Saturday, August 8, 2015

ആര്‍ത്തവവും വ്രതശുദ്ധിയും

ഒട്ടുമിക്ക ആചാരങ്ങളും പണ്ടുകാലത്ത് ഉണ്ടായവയാണ്. അന്ന് അറിവ് ഏറെ പരിമിതമായിരുന്നതിനാല്‍ കാര്യ-കാരണ-ഫല ബന്ധം  ഒട്ടേറെ കാര്യങ്ങളില്‍ ആര്‍ക്കും നിശ്ചയമില്ലായിരുന്നു. ആചാരങ്ങള്‍ ഉരുത്തിരിയുന്നതിനെക്കുറിച്ച് ബി.എഫ്. സ്കിന്നര്‍ ഒരു പരീക്ഷണം നടത്തി. അദ്ദേഹം കുറേ പ്രാവുകളെ കൂട്ടിലിട്ടു പ്രത്യേകിച്ച് പ്രാവുകളുടെ ഒരു പെരുമാറ്റത്തിലും ബന്ധിതമല്ലാതെ തീറ്റ നല്‍കാന്‍ തുടങ്ങി. കുറേക്കാലം ഇങ്ങനെയായപ്പോള്‍ തങ്ങള്‍ എന്തു ചെയ്താലാണ് തീറ്റ ലഭിക്കുക (ഒന്നും ചെയ്തിട്ടല്ല തീറ്റ ലഭിക്കുന്നത് എന്ന സത്യം മനസ്സിലാവാതെ) എന്നതിനു പ്രാവുകള്‍ അവരുടേതായ ആചാരങ്ങള്‍ തുടങ്ങി. ചില പ്രാവുകള്‍ വിശക്കുമ്പോള്‍ വട്ടത്തില്‍ ഓടുന്ന ആചാരം തുടങ്ങി, അവ അങ്ങനെ ഓടുമ്പോള്‍ തീറ്റ ലഭിച്ചാല്‍ അത് ഓട്ടാചാരത്തിന്റെ ഫലസിദ്ധി ആണെന്നു കരുതി. വേറേ ചില പ്രാവുകള്‍ തല പെന്‍ഡുലം പോലെ ആട്ടാന്‍ തുടങ്ങി, അതില്‍ തന്നെ തല വലത്തോട്ട് മെല്ലെയും ഇടത്തോട്ട് വേഗത്തിലും ആട്ടിയാല്‍ ഫലം മെച്ചമാകും എന്ന് അവ വിശ്വസിച്ചു. 
ഗ്രീക്ക് പ്രോമിത്യ ചടങ്ങ്. ഇങ്ങനെ ചെയ്താല്‍ സന്തോഷവും സമാധാനവും ഉണ്ടാകുമെന്നാണ് ആചാരംഗ്രീക്ക് പ്രോമിത്യ ചടങ്ങ്. ഇങ്ങനെ ചെയ്താല്‍ സന്തോഷവും സമാധാനവും ഉണ്ടാകുമെന്നാണ് ആചാരം

ഇന്ന് ഒട്ടേറെ കാര്യങ്ങള്‍ മനുഷ്യനറിയാം, എങ്കിലും ആചാരങ്ങള്‍ തലമുറ കൈമാറിവരുന്നു. അജ്ഞതയുടെ കാലത്ത് സ്ത്രീയുടെ യോനിയില്‍ നിന്നും  ക്രമമായ കാലയളവില്‍ ചോര വരുന്നത് എന്തെന്ന് ആര്‍ക്കും മനസ്സിലായില്ല. ചോര ആഭിചാരശക്തിയായിരുന്ന ആഫ്രിക്ക പോലെ ഇടങ്ങളില്‍ ഇതൊരു വന്‍ ശക്തി സ്ത്രീക്ക് കൈവരുന്നതാണെന്നു കരുതി. പ്ലിനി ദ എല്‍ഡര്‍ ആര്‍ത്തവമുള്ള സ്ത്രീ നഗ്നയായി ഇറങ്ങി നിന്നാല്‍ കൊടുങ്കാറ്റുകളും ഇടിമിന്നലും ഒഴിഞ്ഞു പോകുമെന്നും അവള്‍ നടന്നാല്‍ കൃഷിയിടങ്ങളിലെ കീടങ്ങള്‍ ചത്തുവീഴുമെന്നും നിരീക്ഷിച്ചു. ഹവ്വയെ ദൈവം ശപിച്ചതാണെന്നും ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തില്‍ വീണ ചോരയാണെന്നും  ഒക്കെ കരുതിയവര്‍ അതിനെ അഴുക്കായും അശുദ്ധിയായും കരുതി ആര്‍ത്തവമുള്ള സ്ത്രീയെ അകറ്റി നിര്‍ത്തുന്ന ആചാരത്തിലെത്തി.

എന്താണ് ആര്‍ത്തവം?
സ്കിന്നറുടെ പ്രാവുകളല്ല നമ്മളിന്ന്, ശാസ്ത്രം ഏറെ പുരോഗമിച്ചിരിക്കുന്നു. ശരിക്കും എന്താണ് ആര്‍ത്തവം?ഗര്‍ഭപാത്രമുള്ള ജീവികളില്‍ അതിന്റെ ഉള്‍‌വശത്ത് ഒരു പാടയുണ്ട്. ഗര്‍ഭം ധരിക്കുകയും വളര്‍ത്തുകയും പ്രസവിക്കുകയും ചെയ്യുന്നതില്‍ ഇതിനു സങ്കീര്‍ണ്ണമായ പങ്കുണ്ട്. എന്നാല്‍ ഈ പാളിക്ക് ഒരു ആയുര്‍‌ദൈര്‍ഘ്യവും ഉണ്ട്. ആ ഘട്ടം കഴിഞ്ഞാല്‍ ഇത് പൊളിച്ചുകളയണം. ഒട്ടുമിക്ക സസ്തനികളിലും ഇത് തിരികെ ശരീരം വലിച്ചെടുത്ത് ഉപയോഗിക്കും. എന്നാല്‍ മനുഷ്യന്‍, ആള്‍ക്കുരങ്ങ് തുടങ്ങിയ ചില ജീവികളില്‍ ഗര്‍ഭപാത്രം ശരീരത്തെ അപേക്ഷിച്ച് വളരെ വലുതാണ്, വലിയ ഭ്രൂണത്തെ വളര്‍ത്തി  മികച്ച സുരക്ഷ കൊടുക്കാനുള്ള ശേഷി പരിണമിച്ചതിനാലാണിത്. ഇത്രയും വലിയ ഗര്‍ഭപാത്രത്തിനുള്ളില്‍ ഒട്ടേറെ പാടയുണ്ട്, ഇത് ഒട്ടേറെ ക്ലേശിച്ച്, സമയമെടുത്താണ് ശരീരം നിര്‍മ്മിക്കുന്നത് എന്നതിനാല്‍ ഇതിനെ ഒറ്റയടിക്ക് മുഴുവനായി തിരികെ ആഗിരണം ചെയ്യേണ്ട ആവശ്യമില്ല. അതിനാല്‍ ശരീരം ആവശ്യമുള്ളത്ര ഭാഗം  റീസൈക്ലിങ്ങിനായി ഉപയോഗിക്കുകയും ബാക്കി പുറന്തള്ളുകയും ചെയ്യുന്നു. ഇത് രക്തവും ഗര്‍ഭപാത്രചര്‍മ്മ കോശങ്ങളുമായി യോനിയിലൂടെ പുറത്തു പോകും.

മനുഷ്യരിലെ ആര്‍ത്തവചക്രംമനുഷ്യരിലെ ആര്‍ത്തവചക്രം

ആര്‍ത്തവം എന്ന അതിശയം
മനുഷ്യന്റെ പ്രജനനക്രിയയുടെ അത്ഭുതാവഹമായ ഒരു ഭാഗമാണ് ആര്‍ത്തവചക്രം. നിങ്ങളുടെ രാജ്യം ഒരു റോക്കറ്റ് പ്രോജക്റ്റില്‍ ആണെന്നു കരുതൂ. പ്രോജക്റ്റ് തീര്‍ന്നാല്‍ ഉടന്‍ അതിന്റെ തെളിവുകള്‍ ഒക്കെ നശിപ്പിക്കണം, ഇല്ലെങ്കില്‍ ചാരന്മാര്‍ ടെക്നോളജി  അടിച്ചു മാറ്റും. നിങ്ങള്‍ റോക്കറ്റ്  ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നു, ലോഞ്ച് പാഡ് നിര്‍മ്മിക്കുന്നു, ഇന്ധനം നിര്‍മ്മിക്കുന്നു,  അതിസങ്കീര്‍ണ്ണമായ ഘട്ടങ്ങള്‍ ഓരോന്നും പുഷ്പം പോലെ  ഫിനിഷ് ചെയ്യുന്നു, കെട്ടിപ്പിടിക്കുന്നു, പരസ്പരം അഭിനന്ദിക്കുന്നു. റോക്കറ്റ് ലോഞ്ച് പാഡില്‍ ഇറങ്ങാന്‍ റെഡി.  അതിന്റെ ഒരു മോഡ്യൂള്‍, ഒരേയൊരെണ്ണം നിങ്ങള്‍ക്കില്ല, അത് ഫ്രാന്‍സിലെ ഏറോസ്പേസ് വാലിയില്‍ നിന്നും ഇറക്കുമതി ഓര്‍ഡര്‍ ചെയ്തിരിക്കുകയായിരുന്നു. ഫ്രെഞ്ച് മക്കള്‍ ചതിച്ചു ആ മൊഡ്യൂള്‍ എത്തിയില്ല. 

 മിഷന്‍ ക്യാന്‍സല്‍ഡ്. അതിനെ ചാരന്മാര്‍ കണ്ടെത്താതിരിക്കാന്‍ സകലതും നശിപ്പിച്ചുകളഞ്ഞു. കുറേ റീസൈക്കീള്‍ ചെയ്തു, ബാക്കി സ്ക്രാപ്പ് ചെയ്തു. അതോടെ അടുത്ത റോക്കറ്റ് വിക്ഷേപണ പ്രോജക്റ്റ്  തയ്യാറെടുപ്പു തുടങ്ങി. ഇത്രയും കൗതുകകരമായ , പരിണാമപ്രാധാന്യമുള്ള, നമ്മളെയൊക്കെ ഉണ്ടാക്കുക  എന്ന  പ്രോജക്റ്റ് ആണ് ആര്‍ത്തവചക്രം. ഇതില്‍ അശുദ്ധിയുണ്ടെന്ന് കണ്ടെത്തിയത് സ്കിന്നറുടെ പ്രാവുകള്‍ കൂട്ടില്‍ ഓട്ടോമാറ്റിക്ക് ഫീഡര്‍ ഉണ്ടെന്നു മനസ്സിലാവാതെ തല വലത്തോട്ടും ഇടത്തോട്ടും രണ്ടു വേഗത്തില്‍ ആട്ടിയാലാണു തീറ്റ വരുന്നത് എന്നു കണ്ടെത്തിയതിനു തുല്യമാണ്.
 ബൈഖനോര്‍ കോസ്മോഡ്രോംബൈഖനോര്‍ കോസ്മോഡ്രോം

പുരുഷന്റെ ആര്‍ത്തവം
സ്ത്രീയ്ക്ക് ആര്‍ത്തവചക്രത്തിന്റെ അവസാനത്തെ കുറച്ചു ദിവസത്തില്‍ മാത്രമാണ് ശരീരം കോശങ്ങള്‍ റീസൈക്ലിങ്ങിനായി തിരികെ ഒരു ഭാഗം സ്വീകരിക്കുകയും ശേഷിച്ചത് പുറന്തള്ളുകയും ചെയ്യുക. ബാക്കി ദിവസങ്ങളില്‍ എല്ലാം നിര്‍മ്മാണ പ്രക്രിയയാണ്.

ആരോഗ്യമുള്ള, വളര്‍ച്ചയെത്തിയ ശരാശരി പുരുഷന്റെ ശരീരം ഒരു സെക്കന്‍ഡില്‍ 1500ഓളം ബീജങ്ങള്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ് നിരന്തരം. അണ്ഡവളര്‍ച്ചയും ഗര്‍ഭാശയകോശഭിത്തിചര്‍മ്മ നിര്‍മ്മാണവും പോലെ ഇവയ്ക്കും എക്സ്പയറി ഡേറ്റ് ഉണ്ട്. ഇങ്ങനെ നിര്‍മ്മിക്കുന്ന ബീജങ്ങള്‍ സംഭോഗത്തിലോ സ്വയം‌ഭോഗത്തിലോ സ്വപ്നസ്ഖലനത്തിലോ പുറത്തു പോകുകയോ ഇല്ലെങ്കില്‍ ശരീരം ആ ബീജങ്ങളെ റീസൈക്ലിങ്ങിനായി തിരികെ സ്വീകരിക്കുകയോ ചെയ്യും. ഇതു നിരന്തര പ്രക്രിയയാണ്. ഇതും പ്രാചീന മനുഷ്യനു മനസ്സിലായിരുന്നില്ല. സ്ഖലനം സംഭവിക്കുമ്പോള്‍ സുഖത്തിനൊപ്പം ഒരു ആലസ്യം കൂടി അനുഭവിക്കുന്നു അതിനാല്‍ അതെന്തോ ചൈതന്യനഷ്ടമാണെന്നും സ്ഖലിച്ചില്ലെങ്കില്‍ ചൈതന്യം എല്ലാം കൂടി അടിഞ്ഞു കൂടി ശരീരത്തില്‍ ഇരിക്കും എന്നും കരുതി. "വിസര്‍ജ്ജനം -അല്ലെങ്കില്‍ ശരീരത്തിലേക്ക് മടക്കി സ്വീകരണം" എന്ന സ്ത്രീയുടെ ആര്‍ത്തവം പോലെ "സ്ഖലനം- അല്ലെങ്കില്‍ ശരീരത്തിലേക്ക് തിരികെ സ്വീകരണം" എന്ന പുരുഷന്റെ ബീജചക്രവും ഫലത്തില്‍ ആര്‍ത്തവം  തന്നെ. വത്യാസം സ്ത്രീ മാസത്തില്‍ നാലഞ്ചു ദിവസം മാത്രം ആര്‍ത്തവമാകുമ്പോള്‍ പുരുഷന്‍ എല്ലായ്പ്പോഴും "ആര്‍ത്തവത്തില്‍" ആണ് എന്നത്. ബ്രഹ്മചര്യമുള്‍ക്കൊണ്ട വ്രതത്തിലാണെങ്കിലും അല്ലെങ്കിലും പുരുഷനെന്നും ആര്‍ത്തവത്തിലാണ് എന്നു ചുരുക്കം.

രണ്ടുകാലിലും മന്തുള്ളവന്‍ കുളത്തില്‍ ഇറങ്ങി നിന്നിട്ട് കാലില്‍ കുരുവുള്ളവനെ കളിയാക്കി ചിരിക്കും എന്ന് കേട്ടിട്ടില്ലേ, നിരന്തരം 'ആര്‍ത്തവമുള്ള' നമ്മള്‍ പുര്‍ഷന്മാര്‍ മാസത്തില്‍ നാലഞ്ചു ദിവസം ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് അശുദ്ധികല്പ്പിക്കുന്നത് അതുപോലെയല്ലേ, നിങ്ങള്‍ തന്നെ പറഞ്ഞേ.

[ചിത്രങ്ങളെല്ലാം വിക്കിപ്പീഡിയയില്‍ നിന്ന്, ക്രിയേറ്റീവ് കോമണ്‍സ് അനുമതിപ്രകാരം]

23-Dec-2014

No comments:

Post a Comment