Saturday, August 8, 2015

വ്യാക്കൂണ്‍ - 5

മലയാളി കൂണു റോസ്റ്റാണ് വ്യാക്കൂണ്‍ സീരീസിലെ ഈ എപ്പിഡോസില്‍. ഇതില്‍ വരുത്തിയ വത്യാസം എന്താണെന്നു വച്ചാല്‍ കുറച്ചു ഷീറ്റാക്കേ കൂണു കൂടി ചേര്‍ത്തു.  പാല്‍ക്കടല്‍ കടഞ്ഞപ്പോ കിട്ടിയ അമൃതൊന്നും ഷീറ്റാക്കേയുടെ അയലത്തു വരില്ലെന്നാണ് പുതിയ ഹൈപ്പ്. അതെന്തരോ; കൂണ് അങ്ങേയറ്റം ആരോഗ്യപ്രദമായ ഭക്ഷണമാണ്. ഓര്‍ഗന്‍ മീറ്റ് അങ്ങേയറ്റം അനാരോഗ്യപ്രദവും. ഷീറ്റാക്കേ കൂണിനു മട്ടണ്‍ ലിവറിന്റെ രുചിയാണ്. അപ്പോ നമ്മള്‍  മട്ടണ്‍ ലിവര്‍ റോസ്റ്റ് പോലെ ഇരിക്കുന്ന ഒരു കൂണു റോസ്റ്റ് ഉണ്ടാക്കാന്‍ പോകുന്നു. ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കുകയും ചെയ്യാം കക്ഷത്ത് ഇരിക്കുന്നത് വീഴുകയുമില്ല. ഞാന്‍ ഒരു സംഭവം ആണ് അല്ലേ?


ചേരുവക
  1. ബട്ടണ്‍ (സാധാരണ കൂണ് ) മഷ്റൂം 400 ഗ്രാം
  2. ഷീറ്റാക്കേ മഷ്റൂം 200 ഗ്രാം
  3. സവാള വലുതൊന്ന്
  4. ഇഞ്ചി
  5. വെളുത്തുള്ളി
  6. ഗരം മസാല - ഇടിച്ചത്  അല്പ്പം  & പൊടി അല്പ്പം
  7. മുളകുപൊടി
  8. മല്ലിപ്പൊടി
  9. മഞ്ഞള്‍പ്പൊടി
  10. വെളിച്ചെണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍
  11. കറിവേപ്പില
  12. തക്കാളി ഒന്ന്
  13. ഉപ്പ് ആവശ്യത്തിന്.

തയ്യാറാക്കല്‍
കൂണുകള്‍ കഴുകി ഇടത്തരം നീളന്‍ കഷണമായി അരിഞ്ഞു വയ്ക്കുക. തക്കാളി മൂന്നുനാലായി മുറിച്ചു വയ്ക്കുക. സവാള പൊളിച്ച് കനം കുറച്ച് അരിയുക. ഇഞ്ചി വെളുത്തുള്ളികള്‍ കൊത്തിയരിയുക.


പാചകം
ചീനച്ചട്ടി അടുപ്പില്‍ വച്ച് എണ്ണ ചൂടാക്കുക. ഇതില്‍ ഇഞ്ചി വെളുത്തുള്ളി ഇടിച്ച ഗരം മസാല എന്നിവ മൂപ്പിക്കുക. ശേഷം ഉള്ളിയും ചേര്‍ത്ത് വഴറ്റുക. വഴണ്ടു തുടങ്ങുമ്പോള്‍ പൊടികള്‍ എല്ലാം ഇട്ട് ഒന്നു മൂപ്പിക്കുക. എന്നിട്ട് കൂണും ചേര്‍ത്ത് ഒന്നു ചൂടാക്കുക. ഉപ്പ് തക്കാളി എന്നിവ കൂടി തട്ടി ചട്ടി മൂടി ചെറിയ ഫ്ലെയിമില്‍ വയ്ക്കുക. ബട്ടണ്‍ മഷ്റൂം നിറയെ വെള്ളം ആയതുകാരണം നിങ്ങള്‍ വെള്ളം ഒട്ടും ഒഴിച്ചില്ലെങ്കിലും ഒരു കറി പരുവം ആകുമെന്ന് ഇടയ്ക്ക് ചട്ടി തുറന്നു നോക്കിയാല്‍ കാണാം. ഈ വെള്ളം വറ്റി വരുമ്പോള്‍ വേണമെങ്കില്‍ ഉപ്പ്  പാകമാണോ എന്ന് ചെക്ക് ചെയ്യാം. വറ്റിക്കഴിഞ്ഞാല്‍ ചട്ടി തുറന്ന് കറിവേപ്പില കൂടി ചേര്‍ത്ത് സംഗതി വറ്റി വരണ്ട് റോസ്റ്റ് പരുവം ആകും വരെ ഇളക്കിക്കൊണ്ടിരിക്കുക .  ഷാപ്പു കറി സ്റ്റൈലിലെ നിങ്ങളുടെ മഷ്റൂം കൊണ്ടുള്ള മട്ടണ്‍ ലിവര്‍ റോസ്റ്റ് റെഡി. 


നോട്ടാബെനെ
ഷീറ്റാക്കേ മഷ്റൂം നല്ലതുപോലെ പാചകം ചെയ്തില്ലെങ്കില്‍ അപൂര്വ്വം ചിലര്‍ക്ക് അലെര്‍ജി ഉണ്ടാകും എന്നതിനാല്‍ ഇതു ചേര്‍ന്ന ഡിഷസ് ഒക്കെ നമ്മള്‍ ഇപ്പോള്‍ ചെയ്തതുപോലെ നല്ലതുപോലെ  വേവിക്കണം.


 സ്ഥിരം പല്ലവി
ഹെല്‍ത്ത് ഡയറ്റില്‍ ഉള്ളവര്‍ വെളിച്ചെണ്ണ ഒഴിവാക്കി സെറാമിക്ക് പാനില്‍ അല്പം വെള്ളത്തില്‍ വഴറ്റുക. എസ്സല്‍സ്റ്റൈന്‍ ഡയറ്റില്‍ ഉള്ളവര്‍ എണ്ണയ്ക്കു പകരം ബ്രാഗ്സ് അമിനോസ് ഉപയോഗിക്കുക, ഉപ്പ് യാതൊരു നിര്‍ബന്ധവും ആര്‍ക്കും ഇല്ലാത്ത വസ്തുവാകുന്നു.

25-Nov-2014

No comments:

Post a Comment