"വഴിയേ ഒരു സുന്ദരിപ്പെണ്ണ് നടന്നു പോകുമ്പോള്‍ ഒന്നു സൂക്ഷിച്ചു നോക്കുക, നിര്‍ദ്ദോഷമായൊരു ഫലിതം അവളെക്കുറിച്ചു പറയുക, ഇതൊക്കെ അത്ര വലിയ തെറ്റാണോ?" ഒരാള്‍ ചോദിച്ച ചോദ്യമാണ്.
മലയാളിയുടെയും ഇന്ത്യക്കാരുടെ ആകെയും പൊതുബോധത്തില്‍ കടന്നു കൂടിയിട്ടുള്ള ഒരു തെറ്റായ സങ്കല്പ്പം ആണിത്. അതുകൊണ്ടാണല്ലോ ഇവരെ പൂവാലന്‍, ഈവ് ടീസര്‍ എന്നൊക്കെ വാത്സ്യല്യം പുരണ്ട പട്ടങ്ങള്‍ നല്‍കി ആദരിക്കുന്നത്.
ഒരു വ്യക്തിയുടെ ലൈംഗിക വൈകൃതങ്ങള്‍ മറ്റൊരു വ്യക്തിക്ക് ശാരീരികമോ മാനസികമോ ആയ പീഡനം ഏല്പ്പിക്കുന്നെങ്കില്‍ അവയെ ലൈംഗിക കുറ്റം എന്നു വിളിക്കും. അതു ചെയ്യുന്നയാളെ കുറ്റവാളി എന്നും. ലൈംഗിക കുറ്റങ്ങള്‍ നിരവധി തരമുണ്ട്- സ്ത്രീകളെ കയറി പിടിക്കല്‍, ബലാത്സംഗം ചെയ്യല്‍, അശ്ലീലം വിളിച്ചു പറയല്‍, ഇഷ്ടമില്ലാത്ത ഒരാളിന്റെ മുന്നില്‍ നഗ്നത കാണിക്കല്‍, കുട്ടിളോട് ലൈംഗികാകര്‍ഷണം തോന്നല്‍, ഇഷ്ടപ്പെട്ടയാളിനെ മുറിവേല്പ്പിക്കല്‍ തുടങ്ങി ഒട്ടേറെ.
ഇവയെല്ലാം പരസ്പരബന്ധമില്ലാത്ത വൈകല്യങ്ങളാണെന്നായിരുന്നു പൂര്വ്വകാല ക്രിമിനോളജിസ്റ്റുകള്‍ കരുതിപ്പോന്നത് . കൊലപാതകി ഒരു തരം കുറ്റവാളി, കൈക്കൂലിക്കാരന്‍ അതുമായി ബന്ധമില്ലാത്ത തരം കുറ്റം ചെയ്യുന്ന ആള്‍ എന്നതുപോലെ. പ്രശസ്ത സെക്സോളജിസ്റ്റ് കര്‍ട്ട് ഫ്രണ്ട് ആണ് ഇവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി ഒരു സിദ്ധാന്തം അവതരിപ്പിച്ചത്.
ഫ്രണ്ട് ലൈംഗിക വൃത്തിയെ നാലു ഘട്ടങ്ങളായി വിഭജിച്ചു. 1.അന്വേഷണ ഘട്ടം - ഈ ഘട്ടത്തില്‍ സ്ത്രീപുരുഷന്മാര്‍ എവിടെയെങ്കില്‍ം പരസ്പരം കാണുകയും അവര്‍ ഇഷ്ടപ്പെടുകയും ചെയ്യും. 2. സ്പര്‍ശനപൂര്‍വ്വ ലീലാഘട്ടം - അവര്‍ പരസ്പരം ഇഷ്ടം വാക്കുകളിലോ നോട്ടത്തിലോ സന്ദേശങ്ങളിലോ കൈമാറും. 3. സ്പര്‍ശന ലീലാഘട്ടം- അവര്‍ ചുംബിക്കുകയും പരസ്പരം ശാരീരിക ലാളനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും 4. സംഭോഗ ഘട്ടം- അവര്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടും. ഫ്രണ്ട് ഈ നാലു ഘട്ടങ്ങളിലെയും ലൈംഗിക കുറ്റങ്ങള്‍ കണ്ടെത്തി അവയെ പട്ടിക ചേര്‍ത്തു.

ആദ്യമൂന്നു ലീലാഘട്ടങ്ങളും തീര്‍ത്തും ഇല്ലാത്തതോ വികലമായതോ ആയ വ്യക്തിയുടെ ലൈംഗിക വൃത്തി പാരഫീലിയക് റേപ്പ് എന്ന തരം ബലാത്സംഗം ആയി മാറുന്നു. (പ്രത്യേകം ശ്രദ്ധിക്കുക, ഇതൊരു ന്യൂനപക്ഷ ബലാത്സംഗം മാത്രമാണ്. മഹാഭൂരിപക്ഷം ബലാത്സംഗവും ചെയ്യുന്നത് കുറ്റവാളിയുടെ ലൈംഗിക സംതൃപ്തിക്കല്ല, മറിച്ച് ആക്രമിച്ചു മുറിവേല്പ്പിക്കുകയും തകര്‍ക്കുകയും ചെയ്യുന്നതിലെ ക്രൂര സംതൃപ്തിക്കാണ്)
ഇത്തരം വിവിധ ലൈംഗിക കുറ്റങ്ങള്‍ ചെയ്ത ആളുകളെ കണ്ടെത്തി ഫ്രണ്ട് ഒന്നു ചെയ്തിട്ടുള്ള ആള്‍ മറ്റൊന്ന് ചെയ്തിട്ടുണ്ടോ എന്ന് പഠിച്ചു. അദ്ദേഹത്തിന്റെ ഗവേഷണ ഫലം ഇങ്ങനെ ആയിരുന്നു (ചുരുക്കിയ രൂപം)

ഒരു ലൈംഗിക കുറ്റം ചെയ്തയാള്‍ അടുത്തതും ചെയ്യാനുള്ള അഭേദ്യമായ ബന്ധം സ്ഥാപിച്ച ഫ്രണ്ട് അങ്ങനെ അവയെല്ലാം ഒരേതരം കുറ്റമാണെന്ന് സ്ഥാപിച്ചു. അതിനെ അദ്ദേഹം മൊത്തത്തില്‍ കാമലീലാ വൈകല്യം (കോര്‍ട്ട്ഷിപ്പ് ഡിസോര്‍ഡര്‍) എന്ന ഒറ്റ വിഭാഗം കുറ്റം എന്നും വിളിച്ചു. ലോകത്തെ പ്രമുഖ ക്രിമിനോളജിസ്റ്റുകള്‍ കോര്‍ട്ടിഷിപ്പ് ഡിസോര്‍ഡര്‍ എന്നതിനെ അംഗീകരിക്കുകയും ചെയ്തു.
കലുങ്കിലിരുന്ന് കമന്റ് പറയുന്നവന്‍ പൂവാലനല്ല, കോര്‍ട്ട്ഷിപ്പ് ഡിസോര്‍ഡര്‍ ഉള്ള ലൈംഗിക കുറ്റവാളിയാണ്. അവന്‍ മറ്റു കൊടിയ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടാവും, അല്ലെങ്കില്‍ ചെയ്തേക്കും. കമന്റടി നിര്‍ദ്ദോഷമാണെന്നു വാദിക്കുന്ന വാരികകളും ഒളിഞ്ഞു നോട്ടം ഫലിതമാകുന്ന സിനിമകളും ചേര്‍ന്ന് പൊതുബോധത്തില്‍ വന്‍ പിഴവുകള്‍ വരുത്തിയതിന്റെ ഫലമാണ് പൂവാലന്‍ എന്ന പേരു തന്നെ. വാടകക്കൊലയാളിയെ ക്വട്ടേഷന്‍ പാര്‍ട്ടി എന്ന ചെല്ലപ്പേരു കൊടുത്ത് അംഗീകരിക്കും പോലെ.
04-feb-2014
No comments:
Post a Comment