Showing posts with label Recipes. Show all posts
Showing posts with label Recipes. Show all posts

Saturday, August 8, 2015

വ്യാക്കൂണ്‍-3

കൂണുകളില്‍ നടത്തിയ മറ്റൊരു പരീക്ഷണം. ഇത്തവണ  തനി കേരളാ സ്റ്റൈല്‍. ചപ്പാത്തി, ഖുബ്സ്, ചോറ്, ബ്രെഡ് എന്തിന്റെയും കൂടെ ചേര്‍ന്നോളും.ഇതു ഫീഡ് ചെയ്യിച്ചവരില്‍ നിന്നും 100% നല്ല ഫീഡ്ബാക്ക് ആയിരുന്നു  എന്ന അഹങ്കാരത്തോടെ  പാചകക്കുറിപ്പ്.


ചേരുവകകള്‍
  1.  പോര്‍ട്ടോബെല്ലോ മഷ്റൂം  - വലുത് ഒന്ന്
  2. ഇനോക്കി മഷ്റൂം - ഒരു കെട്ട്
  3. ബട്ടണ്‍ മഷ്റൂം -  രണ്ട് കപ്പ്
  4. കാപ്സിക്കം - അര മുറി
  5. സവാള - രണ്ട്
  6. വെളുത്തുള്ളി- നാലഞ്ച് അല്ലി
  7. ഇഞ്ചി - ഒരു തുണ്ട്
  8. തക്കാളി - ഒന്ന്
  9. കറിവേപ്പില9. ഉപ്പ്
  10. മുളകുപൊടി
  11. മഞ്ഞള്‍ പൊടി
  12. വെജിറ്റബിള്‍ ബ്രോത്ത് ഒരു കപ്പ്
  13. ഉപ്പ്
  14. ഒലിവ് ഓയില്‍ 


തയ്യാറെടുപ്പ്
കൂണുകള്‍ , കാപ്സിക്കം, തക്കാളി ചെറിയ കഷണമായി മുറിക്കുക. സവാള കൊത്തിയരിയുക. വെളുത്തുള്ളിയും ഇഞ്ചിയും അരകല്ലില്‍ ചതയ്ക്കുക.
ഇനോക്കി, ബട്ടണ്‍, പോര്‍ട്ടോബെല്ലോ, സവാളഇനോക്കി, ബട്ടണ്‍, പോര്‍ട്ടോബെല്ലോ, സവാള

കാപ്സിക്കം,  തക്കാളികാപ്സിക്കം, തക്കാളി
പാചകം
വറചട്ടി ചൂടാക്കി ഒലിവോയില്‍ ഒരു സ്പൂണ്‍ ഒഴിച്ച് അതില്‍ സവാള, വെളുത്തുള്ളി ഇഞ്ചികള്‍ വഴറ്റുക.  അതിനു നിറം മാറി വരുമ്പോള്‍  തക്കാളി, കാപ്സിക്കം എന്നിവ കൂടി ചേര്‍ത്ത് വഴറ്റുക. ഇതില്‍ മുളകുമഞ്ഞളുകള്‍ ഉപ്പ് ചേര്‍ത്ത്  ഒരു പരുവത്തില്‍ ആയി കഴിയുമ്പോള്‍ കൂണുകള്‍ എല്ലാം  ഇട്ട് നല്ലതുപോലെ ഇളക്കി ചൂടാക്കുക. ശേഷം വെജിറ്റബിള്‍ ബ്രോത്ത് ഒഴിച്ച് മൂടി വയ്ക്കുക. ഇടയ്ക്ക് നല്ലതുപോലെ ഇളക്കുക. വെന്തു വരുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് കുറച്ചു നേരം കൂടി  ഇളക്കി വാങ്ങിവയ്ക്കാം.
സംഗതി റെഡിയായി. വരീ, ഇരീ, കഴീ.സംഗതി റെഡിയായി. വരീ, ഇരീ, കഴീ.

പിന്‍‌കുറിപ്പ്

  1. ഡോ. എസ്സല്‍സ്റ്റീന്‍ ഡയറ്റില്‍ ഉള്ളവര്‍ ഉപ്പ് ഒഴിവാക്കുക, എണ്ണയ്ക്കു പകരം ബ്രാഗ്'സ് ലിക്വിഡ് അനിമോസ് ചേര്‍ക്കാം അല്ലെങ്കില്‍ ഒരു സെറാമിക്ക് പാനില്‍ അല്പം വെള്ളം തളിച്ചു വഴറ്റാം.
  2. ടിപ്പിക്കല്‍ കേരളാ ബീഫ് കറി സ്റ്റൈല്‍ മണം ഇഷ്ടമല്ലാത്തവര്‍ക്ക് കറിവേപ്പിലയും മസാലയും ഒഴിവാക്കി അല്പ്പം സോയ് സോസ് ചേര്‍ക്കാം.
  3.  ഇത്തരം കൂണുകള്‍  കിട്ടാനില്ലാത്ത നാട്ടിലുള്ളവര്‍ ഏതെങ്കിലും ഇത്തിരി കടുപ്പമുള്ളതും ഉദാഹരണം ഷീറ്റാക്കേ ; പിന്നെ ലോലമായ ഒന്നും ഉദാഹരണം ചിപ്പിക്കൂണ് കൂടെ വച്ചും പണിയൊപ്പിക്കാം.
30-oct-2014

വ്യാക്കൂണ്‍ -4

ഇത്തവണ റഷ്യന്‍ വ്യാക്കൂണ്‍ ആണ്. മഷ്രൂം- കെയ്ല്‍ സ്റ്റ്രോഗനോഫ്.

സമ്പൂര്‍ണ്ണ പോഷണം ലഭിക്കാന്‍ വ്യാക്കൂണ്‍ -4

ബീഫിനെക്കാളും ഇരുമ്പും പാലിനെക്കാള്‍ കാത്സ്യവും, വൈറ്റമിനുകള്‍ കണ്ടമാനം,  പിന്നെ നമ്മുടെ ലവന്‍ - ലേറ്റസ്റ്റ് അമൃത് ഹൈപ്പ് ആയ സള്‍ഫോറാഫെയിന്‍  തുടങ്ങി പലതും അടങ്ങിയ ഒരു ഉത്തമ ഭക്ഷണം ആണ്കെയില്‍ .  കൂണാകട്ടെ, അര്‍ബുദം ചെറുക്കല്‍, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കല്‍ പൊട്ടാസ്യം, സെലീനിയം. "ചെമ്പ് പിച്ചള ഓട്ടുപാത്രം കസവുണ്ടോ  കസവേ!" എന്ന ആക്രിക്കാരുടെ വിളി ഘനീഭൂതമായ മറ്റൊരു സൂപ്പര്‍ ഫൂഡ്. രണ്ടിനും കാലറി തീരെക്കുറവ്. പോഷണം വളരെയേറെ. H= N/C (ആരോഗ്യം = പോഷണം/ കാലറി) എന്നാണ് ഈ കലാപരിപാടിയുടെ ആപ്തവാക്യം.

"സുന്ദരി നീയും സുന്ദരന്‍ ഞാനും ചേര്‍ന്നിരുന്നാല്‍ തിരുവോണം" എന്ന പാട്ടില്‍ നിന്നാണ് വ്യാക്കൂണ്‍ -4നു പ്രചോദനം ഉണ്ടായത്.ഇന്റര്‍നെറ്റു പാചകക്കുറിപ്പു സൈറ്റുകളില്‍ നിന്ന് അല്പ്പം കാര്യമായി മോഷണം നടത്തിയിട്ടുണ്ട്. "ഏകോകി മോഷണോ പോഷണസന്നിപാതേ നിമജ്ഞതി." എന്നാണല്ലോ അമര്‍‌സിംഗ് കോശങ്ങളെക്കുറിച്ച് വിരചിച്ചതില്‍. 

സ്റ്റ്രോഗന്‍ അടിച്ചു ഓഫ് ആകുന്നതിന്റെ സുഖം എന്താണെന്നു വച്ചാല്‍ ലോകം മുഴുവനുള്ള പാചകക്കാര്‍ പരീക്ഷിച്ചു പരീക്ഷിച്ച് ഒറിജിനല്‍ റഷ്യക്കാരിയുമായി പുലബന്ധം പോലും ഇല്ലാത്ത് പല പതിപ്പുകളും ഉണ്ടായി. ബി.ബി.സി ഫൂഡ് ഒരിക്കല്‍ എന്താണു ശരിക്കുള്ള സ്റ്റ്രോഗനോഫ് പാചകക്കുറിപ്പടി എന്ന് ഒരു ഗവേഷണം തന്നെ നടത്തി. കാര്യങ്ങള്‍ അങ്ങനെ ആയ സ്ഥിതിക്ക് ഒരു അവിയല്‍ വച്ചിട്ട് അത് മിക്സ്ഡ് വെജിറ്റബിള്‍ സ്റ്റ്രോഗനോഫ് ആണെന്നു അവകാശപ്പെട്ടാലും സമ്മതിച്ചു തന്നേ പറ്റൂ. ഞാന്‍ പക്ഷേ അത്ര വലിയ ദ്രോഹം ഒന്നും ചെയ്തിട്ടില്ല, സ്റ്റ്രോഗനോഫിന്റെ മൂലരുചിയായ സോര്‍ ക്രീമിനു പകരം ഞാന്‍ തേങ്ങാപ്പാലു ചേര്‍ത്തു. പാചകക്കാരനുമില്ലേ വ്യക്തി സ്വാതന്ത്ര്യം?

ചേരുവകകള്‍
  1. ബേബി ബേല കൂണ് - ആറ്. (ഇല്ലെങ്കില്‍ ബട്ടണ്‍ കൂണ് / പോര്‍ട്ടോബെലോ/ ജയന്റ്  ആനാലും പോതും)
  2. സ്കോട്ട് കെയില്‍ ഇല - ഒരു കെട്ട്.
  3. സവാള - വലുത് ഒന്ന്
  4. വെളുത്തുള്ളി - മൂന്ന് അല്ലി.
  5. മുളകുപൊടി - ഒരു റ്റീസ്പൂണ്‍ ( ശരിക്കും സ്മോക്ഡ് പെപ്രിക ആണു ചേര്‍ക്കേണ്ടത്. അത് ഇല്ലായിരുന്നു.)
  6. കടുക് - അര ടേബിള്‍ സ്പൂണ്‍.
  7. ഇഞ്ചി - ഒരു ചെറിയ കഷണം (ശരിക്കുള്ള സ്റ്റ്രോഗനോഫില്‍ ഇഞ്ചിയും മഞ്ഞളുമൊന്നുമില്ല, ഒരു രുചിക്ക് ഇരിക്കട്ടെന്ന്)
  8. വെജിറ്റബിള്‍ സ്റ്റോക്ക് - ഒരു കപ്പ്. തന്നെ ഉണ്ടാക്കാമെങ്കില്‍ ഉണ്ടാക്കിക്കോ, ഞാന്‍ ഒരു ക്യൂബ് മാഗി വെജിറ്റബിള്‍ സ്റ്റോക്ക് കലക്കിവച്ചു
  9. ഉപ്പ് - ഇഷ്ടത്തിന്.
  10. ഒലിവ് ഓയില്‍- ഒന്നര ടേബിള്‍ സ്പൂണ്‍.
  11. തേങ്ങാപ്പാല് - ഒരു കപ്പ്. (ശരിക്കുള്ള സ്റ്റ്രോഗനോഫില്‍ സോര്‍ ക്രീം ആണ്. അതിനു പകരം തേങ്ങാപ്പാലൊഴിച്ചാല്‍ സദാചാര പോലീസൊന്നും വരില്ലല്ലോ, ഉവ്വോ?)

തയ്യാറാക്കല്‍

കൂണ് കഴുകി ചെറുതായി മുറിക്കുക. കെയില്‍ ഇല കഴുകി തണ്ടു കളഞ്ഞ് ഒരിഞ്ചു വലിപ്പത്തില്‍ അരിഞ്ഞു വയ്ക്കുക. സവാള തൊലി കളഞ്ഞ് കഴുകി നീളത്തില്‍ കനം കുറച്ച് അരിയുക. വെളുത്തുള്ളി, കടുക്, ഇഞ്ചി എന്നിവ ഇടിച്ചു ഇഞ്ച ചതച്ച പരുവം ആക്കുക.

പാചകം

വറചട്ടി  എരിതീയിനു മുകളില്‍ വച്ച് എണ്ണ ചൂടാക്കുക. അതില്‍ വെളുത്തുള്ളി-കടുകിഞ്ച്യാദി ലേഹ്യം, സവാള എന്നിവ വഴറ്റുക. വഴണ്ടുതുടങ്ങുമ്പോള്‍ മുളകുപൊടി ചേര്‍ക്കുക, ഉപ്പ് ആവശ്യമെങ്കില്‍ (സൂക്ഷിക്കുക, നിങ്ങളുടെ ടൂത്ത്‌പേസ്റ്റില്‍ മാത്രമല്ല, മാഗി വെജിറ്റബിള്‍ സ്റ്റോക്കിലും ഉപ്പുണ്ട്, അപ്പുക്കുട്ടാ ഓവര്‍ ആക്കല്ലേടേ.) ചേര്‍ത്തോ.

ഇനി കൂണ്, കെയില്‍ ഇല എന്നിവ ചേര്‍ത്ത് ഇളക്കി വഴറ്റുക.  വെജിറ്റബിള്‍ സ്റ്റോക്കും ചേര്‍ത്ത് സംഗതി ഇടയ്ക്ക് ഇളക്കി മൂടിവച്ച് പാചകം ചെയ്യുക. വെന്തു വരുമ്പോള്‍ തേങ്ങാപ്പാലും ചേര്‍ക്കുക. സ്വാദിഷ്ഠമായ മഷ്രൂം-കെയില്‍ സ്റ്റ്രോഗനോഫ് റെഡി.


ഉപഭോജ്യം 

പാസ്റ്റയ്ക്കും ഫ്രൈഡ് റൈസിനും ടോപ്പിങ്ങ് ആയി കഴിക്കാം , ചോറിനു കറിയായി കഴിക്കാം. സ്മിര്‍ണോഫിനു ടച്ചിങ്ങ് ആയും മഷ്‌റൂം കെയില്‍ സ്റ്റോഗനോഫ്  ഉപയോഗിക്കാം.


ഭേദഗതി
  1. ഹെല്‍ത്ത് ഡയറ്റില്‍ ഉള്ളവര്‍ ഒലിവെണ്ണയ്ക്കു പകരം ബ്രാഗ്'സ് ലിക്വിഡ് അമിനോസ് ഉപയോഗിക്കുക. ഇല്ലെങ്കില്‍ സെറാമിക്ക് പാനില്‍ പച്ച വെള്ളം തളിച്ചും തീഷ്ണകാണ്ഡാദികള്‍ വഴറ്റാം. 
  2. എസ്സെല്‍സ്റ്റൈന്‍ ഹാര്‍ട്ട് ഡിസീസ് റിവേര്‍സല്‍ ഡയറ്റില്‍ ഉള്ളവര്‍ മേലേ പറഞ്ഞ ഭേദഗതിക്കു പുറമേ മാഗി പ്രയോഗിക്കുന്നതിനു പകരം പുസ്തകത്തില്‍ ഉള്ളതുപോലെ വെജിറ്റബിള്‍ സ്റ്റോക്ക് സ്വയം ഉണ്ടാക്കി കോരി തേവിനെടേ. മാത്രമല്ല, തേങ്ങാപ്പാലിനു പകരം റൈസ് മില്‍ക്ക് ഒഴിച്ചോളുക, ഇല്ലേല്‍ ഒന്നും ഒഴിക്കണ്ടാ.
  3. ഇനി ഇതിലും കഠിനമായ വല്ല ഡയറ്റിലും ആണെങ്കില്‍ നിങ്ങള്‍ ഇതുണ്ടാക്കണ്ടാ എന്നങ്ങു വച്ചാല്‍ മതി, എനിക്ക് ഒരു പ്രശ്നവും ഇല്ല.
11-Nov-2014

വ്യാക്കൂണ്‍ - 5

മലയാളി കൂണു റോസ്റ്റാണ് വ്യാക്കൂണ്‍ സീരീസിലെ ഈ എപ്പിഡോസില്‍. ഇതില്‍ വരുത്തിയ വത്യാസം എന്താണെന്നു വച്ചാല്‍ കുറച്ചു ഷീറ്റാക്കേ കൂണു കൂടി ചേര്‍ത്തു.  പാല്‍ക്കടല്‍ കടഞ്ഞപ്പോ കിട്ടിയ അമൃതൊന്നും ഷീറ്റാക്കേയുടെ അയലത്തു വരില്ലെന്നാണ് പുതിയ ഹൈപ്പ്. അതെന്തരോ; കൂണ് അങ്ങേയറ്റം ആരോഗ്യപ്രദമായ ഭക്ഷണമാണ്. ഓര്‍ഗന്‍ മീറ്റ് അങ്ങേയറ്റം അനാരോഗ്യപ്രദവും. ഷീറ്റാക്കേ കൂണിനു മട്ടണ്‍ ലിവറിന്റെ രുചിയാണ്. അപ്പോ നമ്മള്‍  മട്ടണ്‍ ലിവര്‍ റോസ്റ്റ് പോലെ ഇരിക്കുന്ന ഒരു കൂണു റോസ്റ്റ് ഉണ്ടാക്കാന്‍ പോകുന്നു. ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കുകയും ചെയ്യാം കക്ഷത്ത് ഇരിക്കുന്നത് വീഴുകയുമില്ല. ഞാന്‍ ഒരു സംഭവം ആണ് അല്ലേ?


ചേരുവക
  1. ബട്ടണ്‍ (സാധാരണ കൂണ് ) മഷ്റൂം 400 ഗ്രാം
  2. ഷീറ്റാക്കേ മഷ്റൂം 200 ഗ്രാം
  3. സവാള വലുതൊന്ന്
  4. ഇഞ്ചി
  5. വെളുത്തുള്ളി
  6. ഗരം മസാല - ഇടിച്ചത്  അല്പ്പം  & പൊടി അല്പ്പം
  7. മുളകുപൊടി
  8. മല്ലിപ്പൊടി
  9. മഞ്ഞള്‍പ്പൊടി
  10. വെളിച്ചെണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍
  11. കറിവേപ്പില
  12. തക്കാളി ഒന്ന്
  13. ഉപ്പ് ആവശ്യത്തിന്.

തയ്യാറാക്കല്‍
കൂണുകള്‍ കഴുകി ഇടത്തരം നീളന്‍ കഷണമായി അരിഞ്ഞു വയ്ക്കുക. തക്കാളി മൂന്നുനാലായി മുറിച്ചു വയ്ക്കുക. സവാള പൊളിച്ച് കനം കുറച്ച് അരിയുക. ഇഞ്ചി വെളുത്തുള്ളികള്‍ കൊത്തിയരിയുക.


പാചകം
ചീനച്ചട്ടി അടുപ്പില്‍ വച്ച് എണ്ണ ചൂടാക്കുക. ഇതില്‍ ഇഞ്ചി വെളുത്തുള്ളി ഇടിച്ച ഗരം മസാല എന്നിവ മൂപ്പിക്കുക. ശേഷം ഉള്ളിയും ചേര്‍ത്ത് വഴറ്റുക. വഴണ്ടു തുടങ്ങുമ്പോള്‍ പൊടികള്‍ എല്ലാം ഇട്ട് ഒന്നു മൂപ്പിക്കുക. എന്നിട്ട് കൂണും ചേര്‍ത്ത് ഒന്നു ചൂടാക്കുക. ഉപ്പ് തക്കാളി എന്നിവ കൂടി തട്ടി ചട്ടി മൂടി ചെറിയ ഫ്ലെയിമില്‍ വയ്ക്കുക. ബട്ടണ്‍ മഷ്റൂം നിറയെ വെള്ളം ആയതുകാരണം നിങ്ങള്‍ വെള്ളം ഒട്ടും ഒഴിച്ചില്ലെങ്കിലും ഒരു കറി പരുവം ആകുമെന്ന് ഇടയ്ക്ക് ചട്ടി തുറന്നു നോക്കിയാല്‍ കാണാം. ഈ വെള്ളം വറ്റി വരുമ്പോള്‍ വേണമെങ്കില്‍ ഉപ്പ്  പാകമാണോ എന്ന് ചെക്ക് ചെയ്യാം. വറ്റിക്കഴിഞ്ഞാല്‍ ചട്ടി തുറന്ന് കറിവേപ്പില കൂടി ചേര്‍ത്ത് സംഗതി വറ്റി വരണ്ട് റോസ്റ്റ് പരുവം ആകും വരെ ഇളക്കിക്കൊണ്ടിരിക്കുക .  ഷാപ്പു കറി സ്റ്റൈലിലെ നിങ്ങളുടെ മഷ്റൂം കൊണ്ടുള്ള മട്ടണ്‍ ലിവര്‍ റോസ്റ്റ് റെഡി. 


നോട്ടാബെനെ
ഷീറ്റാക്കേ മഷ്റൂം നല്ലതുപോലെ പാചകം ചെയ്തില്ലെങ്കില്‍ അപൂര്വ്വം ചിലര്‍ക്ക് അലെര്‍ജി ഉണ്ടാകും എന്നതിനാല്‍ ഇതു ചേര്‍ന്ന ഡിഷസ് ഒക്കെ നമ്മള്‍ ഇപ്പോള്‍ ചെയ്തതുപോലെ നല്ലതുപോലെ  വേവിക്കണം.


 സ്ഥിരം പല്ലവി
ഹെല്‍ത്ത് ഡയറ്റില്‍ ഉള്ളവര്‍ വെളിച്ചെണ്ണ ഒഴിവാക്കി സെറാമിക്ക് പാനില്‍ അല്പം വെള്ളത്തില്‍ വഴറ്റുക. എസ്സല്‍സ്റ്റൈന്‍ ഡയറ്റില്‍ ഉള്ളവര്‍ എണ്ണയ്ക്കു പകരം ബ്രാഗ്സ് അമിനോസ് ഉപയോഗിക്കുക, ഉപ്പ് യാതൊരു നിര്‍ബന്ധവും ആര്‍ക്കും ഇല്ലാത്ത വസ്തുവാകുന്നു.

25-Nov-2014