Saturday, August 8, 2015

ഇടതുപക്ഷം കമ്പ്യൂട്ടറിനെ ഭയന്നിരുന്നോ? എന്ന്?

എലിയും... അല്ലേ വേണ്ട. മാങ്ങാണ്ടീം മരമഞ്ഞളും തിരിച്ചറിയാന്‍ കഴിവില്ലാത്ത ചിലര്‍ ആദ്യം സി പി എം കമ്പ്യൂട്ടര്‍‌വത്കരണത്തെ എതിര്‍ത്തു പിന്നെ നയം തിരുത്തി അനുകൂലിച്ചു എന്നൊക്കെ പുലമ്പിക്കൊണ്ട് വരാറുണ്ട്. അറിവുകേട് ഒരു തെറ്റല്ല, പക്ഷേ തെറ്റാണു ശരി എന്നു വാദിച്ചുകൊണ്ട് വന്നാലോ?
1966ഇല്‍ എല്‍ ഐ സി തങ്ങളുടെ സ്ഥാപനങ്ങളെ കമ്പ്യൂട്ടര്‍‌വത്കരിക്കാന്‍ ശ്രമിച്ചു. ഇടത് ട്രേഡ് യൂണിയനുകള്‍ ഇത് തങ്ങളുടെ ജോലിക്കുള്ള അവകാശം നിഷേധിക്കലാണെന്ന് പറഞ്ഞ് ദീര്‍ഘകാലം സമരം ചെയ്തു. ഇതിന്റെ ഏറിയോ കുറഞ്ഞോ ഉള്ള അലകള്‍ പലയിടത്തും ഉണ്ടായി. പതുക്കെ പതുക്കെ അത് ഇല്ലാതെയുമായി.
കമ്പ്യൂട്ടര്‍‌വത്കരണം എന്നു പറഞ്ഞാല്‍ എന്താണെന്നല്ലാതെ എന്തായിരുന്നു എന്ന് അറിയാത്തവര്‍ക്ക് ഇതൊരു ശരികേടായി തോന്നും. എന്നാല്‍ അന്നത്തെ സര്‍ക്കാരിന് അത് തോന്നിയില്ല എന്നതില്‍ തന്നെ എന്തോ ഒരു കഴമ്പുണ്ട് എന്ന് തോന്നുന്നില്ലേ?
സമരം തുടങ്ങിയപ്പോള്‍ പ്രതികരിച്ചില്ലെങ്കിലും മൂത്തപ്പോള്‍ ഇന്ത്യാ ഗവണ്മെന്റ് കാര്യം പഠിക്കാനായി ആദ്യം ആര്‍ വെങ്കിട്ടരാമനെയും പിന്നീട് വി. എം ദണ്ഡേക്കറെയും ചെയര്‍മാനാക്കി കമ്മിറ്റീ ഫോര്‍ ഓട്ടോമേഷന്‍ ഉണ്ടാക്കി. 1972ഇല്‍ ദണ്ഡേക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ കമ്പ്യൂട്ടര്‍‌വത്കരണം നടത്തും മുന്നേ ട്രേഡ് യൂണിയനുകളുമായി പദ്ധതി ചര്‍ച്ച ചെയ്ത് തീരുമാനം ആകണം എന്നു നിര്‍ദ്ദേശിച്ചു. സമരത്തിന്റെ വിജയമായിരുന്നു ഇതെന്ന് കണക്കാക്കാം.
എന്തുകൊണ്ട് ദണ്ഡേക്കര്‍ കമ്മിറ്റി അന്ന് അങ്ങനെ നിര്‍ദ്ദേശിച്ചു? ഇന്ത്യയില്‍ അന്നു നടന്നുവന്നിരുന്ന കമ്പ്യൂട്ടര്‍‌വത്കരണം പ്രധാനമായും IBM 1401 ഉപയോഗിച്ച് പേറോള്‍, ഇന്‍‌വെന്ററി ജോലികളിലെ മനുഷ്യാധ്വാനം ഒഴിവാക്കല്‍ മാത്രമായിരുന്നു, അല്ലാതെ നാം ഇന്ന് അറിയുന്നതുപോലെ പ്രൊഡക്റ്റീവിറ്റിയും എഫിഷ്യന്‍സിയും കൂട്ടുന്ന ഓട്ടോമേഷന്‍ പ്രോസസ് ആയിരുന്നില്ല. [ഹിസ്റ്ററി ഓഫ് കമ്പ്യൂട്ടിങ്ങ് ഇന്‍ ഇന്ത്യ - വി രാജാരാമന്‍ ( സൂപ്പര്‍‌കമ്പ്യൂട്ടര്‍ എജ്യൂക്കേഷന്‍ & റിസേര്‍ച്ച് സെന്റര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പ്രസിദ്ധീകരണം) പേജ് 23.] തുടര്‍ന്ന് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയും ലോങ്ങ് ടേമിലേ കമ്പ്യൂട്ടര്‍‌വത്കരണത്തിന്റെ ഫലം ലഭിക്കൂ, അതിനാല്‍ ഷോര്‍ട്ട് ടേല്‍ തൊഴില്‍ നഷ്ടങ്ങള്‍ അതീവശ്രദ്ധയോടെ പരിഹരിക്കണം എന്ന നിലപാട് 1975ഇല്‍ വ്യക്തമാക്കി.
എന്നാള്‍ 1978 മുതല്‍ 1991 വരെയുള്ള കാലം സര്‍ക്കാര്‍ പോളിസികളിലും കമ്പ്യൂട്ടര്‍ വത്കരണത്തിന്റെ അടിസ്ഥാനോദ്ദേശ്യങ്ങളിലും തന്നെ വത്യാസം വന്നതോടെ പൊതുബോധത്തിലും അതിന്റേതായ മാറ്റം ഉണ്ടായി. ശേഷം വന്ന കമ്പ്യൂട്ടര്‍ യുഗത്തില്‍ അതു തന്നെ ഒരു തൊഴില്‍ മേഖലയായി ഇന്ത്യയില്‍ രൂപപ്പെട്ടു. (മേലേ പറഞ്ഞ പുസ്തകത്തില്‍ വിവിധ ഭാഗങ്ങളിലായി)
സംഗതി വ്യക്തമായോ? ഇല്ലെങ്കില്‍ ഒരു ക്വോട്ട്: " കമ്യൂണിസ്റ്റ് പാര്‍ട്ടി ടെക്നോളജിയെ എതിര്‍ത്തിട്ടില്ല, എതിര്‍ക്കാന്‍ കഴിയുകയുമില്ല. ടെക്നോളജി പുരോഗമിക്കുന്നതിനനുസരുച്ച് ഉത്പാദന ക്ഷമത വര്‍ദ്ധിക്കുകയും അതുവഴി സാമ്പത്തിക വികസനം എളുപ്പമാകുകയും ചെയ്യും. എന്നാല്‍ ഇതിനു പകരം തൊഴില്‍ നിഷേധം വഴിയുള്ള ലാഭവര്‍ദ്ധനയ്ക്ക് മാത്രമായി ടെക്നോളജിയെ ഉപയോഗിച്ചകാലം അതിനെതിരേ സമരം ചെയ്തു. അത് ന്യായമായിരുന്നെന്ന് തന്നെ ഇന്നും പറയുന്നു." ഹിമാന്‍ഷു റോയി- പീപ്പിള്‍സ് ഡെമോക്രസി ഒക്റ്റോബര്‍ 2003 പതിപ്പില്‍.
[കാര്യം അറിയേണ്ടവര്‍ക്ക് ഗവേഷണ പുസ്തകങ്ങള്‍ വായിക്കാം, കാര്യം അറിയേണ്ടാത്തവര്‍ക്ക് സിനിമാ കണ്ട് അതാണു ചരിത്രം എന്നു കരുതി നടക്കാം.]
19-Nov-2013

1 comment:

  1. "തൊഴിലെത്തിക്കൂ കൈകളിലാദ്യം എന്നിട്ടാകാം കമ്പ്യൂട്ടര്‍" എന്നായിരുന്നു സമര മുദ്രാവാക്യം. അതില്‍ നിന്നു തന്നെ സമരത്തിന്‍റെ ഉദ്ദെശം വ്യക്തമാണ്.

    ReplyDelete