Saturday, August 8, 2015

ലൈംഗിക കുറ്റങ്ങളും സമൂഹവും

ആദ്യഭാഗത്തോടുള്ള പ്രതികരണത്തില്‍ പലരും  ലൈംഗിക കുറ്റകൃത്യത്തില്‍ സമൂഹത്തിനുള്ള പങ്കിനെപ്പറ്റി പരാമര്‍ശിച്ചിരുന്നു. തീര്‍ച്ചയായും ശരിയാണത്. മറ്റെല്ലാ കുറ്റകൃത്യങ്ങളുടെ കാര്യത്തിലെന്നതുപോലെ ലൈംഗിക കുറ്റങ്ങളുടെ കാര്യത്തിലും സമൂഹത്തിന്റെ പങ്ക് വളരെ വലുതാണ്. ചിലയിടങ്ങളില്‍  ലൈംഗിക കുറ്റങ്ങള്‍ വളരെ കൂടുതലാണെന്നതും ചിലയിടങ്ങളില്‍ തീരെ കുറവാണെന്നതും തന്നെ അതിന്റെ തെളിവും.

കുറ്റവാളികളാകാത്ത പൗരന്മാരെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ സഞ്ചിത താല്പര്യമാണ്. അതെങ്ങനെ പാഠ്യപദ്ധതിയിലൂടെ സാധിക്കാം എന്നതിനെപ്പറ്റി ബെക്കി മോണ്‍ഗോമെറി, കാത്തി പീറ്റേര്‍സണ്‍, സ്യൂ സാറ്റെല്‍, സൂസന്‍ സ്റ്റ്രോസ് എന്നിവര്‍ ചേര്‍ന്ന് എഴുതിയ പുസ്തകം ആണ് "ഗേള്‍സ് & ബോയ്സ് ഗെറ്റിങ്ങ് എലോങ്ങ്- റ്റീച്ചിങ് പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹറാസ്മെന്റ് ഇന്‍ സ്കൂള്‍സ്". ഈ പുസ്തകം ലൈംഗിക കുറ്റകൃത്യങ്ങളെയും  കുട്ടിക്കാലത്തേ അവ ചെയ്യാനുള്ള വാസന ഇല്ലാതെയാക്കുന്നതിനെയും കുറിച്ച് വളരെ വിലപ്പെട്ട  അറിവുകള്‍ തരുന്നു.


1. ലൈംഗികതയും കുറ്റകൃത്യവും
ഫ്ലേര്‍ട്ടിങ്ങ് (ശൃംഗാരം എന്നതാണ് എനിക്കു അടുത്തു കിട്ടിയ മലയാളം വാക്ക്) സെക്‌ഷ്വല്‍ ഹറാസ്മെന്റ് (ലൈംഗിക പീഡനം എന്ന് മലയാളം അര്‍ത്ഥം, പത്രങ്ങള്‍ ഈയിടെയായി ബലാത്സംഗം എന്നതിനു പകരം ലൈംഗിക പീഡനം എന്ന് ഉപയോഗിച്ച് ഇതിന്റെ പ്രയോഗാര്‍ത്ഥം മാറ്റിയെടുക്കുന്നു) തമ്മിലുള്ള അതിര്‍‌വരമ്പ്  പട്ടികയിട്ട് ഇന്നത് ശൃംഗാരം ഇന്നത് ലൈംഗിക പീഡനം എന്നു തിരിക്കാനാവില്ല, കാരണം അത് വൈയക്തികവും സാന്ദര്‍ഭികവുമാണ്. എന്നാല്‍ ഇതിനെ വിഭജിക്കാന്‍ മാനദണ്ഡങ്ങള്‍ ഗ്രന്ഥകര്‍ത്താക്കള്‍  തരുന്നു.

ഒരു വാക്കോ  പ്രവൃത്തിയോ ശൃംഗാരമോ  പീഡനമോ എന്നത് അത് ആര്‍ അനുഭവിക്കുന്നോ ആ വ്യക്തിക്ക് എങ്ങനെ തോന്നുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.  ശൃംഗാരത്തില്‍ പാരസ്യ്പര്യമുണ്ട്,   അനുഭവിക്കുന്ന ആളിനും സംതൃപ്തിയാണ്. തന്നെപ്പറ്റി മതിപ്പു കൂടുകയും താന്‍ അംഗീകരിക്കപ്പെട്ടെന്നോ അഭിനന്ദിക്കപ്പെട്ടെന്നോ തോന്നുകയും  ചെയ്യും. ലൈംഗിക പീഡനത്തിലാകട്ടെ,  പാരസ്പര്യമില്ല, അനുഭവിക്കുന്ന ആളിനു താന്‍ അവഹേളിക്കപ്പെട്ടെന്നോ മുറിവേല്പ്പിക്കപ്പെട്ടെന്നോ അപമാനിക്കപ്പെട്ടെന്നോ തോന്നുന്നു. അനുഭവിക്കുന്നയാളിനു മൊത്തത്തില്‍ സ്വയം ഉള്ള മതിപ്പ് കുറയുന്നു.


2. ലൈംഗിക കുറ്റവാളി ജനിക്കുന്നത് തടയാമോ?
ലൈംഗിക വിദ്യാഭ്യാസം  ലൈംഗിക വൃത്തിയെക്കുറിച്ചുള്ള പാഠങ്ങളാണ്. ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പാഠങ്ങള്‍ മറ്റൊരു തലത്തിലാണ്.   കുട്ടി പഠിച്ചു തുടങ്ങുന്നതു മുതല്‍  ആറാം ക്ലാസ് എത്തുമ്പോഴേക്ക് ലൈംഗിക കുറ്റങ്ങള്‍ ചെയ്യാനുള്ള വാസന ഇല്ലാതെയാക്കുന്ന പദ്ധതിയാണ്  ഗ്രന്ഥകര്‍ത്താക്കള്‍ മുന്നോട്ട് വയ്ക്കുന്നത്.

ലൈംഗികത തന്നെ എന്തെന്ന് വ്യക്തതയൊന്നുമില്ലാത്ത,  ഒരു  നഴ്സറിക്കുട്ടിയെ ലൈംഗിക കുറ്റങ്ങളെക്കുറിച്ച് എന്ത് പഠിപ്പിക്കും?

 ഏറ്റവും വലിയ പാഠങ്ങള്‍ അവിടെയാണു പഠിപ്പിക്കേണ്ടത് എന്ന് പുസ്തകം പറയുന്നു. ലൈംഗിക കുറ്റം  വിവേചത്തില്‍ നിന്നാണ് ഉടലെടുക്കുന്നത്, ബഹുമാനമില്ലായ്മയില്‍ നിന്നാണ് ഉടലെടുക്കുന്നത്,  അന്തസ്സില്ലായ്മയില്‍ നിന്നാണ് ഉടലെടുക്കുന്നത്, സ്വമത്വബോധമില്ലായ്മയില്‍ നിന്നാണ് ഉടലെടുക്കുന്നത്.

3. ലൈംഗിക വിവേചനം 
ലിംഗപരമായ മുദ്രാഫലകങ്ങള്‍ സമൂഹത്തില്‍ പരക്കെയുണ്ട്, കുട്ടികള്‍ അത് എവിടെയെങ്കിലും നിന്ന്  കണ്ട് "അമ്മമാരാണ് കുട്ടികളെ കുളിപ്പിക്കുന്നത്" , "അച്ഛന്മാര്‍ ജോലിക്കു പോകും, അമ്മമാര്‍ പാചകം ചെയ്യും" , "പെണ്‍‌കുട്ടികള്‍ എപ്പോഴും കരയും" , "ആണ്‍ കുട്ടികള്‍ ഇടികൂടും""ആണ്‍ പിള്ളേര്‍ എല്ലാവരും ചീത്തയാണ്" തുടങ്ങിയ പൊതു നിരീക്ഷണങ്ങള്‍ നടത്തിയാല്‍ ചില  വീട്ടില്‍ അമ്മമാരും ചില വീട്ടില്‍ അച്ഛന്മാരും കുട്ടികളെ കുളിപ്പിക്കും, ചിലപ്പോള്‍ മാറി മാറി ചെയ്യും.  അച്ഛനും അമ്മയും ജോലിക്കു പോകുന്ന വീടുകളും അച്ഛന്‍ മാത്രം ജോലിക്കു പോകുന്ന വീടുകളും അച്ഛനു ജോലിയില്ലാത്ത വീടുകളും ഇരുവര്‍ക്കും ജോലി ഇല്ലാത്ത വീടുകളും ഒക്കെയുണ്ട്. ചില കുട്ടികള്‍ കൂടുതല്‍ കരയും, ചില ആണ്‍‌കുട്ടികളും ചില പെണ്‍കുട്ടികളും ചീത്തക്കാര്യങ്ങള്‍ ചെയ്യും എന്ന് തിരുത്തി  ലിംഗപരമായ വിവേചന ബോധം അദ്ധ്യാപര്‍ക്ക് കുട്ടികളില്‍ നിന്ന് മാറ്റാന്‍ കഴിയും. ക്ലാസ്സില്‍ ആണ്‍‌കുട്ടികള്‍ക്ക് മാത്രം , പെണ്‍കുട്ടികള്‍ക്ക് മാത്രം എന്നു വിഭജിച്ച് ഒന്നും ചെയ്യാനേ പാടില്ല.

4. മൂല്യബോധനം
ഒരു ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് ബഹുമാനം എന്താണെന്ന് എങ്ങനെ പറഞ്ഞുകൊടുക്കും? എല്ലാ കുഞ്ഞുങ്ങളും ഓരോ തരത്തില്‍ വത്യസ്ഥരാണ്. ചിലര്‍ക്ക് നീല കണ്ണാണ്, ചിലര്‍ക്ക് കറുത്ത തൊലിയാണ്, ചിലര്‍ തടിച്ചിട്ടാണ്, ചിലര്‍ മെലിഞ്ഞിട്ടാണ്. ചിലര്‍ ആണ്‍‌കുട്ടികള്‍ ആണ്. ചിലര്‍ പെണ്‍‌കുട്ടികള്‍ ആണ്. ചിലര്‍ വീല്‍‌ചെയറില്‍ സ്കൂളില്‍ വരും. ചിലര്‍ ഓടിനടക്കും. പക്ഷേ എല്ലാവരും എല്ലാവര്‍ക്കും വിലപ്പെട്ടതാണ്. എല്ലാവരും സ്പെഷ്യലാണ്. എല്ലാവര്‍ക്കും ക്ലാസ്സില്‍ ഒരേ പരിഗണയാണ്. എല്ലാവരും പരസ്പരം ബഹുമാനിക്കുന്നതും അതുകൊണ്ടാണ്.പല ജന്തുക്കളുടെ  വേഷമിട്ടോ ചിത്രം പിടിച്ചോ കുട്ടികള്‍ക്ക് ബഹുമാനത്തെക്കുറിച്ച് പാട്ടുകള്‍ കൈകൊട്ടി  പാടാം.

ഉദാഹരണം:
I am special, you are special
Let's get along and say
If we treat each others with respect
We'll be all friends today!
R - E- S- P- E- C-T

ഇതേ രീതിയില്‍ അന്തസ്സെന്നാല്‍ എല്ലാവരും പ്രധാനപ്പെട്ടവര്‍ ആണെന്ന ബോധമാണ് എന്നും സമത്വം എന്നാല്‍ എല്ലാവര്‍ക്കും ഒരേ അവകാശങ്ങളാണെന്നും പഠിപ്പിക്കാവുന്നതേയുള്ളൂ. ലൈംഗിക വിവേചനനം മാത്രമല്ല  എന്തു തരം വിവേചനവും  അധാര്‍മ്മികമാണെന്ന ബോധം കുട്ടികളില്‍ നിര്‍മ്മിക്കേണ്ടതുണ്ട്.

5. ലൈംഗിക പീഡനം 
കുട്ടി മൂന്നിലോ നാലിലോ എത്തിക്കഴിഞ്ഞാല്‍  കുട്ടി  താണ്‍  പെണ്ണോ ആണോ ആയതിന്റെ പേരിലോ തന്റെ  സ്ത്രൈണതയെക്കുറിച്ചോ പൗരുഷത്തിനെക്കുറിച്ചോ മറ്റൊരാള്‍  ഇഷ്ടപ്പെടാത്ത വാക്കുകളോ പ്രവൃത്തിയോ പരിഹാസമോ നടത്തുന്നത്  വലിയ വിഷമമുണ്ടാക്കുന്ന തെറ്റാണെന്നും അത് വിവേചനപരവും  അന്തസ്സിനെ ഹനിക്കുന്നതും ബഹുമാനമില്ലാത്തതുമായ പ്രവൃത്തിയാണെന്നും പറഞ്ഞു കൊടുക്കാം.

ഇങ്ങനെ ആരെങ്കിലും അവഹേളിക്കപ്പെടുന്നത് അവകാശലംഘനമാണെന്നും അതിനെതിരേ പരാതിപ്പെടണമെന്നും അതിന്മേല്‍  ഉചിതമായ നടപടി സ്കൂള്‍ സ്വീകരിക്കുമെന്നും പറഞ്ഞ് മനസ്സിലാക്കാം.

കുട്ടി ആറിലെത്തും മുന്നേ തന്നെ വിവിധ തരം ലൈംഗിക പീഡനങ്ങള്‍, ആ പേരില്‍ തന്നെ  കൈകാര്യം ചെയ്യാം - ഇഷ്ടമുള്ള സമീപനങ്ങളും ഇഷ്ടമില്ലാത്തവയും എന്താണ്, ഉദാഹരണങ്ങള്‍ കുട്ടികളെക്കൊണ്ട് തന്നെ എഴുതിക്കാം.  അപ്പോഴേക്കും കുട്ടി ഇത്തരം ഒരു സത്യപ്രതിജ്ഞ എടുക്കാന്‍  തയ്യാറായിരിക്കണം.
Sexual harassment is a put down and put downs are not OK.
I pledge to do my best to stop sexual harassment.
I will show RESPECT by caring for myself and others.
I  have DIGNITY and will give it to others.
I work for EQUALITY and treat everyone fairly.
I am special, you are special and  we are all equal.

ഈ കുറിപ്പിന്റെ ഉദ്ദേശം 
ഇത്രയും വിശദീകരിച്ച് ഞാന്‍ എഴുതിയത് ആരെങ്കിലും ഇത് നടപ്പാക്കാന്‍ ഉടന്‍ ശ്രമിക്കും എന്ന് ധരിച്ചു വശായിട്ടല്ല.   ജാതി മത  വംശീയ വിവേചനം പോലെ ഒന്നാണ് ലിംഗ വിവേചനവും എന്ന് കാണിച്ചു തരാണാണ്. അവകാശം, വ്യക്തിസ്വാതന്ത്ര്യം, സമത്വം, പൗരബോധം എന്നിവ മാങ്ങാണ്ടിയോ മരമഞ്ഞളോ എന്നറിയാത്ത  ഒരു സമൂഹം ലൈംഗിക കുറ്റങ്ങളെ എങ്ങനെ സര്‍‌വസാധാരണമാക്കുന്നു എന്ന്  ചൂണ്ടിക്കാണിക്കാനാണ്. മക്കളെ ഉയര്‍ന്ന ജോലി  ചെയ്യുന്ന യന്ത്രങ്ങളാക്കാനല്ലാതെ മികച്ച  വ്യക്തിയാക്കാന്‍ ഒരു താല്പര്യവുമില്ലാത്ത, സമൂഹത്തെ ഓടിത്തോല്പ്പിക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളും അവരുടെ താല്പര്യങ്ങള്‍ക്കൊത്തു പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും എങ്ങനെ കുട്ടികളെ ഇരകളും കുറ്റവാളികളും ആക്കുന്നു എന്ന് കാണിക്കാനാണ്. കരണക്കുറ്റിക്കടിച്ച് പ്രേമിപ്പിക്കുന്ന സിനിമകളും കുളിക്കുന്നത് ഒളിഞ്ഞു നോക്കി രസിക്കുന്ന ഫലിതരംഗങ്ങളും  കുറ്റങ്ങളെ പൊലിപ്പിച്ചു കാട്ടി  ത്രസിപ്പിക്കുന്ന മാധ്യമങ്ങളും വ്യക്തിസ്വാതന്ത്ര്യത്തിനു മേല്‍  കുതിര കയറി രസിക്കുന്ന ആള്‍ക്കൂട്ടവും നിര്‍മ്മിക്കുന്ന പൊതു ബോധം ഇതിനും മേലേയും. 


പുസ്തകത്തില്‍ നിന്നും തന്നെ  ഒരു പരാമര്‍ശത്തോടെ നിറുത്തട്ടെ.

ലിംഗ സ്വമത്വം ക്ലാസ്സില്‍ പഠിപ്പിക്കുന്നെന്ന് അറിയുമ്പോള്‍ ചിലപ്പോള്‍ മാതാപിതാക്കള്‍ തന്നെ ഞങ്ങളുടെ സംസ്കാരത്തില്‍ അങ്ങനെയല്ല, സ്ത്രീയും പുരുഷനും എന്തു ചെയ്യണം എങ്ങനെ ആയിത്തീരണം എന്നതിലൊക്കെ ഞങ്ങളുടെ സംസ്കാരം വത്യാസപ്പെട്ടിരിക്കുന്നു എന്നൊക്കെ പരാതി പറഞ്ഞേക്കാം. ശരിയാണ്, ചിലയിടങ്ങളില്‍ അങ്ങനെയാണ്, പക്ഷേ  വിവേചനവും സമത്വമില്ലായ്മയും  പൗരാവകാശ ലംഘനവും സംസ്കാരമല്ല, സംസ്കാരമില്ലായ്മയാണ്. അതിനു ചെവി കൊടുക്കരുത്.  പുരാതനകാലത്ത് സ്ത്രീയ്ക്കു മേല്‍ പുരുഷനു എല്ലായിടത്തും ആധിപത്യമുണ്ടായിരുന്നു, ഇന്ന് അതാണു തന്റെ സംസ്കാരം എന്ന് വാദിക്കുന്നവര്‍ ലൈംഗിക പീഡനത്തിനെ പ്രോത്സാഹിപ്പിക്കുന്നു.

[ പിന്‍ കുറിപ്പ്:ഈ വിഷയം മുതിര്‍ന്ന ഒരാളില്‍ നിന്നും കുട്ടികള്‍ക്ക് ലൈംഗിക പീഡനം ഉണ്ടാകുന്നതിനെപ്പറ്റിയല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.അത് തീര്‍ത്തും വിഭിന്നമായ ഒരു വിഷയമാണ്.]
06-feb-2014

No comments:

Post a Comment