ്തുമതത്തിന്റെ പങ്ക്.
ഇവയിലെ എല്ലാം പൊതു ഘടകം എന്തെന്ന് പരിശോധിച്ചാല്‍ മതത്തിനു ഹിംസയിലും അഹിംസയിലും എന്തു പങ്കാണു വഹിക്കാനുള്ളത് എന്ന് മനസ്സിലാക്കാമല്ലോ. അവരുടെ കണ്ടെത്തെലുകള്‍ ഇങ്ങനെയായിരുന്നു
1. ഏതാണ്ട് എല്ലായിടത്തും ഭരണത്തില്‍ മതത്തിനുള്ള സ്വാധീനം ശക്തമായിരുന്നു. ഇതു രണ്ടും പരസ്പരം സ്വാധീനിക്കും എന്നതിനാല്‍ മതത്തിന്റെ നിലപാട് ഭരണകൂടത്തിന്റേതുമായും മറിച്ചും ശക്തിയായി ബാധിക്കും. തമിശ് വംശജരുമായി സമാധാന ഉടമ്പടിക്ക് ശ്രമിക്കുകയും വെറും അഞ്ചു വര്‍ഷത്തിനു ശേഷം അവരെ ഉന്മൂലനം ചെയ്യാന്‍ കൂടെ നില്‍ക്കുകയും ചെയ്തത് ഒരേ ബുദ്ധമതമാണ്. സര്‍ക്കാരിന്റെ നാഷണലിസത്തില്‍ ശക്തിയായ ഉയര്‍ച്ചയുണ്ടായി എന്നതാണു കാരണം.
2. ഭരണകൂടം മതവുമായി ഒട്ടിച്ചേര്‍ന്നാല്‍ മതം ഭരിക്കും. മതം ഭരിച്ചാല്‍ അതിന്റെ നേതൃത്വം മത ചിന്തകളും മത മുദ്രാവാക്യങ്ങളും മറ്റും ഭരണത്തില്‍ അടിച്ചുകയറ്റും. മത-ദേശീയതാ സഖ്യം രാജ്യം ഭരിക്കുമ്പോള്‍ സ്വാഭാവികമായി അക്രമങ്ങളും തീവ്രവാദവും ഒക്കെ അടിച്ചു കയറും.
3. ഗോത്രവര്‍ഗ്ഗ ഭിന്നത, പ്രാദേശികത, ഇതര രാജ്യങ്ങളുടെയും നാടുകളുടെയും ഇടപെടല്‍ തുടങ്ങിയവയും മതത്തെ ഹിംസയ്ക്ക് അനുകൂലമായ സാഹചര്യത്തിലേക്ക് നയിക്കും. അമേരിക്കക്ക് അഫ്ഘാനിസ്ഥാനിലെ സോവിയറ്റ് ഇടപെടലിനോടുള്ള എതിര്‍പ്പ്, ഗോത്ര ഭിന്നത, പാക്കിസ്ഥാനിലെ മതബന്ധിത നാഷണലിസ്റ്റ് ഭരണം, മറ്റു ചില മതരാജ്യങ്ങളുടെ തുറന്ന സഹായം എന്നിവ മതത്തില്‍ ഉണ്ടാക്കിയ വത്യാസമാണ് ഇന്നത്തെ ഏറ്റവും വലിയ ഭീകരതയ്ക്ക് വിത്തുപാകിയത്. ഇതിലെ മറ്റൊന്നും കാണാതെ ഇതൊക്കെ പാശ്ചാത്യ ഗൂഢാലോചന മാത്രമെന്ന് സ്ഥിരമായി കാണുന്നു. റ്വാണ്ടന്‍ കലാപം കത്തോലിക്കാ സഭ ആഗ്രഹിച്ചിരുന്ന ഒന്നല്ല, ഹുട്ടി-ടുറ്റ്സി ഗോത്രവര്‍ഗ്ഗ ശത്രുത രൂക്ഷമായപ്പോള്‍ സഭ ഇവരിലെ വിശ്വാസികള്‍ക്കു വേണ്ടി പക്ഷം പിടിച്ചു. കൂട്ടമണിയടിച്ച് ആളെ പള്ളിയില്‍ വിളിച്ചു കയറ്റി യന്ത്രത്തോക്കിനു പള്ളീലച്ചന്‍ കൂട്ടക്കൊല ചെയ്യുന്നയിടം വരെ എത്തി അത്.
4. മത നേതൃത്വം എവിടെ ഫോക്കസ് ചെയ്യുന്നു എന്നതിനു ഭീകരതയുമായും മതഹിംസയുമായും നേരിട്ടു ബന്ധമുണ്ട്. ശ്രീലങ്കന്‍ വംശീയ ഹത്യയ്ക്കു മുന്നേ ബുദ്ധമത ഭിക്ഷുക്കള്‍ ഇതര ആരാധനാലയങ്ങള്‍ പൊളിക്കുകയായിരുന്നു. സുഡാന്‍ കലാപത്തിനു മുന്നേ മത നേതാക്കള്‍ എല്ലാവരിലും ശരിയ അടിച്ചേല്പ്പിക്കാന്‍ വാശിപിടിക്കുകയായിരുന്നു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ, രാജ്യത്തിന്റെ, ന്യൂനപക്ഷത്തിന്റെ, ദേശത്തിന്റെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേരേ മത നേതൃത്ത്വം കുതിര കയറാന്‍ തുടങ്ങിയാല്‍ അവിടെ ഹിംസയും ഭീകരവാദവും മുളയ്ക്കാന്‍ താമസമില്ല.
വൈകുന്നേരം നിലവിളക്കു കത്തിച്ച് "മുകുന്നരാമ പായിമാ" എന്നു നാമം ചൊല്ലി ഉറങ്ങുന്ന നാണിത്തള്ളയ്ക്ക് അരോടും ഒരു വിദ്വേഷവുമില്ല. ആരുടെ കുട്ടി ഉരുണ്ടുവീണാലും അവര്‍ ഓടിച്ചെന്ന് എടുക്കും. ഏത് അമ്പലത്തില്‍ പോയാലും അവിടെ വരുന്നവരില്‍ ഭൂരിപക്ഷവും നാണിത്തള്ളയെപ്പോലെയോ ശങ്കരേട്ടനെ പോലെയോ ആയിരിക്കും. എന്നാല്‍ അവര്‍ക്ക് വിശ്വഹിന്ദുപരിഷത്തിന്റെ നയത്തില്‍ യാതൊരു പങ്കുമില്ല. ഹിന്ദു നാഷണലിസം ഉയര്‍ന്നു പാറുമ്പോഴാണ് ശങ്കരാചാര്യനും ജൈനമത നേതാവും ബി.ജെ.പി എം.എല്‍.ഏയും ഒക്കെയിരിക്കുന്നേടത്ത് സാധ്വി സരസ്വതി ബാബറിമസ്ജിദ് ദിനം ആഘോഷിക്കേണ്ടത് കൊടി പൊക്കിയല്ല, ഓരോരുത്തരും കുറഞ്ഞത് ഒരു ശത്രുവിന്റെയെങ്കിലും തലവെട്ടിക്കൊണ്ടാണ് എന്ന് പ്രസംഗിച്ചത്. ആരും കേസെടുത്തില്ല. പാക്കിസ്ഥാന്റെ അനുഭവത്തില്‍ നിന്നുപോലും പാഠം പഠിക്കില്ല എന്ന വാശിയിലാണു നമ്മളെന്ന് തോന്നുന്നു.
നിര്‍ദ്ദോഷികളായ ഭൂരിപക്ഷം വിശ്വാസികളെ ചൂണ്ടിക്കാട്ടി മതത്തിനു ഭീകരതയില്‍ നിന്ന് തലയൂരാനാവില്ല. ഒരു മതത്തിനും.
17-dec-2014

ലൈംഗിക വൈകല്യങ്ങള്‍

"വഴിയേ ഒരു സുന്ദരിപ്പെണ്ണ് നടന്നു പോകുമ്പോള്‍  ഒന്നു സൂക്ഷിച്ചു നോക്കുക, നിര്‍ദ്ദോഷമായൊരു ഫലിതം അവളെക്കുറിച്ചു പറയുക, ഇതൊക്കെ അത്ര വലിയ തെറ്റാണോ?" ഒരാള്‍ ചോദിച്ച ചോദ്യമാണ്.

മലയാളിയുടെയും ഇന്ത്യക്കാരുടെ ആകെയും പൊതുബോധത്തില്‍ കടന്നു കൂടിയിട്ടുള്ള ഒരു തെറ്റായ സങ്കല്പ്പം  ആണിത്. അതുകൊണ്ടാണല്ലോ ഇവരെ പൂവാലന്‍, ഈവ് ടീസര്‍ എന്നൊക്കെ വാത്സ്യല്യം പുരണ്ട പട്ടങ്ങള്‍ നല്‍കി ആദരിക്കുന്നത്.


ഒരു വ്യക്തിയുടെ ലൈംഗിക വൈകൃതങ്ങള്‍ മറ്റൊരു വ്യക്തിക്ക് ശാരീരികമോ മാനസികമോ ആയ പീഡനം ഏല്പ്പിക്കുന്നെങ്കില്‍ അവയെ ലൈംഗിക കുറ്റം എന്നു വിളിക്കും. അതു ചെയ്യുന്നയാളെ കുറ്റവാളി എന്നും. ലൈംഗിക കുറ്റങ്ങള്‍ നിരവധി തരമുണ്ട്- സ്ത്രീകളെ കയറി പിടിക്കല്‍, ബലാത്സംഗം ചെയ്യല്‍, അശ്ലീലം വിളിച്ചു പറയല്‍, ഇഷ്ടമില്ലാത്ത ഒരാളിന്റെ മുന്നില്‍ നഗ്നത കാണിക്കല്‍, കുട്ടിളോട്  ലൈംഗികാകര്‍ഷണം തോന്നല്‍, ഇഷ്ടപ്പെട്ടയാളിനെ മുറിവേല്പ്പിക്കല്‍ തുടങ്ങി ഒട്ടേറെ.


ഇവയെല്ലാം പരസ്പരബന്ധമില്ലാത്ത വൈകല്യങ്ങളാണെന്നായിരുന്നു  പൂര്വ്വകാല ക്രിമിനോളജിസ്റ്റുകള്‍ കരുതിപ്പോന്നത് . കൊലപാതകി ഒരു തരം കുറ്റവാളി,  കൈക്കൂലിക്കാരന്‍ അതുമായി ബന്ധമില്ലാത്ത തരം കുറ്റം ചെയ്യുന്ന ആള്‍ എന്നതുപോലെ. പ്രശസ്ത സെക്സോളജിസ്റ്റ്  കര്‍ട്ട് ഫ്രണ്ട് ആണ് ഇവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി  ഒരു സിദ്ധാന്തം അവതരിപ്പിച്ചത്.


ഫ്രണ്ട് ലൈംഗിക വൃത്തിയെ നാലു ഘട്ടങ്ങളായി വിഭജിച്ചു.  1.അന്വേഷണ ഘട്ടം - ഈ ഘട്ടത്തില്‍  സ്ത്രീപുരുഷന്മാര്‍ എവിടെയെങ്കില്‍ം പരസ്പരം കാണുകയും അവര്‍ ഇഷ്ടപ്പെടുകയും ചെയ്യും. 2. സ്പര്‍ശനപൂര്‍‌വ്വ ലീലാഘട്ടം - അവര്‍ പരസ്പരം ഇഷ്ടം വാക്കുകളിലോ നോട്ടത്തിലോ സന്ദേശങ്ങളിലോ കൈമാറും. 3. സ്പര്‍ശന ലീലാഘട്ടം- അവര്‍ ചുംബിക്കുകയും പരസ്പരം ശാരീരിക ലാളനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും 4. സംഭോഗ ഘട്ടം- അവര്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടും.  ഫ്രണ്ട് ഈ നാലു ഘട്ടങ്ങളിലെയും  ലൈംഗിക കുറ്റങ്ങള്‍ കണ്ടെത്തി അവയെ പട്ടിക ചേര്‍ത്തു.


ആദ്യമൂന്നു ലീലാഘട്ടങ്ങളും തീര്‍ത്തും ഇല്ലാത്തതോ വികലമായതോ ആയ വ്യക്തിയുടെ ലൈംഗിക വൃത്തി പാരഫീലിയക് റേപ്പ് എന്ന തരം ബലാത്സംഗം ആയി മാറുന്നു. (പ്രത്യേകം  ശ്രദ്ധിക്കുക, ഇതൊരു ന്യൂനപക്ഷ ബലാത്സംഗം മാത്രമാണ്. മഹാഭൂരിപക്ഷം ബലാത്സംഗവും ചെയ്യുന്നത് കുറ്റവാളിയുടെ ലൈംഗിക സംതൃപ്തിക്കല്ല, മറിച്ച് ആക്രമിച്ചു മുറിവേല്പ്പിക്കുകയും  തകര്‍ക്കുകയും ചെയ്യുന്നതിലെ ക്രൂര സം‌തൃപ്തിക്കാണ്)

ഇത്തരം വിവിധ  ലൈംഗിക കുറ്റങ്ങള്‍ ചെയ്ത ആളുകളെ  കണ്ടെത്തി ഫ്രണ്ട് ഒന്നു ചെയ്തിട്ടുള്ള ആള്‍ മറ്റൊന്ന് ചെയ്തിട്ടുണ്ടോ എന്ന്  പഠിച്ചു. അദ്ദേഹത്തിന്റെ ഗവേഷണ ഫലം ഇങ്ങനെ ആയിരുന്നു (ചുരുക്കിയ രൂപം)


ഒരു  ലൈംഗിക കുറ്റം ചെയ്തയാള്‍ അടുത്തതും ചെയ്യാനുള്ള അഭേദ്യമായ  ബന്ധം സ്ഥാപിച്ച ഫ്രണ്ട് അങ്ങനെ അവയെല്ലാം ഒരേതരം കുറ്റമാണെന്ന് സ്ഥാപിച്ചു. അതിനെ അദ്ദേഹം മൊത്തത്തില്‍ കാമലീലാ വൈകല്യം (കോര്‍ട്ട്ഷിപ്പ് ഡിസോര്‍ഡര്‍) എന്ന ഒറ്റ വിഭാഗം കുറ്റം എന്നും വിളിച്ചു. ലോകത്തെ പ്രമുഖ ക്രിമിനോളജിസ്റ്റുകള്‍ കോര്‍ട്ടിഷിപ്പ് ഡിസോര്‍ഡര്‍ എന്നതിനെ അംഗീകരിക്കുകയും ചെയ്തു.


കലുങ്കിലിരുന്ന് കമന്റ് പറയുന്നവന്‍ പൂവാലനല്ല,  കോര്‍ട്ട്ഷിപ്പ് ഡിസോര്‍ഡര്‍ ഉള്ള ലൈംഗിക കുറ്റവാളിയാണ്. അവന്‍ മറ്റു കൊടിയ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടാവും, അല്ലെങ്കില്‍ ചെയ്തേക്കും. കമന്റടി  നിര്‍ദ്ദോഷമാണെന്നു വാദിക്കുന്ന വാരികകളും ഒളിഞ്ഞു നോട്ടം ഫലിതമാകുന്ന സിനിമകളും  ചേര്‍ന്ന് പൊതുബോധത്തില്‍ വന്‍ പിഴവുകള്‍ വരുത്തിയതിന്റെ ഫലമാണ് പൂവാലന്‍ എന്ന പേരു തന്നെ.  വാടകക്കൊലയാളിയെ ക്വട്ടേഷന്‍ പാര്‍ട്ടി എന്ന ചെല്ലപ്പേരു കൊടുത്ത് അംഗീകരിക്കും പോലെ.

04-feb-2014

ലൈംഗിക കുറ്റങ്ങളും സമൂഹവും

ആദ്യഭാഗത്തോടുള്ള പ്രതികരണത്തില്‍ പലരും  ലൈംഗിക കുറ്റകൃത്യത്തില്‍ സമൂഹത്തിനുള്ള പങ്കിനെപ്പറ്റി പരാമര്‍ശിച്ചിരുന്നു. തീര്‍ച്ചയായും ശരിയാണത്. മറ്റെല്ലാ കുറ്റകൃത്യങ്ങളുടെ കാര്യത്തിലെന്നതുപോലെ ലൈംഗിക കുറ്റങ്ങളുടെ കാര്യത്തിലും സമൂഹത്തിന്റെ പങ്ക് വളരെ വലുതാണ്. ചിലയിടങ്ങളില്‍  ലൈംഗിക കുറ്റങ്ങള്‍ വളരെ കൂടുതലാണെന്നതും ചിലയിടങ്ങളില്‍ തീരെ കുറവാണെന്നതും തന്നെ അതിന്റെ തെളിവും.

കുറ്റവാളികളാകാത്ത പൗരന്മാരെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ സഞ്ചിത താല്പര്യമാണ്. അതെങ്ങനെ പാഠ്യപദ്ധതിയിലൂടെ സാധിക്കാം എന്നതിനെപ്പറ്റി ബെക്കി മോണ്‍ഗോമെറി, കാത്തി പീറ്റേര്‍സണ്‍, സ്യൂ സാറ്റെല്‍, സൂസന്‍ സ്റ്റ്രോസ് എന്നിവര്‍ ചേര്‍ന്ന് എഴുതിയ പുസ്തകം ആണ് "ഗേള്‍സ് & ബോയ്സ് ഗെറ്റിങ്ങ് എലോങ്ങ്- റ്റീച്ചിങ് പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹറാസ്മെന്റ് ഇന്‍ സ്കൂള്‍സ്". ഈ പുസ്തകം ലൈംഗിക കുറ്റകൃത്യങ്ങളെയും  കുട്ടിക്കാലത്തേ അവ ചെയ്യാനുള്ള വാസന ഇല്ലാതെയാക്കുന്നതിനെയും കുറിച്ച് വളരെ വിലപ്പെട്ട  അറിവുകള്‍ തരുന്നു.


1. ലൈംഗികതയും കുറ്റകൃത്യവും
ഫ്ലേര്‍ട്ടിങ്ങ് (ശൃംഗാരം എന്നതാണ് എനിക്കു അടുത്തു കിട്ടിയ മലയാളം വാക്ക്) സെക്‌ഷ്വല്‍ ഹറാസ്മെന്റ് (ലൈംഗിക പീഡനം എന്ന് മലയാളം അര്‍ത്ഥം, പത്രങ്ങള്‍ ഈയിടെയായി ബലാത്സംഗം എന്നതിനു പകരം ലൈംഗിക പീഡനം എന്ന് ഉപയോഗിച്ച് ഇതിന്റെ പ്രയോഗാര്‍ത്ഥം മാറ്റിയെടുക്കുന്നു) തമ്മിലുള്ള അതിര്‍‌വരമ്പ്  പട്ടികയിട്ട് ഇന്നത് ശൃംഗാരം ഇന്നത് ലൈംഗിക പീഡനം എന്നു തിരിക്കാനാവില്ല, കാരണം അത് വൈയക്തികവും സാന്ദര്‍ഭികവുമാണ്. എന്നാല്‍ ഇതിനെ വിഭജിക്കാന്‍ മാനദണ്ഡങ്ങള്‍ ഗ്രന്ഥകര്‍ത്താക്കള്‍  തരുന്നു.

ഒരു വാക്കോ  പ്രവൃത്തിയോ ശൃംഗാരമോ  പീഡനമോ എന്നത് അത് ആര്‍ അനുഭവിക്കുന്നോ ആ വ്യക്തിക്ക് എങ്ങനെ തോന്നുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.  ശൃംഗാരത്തില്‍ പാരസ്യ്പര്യമുണ്ട്,   അനുഭവിക്കുന്ന ആളിനും സംതൃപ്തിയാണ്. തന്നെപ്പറ്റി മതിപ്പു കൂടുകയും താന്‍ അംഗീകരിക്കപ്പെട്ടെന്നോ അഭിനന്ദിക്കപ്പെട്ടെന്നോ തോന്നുകയും  ചെയ്യും. ലൈംഗിക പീഡനത്തിലാകട്ടെ,  പാരസ്പര്യമില്ല, അനുഭവിക്കുന്ന ആളിനു താന്‍ അവഹേളിക്കപ്പെട്ടെന്നോ മുറിവേല്പ്പിക്കപ്പെട്ടെന്നോ അപമാനിക്കപ്പെട്ടെന്നോ തോന്നുന്നു. അനുഭവിക്കുന്നയാളിനു മൊത്തത്തില്‍ സ്വയം ഉള്ള മതിപ്പ് കുറയുന്നു.


2. ലൈംഗിക കുറ്റവാളി ജനിക്കുന്നത് തടയാമോ?
ലൈംഗിക വിദ്യാഭ്യാസം  ലൈംഗിക വൃത്തിയെക്കുറിച്ചുള്ള പാഠങ്ങളാണ്. ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പാഠങ്ങള്‍ മറ്റൊരു തലത്തിലാണ്.   കുട്ടി പഠിച്ചു തുടങ്ങുന്നതു മുതല്‍  ആറാം ക്ലാസ് എത്തുമ്പോഴേക്ക് ലൈംഗിക കുറ്റങ്ങള്‍ ചെയ്യാനുള്ള വാസന ഇല്ലാതെയാക്കുന്ന പദ്ധതിയാണ്  ഗ്രന്ഥകര്‍ത്താക്കള്‍ മുന്നോട്ട് വയ്ക്കുന്നത്.

ലൈംഗികത തന്നെ എന്തെന്ന് വ്യക്തതയൊന്നുമില്ലാത്ത,  ഒരു  നഴ്സറിക്കുട്ടിയെ ലൈംഗിക കുറ്റങ്ങളെക്കുറിച്ച് എന്ത് പഠിപ്പിക്കും?

 ഏറ്റവും വലിയ പാഠങ്ങള്‍ അവിടെയാണു പഠിപ്പിക്കേണ്ടത് എന്ന് പുസ്തകം പറയുന്നു. ലൈംഗിക കുറ്റം  വിവേചത്തില്‍ നിന്നാണ് ഉടലെടുക്കുന്നത്, ബഹുമാനമില്ലായ്മയില്‍ നിന്നാണ് ഉടലെടുക്കുന്നത്,  അന്തസ്സില്ലായ്മയില്‍ നിന്നാണ് ഉടലെടുക്കുന്നത്, സ്വമത്വബോധമില്ലായ്മയില്‍ നിന്നാണ് ഉടലെടുക്കുന്നത്.

3. ലൈംഗിക വിവേചനം 
ലിംഗപരമായ മുദ്രാഫലകങ്ങള്‍ സമൂഹത്തില്‍ പരക്കെയുണ്ട്, കുട്ടികള്‍ അത് എവിടെയെങ്കിലും നിന്ന്  കണ്ട് "അമ്മമാരാണ് കുട്ടികളെ കുളിപ്പിക്കുന്നത്" , "അച്ഛന്മാര്‍ ജോലിക്കു പോകും, അമ്മമാര്‍ പാചകം ചെയ്യും" , "പെണ്‍‌കുട്ടികള്‍ എപ്പോഴും കരയും" , "ആണ്‍ കുട്ടികള്‍ ഇടികൂടും""ആണ്‍ പിള്ളേര്‍ എല്ലാവരും ചീത്തയാണ്" തുടങ്ങിയ പൊതു നിരീക്ഷണങ്ങള്‍ നടത്തിയാല്‍ ചില  വീട്ടില്‍ അമ്മമാരും ചില വീട്ടില്‍ അച്ഛന്മാരും കുട്ടികളെ കുളിപ്പിക്കും, ചിലപ്പോള്‍ മാറി മാറി ചെയ്യും.  അച്ഛനും അമ്മയും ജോലിക്കു പോകുന്ന വീടുകളും അച്ഛന്‍ മാത്രം ജോലിക്കു പോകുന്ന വീടുകളും അച്ഛനു ജോലിയില്ലാത്ത വീടുകളും ഇരുവര്‍ക്കും ജോലി ഇല്ലാത്ത വീടുകളും ഒക്കെയുണ്ട്. ചില കുട്ടികള്‍ കൂടുതല്‍ കരയും, ചില ആണ്‍‌കുട്ടികളും ചില പെണ്‍കുട്ടികളും ചീത്തക്കാര്യങ്ങള്‍ ചെയ്യും എന്ന് തിരുത്തി  ലിംഗപരമായ വിവേചന ബോധം അദ്ധ്യാപര്‍ക്ക് കുട്ടികളില്‍ നിന്ന് മാറ്റാന്‍ കഴിയും. ക്ലാസ്സില്‍ ആണ്‍‌കുട്ടികള്‍ക്ക് മാത്രം , പെണ്‍കുട്ടികള്‍ക്ക് മാത്രം എന്നു വിഭജിച്ച് ഒന്നും ചെയ്യാനേ പാടില്ല.

4. മൂല്യബോധനം
ഒരു ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് ബഹുമാനം എന്താണെന്ന് എങ്ങനെ പറഞ്ഞുകൊടുക്കും? എല്ലാ കുഞ്ഞുങ്ങളും ഓരോ തരത്തില്‍ വത്യസ്ഥരാണ്. ചിലര്‍ക്ക് നീല കണ്ണാണ്, ചിലര്‍ക്ക് കറുത്ത തൊലിയാണ്, ചിലര്‍ തടിച്ചിട്ടാണ്, ചിലര്‍ മെലിഞ്ഞിട്ടാണ്. ചിലര്‍ ആണ്‍‌കുട്ടികള്‍ ആണ്. ചിലര്‍ പെണ്‍‌കുട്ടികള്‍ ആണ്. ചിലര്‍ വീല്‍‌ചെയറില്‍ സ്കൂളില്‍ വരും. ചിലര്‍ ഓടിനടക്കും. പക്ഷേ എല്ലാവരും എല്ലാവര്‍ക്കും വിലപ്പെട്ടതാണ്. എല്ലാവരും സ്പെഷ്യലാണ്. എല്ലാവര്‍ക്കും ക്ലാസ്സില്‍ ഒരേ പരിഗണയാണ്. എല്ലാവരും പരസ്പരം ബഹുമാനിക്കുന്നതും അതുകൊണ്ടാണ്.പല ജന്തുക്കളുടെ  വേഷമിട്ടോ ചിത്രം പിടിച്ചോ കുട്ടികള്‍ക്ക് ബഹുമാനത്തെക്കുറിച്ച് പാട്ടുകള്‍ കൈകൊട്ടി  പാടാം.

ഉദാഹരണം:
I am special, you are special
Let's get along and say
If we treat each others with respect
We'll be all friends today!
R - E- S- P- E- C-T

ഇതേ രീതിയില്‍ അന്തസ്സെന്നാല്‍ എല്ലാവരും പ്രധാനപ്പെട്ടവര്‍ ആണെന്ന ബോധമാണ് എന്നും സമത്വം എന്നാല്‍ എല്ലാവര്‍ക്കും ഒരേ അവകാശങ്ങളാണെന്നും പഠിപ്പിക്കാവുന്നതേയുള്ളൂ. ലൈംഗിക വിവേചനനം മാത്രമല്ല  എന്തു തരം വിവേചനവും  അധാര്‍മ്മികമാണെന്ന ബോധം കുട്ടികളില്‍ നിര്‍മ്മിക്കേണ്ടതുണ്ട്.

5. ലൈംഗിക പീഡനം 
കുട്ടി മൂന്നിലോ നാലിലോ എത്തിക്കഴിഞ്ഞാല്‍  കുട്ടി  താണ്‍  പെണ്ണോ ആണോ ആയതിന്റെ പേരിലോ തന്റെ  സ്ത്രൈണതയെക്കുറിച്ചോ പൗരുഷത്തിനെക്കുറിച്ചോ മറ്റൊരാള്‍  ഇഷ്ടപ്പെടാത്ത വാക്കുകളോ പ്രവൃത്തിയോ പരിഹാസമോ നടത്തുന്നത്  വലിയ വിഷമമുണ്ടാക്കുന്ന തെറ്റാണെന്നും അത് വിവേചനപരവും  അന്തസ്സിനെ ഹനിക്കുന്നതും ബഹുമാനമില്ലാത്തതുമായ പ്രവൃത്തിയാണെന്നും പറഞ്ഞു കൊടുക്കാം.

ഇങ്ങനെ ആരെങ്കിലും അവഹേളിക്കപ്പെടുന്നത് അവകാശലംഘനമാണെന്നും അതിനെതിരേ പരാതിപ്പെടണമെന്നും അതിന്മേല്‍  ഉചിതമായ നടപടി സ്കൂള്‍ സ്വീകരിക്കുമെന്നും പറഞ്ഞ് മനസ്സിലാക്കാം.

കുട്ടി ആറിലെത്തും മുന്നേ തന്നെ വിവിധ തരം ലൈംഗിക പീഡനങ്ങള്‍, ആ പേരില്‍ തന്നെ  കൈകാര്യം ചെയ്യാം - ഇഷ്ടമുള്ള സമീപനങ്ങളും ഇഷ്ടമില്ലാത്തവയും എന്താണ്, ഉദാഹരണങ്ങള്‍ കുട്ടികളെക്കൊണ്ട് തന്നെ എഴുതിക്കാം.  അപ്പോഴേക്കും കുട്ടി ഇത്തരം ഒരു സത്യപ്രതിജ്ഞ എടുക്കാന്‍  തയ്യാറായിരിക്കണം.
Sexual harassment is a put down and put downs are not OK.
I pledge to do my best to stop sexual harassment.
I will show RESPECT by caring for myself and others.
I  have DIGNITY and will give it to others.
I work for EQUALITY and treat everyone fairly.
I am special, you are special and  we are all equal.

ഈ കുറിപ്പിന്റെ ഉദ്ദേശം 
ഇത്രയും വിശദീകരിച്ച് ഞാന്‍ എഴുതിയത് ആരെങ്കിലും ഇത് നടപ്പാക്കാന്‍ ഉടന്‍ ശ്രമിക്കും എന്ന് ധരിച്ചു വശായിട്ടല്ല.   ജാതി മത  വംശീയ വിവേചനം പോലെ ഒന്നാണ് ലിംഗ വിവേചനവും എന്ന് കാണിച്ചു തരാണാണ്. അവകാശം, വ്യക്തിസ്വാതന്ത്ര്യം, സമത്വം, പൗരബോധം എന്നിവ മാങ്ങാണ്ടിയോ മരമഞ്ഞളോ എന്നറിയാത്ത  ഒരു സമൂഹം ലൈംഗിക കുറ്റങ്ങളെ എങ്ങനെ സര്‍‌വസാധാരണമാക്കുന്നു എന്ന്  ചൂണ്ടിക്കാണിക്കാനാണ്. മക്കളെ ഉയര്‍ന്ന ജോലി  ചെയ്യുന്ന യന്ത്രങ്ങളാക്കാനല്ലാതെ മികച്ച  വ്യക്തിയാക്കാന്‍ ഒരു താല്പര്യവുമില്ലാത്ത, സമൂഹത്തെ ഓടിത്തോല്പ്പിക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളും അവരുടെ താല്പര്യങ്ങള്‍ക്കൊത്തു പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും എങ്ങനെ കുട്ടികളെ ഇരകളും കുറ്റവാളികളും ആക്കുന്നു എന്ന് കാണിക്കാനാണ്. കരണക്കുറ്റിക്കടിച്ച് പ്രേമിപ്പിക്കുന്ന സിനിമകളും കുളിക്കുന്നത് ഒളിഞ്ഞു നോക്കി രസിക്കുന്ന ഫലിതരംഗങ്ങളും  കുറ്റങ്ങളെ പൊലിപ്പിച്ചു കാട്ടി  ത്രസിപ്പിക്കുന്ന മാധ്യമങ്ങളും വ്യക്തിസ്വാതന്ത്ര്യത്തിനു മേല്‍  കുതിര കയറി രസിക്കുന്ന ആള്‍ക്കൂട്ടവും നിര്‍മ്മിക്കുന്ന പൊതു ബോധം ഇതിനും മേലേയും. 


പുസ്തകത്തില്‍ നിന്നും തന്നെ  ഒരു പരാമര്‍ശത്തോടെ നിറുത്തട്ടെ.

ലിംഗ സ്വമത്വം ക്ലാസ്സില്‍ പഠിപ്പിക്കുന്നെന്ന് അറിയുമ്പോള്‍ ചിലപ്പോള്‍ മാതാപിതാക്കള്‍ തന്നെ ഞങ്ങളുടെ സംസ്കാരത്തില്‍ അങ്ങനെയല്ല, സ്ത്രീയും പുരുഷനും എന്തു ചെയ്യണം എങ്ങനെ ആയിത്തീരണം എന്നതിലൊക്കെ ഞങ്ങളുടെ സംസ്കാരം വത്യാസപ്പെട്ടിരിക്കുന്നു എന്നൊക്കെ പരാതി പറഞ്ഞേക്കാം. ശരിയാണ്, ചിലയിടങ്ങളില്‍ അങ്ങനെയാണ്, പക്ഷേ  വിവേചനവും സമത്വമില്ലായ്മയും  പൗരാവകാശ ലംഘനവും സംസ്കാരമല്ല, സംസ്കാരമില്ലായ്മയാണ്. അതിനു ചെവി കൊടുക്കരുത്.  പുരാതനകാലത്ത് സ്ത്രീയ്ക്കു മേല്‍ പുരുഷനു എല്ലായിടത്തും ആധിപത്യമുണ്ടായിരുന്നു, ഇന്ന് അതാണു തന്റെ സംസ്കാരം എന്ന് വാദിക്കുന്നവര്‍ ലൈംഗിക പീഡനത്തിനെ പ്രോത്സാഹിപ്പിക്കുന്നു.

[ പിന്‍ കുറിപ്പ്:ഈ വിഷയം മുതിര്‍ന്ന ഒരാളില്‍ നിന്നും കുട്ടികള്‍ക്ക് ലൈംഗിക പീഡനം ഉണ്ടാകുന്നതിനെപ്പറ്റിയല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.അത് തീര്‍ത്തും വിഭിന്നമായ ഒരു വിഷയമാണ്.]
06-feb-2014

ബാല ലൈംഗികപീഡനം

ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്ന പരമ്പരയിലെ മൂന്നാമത്തെ അദ്ധ്യായമാണിത്.

വിഷയത്തിന്റെ സങ്കീര്‍ണ്ണതയും സമയദാരിദ്ര്യവും മൂലം ഇത് മൂന്നു ഭാഗമാക്കുന്നു. ഒന്നാം ഭാഗം (ഈ നോട്ട്) എന്താണ് ബാല ലൈംഗിക പീഡനം എന്നും രണ്ടാം ഭാഗം ഇത് ഇന്ത്യയില്‍ എത്രകണ്ട് വ്യാപകമാണെന്നും എന്താണതിനു കാരണമാകുന്നത് എന്നും അവസാനഭാഗം ഈ കുറ്റകൃത്യത്തിന്റെ വ്യാപ്തി തടയാന്‍ വ്യക്തിതലത്തിലും സാമൂഹ്യതലത്തിലും എന്തു ചെയ്യാനാവുമെന്നും പരിശോധിക്കുന്നു. അവലംബങ്ങളും തുടര്‍ വായനയും അവസാനഭാഗം കൂട്ടിച്ചേര്‍ക്കാം.

ആഗോളതലത്തില്‍ പൊതുനീതിബോധം  ബലാത്സംഗം, കൂട്ടബലാത്സംഗം, പട്ടാളബലാത്സംഗം തുടങ്ങിയവയ്ക്കൊപ്പം കൊടിയ കുറ്റമായി ബാലലൈംഗിക പീഡനത്തെയും കണക്കാക്കിവരുന്നു.  ഇര ഒരു കുട്ടിയാണെന്നും കുട്ടികള്‍ അശക്തരും ആശ്രിതരും സ്വന്തം അവകാശങ്ങള്‍ സ്ഥാപിക്കാന്‍ കഴിവില്ലാത്തവരും ആയ പൗരന്മാര്‍ ആണ് എന്നതാണു കാരണം.

നിര്‍വ്വചനം 
ബാല ലൈംഗിക പീഡന സംരക്ഷണ നിയമം അനുസരിച്ച് ഇന്ത്യയില്‍   പീഡനത്തെ മൂന്നായി  തരം തിരിച്ചിരിക്കുന്നു.

1. ആക്രമണപരമായ ലൈംഗിക വേഴ്ച -കുട്ടിയുടെ  ജനനേന്ദ്രിയത്തിലോ ഗുദത്തിലോ വായയിലോ ലിംഗമോ മറ്റെന്തെങ്കിലും ശരീരഭാഗമോ വസ്തുവോ തള്ളിക്കയറ്റല്‍, കയറ്റാന്‍ ശ്രമിക്കല്‍, ഈ ഭാഗങ്ങളില്‍  കുറ്റവാളി വായ കൊണ്ട് തൊടല്‍.

 2. ലൈംഗികാക്രമണം - കുട്ടിയുടെ യോനി, ലിംഗം, മലദ്വാരം, സ്തനം എന്നിവിടങ്ങളില്‍ സ്പര്‍ശിക്കുകയോ കുട്ടി സ്വയം അങ്ങനെ ചെയ്തു കാട്ടാന്‍ കാരണമാകുകയോ മറ്റെന്തെങ്കിലും രീതിയില്‍  കുട്ടിയോട് ലൈംഗികപരമായി സ്പര്‍ശിക്കുകയോ ചെയ്യല്‍.

3. ലൈംഗിക പീഡനം - കുട്ടിയോട് ലൈംഗികച്ചുവയുള്ള വാക്കുകളോ ആംഗ്യങ്ങളോ കാട്ടല്‍, നഗ്നത ചിത്രീകരിക്കല്‍, ചിത്രീകരിക്കാന്‍ പ്രേരിപ്പിക്കല്‍, യഥാര്‍ത്ഥമോ വ്യാജമോ ആയ ചിത്രീകരണം മറ്റൊരാളെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തല്‍, പിറകേ നടന്ന് ശല്യം ചെയ്യല്‍.

ഇതെല്ലാം മറ്റൊരാളെക്കൊണ്ട് ചെയ്യിക്കുന്നതും ലൈംഗിക പീഡനമാണ്. കുട്ടി എന്നാല്‍ 18 വയസ്സു തികഞ്ഞിട്ടില്ലാത്ത വ്യക്തിയാണ്. എന്നാല്‍ 16 വയസ്സ് കഴിഞ്ഞ വ്യക്തി സമ്മതം നല്‍കിയിരുന്നോ എന്ന് പരിശോധിക്കാവുന്നതാണ്. 16 വയസ്സിനു താഴെ താഴെ പ്രായമുള്ള കുട്ടി സമ്മതം നല്‍കിയതായി കണക്കാക്കില്ല.

ആരാണ് ബാല ലൈംഗിക പീഡകന്‍?
അംഗീകൃത നിര്‍‌വചനം അനുസരിച്ച് പീഡോഫൈല്‍ എന്നാല്‍ പ്രഥാനമായോ പൂര്‍ണ്ണമായോ കുട്ടികളോട്  ലൈംഗികാകര്‍ഷണം തോന്നുന്ന വ്യക്തിയാണ്. മഹാഭൂരിപക്ഷം പീഡോഫൈലുകളും പുരുഷന്മാരാണ് എന്നാല്‍ സ്ത്രീ പീഡോഫൈലുകളും കുറവല്ല. ഇവര്‍ സമൂഹത്തിന്റെ എത്ര ശതമാനം വരും എന്നതിനു വ്യക്തമായ കണക്കുകളുമില്ല. പീഡോഫൈലുകളെ ചികിത്സിച്ചു ഭേദമാക്കാന്‍ നിലവിലെ വൈദ്യശാസ്ത്രത്തില്‍  ഫലപ്രദമായ ചികിത്സയില്ല എന്നതിനാല്‍ ഇവരില്‍ കുറ്റകൃത്യം നടത്തിക്കഴിഞ്ഞവരെ ഒന്നുകില്‍ ലൈംഗിക പ്രചോദനം  മൊത്തമായി തന്നെ കുറയ്ക്കുന്ന ചികിത്സ നടത്തുക അല്ലെങ്കില്‍  കുട്ടികളുമായി ഇടപഴകാതെ  മാറ്റുകയോ മറ്റ് കുറ്റം ആവര്‍ത്തിക്കാതിരിക്കാനുള്ള ശിക്ഷയോ ചികിത്സയോ ചെയ്യുക എന്നതുമാണ്.

നിര്‍‌വചനം അനുസരിച്ചുള്ള പീഡോഫൈലുകള്‍  എല്ലാവരും കുറ്റം ചെയ്യുന്നില്ല. അവരില്‍ ഒരു പക്ഷമേ കുട്ടികള്‍ക്കു മേല്‍ തോന്നുന്ന തങ്ങളുടെ ലൈംഗികാകര്‍ഷണം  പ്രവൃത്തിയിലാക്കുന്നുള്ളൂ. മാത്രമല്ല, നിര്‍‌വചനം അനുസരിച്ചുള്ള പീഡോഫൈല്‍ അല്ലാതെയുള്ള ചിലര്‍ ഒരു സന്ദര്‍ഭം ഒത്തു കിട്ടി എന്നും ഭയക്കേണ്ടതില്ല എന്നും വരുമ്പോള്‍ ബാലപീഡനം നടത്തിയെന്നും വരും.

ബാലപീഡനം - ഘട്ടങ്ങള്‍
 പീഡോഫീലിയ എന്ന  ലൈംഗിക വൈകല്യം ഉള്ളവര്‍ ന്യൂനപക്ഷമാണ്, പക്ഷേ അവര്‍ ബാലലൈംഗിക പീഡനം നടത്താന്‍ സാധ്യത വളരെക്കൂടുതലും. എന്നാല്‍ ഭൂരിപക്ഷം  ബാലലൈംഗിക പീഡനവും കുട്ടികളോട് എന്തും ആകാം എന്ന വികലബോധമുള്ള മറ്റു മനുഷ്യര്‍ ചെയ്യുന്നതാണ്.  ആശയക്കുഴപ്പം ഇല്ലാതെയിരിക്കാന്‍ ഒരു ബാല ലൈംഗിക പീഡനത്തിന്റെ വിവിധ ഘട്ടങ്ങള്‍  പരിശോധിക്കാം:



എന്തുകൊണ്ട് ബാല ലൈംഗിക പീഡനം നടക്കുന്നു എന്നതിനെക്കുറിച്ചു മാത്രമല്ല, എന്തുകൊണ്ട് ചില രാജ്യങ്ങളില്‍ അത് സര്‍‌വസാധാരണവും മറ്റു ചിലയിടങ്ങളില്‍ വിരളവുമാകുന്നു എന്നതിനെക്കുറിച്ചും എന്തുകൊണ്ട് ചിലര്‍ കുറ്റവാളികളും ചിലര്‍ ഇരയും ആകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു എന്നതിനെക്കുറിച്ചും ഒരു പ്രാഥമിക വിവരം തരാന്‍ മുകളിലത്തെ ചിത്രത്തിനു കഴിയും.


കുറ്റവാളി
തെരുവുകുട്ടികളില്‍ ഒരു അപരിചിതന്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാനുള്ള സാധ്യത വളരെയേറെയാണ്. മറ്റുകുട്ടികളില്‍  മഹാഭൂരിപക്ഷവും പീഡിപ്പിക്കപ്പെടുന്നത് (ഒരു ഇന്ത്യന്‍ പഠനം അനുസരിച്ച് 80%ഇല്‍ അധികം) കുട്ടിക്ക് പരിചയമുള്ള, പലപ്പോഴും ആശ്രിതത്വം ഉള്ള വ്യക്തികളാലാണ്. മാതാപിതാക്കളും മുതിര്‍ന്ന സഹോദരങ്ങളും അടക്കം ബന്ധുക്കളോ അദ്ധ്യാപകരോ അയല്‍ക്കാരോ ഒക്കെയാകാം ഇത്. നിര്‍ഭാഗ്യവശാല്‍ ബാലലൈംഗിക പീഡന കുറ്റവാളിയെ തിരിച്ചറിയാന്‍ ലക്ഷണങ്ങള്‍ ഒന്നുമില്ല. അയാള്‍ മിക്കപ്പോഴും മറ്റുരീതിയില്‍ നോര്‍മല്‍ ആയിരിക്കും. ധനികന്‍ എന്നോ എന്നോ ദരിദ്രന്‍ എന്നോ സന്തുഷ്ടനെന്നോ സന്തപ്തനെന്നോ നിരക്ഷരന്‍ എന്നോ അഭ്യസ്തവിദ്യനെന്നോ  ഇത്തരം കുറ്റവാളികളെ പ്രൊഫൈല്‍ ചെയ്യാന്‍ കഴിയില്ല.


കുറ്റവാളി ആണോ പെണ്ണോ? മഹാഭൂരിപക്ഷം പീഡനങ്ങളിലും കുറ്റവാളി ആണാണ്. കുടുംബ സം‌രക്ഷണം ഉള്ള കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളില്‍ പരമാവധി ഒരു പുരുഷന്റെ കൂട്ടുപ്രതി എന്നതിനപ്പുറം സ്ത്രീകുറ്റവാളികള്‍ ഉണ്ടാകുന്നത് തീരെ വിരളമാണ്. എന്നാല്‍ ഇന്ത്യയില്‍ വീട്ടുജോലി ചെയ്യുന്ന കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളില്‍ ഉദാഹരണം ദില്ലിയിലെ ബാലന്റെ ലിംഗം പൊള്ളിച്ച സംഭവവും മുംബൈയിലെ പെണ്‍‌കുട്ടിയുടെ ജനനേന്ദ്രിയത്തില്‍  മുളകു കുത്തിക്കയറ്റിയ സംഭവവും- സ്ത്രീ കുറ്റവാളികള്‍ സര്‍‌വ സാധാരണയും.


ഇര
ഏതു കുട്ടിയും ലൈംഗിക പീഡനത്തിനു ഇരയായേക്കാം എന്നാല്‍ താഴെപ്പറയുന്ന കുട്ടികള്‍ അതിനു ഇരയാകാനുള്ള സാധ്യത കൂടുതലാകുന്നു:

1. ദരിദ്രരായ കുട്ടികള്‍ - ബാലവേശ്യാവൃത്തിയടക്കം ലൈംഗിക പീഡനത്തിനിരയാവാന്‍ ദരിദ്ര ബാലികാ ബാലന്മാര്‍ക്ക് സാധ്യത ഏറെയാണ്.

2. ലൈംഗികവിദ്യാഭ്യാസമോ ധാരണയോ ഇല്ലാത്ത കുട്ടി.

3. സുഹൃത്തുക്കള്‍ അധികമില്ലാത്തതോ അന്തര്‍മുഖയായതോ ആയ കുട്ടി.

4. വീട്ടുകാരുടെ സ്നേഹവും പരിരക്ഷയും ഇല്ലാത്ത കുട്ടി.

5. വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ട- ഉദാഹരണം ജോലിക്കായി ഏജന്റിനു വില്‍ക്കപ്പെട്ട- കുട്ടി.

6. ദുര്‍ബ്ബലമായ കുടുംബത്തിലെ കുട്ടി - ഉദാഹരണം സാമ്പത്തിക പരാധീനത മൂലം മറ്റൊരു വീട്ടില്‍ ആശ്രിതരായ കുടുംബത്തിലെ കുട്ടി.

7. ആത്മവിശ്വാസമില്ലാത്തതോ മനോരോഗം ബാധിച്ചതോ ശാരീരിക പരാധീനതകള്‍ ഉള്ളതോ ആയ കുട്ടി.


ഇര ആണ്‍‌കുട്ടിയോ പെണ്‍‌കുട്ടിയോ?ഇന്ത്യയില്‍ നടന്ന പഠനങ്ങള്‍ പ്രകാരം ആണ്‍‌കുട്ടികളും പെണ്‍‌കുട്ടികളും ഒരേ തോതില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. ആണ്‍-പെണ്‍ ഭേദമില്ല. 

16-feb-2014


[സമയം പോലെ തുടരാം.]

ബാല ലൈംഗിക പീഡനം - ഒഴിവാക്കല്‍, തിരിച്ചറിയല്‍, തടയല്‍

മുഖവുര
കുട്ടികളെ പിടിച്ചു കൊണ്ട് പോയി ബലാത്സംഗം ചെയ്യുന്ന അപരിചിതന്‍ എന്നാണ് പലര്‍ക്കും ബാലലൈംഗിക പീഡനക്കുറ്റം ചെയ്യുന്നയാളിനെക്കുറിച്ചുള്ള ചിത്രം. ഇങ്ങനെയും കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ട്, എന്നാല്‍ യു.കെ. ഹോം ഡിപ്പാര്‍ട്ട്മെന്റ് പ്രസിദ്ധീകരണ പ്രകാരം 80% കുട്ടികളും പീഡിപ്പിക്കപ്പെടുന്നത് കുട്ടി അറിയുന്ന, വിശ്വസിക്കുന്ന, സ്നേഹിക്കുന്ന ആളുകള്‍ മൂലമാണ്.  അടുത്ത ബന്ധുവാകാം, അയല്‍ക്കാരന്‍ ആകാം, സ്വന്തം പിതാവുതന്നെയാകാം,  അദ്ധ്യാപകന്‍ ആകാം, കുടുംബ സുഹൃത്ത് ആകാം, മറ്റാരുമാകാം. ഇത്തരം പീഡനങ്ങളാണ് മഹാഭൂരിപക്ഷവും എന്നതിനാല്‍ ഇത് എങ്ങനെ കണ്ടെത്തുകയും ഒഴിവാക്കുകയും ചെയ്യാം എന്നതാണ് ഈ നോട്ടിന്റെ വിഷയം.

മുതിര്‍ന്നവരെപ്പോലെ കുട്ടിയും സമൂഹത്തിലെ അംഗമാണ്. കുട്ടിക്ക് ബന്ധങ്ങള്‍ വേണം, സൗഹൃദങ്ങള്‍ വേണം, സ്കൂളും അയല്‍വക്കവുമൊക്കെ വേണം. ലൈംഗികമായി പീഡിപ്പിക്കപ്പെടാനുള്ള സാധ്യത മൂലം കുട്ടിയെ സമൂഹത്തില്‍ നിന്ന് അകറ്റാനാവില്ല. അതുപോലെ തന്നെ കുട്ടിയുമായി ഇടപഴകുന്നവരില്‍ മഹാഭൂരിപക്ഷവും ലൈംഗിക പീഡനത്തിനു മുതിരുന്നവരുമല്ല. എന്നിരിക്കെ തന്നെ കുട്ടി ലൈംഗിക പീഡനത്തിനു ഇരയായാല്‍ അതിന്റെ ഗുരുതരമായ പ്രത്യാഘാതം  മനസ്സിലാക്കി കഴിവതും അത്തരം ഒരു സംഭവത്തിനുള്ള സാധ്യത തടയേണ്ടതുമുണ്ട്.

അപകട സാധ്യത
ആദ്യമായി നമുക്ക് ചില വസ്തുകതള്‍ മനസ്സിലാക്കാം. ദേശീയ വനിതാ-ശിശു ക്ഷേമ വകുപ്പ് 2007 ഇല്‍ പുറത്തിറക്കിയ പഠനപ്രകാരം:
1. ഇന്ത്യയില്‍ 53.22 % കുട്ടികളും കുറഞ്ഞത് ഒരിക്കലെങ്കിലും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.
2. ഇവരില്‍ പെണ്‍‌കുട്ടികളും ആണ്‍കുട്ടികളും ഉണ്ട്.
3. ഇവരില്‍ 21.9 % അതീവ ഗുരുതരമായ  ലൈംഗിക പീഡനത്തിനു ഇരയായവര്‍ ആണ്.

അതായത് ഇന്ത്യയില്‍ രണ്ടിലൊരു കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. അഞ്ചില്‍ ഒരു കുട്ടിക്കുമേല്‍ ഗുരുതരമായ ലൈംഗിക കുറ്റം ചെയ്യുന്നു.  ഇവരില്‍ ധരികരും  ദരിദ്രരും സനാഥരും അനാഥരും ഉണ്ട്. വിദ്യാസമ്പന്നരുടെ കുട്ടിയും നിരക്ഷരരുടെ കുട്ടിയുമുണ്ട്. സ്വതേയുള്ള അപകട സാധ്യത - ഇന്‍‌ഹെറന്റ് റിസ്ക് - ലൈംഗിക പീഡനത്തില്‍ ഇന്ത്യയില്‍ വളരെ അധികമാണ്. വസ്തുത നിഷേധിച്ച് നമ്മുടെ കുട്ടികള്‍ സുരക്ഷിതരെന്ന് നടിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും.

ഗ്രൂമിങ്ങ് 
കുട്ടി ലൈംഗികമായി പീഡിപ്പിക്കുന്നത് തടയാനുള്ള പോം വഴി നോക്കുകയാണ്, അതായത് കണ്‍‌ട്രോള്‍ റിസ്ക് കുറയ്ക്കുകയാണ് നമുക്കു ചെയ്യാനാവുന്നത്.  80% കുറ്റവാളികള്‍ കുട്ടിയോട് അടുപ്പമുള്ളവരില്‍ പെടുന്നെന്ന് ശ്രദ്ധിച്ചല്ലോ, അവര്‍ എങ്ങനെ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന് ശ്രദ്ധിക്കാം. അപരിചിതര്‍ ചെയ്യുമ്പോലെ ഇവര്‍ കുട്ടിയെ പെട്ടെന്ന് ലൈംഗികമായി ആക്രമിക്കാറില്ല. ഏതാണ്ട് എല്ലായ്പ്പോഴും കുട്ടിക്കുമേല്‍ ലൈംഗിക കുറ്റം നിര്‍‌വഹിക്കുന്നതിനു കുട്ടിയെ "തയ്യാറെടുപ്പിക്കുക" ആണ് ചെയ്യാറ്. ഇതിനെ ക്രിമിനോളജിസ്റ്റുകള്‍ ഗ്രൂമിങ്ങ് എന്നു വിളിക്കുന്നു. ഘട്ടം ഘട്ടമായി സമയമെടുത്തോ വളരെ വേഗമോ കുറ്റവാളി ഗ്രൂമിങ്ങ് ചെയ്തേക്കാം എങ്കിലും അതിന് ഒരു പൊതു സ്വഭാവമുണ്ട്. ഗ്രൂമിങ്ങിന്റെ വിധിധ ഘട്ടങ്ങള്‍:

1. ബന്ധം സ്ഥാപിക്കല്‍ - കുട്ടിയുടെ പിതാവോ മുതിര്‍ന്ന സഹോദരനോ അല്ലാത്ത കുറ്റവാളി ആദ്യമായി കുട്ടിയുമായും കുടുംബവുമായും ഒരടുത്ത ബന്ധം സ്ഥാപിക്കും. കുറ്റവാളി കുട്ടിക്കും കുടുംബത്തിനും മുന്നില്‍ വലിയൊരു വ്യക്തിത്വമാകും. നല്ല അങ്കിള്‍, കുട്ടികളെ ജീവനാണ്, ഉദാര മനസ്കനാണ്, സമൂഹത്തിലെ വിശ്വസ്ഥനാണ്, അതിലുപരി കുട്ടിയുടെ നല്ലത് ആഗ്രഹിക്കുന്നയാളാണ്. വിശ്വാസം പിടിച്ചു പറ്റുക ഒന്നാം പടി. പല കുറ്റവാളികളും ഇത് കുട്ടിയുടെ മുന്നില്‍ ആകര്‍ഷകമായ വ്യക്തിത്വമായി വികസിപ്പിക്കും (എല്ലായ്പ്പോഴും കൂടെ കളിക്കാന്‍ വരും, എന്നെ ഒരു മുതിര്‍ന്ന ആളിനെപ്പോലെ കാണും ).

2. ആവശ്യം നിറവേറ്റല്‍- കുട്ടിയുടെ ജീവിതത്തിലെ എന്തെങ്കിലും ആവശ്യം നിറവേറ്റി കുട്ടികളെ കുറ്റവാളി ആശ്രിതരാക്കുന്നു. ഇത് കുട്ടിക്കു കിട്ടാത്ത ശ്രദ്ധയോ സ്നേഹമോ സാന്ത്വനമോ  മുതല്‍ വിനോദയാത്രയോ സമ്മാനങ്ങളോ ഉടുപ്പുകളോ വരെ ആകാം. അച്ഛന്റെ ശ്രദ്ധയില്ലാതെ വളര്‍ന്ന ഒരു കുട്ടിയാണെങ്കില്‍ പിതാവിനെപ്പോലെ വീട്ടുകാര്യം ശ്രദ്ധിക്കുന്നതാകാം.

4 .എതിര്‍പ്പില്ലാതെയാക്കല്‍ - ലൈംഗികമായി കുട്ടിയെ സമീപിക്കുന്നതിനുള്ള  കുട്ടിക്കുള്ള സ്വാഭാവികമായ എതിര്‍പ്പ് ഇല്ലാതെയാക്കാന്‍ സ്വകാര്യഭാഗങ്ങളിലും മറ്റും സ്പര്‍ശിക്കുന്ന രീതിയിലുള്ള കളികളോ ലാളനമോ നടത്തല്‍, പോണ്‍ കാണിക്കല്‍ തുടങ്ങിയവ കുറ്റവാളി ചെയ്യുന്നു.

5.കുറ്റം ചെയ്യല്‍- ലൈംഗിക കുറ്റങ്ങള്‍ കുട്ടിയുടെ മേല്‍ ചെയ്യുന്നു. അപ്പോഴേക്ക് കുട്ടി കുറ്റവാളിയുടെ ആശ്രിതയും പ്രതിരോധങ്ങള്‍ ഇല്ലാത്തയാളും ആയിക്കഴിഞ്ഞു. കുട്ടിക്കു മേല്‍ ഉള്ള ലൈംഗികവൃത്തി ഒരു തെറ്റ് എന്നതിലുപരി കുറ്റവാളിക്ക് ചെയ്യാന്‍ അവകാശമുള്ളതോ താന്‍ സഹിക്കേണ്ടതോ ആണെന്ന് ചെറിയ തോതില്‍ എങ്കിലും കുട്ടിക്ക് തോന്നിത്തുടങ്ങും.

6. ഉത്തരവാദിത്തം കൈമാറല്‍ - കുറ്റവാളി ലൈംഗിക കുറ്റം ചെയ്തത് കുട്ടിയുടെ കുഴപ്പമാണെന്നോ, അതീവ രഹസ്യമായിരുന്നില്ലെങ്കില്‍ കുട്ടിക്ക്  അത് ദോഷമാകുമെന്നോ വരുത്തി തീര്‍ത്തേക്കാം കുറ്റവാളി. അല്ലെങ്കില്‍ വിവരം പുറത്ത് അറിഞ്ഞാല്‍ താന്‍ കുട്ടിയെ ദ്രോഹിക്കുമെന്ന ഭീഷണിയാകാം. നഗ്ന ചിത്രങ്ങള്‍ വീട്ടുകാരെ കാണിക്കുമെന്നാകാം. എന്തെങ്കിലും അടവെടുത്ത് കുട്ടി ഇക്കാര്യം പുറത്തുപറഞ്ഞ് തന്നെ അപകടപ്പെടുത്താതിരിക്കാന്‍ കുറ്റവാളി ശ്രമിക്കും. അതേ കാരണം ഉപയോഗിച്ചു തന്നെ തുടര്‍ന്നും കുട്ടിയെ ലൈംഗികമായി ആക്രമിക്കും.

കുറ്റവാളിയെ തിരിച്ചറിയല്‍ 
ഗ്രൂമിങ്ങിന്റെ ഏതെങ്കിലും ലക്ഷണം കണ്ടാല്‍ തിരിച്ചറിയുക എന്നതാണ് ഏതു ഘട്ടത്തില്‍ ആയാലും കുട്ടിയെ രക്ഷിക്കാനുള്ള വഴി. കുട്ടിയുടെ മേല്‍ ശരിയായ സം‌രക്ഷണാബോധമുള്ള ആരും കുട്ടിയോട് ഇടപഴകുന്നവരില്‍ താഴെപ്പറയുന്നവ  ഉണ്ടോ എന്ന് ശ്രദ്ധിക്കുക. ഒന്നിലേറെ കാര്യങ്ങള്‍ ഒരേ സമയം കണ്ടെത്തുന്നത് സംശയത്തിന്റെ അളവ് കൂട്ടേണ്ടതാണ്. കുട്ടിയോട് പ്രായത്തില്‍ മൂത്ത ആരെങ്കിലും ഇടപെടുമ്പോള്‍:

1. കുട്ടി ഇഷ്ടപ്പെടുന്നതിലും കൂടിയ അളവില്‍ ലാളന,  കുട്ടിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടുമുള്ള മല്പ്പിടിത്തം പോലെയോ കളി പോലെയോ ഉള്ള ശാരീരിക സ്പര്‍ശനം. എടുത്തു മടിയിലിരുത്തി ലാളിക്കല്‍, കുട്ടി കുതറിപ്പോകാന്‍ ശ്രമിച്ചാലും വിടാതിരിക്കല്‍.

2. കുട്ടിയുമൊത്ത് മറ്റാരും കാണാത്ത ഇടങ്ങളില്‍ പോകാനുള്ള താല്പര്യം.

3. മുതിര്‍ന്നവരോടൊത്ത് സമയം ചിലവിടാതെ മുഴുവന്‍ സമയവും കുട്ടിയോടൊത്തും കുട്ടിക്ക് ആവശ്യമുള്ളതിലധികവും സമയം ചിലവിടല്‍.

4. കുട്ടിയുമായി രഹസ്യങ്ങള്‍ സൂക്ഷിക്കല്‍, കുട്ടിയെ പരാമര്‍ശിക്കുമ്പോള്‍ അഡല്‍റ്റ് സംബോധനകള്‍ "കാമുകി, ഭാര്യ, ഗേള്‍ഫ്രണ്ട് ..." ഉപയോഗിക്കുക.

5. കുട്ടി അര്‍ഹിക്കുന്നതിലും കൂടുതല്‍ സമ്മാനങ്ങള്‍, പ്രത്യേകിച്ച് വിലയുള്ളത്  സ്ഥിരമായി വാങ്ങിക്കൊടുക്കല്‍.

6. ഒരു കുട്ടി മറ്റു കുട്ടികളെക്കാള്‍ സ്പെഷ്യല്‍ ഫ്രണ്ട് ആണെന്നോ സ്പെഷ്യല്‍ വ്യക്തിത്വമുള്ളയാളാണെന്നോ വരുത്തിത്തീര്‍ക്കല്‍.

 ഇരയെ തിരിച്ചറിയല്‍
ലൈംഗിക പീഡനത്തിനു ഇരയാകുന്ന കുട്ടികളിള്‍ പലപ്പോഴും സ്വഭാവമാറ്റങ്ങള്‍ ഉണ്ടായേക്കാം. താഴെ പറയുന്നവ സര്‍‌വ സാധാരണമായ ലക്ഷണങ്ങളാണ്:
1. പെട്ടെന്ന് സ്വഭാവമാറ്റവും അരക്ഷിതത്വ ബോധവും.
2. പേടി സ്വപ്നങ്ങളില്‍ ഗണ്യമായ വര്‍ധന, ഉറക്കമില്ലായ്മ.
3. പെട്ടെന്ന് ഉള്ള അന്തര്‍മുഖതയും ഡിപ്രഷനും
4. ചില ആളുകളോട് അകാരണമായ പേടി, ചിലരുമായുള്ള ബന്ധത്തെപ്പറ്റി സംസാരിക്കാന്‍ വിസമ്മതം
5. കുട്ടിയുടെ പ്രായത്തിനു ചേരാത്ത ലൈംഗിക പദ പ്രയോഗം, മുതിര്‍ന്നവരെപ്പോലെ ലൈംഗികതയുടെ ചിത്രം വരയ്ക്കല്‍.
6. ആരു കൊടുത്തു എന്ന് കുട്ടി പറയാന്‍ വിസമ്മതിക്കുന്ന പണം, സമ്മാനങ്ങള്‍ എന്നിവ.
7.കുട്ടി എവിടെയായിരുന്നു എന്നു ചോദിച്ചാല്‍ ഭയവും വിവരിക്കാന്‍ വിസമ്മതവും
8. കിടക്കയില്‍ മുള്ളുന്ന ശീലമില്ലാത്ത കുട്ടി പെട്ടെന്ന് അതു തുടങ്ങുക
9. ലൈംഗികാവയവങ്ങള്‍ക്ക് പെട്ടെന്ന് പുതിയ പേരുകള്‍ കുട്ടി ഉപയോഗിച്ചു തുടങ്ങുക
10. കുട്ടി മുതിര്‍ന്നവരുടെ ലൈംഗിക വേഴ്ചാ ചലനങ്ങള്‍ പാവകള്‍ക്കോ കളിപ്പാട്ടങ്ങള്‍ക്കോ മേലേ നടത്തുക.

ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ കുട്ടിയെ ആരോ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടോ എന്ന് സസൂക്ഷ്മം പരിശോധിക്കുകയും കുട്ടിയോട് കാര്യങ്ങള്‍ സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

 ഗൃഹാന്തരീക്ഷം
പൊതുവില്‍ കുട്ടികളോട് എപ്പോഴും സംസാരിക്കുക. അവര്‍ക്ക് എന്തും പറയാന്‍ ശരിയും തെറ്റും ന്യായവും അന്യായവും കുറ്റാരോപണവും കുറ്റസമ്മതവും  ഒക്കെ നിര്‍ഭയം പറയാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുക. താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു എന്ന് വ്യക്തമായോ സൂചനകളിലൂടെയോ കുട്ടി പറഞ്ഞാല്‍ അത് വിശ്വസിക്കുക. കുട്ടിക്ക് ഇഷ്ടമല്ലാത്ത എന്തു കാര്യവും അത് എന്തെങ്കിലും ചെയ്യാന്‍ നിര്‍ബന്ധിക്കുകയോ കേള്‍പ്പിക്കുകയോ കാണിക്കുകയോ എന്തുമാകട്ടെ, ശക്തമായി എതിര്‍ക്കാനും രക്ഷയ്ക്കായി ആളെ വിളിക്കാനും  അവകാശമുണ്ടെന്ന് ബോധ്യപ്പെടുത്തുക. ആരു ചെയ്താലും, എത്ര വേണ്ടപ്പെട്ടവര്‍ ചെയ്താലും അതിനു അവകാശമുണ്ടെന്ന് മനസ്സിലാക്കിക്കൊടുക്കുക. അനാവശ്യമായി ആളുകള്‍ കുട്ടിയുടെ ജീവിതത്തില്‍ ഇടം നേടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.

കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ട് എന്ന്  മനസ്സിലായാല്‍ പോലീസില്‍ അറിയിക്കുക . ബാല ലൈംഗിക പീഡനം കൊടിയ കുറ്റമാണ്. കുറ്റവാളിക്ക് കുടുംബവുമായുള്ള ബന്ധം, കുട്ടിയുടെ ഭാവി, റിപ്പോര്‍ട്ട് ചെയ്താല്‍ കുട്ടി വീണ്ടും പീഡിപ്പിക്കപ്പെടുമോ എന്ന ഭയം ഒക്കെ അതില്‍ നിന്ന് നിരുത്സാഹപ്പെടുത്തിയാല്‍ നിങ്ങളുടെ കുട്ടിയടക്കം കൂടുതല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടും. 



[ബാല ലൈംഗിക പീഡനം എന്ന പരമ്പരയിലെ രണ്ടാമത്തെ നോട്ട് ആണിത്.എന്താണ് ബാല ലൈംഗിക പീഡനം,  കുറ്റവാളി കുറ്റം ചെയ്യുന്നതിന്റെ ഘട്ടങ്ങള്‍ ആരാണ് കുറ്റവാളി ആരാണ് ഇരയാകാന്‍ സാധ്യത കൂടിയ കുട്ടി എന്നീ കാര്യങ്ങള്‍ ആദ്യത്തെ നോട്ടില്‍ ഉണ്ട്.]
07-oct-2014



നിങ്ങളുടെ കുട്ടി ലൈംഗികാക്രമണത്തിന്റെ ഇരയാണോ?

അടുത്ത സമയം ഒരു സ്കൂളില്‍ ചെറിയ പെണ്‍‌കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും സംഭവം അന്വേഷിക്കുന്നതില്‍ പാളിച്ചയുണ്ടെന്ന് കണ്ട് നാട്ടുകാര്‍ സംഘടിച്ചു പ്രതിഷേധിക്കുകയും അനന്തരം സ്കൂള്‍ മാനേജ്മെന്റ്  നിരുത്തരവാദപരമായ പ്രസ്താവനകള്‍ പരസ്യമായി നടത്തുകയും ഒക്കെയുണ്ടായി. ഈ സമയത്ത് ചിലര്‍ എന്നോട് ഒരു കുട്ടി ലൈംഗികമായി  ആക്രമിക്കപ്പെടുകയാണെങ്കില്‍ അത് എങ്ങനെ തിരിച്ചറിയും, അതില്‍ മാതാപിതാക്കള്‍ എന്തു ചെയ്യണം എന്നൊക്കെ എഴുതണം എന്ന് ആവശ്യപ്പെട്ടിരുന്നു. തിരക്കുകള്‍ മൂലവും പുസ്തകങ്ങള്‍ കയ്യിലില്ലായിരുന്നതു മൂലവും ഇതുവരെ എഴുതാന്‍ സാധിച്ചില്ല.


1. നിങ്ങളുടെ കുട്ടി ലൈംഗികാക്രമണത്തിനു വിധേയമാകാന്‍ സാദ്ധ്യതയുണ്ടോ?

ഇന്ത്യാ സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 53% കുട്ടികള്‍ ലൈംഗികാതിക്രമത്തിനു വിധേയമാകുന്നു. ഇതില്‍ ആണ്‍‌പെണ്‍ ഭേദമില്ല. ചില വിഭാഗം കുട്ടികള്‍ - ഉദാഹരണം തെരുവുകുട്ടികള്‍, ബാലവേല ചെയ്യുന്ന കുട്ടികള്‍ തുടങ്ങിയവര്‍ ആക്രമിക്കപ്പെടാന്‍ സാധ്യത ഏറും എങ്കിലും ഒരു വിഭാഗം കുട്ടികളും  അപകട സാദ്ധ്യതയ്ക്ക് അതീതരല്ല. കുട്ടികള്‍ക്ക് മേലേയുള്ള ലൈംഗികാക്രമണം അവരില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്ന ഹീനകൃത്യമാണ് എന്നതിനാല്‍ അതിന്റെ ലക്ഷണങ്ങള്‍ എന്തെങ്കിലും കുട്ടി കാട്ടുന്നുണ്ടെങ്കില്‍ അത് തിരിച്ചറിയാന്‍ പഠിച്ചിരിക്കണം.


2. എന്താണ് ഒരു കുട്ടി ലൈംഗികാക്രമണത്തിനു വിധേയമായിട്ടുണ്ടെന്ന് സംശയിക്കേണ്ട സൂചനകള്‍?

  • അറിയിക്കല്‍.  അല്പം മുതിര്‍ന്ന കുട്ടികള്‍, പ്രത്യേകിച്ച് ആറുവയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ വിവരം മാതാപിതാക്കളെയോ മുതിര്‍ന്ന സഹോദരങ്ങളെയോ അറിയിക്കാന്‍ സാദ്ധ്യതയുണ്ട്. കുട്ടിക്ക് എന്തും, നല്ലതും ചീത്തയും, ശരിയും തെറ്റും, വീട്ടില്‍ പറയാനും ചര്‍ച്ച ചെയ്യാനും സ്വാതന്ത്ര്യമുണ്ടായിരിക്കണം. കുട്ടി എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ അതിന്റെ പേരില്‍ പരിഹസിക്കുകയോ വിവരം പറഞ്ഞതിന്റെ പേരില്‍ ശാസിക്കുകയോ അരുത്. ഇത് ഭയം മൂലം കുട്ടികള്‍ എന്തെങ്കിലും പ്രധാനപ്പെട്ട സംഭവം - ലൈംഗികാക്രമണം ആയാലും മറ്റെന്തെങ്കിലും ആയാലും- ഒളിച്ചു വയ്ക്കാന്‍ കാരണമാവും. പലപ്പോഴും മാതാപിതാക്കള്‍ അറിഞ്ഞുകൊണ്ട് അല്ല ഇത്തരം സാഹചര്യമുണ്ടാക്കുന്നത്. ഒരു ഉദാഹരണം: കുട്ടി സ്കൂളില്‍ നിന്നു വരുമ്പോള്‍ ഒരു അഭിപ്രായം പറയുന്നു "ഞാന്‍ വളരുമ്പോള്‍ എന്റെ ക്ലാസ്സിലെ ---- നെ കല്യാണം കഴിക്കും." ഇതു കേട്ട് വീട്ടുകാര്‍ പൊട്ടിച്ചിരിക്കുകയും സുഹൃത്തുക്കളോട് കുട്ടിയുടെ സാന്നിദ്ധ്യത്തില്‍ ഫലിതം പങ്കുവയ്ക്കുകയും ചെയ്യുന്നു .  ഇത് താന്‍ പരിഹസിക്കപ്പെടുമോ എന്ന ഭയം മൂലം പല കാര്യങ്ങളും വീട്ടില്‍ നിന്ന് ഒളിക്കാന്‍ കാരണമായേക്കാം. താന്‍ ഗൗരവത്തോടെ പറയുന്നത് എന്തും ഗൗ‌രവമായിത്തന്നെ വീട്ടുകാര്‍ എടുക്കും എന്ന ഉറപ്പ് കുട്ടിക്ക് ഉണ്ടാവണം. മിക്കപ്പോഴും  കുറ്റവാളി ഇരയെ പുറത്തു പറയരുത് എന്ന് ഭീഷണിപ്പെടുത്താറുണ്ട്. പലപ്പോഴും കുറ്റവാളി കുട്ടി അറിയുന്ന ആള്‍ ആയതിനാല്‍ അയാള്‍ ചെയ്തത് തെറ്റാണോ കുറ്റമാണോ എന്ന് കുട്ടിക്ക് അറിയുകയുമില്ല. കുറ്റത്തെക്കുറിച്ച് കുട്ടിക്ക് നാണക്കേട് ഉണ്ടായേക്കാം. ഭാഷ പൂര്‍ണ്ണമായും സ്വായത്തമാക്കാത്ത ചെറിയ കുട്ടിയാണെങ്കില്‍ അതിനു  കഴിയുകയുമില്ല. ഇതൊക്കെമൂലം മറ്റു സൂചനകള്‍ക്കും വളരെ വലിയ പ്രാധാന്യമുണ്ട്.

  • ശാരീരികക്ഷതം. ലൈംഗികാവയവത്തിലോ മലദ്വാരത്തിലോ മുറിവുകള്‍, പഴുപ്പും അണുബാധയും, രക്തക്കറ, ചോരപുരണ്ട അടിവസ്ത്രങ്ങള്‍ തുടങ്ങി ശാരീരിക തെളിവുകള്‍. പലപ്പോഴും കുട്ടിക്ക് ഇതിനൊപ്പം തലവേദനയും വയറുവേദനയും ഉണ്ടാകാറുമുണ്ട്.
  • ലൈംഗിക ചേഷ്ഠകള്‍. വാക്കാലല്ലാതെയും കുട്ടികള്‍ തങ്ങള്‍ ആക്രമണത്തിനു വിധേയരായെന്ന് സൂചിപ്പിക്കാറുണ്ട്. തീരെച്ചെറിയ കുട്ടികള്‍ പലപ്പോഴും പരസ്യമായിത്തന്നെ ലൈംഗികാവയവങ്ങള്‍ സ്പര്‍ശിക്കാറുണ്ട്, എന്നാല്‍  കുട്ടി സ്വാഭാവികമായി സ്വയം തൊട്ടുനോക്കുന്നതിന്റെ രീതി കണ്ടാല്‍ മാതാപിതാക്കള്‍ക്ക് അറിയാവുന്നതേയുള്ളൂ. അല്പം മുതിര്‍ന്നാല്‍ കുട്ടികള്‍ അത് പരസ്യമായി ചെയ്യുന്നത് നിറുത്തുകയും ചെയ്യും. ഇതല്ലാതെയുള്ള ചേഷ്ടകള്‍ - എന്തെങ്കിലും സാധനം (ഉദാഹരണം പെന്‍സില്‍) കൊണ്ട് ലൈംഗികാവയവം സ്പര്‍ശിക്കുകയോ , ലൈംഗികാവയവത്തിലോ മലദ്വാരത്തിലോ എന്തെങ്കിലും പ്രവേശിപ്പിക്കാന്‍ ശ്രമിക്കുകയോ കളിപ്പാട്ടങ്ങളോടോ പാവകളോടോ ലൈംഗിക ചേഷ്ഠകള്‍ കാണിക്കുകയോ ചെയ്യുന്നുണ്ട് കുട്ടിയെങ്കില്‍ അപായസൂചനയാണത്. ലൈംഗിക വൃത്തി എന്താണെന്ന് അറിയാത്തതിനാല്‍ കുട്ടിക്ക് ആക്രമണത്തെപ്പറ്റി പറയാനും അറിയാതെപോയേക്കാം. ഇതിനാല്‍ കുട്ടി താന്‍ അനുഭവിച്ച പീഡനം ആവര്‍ത്തിച്ച് കാട്ടിസംഭവത്തെപ്പറ്റി  നിങ്ങളെ അറിയിക്കുകയാണ് ഇങ്ങനെ ചെയ്യുന്നതിലൂടെ. മിക്കപ്പോഴും കുട്ടി സ്വയം അറിയാതെ തന്നെ ചെയ്യുന്നതാണിത്.

  • പദപ്രയോഗം. മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന ലൈംഗിക പദങ്ങള്‍ പെട്ടെന്ന് പ്രയോഗിക്കാന്‍ തുടങ്ങുക. ലൈംഗിക വൃത്തിയുമായി ബന്ധപ്പെട്ട  മുതിര്‍ന്നവരുടെ പദങ്ങള്‍ -  പലപ്പോഴും അസഭ്യ പദങ്ങള്‍- കുറ്റവാളിയില്‍ നിന്നും കേട്ടത് കുട്ടിയുടെ സംസാരത്തില്‍  ഉള്‍ക്കൊള്ളിച്ചും കുട്ടി താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന് സൂചിപ്പിക്കാറുണ്ട്.

  • വ്യക്തികളോടും സ്ഥലങ്ങളോടും ഭയം . ചില തരം സ്ഥലങ്ങളോടും ആളുകളോടും പെട്ടെന്നു തുടങ്ങുന്ന ഭയം.  അടുത്ത വീട്ടില്‍ പോകാന്‍ പെട്ടെന്നു തുടങ്ങുന്ന ഭയം, മീശവച്ച ആളുകളെയൊക്കെ പെട്ടെന്നു ഭയക്കാന്‍ തുടങ്ങി, സ്കൂള്‍ ബസ്സില്‍ കയറാന്‍ അതുവരെ ഇല്ലാതെയിരുന്ന ഭയം ഒക്കെ സംശയം ഉണര്‍ത്തേണ്ട കാര്യങ്ങളാണ്. പുതിയ ഭീതി കുട്ടിക്കു തുടങ്ങുമ്പോഴാണ് സംശയം ഉണരേണ്ടത്. പലേ കുട്ടികള്‍ക്കും സ്ഥിരമായ ഭയങ്ങള്‍ ഉണ്ട് പ്രത്യേകിച്ച് തീരെ ചെറിയ കുട്ടികള്‍ക്ക്. ഇതില്‍ ആശങ്കയുടെ കാര്യമില്ല, എന്നാല്‍ പുതിയതായി കുട്ടിക്ക് ചില തരം ആളുകളെയോ സ്ഥലങ്ങളെയോ ഭയം തുടങ്ങിയാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

  • നഗ്നതയും സ്പര്‍ശനവും ഭയം. വസ്ത്രം മാറല്‍, കുളിക്കല്‍, ഡോക്റ്റര്‍ പരിശോധിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഭയം. നഗ്നതയുമായോ സ്പര്‍ശനവുമായോ ബന്ധപ്പെട്ട കാര്യങ്ങള്‍ കുട്ടി ഭയക്കാന്‍ തുടങ്ങുന്നെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

  • ശീലങ്ങളിലും സ്വഭാവത്തിലും വത്യാസം . ടോയിലറ്റിലോ പോട്ടിയിലോ പോകാന്‍ പഠിച്ചു കഴിഞ്ഞ കുട്ടി പെട്ടെന്ന് വീണ്ടും വസ്ത്രത്തില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യാന്‍ ആരംഭിക്കല്‍, കൂട്ടുകാരോടും വീട്ടുകാരോടും മിണ്ടാതെയാകല്‍, ശ്രദ്ധിക്കാനും പഠിക്കാനും കളിക്കാനും ഉള്ള താല്പര്യം നഷ്ടമാകല്‍ തുടങ്ങിയവ ഉദാഹരണം.

ഇത് സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍ മാത്രമാണ്. മറ്റു പലരീതിയിലും കുട്ടികള്‍ ലൈംഗികാക്രമണത്തിനു വിധേയമായി എന്ന് സൂചിപ്പിച്ചേക്കാം. അസ്വാഭാവികമായ എന്തു മാറ്റം കുട്ടിയില്‍ കണ്ടാലും ശ്രദ്ധിക്കാന്‍ ശീലിക്കുക.


3. കുട്ടിയോട് ഇക്കാര്യം സംസാരിക്കുന്നത് എങ്ങനെ?
സംസാരപ്രായമായ കുട്ടിയാണെങ്കില്‍ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് കുട്ടിയോട്  ചര്‍ച്ച ചെയ്യാവുന്നതാണ്. ഇക്കാര്യം ചെയ്യാന്‍ പ്രൊഫഷണല്‍ ഫോറന്‍സിക്ക് ഇന്റര്വ്യൂവര്‍ പിന്‍‌തുടരുന്ന രീതിതന്നെയാണ് അത്യുത്തമം, കാരണം ഈ രീതി ആഗോളതലത്തില്‍ ക്രിമിനോളജിസ്റ്റുകളും മനശാസ്ത്ര വിദഗ്ദ്ധരും കാലാകാലം ഗവേഷണം കൊണ്ട് ഉരുത്തിരിച്ചതാണ്. ഫോറന്‍സിക്ക് ഇന്റര്വ്യൂവര്‍ പിന്‍ തുടരുന്ന മാനദണ്ഡങ്ങള്‍:

  • മുതിര്‍ന്നവരുടെ രീതിയിലുള്ള ലൈംഗികത കുട്ടിക്ക് അന്യമാണ്. അതിനാല്‍ സ്വയം ഒരിക്കലും കുട്ടി കള്ളം പറയില്ല.

  • ഒരു മുതിര്‍ന്നയാള്‍ പറഞ്ഞു പഠിപ്പിച്ച കള്ളം (ഉദാഹരണം അതിര്‍ത്തി തര്‍ക്കത്തിലെ വിദ്വേഷം മൂലം ഒരു പിതാവ് മകളോട് അയല്‍ക്കാരന്‍ പീഡിപ്പിച്ചെന്ന കഥ പറയാന്‍ പ്രേരിപ്പിച്ചു) ആണെങ്കില്‍ത്തന്നെ കുട്ടിക്ക് അന്യമായ ഒരു  പ്രവൃത്തിയെക്കുറിച്ചുള്ള കള്ളം ആയതിനാല്‍ വളരെ വേഗം അത് സ്വയം ഖണ്ഡിക്കും എന്നതിനാല്‍ തിരിച്ചറിയാന്‍ യാതൊരു പ്രയാസവുമില്ല. [ ഇന്ത്യയില്‍  കുട്ടി ലൈംഗികാക്രമണത്തിനു വിധേയമായാല്‍ക്കൂടി അതിനെ മാനം ഭാവി എന്നൊക്കെ ചിന്തിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുകയാണ് എന്നതിനാല്‍ ഇത്തരം സംഭവങ്ങള്‍ വളരെ വിരളമായിരിക്കാം]

  • കുട്ടിയെ ചോദ്യം ചെയ്യാനോ മൊഴി അവിശ്വസിക്കുന്നെന്ന് സൂചിപ്പിക്കാനോ പാടില്ല. കുട്ടിക്ക് തുറന്ന് എന്തും സംസാരിക്കാനുള്ള സാഹചര്യമായിരിക്കണം. 

ഫോറന്‍സിക്ക് ഇന്റര്‍‌വ്യൂവിന് മൂന്നു രീതിയുണ്ട്. പടിപടിയായി ഒന്നില്‍ നിന്നു രണ്ടിലേക്കും രണ്ടില്‍ നിന്നും ആവശ്യമെങ്കില്‍ മൂന്നിലേക്കും പോകുകയാണ് ചെയ്യുക.

ഒന്ന്: ഫ്രീ റീകോള്‍. കുട്ടിയോട് എന്താണ് സംഭവിച്ചത് എന്നു ചോദിച്ചാല്‍ അതിനു ഓര്‍മ്മയുള്ളതും മനസ്സിലായതും പ്രകടിപ്പിക്കാന്‍ ആവുന്നതും അത് പറയും. എന്നാല്‍ അവ്യക്തതയും ഭീതിയും മൂലം ഇതില്‍ പലേ ഭാഗങ്ങളും ഉണ്ടാവില്ല, കാരണം കുഞ്ഞുമനസ്സിനു നെഗേഷന്‍ പ്രോസസ് എന്നൊരു രീതിയുണ്ട്. അപകടം ഉണ്ടായാല്‍ അത് സംഭവിച്ചിട്ടില്ല എന്നു സ്വയം  വിശ്വസിപ്പിക്കല്‍. നെഗേഷന്‍ 100% ആകില്ല എന്നതിനാല്‍ കുട്ടി ഫ്രീറീകോളില്‍ അപൂര്‍ണ്ണമായൊരു സംഭവ വിവരണം ആയിരിക്കും തരുക. പ്രായം കൂടുന്നത് അനുസരിച്ച് കുട്ടിക്ക് സംഭവം ഓര്‍ക്കുന്നതിലെ വ്യക്തതയും പൂര്‍ണ്ണതയും ഏറും.


രണ്ട്: ക്യൂഡ് റീകോള്‍. സംഭവസ്ഥലത്തോ (ഉദാഹരണം അയല്‍‌വീട്) കുറ്റവാളിയുമായി സാമ്യമുള്ള ആള്‍ (ഉദാഹരണം അദ്ധ്യാപകര്‍) തുടങ്ങിയവരെ കാണുമ്പോള്‍ കുട്ടി ഫ്രീ റീകോളില്‍ ഓര്‍ക്കാത്തത് പലതും ഓര്‍ക്കും. മാതാപിതാക്കള്‍ക്ക് പരിമിതമായേ ക്യൂഡ് റീകോള്‍ നടത്താന്‍ കഴിഞ്ഞേക്കൂ. എന്നാല്‍ ഫോറന്‍സിക്ക് ഇന്‍‌വെസ്റ്റിഗേറ്റര്‍ക്ക്  സ്വന്തം അധികാരം ഉപയോഗിച്ച് വളരെ വിപുലമായ ക്യൂഡ് റീകോള്‍ ഇന്റര്‍‌വ്യൂ നടത്താന്‍ കഴിയും.  എനിക്കറിയുന്ന ഒരു കേസില്‍ ഫ്രീ റീകോളില്‍ കുട്ടിക്ക് ആകെ ഓര്‍ക്കാന്‍ കഴിഞ്ഞിരുന്നത് തനിക്ക് വ്യക്തമായി ഓര്‍മ്മയില്ലാത്ത ആരോ സ്കൂളില്‍ വച്ച് എന്തൊക്കെയോ ചെയ്തു എന്നു മാത്രമായിരുന്നു. ഫോറന്‍സിക്ക് ഇന്‍‌വെസ്റ്റിഗേറ്റര്‍ പോലീസിനെക്കൊണ്ട് സ്കൂളില്‍ വച്ച് ഐഡന്റിഫിക്കേഷന്‍ പരേഡ് നടത്തിച്ചു.  കുട്ടി കുറ്റവാളിയെ തിരിച്ചറിയുക മാത്രമല്ല, അയാളെ കണ്ടതോടെ സംഭവം മുഴുവന്‍ ഓര്‍ക്കുകയും പറയുകയും ചെയ്തു.


മൂന്ന്: സജസ്റ്റീവ് റീകോള്‍. ഇന്‍‌റ്റര്വ്യൂവര്‍ മറ്റു രണ്ടു രീതികൊണ്ട് അതുവരെ മനസ്സിലായ കാര്യങ്ങള്‍ കൊണ്ട് ചില സൂചനകള്‍ സംഭവത്തെക്കുറിച്ച് നല്‍കുകയും കുട്ടി അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യുന്ന രീതിയാണ് സജസ്റ്റീവ് റീകോള്‍. ഇത് മാതാപിതാക്കളോ രക്ഷിതാക്കളോ ചെയ്ത് കൂടുതല്‍ കാര്യം മനസ്സിലാക്കുന്നതിനു പകരം വിദഗ്ദ്ധര്‍ക്ക് വിടുന്നതാണ് നല്ലത്. കാരണം, കുട്ടിയോട് ഏറെ സജസ്റ്റീവ് ആയി ആവര്‍ത്തിച്ചാല്‍ കുട്ടി സ്വയം അതു വിശ്വസിക്കാന്‍ തുടങ്ങും- കുട്ടികളുടെ ഭാവനയും യാഥാര്‍ത്ഥ്യബോധവും വളരെ വ്യക്തമായി വേര്‍തിരിക്കപ്പെട്ടതല്ല. "നിന്നെ പീഡിപ്പിച്ചത് ഈ അമ്മാവന്‍ അല്ലേ, അയാള്‍ ആ വീട്ടില്‍ വച്ച് ഇങ്ങനെയല്ലേ ചെയ്തത്" എന്ന രീതിയില്‍ രണ്ടുമൂന്നു തവണ ആവര്‍ത്തിച്ചു ചോദിച്ചാല്‍ കുട്ടി അങ്ങനെയെന്ന് വിശ്വസിക്കാന്‍ തുറ്റങ്ങുകയും ഒരുപക്ഷേ യഥാര്‍ത്ഥ കുറ്റവാളി മറ്റൊരാള്‍ ആയെന്നു വരികില്‍ ശിക്ഷിക്കപ്പെടാതെ പോകുകയും ചെയ്യാം. കുട്ടി താന്‍ ആക്രമിക്കപ്പെട്ടെന്ന് കള്ളം പറയുകയോ സ്വയം വിശ്വസിക്കുകയോ ചെയ്യില്ല, എന്നാല്‍ അതിന്റെ വിശദ വിവരങ്ങള്‍ സജസ്റ്റീവ് റീകോള്‍ തെറ്റായാല്‍ തെറ്റി വിശ്വസിച്ചേക്കാം.

4. കുട്ടി ലൈംഗികാക്രമണത്തിനു വിധേയമായി എന്ന് ന്യായമായ സംശയം തോന്നിയാല്‍ എന്താണു ചെയ്യേണ്ടത്?
  • ശാരീരികമായി അപകടഘട്ടമെങ്കില്‍ ആദ്യം ആശുപത്രിയില്‍ എത്തിക്കുക. അല്ലെങ്കില്‍ എത്രയും വേഗം പോലീസില്‍ പരാതി നല്‍കുകയാണ് വേണ്ടത്. പോലീസ് വിവരം വനിതാ ശിശുക്ഷേമ സമിതിയെ അറിയിക്കും. സമിതിയുടെ നിര്‍ദ്ദേശപ്രകാരം കുട്ടിക്ക് വേണ്ട ആശുപത്രി പരിചരണവും തെറാപ്പിയും  ലഭ്യമാക്കും. എല്ലാ നടപടികളും ചോദ്യം ചെയ്യലും  കോടതി നടപടിയും  എല്ലാം കമ്മീഷന്‍ നിര്‍ദ്ദേശിച്ച വിദഗ്ദ്ധര്‍ വഴി മാതാപിതാക്കളുടെയോ അവരില്ലെങ്കില്‍ അടുത്ത ബന്ധുവിന്റെയോ സാന്നിദ്ധ്യത്തിലായിരിക്കും. കുട്ടി പെണ്ണാണെങ്കില്‍ ഒരു സ്ത്രീബന്ധു എപ്പോഴും കൂടെയുണ്ടായിരിക്കും. ഒരുപാട് തവണ കുട്ടി പോലീസ് സ്റ്റേഷനിലോ കോടതിയിലോ പോകേണ്ടി വരില്ല. കേസെടുക്കാന്‍ വിസമ്മതിക്കുകയോ കുട്ടിയെ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ പോലീസ് ചെയ്യില്ല, ചെയ്യാന്‍ ശ്രമിച്ചാല്‍ തൊപ്പി  തെറിക്കുന്ന ഗുരുതര കുറ്റം ചെയ്തെന്ന് കാട്ടി  പരാതി നല്‍കിയാല്‍ മതിയാകും.
  • ഒരിക്കലും കുറ്റവാളിയെന്ന് സംശയിക്കുന്ന ആളിനെ ചോദ്യം ചെയ്യാനോ ഭേദ്യം ചെയ്യാനോ മുതിരരുത്. ഒന്നാമതായി അത് നിയമം കയ്യിലെടുക്കുകയാണ്. രണ്ടാമത് അയാള്‍ കുട്ടിയെയോ നിങ്ങളെയോ  അപായപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ പോലീസില്‍ നിന്നു രക്ഷപ്പെടാനോ ശ്രമിച്ചേക്കാം. .
  • സംഭവം നടന്ന സ്ഥലത്ത് പരാതിപ്പെടാനും (ഉദാഹരണം നഴ്സറി) ശ്രമിക്കരുത്. അധികാരികള്‍ക്ക് ഇങ്ങനെ ഒരു സംഭവം തന്റെ ഇടത്തു നടന്നു എന്നു പുറത്തറിയുന്നത് അപമാനകരവും പലപ്പോഴും ബിസിനസ് താല്പര്യത്തിനു വിരുദ്ധവുമാണ്. അതിനാല്‍ അവര്‍ കേസ് തേച്ചുമാച്ചു കളയാനോ കുറ്റവാളിയെ രക്ഷിക്കാനോ കുട്ടിയെ ശിക്ഷിക്കാനോ നിങ്ങളെ നിശബ്ദരാക്കാനോ ശ്രമിച്ചേക്കും. അധികാരികളുമായി ബന്ധപ്പെടേണ്ടത് പോലീസിന്റെ പണിയാണ്, നിങ്ങളുടേതല്ല.

ചുരുക്കം :  കുട്ടികളിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കുക. അപായ സൂചനകളും ലക്ഷണങ്ങളും തിരിച്ചറിയാന്‍ പഠിക്കുക .  കുട്ടിക്ക് ഇത്തരം കാര്യങ്ങള്‍ അടക്കം എന്തും തുറന്ന് പറയാനുള്ള സാഹചര്യം വീട്ടിലുണ്ടാക്കുക. ഇക്കാര്യങ്ങള്‍ കുട്ടിയോട് എങ്ങനെ സംസാരിക്കാം എന്ന് പഠിക്കുക.  ലൈംഗികാക്രമണം കുട്ടിക്കു നേരേ ഉണ്ടായി എന്ന്  ശക്തമായ സംശയം ഉണ്ടായാല്‍ എത്രയും വേഗം പോലീസില്‍ അറിയിക്കുക.

പിന്‍കുറിപ്പ്:
  • അതിശക്തമായ പേട്രിയാര്‍ക്കി നിലനില്‍ക്കുന്ന സംസ്കാരങ്ങളില്‍ കുട്ടിയെ പിതാവോ മുത്തച്ഛനോ  മറ്റു മുതിര്‍ന്ന പുരുഷാംഗമോ പീഡിപ്പിച്ചാല്‍ അത് ഒളിച്ചു വയ്ക്കാനേ  മറ്റു അംഗങ്ങള്‍ ശ്രമിക്കാറുള്ളൂ എന്നതാണ് ദയനീയ സത്യം. ആരു കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടേണ്ടതുണ്ട്. അടുത്ത സമയത്ത് ഒരു ബഹറിനി സ്ത്രീ തന്റെ ഭര്‍ത്താവ് അടുത്ത വീട്ടിലെ എട്ടുവയസ്സുകാരി കുട്ടിയെ  ലൈംഗികമായി പീഡിപ്പിച്ചെന്ന് കോടതില്‍ മൊഴി നല്‍കി മാതൃകയായി.

  •  കുട്ടികള്‍ക്കെതിരേ- ആണ്‍‌കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരേ - ലൈംഗിക പീഡനങ്ങള്‍ ചെയ്യുന്നവരില്‍ മഹാഭൂരിപക്ഷവും പുരുഷന്മാരാണ്. അതില്‍ തന്നെ ഭൂരിപക്ഷം കുട്ടി വിശ്വസിക്കുന്ന ഒരാള്‍ - കുടുംബാംഗമോ അദ്ധ്യാപകനോ മറ്റോ ആണ്. ഇതുകൊണ്ട് സ്ത്രീ കുറ്റവാളികള്‍ ഇല്ലെന്ന് വരുന്നില്ല. സ്ത്രീപുരുഷഭേദമെന്യേ കുട്ടികളില്‍ ലൈംഗിക കുറ്റകൃത്യം നടത്തുന്ന ആരെയും ശിക്ഷിക്കേണ്ടതുണ്ട്.