ഗോവധ നിരോധനം ഭരണഘടനയില്‍ ഉണ്ട് എന്ന വാദം കുറേക്കാലമായി സോഷ്യല്‍ മീഡിയയില്‍ ഓടുന്നുണ്ട്. ഇന്നലെ ആരോ എനിക്കു കമന്റ് ആയും ഇട്ടിരിക്കുന്നത് കണ്ടു. നിര്‍ദ്ദേശികാ തത്വങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഭരണകൂടത്തിനോടുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണെന്നും അതിനു നിയമസ്വഭാവം ഇല്ലെന്നും അറിഞ്ഞു തന്നെയാണ് മിക്കവരും ഈ പൊള്ളവാദം കൊണ്ടുനടക്കുന്നത് എന്നതിനാല്‍ അതില്‍ സമയം പാഴാക്കുന്നില്ല. ഈ പോസ്റ്റിന്റെ വിഷയം മറ്റൊന്നാണ്.
നാളെ ഭരണഘടന തിരുത്തി എഴുതി അതില്‍ ഗോവധ നിരോധനമോ ജാതിസമ്പ്രദായമോ അടിമക്കച്ചവടമോ ഒക്കെ ഉള്‍പ്പെടുത്തിയാല്‍ എന്തു ചെയ്യും കോടതി? ഭരണഘടന തിരുത്തി അതിന്റെ തന്നെ ആത്മാവിനെ ഖണ്ഡിക്കാനാവുമോ?
അതിലും പ്രധാനം നമ്മുടെ ഭരണഘടന ഉണ്ടായ സമയത്തു തന്നെ അതില്‍ അടിസ്ഥാനാവകാശങ്ങളിലും ചുമതലകളിലും ഗോവധ നിരോധനമോ ജാതിസമ്പ്രദായമോ അടിമക്കച്ചവടമോ അനുവദനീയമാണ് എന്നുണ്ടായിരുന്നെങ്കിലോ?
ഇടയ്ക്കിടയ്ക്ക് എല്ലാവരും ഭരണഘടന എന്നു പറയുന്നതുകൊണ്ടും കോടതി തന്നെ ഭരണഘടനമൂലം നിലനില്‍ക്കുന്നതുകൊണ്ടും അതാണ് ഏറ്റവും വലിയ നിയമം എന്ന് ഒട്ടുമിക്കവരും ധരിച്ചിരിക്കുന്നു. ഭരണഘടനയ്ക്കു മുകളില്‍ എന്തെങ്കിലും ഉണ്ടോ? ഏറ്റവും വലിയ നിയമം എന്താണ്?
തെമിസ് , നീതിദേവത
താത്വികമായി ഏറ്റവും വലിയ നിയമത്തെ ജസ് നാച്വറേലി അല്ലെങ്കില്‍ സ്വാഭാവിക നീതി എന്നാണ് വിളിക്കുന്നു. നിയമത്തിനു മുന്നില്‍ അതിലും വലുതായി ഒന്നുമില്ല. ഇത് എഴുതപ്പെടണമെന്നില്ല, ഇത് പുതിയ കാര്യവുമല്ല. അരിസ്റ്റോട്ടില്‍, തോമസ് അക്വിനാസ് തുടങ്ങിയവര്‍ മുതല്‍ ആധുനിക കാല നിയമ താത്വികര്‍ വരെ ഇതിനെക്കുറിച്ച് ഒട്ടേറെ പറഞ്ഞിട്ടുണ്ട്. അന്നും ഇന്നും എന്നും ഏറ്റവും വലിയ നിയമം ജസ് നാചറേലി തന്നെ. അതിനാല്‍ ഒരു നീതിപീഠവും അതിനു മുകളില്‍ മറ്റൊന്നും വയ്ക്കില്ല.
ആധുനിക ഭരണഘടനകള്‍ ജസ് നാച്വറേലിയും ഭരണഘടനയും തമ്മില്‍ ഭിന്നിപ്പ് വന്നാല്‍ ഭരണഘടന തോറ്റു പോകും എന്ന് അറിയാവുന്നവര്‍ ഉണ്ടാക്കിയതാണ്. അവര്‍ അതു വരാതിരിക്കാന്‍ ഭരണഘടന തുടങ്ങുന്നയിടത്ത് തന്നെ ജസ് നാച്വറേലി അതിന്റെ ആദര്‍ശവും ഉദ്ദേശവും ആണെന്ന് എഴുതിയാണ് തുടങ്ങുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്നത്.
ഡോ. അംബേദ്കര്‍, ഭരണഘടനാനിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍
നിയമ താത്വികനും അഭിഭാഷകനും അദ്ധ്യാപകനും സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനും രാഷ്ട്രീയ- സാമൂഹ്യ പ്രവര്‍ത്തകനും ആയിരുന്നു ഡോ. അംബേദ്കര്‍. ഇത്രയും വലിയ ഒരു മഹാന് ജസ് നാച്ചുറേലി ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി തീര്‍ച്ചയായും ഉറപ്പുണ്ടായിരുന്നു. അതിനാല്‍ഇന്ത്യന്‍ ഭരണഘടനയും ഇതു തന്നെ ചെയ്തിരിക്കുന്നു. അതാരംഭിക്കുന്നത് ഒരു പീഠികയോടെ ആണ്
ഞങ്ങള്‍, ഇന്ത്യയിലെ ജനങ്ങള്‍ ധര്‍മ്മാനുസൃതമായി ഇന്ത്യയെ പരമാധികാര സമത്വാധിഷ്ഠിത മതേതര ജനാധിപത്യ രാജ്യമാക്കുകയും ഈ രാജ്യത്തെ ജനങ്ങള്‍ക്ക് സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയപരവുമായ നീതി; ചിന്താപരവും അഭിപ്രായപ്രകടനപരവും വിശ്വാസപരവും ആചാരപരവുമായ സ്വാതന്ത്ര്യം ; അന്തസ്സിലും അവസരങ്ങളിലും തുല്യത പൗരന്റെയും രാജ്യത്തിന്റെയും അന്തസ്സും ഐക്യവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സാഹോദര്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതായും പ്രഖ്യാപിക്കുന്നു.
ഭരണഘടന ആരംഭിക്കുന്ന പീഠിക
ഈ സ്വാഭാവിക നീതിപ്രഖ്യാപനത്തിലൂടെ ഇന്ത്യന്‍ ഭരണഘടന ജസ് നാച്വറേലിയോട് വിഘടിക്കില്ല എന്ന് സ്പഷ്ടമായും വിശദമായും പറയുന്നു.
പിന്നെയുള്ള ഭാഗങ്ങള്‍ മാറ്റിയെഴുതുമ്പോഴോ മൂലരൂപത്തില്‍ തന്നെയോ ഇതില്‍ നിന്നു വ്യതിചലിക്കുകയോ ഇതിനോട് വിരുദ്ധമാകുകയോ ചെയ്താല്‍ എന്തു സംഭവിക്കും?
സുപ്രീം കോടതി ആരംഭിച്ച് ഇരുപതു വര്‍ഷം കൊണ്ട് തന്നെ അങ്ങനെ ഒരു സംഭവം ഉണ്ടായി. കേശവാനന്ദ ഭാരതി - കേരള സംസ്ഥാനം എന്നിവര്‍ എതിര്‍കക്ഷിയായ ഒരു കേസ്. സുപ്രീം കോടതിയുടെ 13 അംഗ ഭരണഘടനാ ബെഞ്ച് 11 പ്രത്യേക വിധി പ്രസ്ഥാവന നടത്തി ഈ കേസില്‍. ഇതില്‍ ഒട്ടേറെ വഴികാട്ടികളും നിര്‍വചനങ്ങളും ഉണ്ടായി. പ്രധാനമായത്:
- ഭരണഘടന ഒരു നിയമമല്ല, അത് ആദര്‍ശ സംഹിതയാണ്.
- അടിസ്ഥാനപരമായി ഭരണഘടന ജസ് നാച്ചുറേലി (സ്വാഭാവിക നീതി) തന്നെയാണ് ലക്ഷ്യമാക്കുന്നത് . അതിന്റെ മുഖവുര അങ്ങനെ വ്യക്തമാക്കുന്നതിനാല്‍ പിന്നീടുള്ള ഭാഗങ്ങള്‍ മുഴുവന്‍ അതിന്റെ ഈ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലേ കാണാവൂ.
- ആ സ്വാഭാവിക നീതിക്ക് നിരക്കാത്ത യാതൊരു മാറ്റവും ഭരണഘടന തിരുത്തിയെഴുതി ഉണ്ടാക്കിയാല്‍ സാധുവാകില്ല.
- ഭരനഘടനയുടെ നിലവിലുള്ള ഭാഗത്തു തന്നെ സ്വാഭാവിക നീതിക്ക് നിരക്കാത്ത ഒരെണ്ണം (ആര്‍ട്ടിക്കിള്‍ 31-സി) കണ്ടെത്തിയതിനാല്‍ അതുപോലും സാധുവല്ല. കാരണം ഭരണഘടനയ്ക്ക് പോലും അതിന്റെ പീഠികയിലെ സ്വാഭാവിക നീതിക്കു വിരുദ്ധമായി ഒന്നും ചെയ്യാനാകരുത്.
ബീഫ് നിരോധിച്ചപ്പോള്‍ ചെന്നൈയില്‍ ഹൈക്കോടതിക്കു മുന്നില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ അഭിഭാഷകര്‍ "ഞങ്ങള്‍ ഒരു നിയമവും ലംഘിക്കുന്നില്ല; സ്വാഭാവിക നീതിക്കു കടകവിരുദ്ധമായ ഒന്നും സാധുവായ നിയമമല്ല." എന്ന് പ്രഖ്യാപിച്ചത് എന്താണെന്ന് മനസ്സിലാവണമെങ്കില്‍ ഗൂഗിള്‍ സേര്‍ച്ച് മതിയാവില്ല എന്നു ചുരുക്കം.
[ചിത്രങ്ങള്‍ വിക്കിയില്‍ നിന്ന്, അനുമതി പ്രകാരം എടുത്തത്]
12-Mar-2015
No comments:
Post a Comment