Saturday, August 8, 2015

വ്യാക്കൂണ്‍ -4

ഇത്തവണ റഷ്യന്‍ വ്യാക്കൂണ്‍ ആണ്. മഷ്രൂം- കെയ്ല്‍ സ്റ്റ്രോഗനോഫ്.

സമ്പൂര്‍ണ്ണ പോഷണം ലഭിക്കാന്‍ വ്യാക്കൂണ്‍ -4

ബീഫിനെക്കാളും ഇരുമ്പും പാലിനെക്കാള്‍ കാത്സ്യവും, വൈറ്റമിനുകള്‍ കണ്ടമാനം,  പിന്നെ നമ്മുടെ ലവന്‍ - ലേറ്റസ്റ്റ് അമൃത് ഹൈപ്പ് ആയ സള്‍ഫോറാഫെയിന്‍  തുടങ്ങി പലതും അടങ്ങിയ ഒരു ഉത്തമ ഭക്ഷണം ആണ്കെയില്‍ .  കൂണാകട്ടെ, അര്‍ബുദം ചെറുക്കല്‍, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കല്‍ പൊട്ടാസ്യം, സെലീനിയം. "ചെമ്പ് പിച്ചള ഓട്ടുപാത്രം കസവുണ്ടോ  കസവേ!" എന്ന ആക്രിക്കാരുടെ വിളി ഘനീഭൂതമായ മറ്റൊരു സൂപ്പര്‍ ഫൂഡ്. രണ്ടിനും കാലറി തീരെക്കുറവ്. പോഷണം വളരെയേറെ. H= N/C (ആരോഗ്യം = പോഷണം/ കാലറി) എന്നാണ് ഈ കലാപരിപാടിയുടെ ആപ്തവാക്യം.

"സുന്ദരി നീയും സുന്ദരന്‍ ഞാനും ചേര്‍ന്നിരുന്നാല്‍ തിരുവോണം" എന്ന പാട്ടില്‍ നിന്നാണ് വ്യാക്കൂണ്‍ -4നു പ്രചോദനം ഉണ്ടായത്.ഇന്റര്‍നെറ്റു പാചകക്കുറിപ്പു സൈറ്റുകളില്‍ നിന്ന് അല്പ്പം കാര്യമായി മോഷണം നടത്തിയിട്ടുണ്ട്. "ഏകോകി മോഷണോ പോഷണസന്നിപാതേ നിമജ്ഞതി." എന്നാണല്ലോ അമര്‍‌സിംഗ് കോശങ്ങളെക്കുറിച്ച് വിരചിച്ചതില്‍. 

സ്റ്റ്രോഗന്‍ അടിച്ചു ഓഫ് ആകുന്നതിന്റെ സുഖം എന്താണെന്നു വച്ചാല്‍ ലോകം മുഴുവനുള്ള പാചകക്കാര്‍ പരീക്ഷിച്ചു പരീക്ഷിച്ച് ഒറിജിനല്‍ റഷ്യക്കാരിയുമായി പുലബന്ധം പോലും ഇല്ലാത്ത് പല പതിപ്പുകളും ഉണ്ടായി. ബി.ബി.സി ഫൂഡ് ഒരിക്കല്‍ എന്താണു ശരിക്കുള്ള സ്റ്റ്രോഗനോഫ് പാചകക്കുറിപ്പടി എന്ന് ഒരു ഗവേഷണം തന്നെ നടത്തി. കാര്യങ്ങള്‍ അങ്ങനെ ആയ സ്ഥിതിക്ക് ഒരു അവിയല്‍ വച്ചിട്ട് അത് മിക്സ്ഡ് വെജിറ്റബിള്‍ സ്റ്റ്രോഗനോഫ് ആണെന്നു അവകാശപ്പെട്ടാലും സമ്മതിച്ചു തന്നേ പറ്റൂ. ഞാന്‍ പക്ഷേ അത്ര വലിയ ദ്രോഹം ഒന്നും ചെയ്തിട്ടില്ല, സ്റ്റ്രോഗനോഫിന്റെ മൂലരുചിയായ സോര്‍ ക്രീമിനു പകരം ഞാന്‍ തേങ്ങാപ്പാലു ചേര്‍ത്തു. പാചകക്കാരനുമില്ലേ വ്യക്തി സ്വാതന്ത്ര്യം?

ചേരുവകകള്‍
  1. ബേബി ബേല കൂണ് - ആറ്. (ഇല്ലെങ്കില്‍ ബട്ടണ്‍ കൂണ് / പോര്‍ട്ടോബെലോ/ ജയന്റ്  ആനാലും പോതും)
  2. സ്കോട്ട് കെയില്‍ ഇല - ഒരു കെട്ട്.
  3. സവാള - വലുത് ഒന്ന്
  4. വെളുത്തുള്ളി - മൂന്ന് അല്ലി.
  5. മുളകുപൊടി - ഒരു റ്റീസ്പൂണ്‍ ( ശരിക്കും സ്മോക്ഡ് പെപ്രിക ആണു ചേര്‍ക്കേണ്ടത്. അത് ഇല്ലായിരുന്നു.)
  6. കടുക് - അര ടേബിള്‍ സ്പൂണ്‍.
  7. ഇഞ്ചി - ഒരു ചെറിയ കഷണം (ശരിക്കുള്ള സ്റ്റ്രോഗനോഫില്‍ ഇഞ്ചിയും മഞ്ഞളുമൊന്നുമില്ല, ഒരു രുചിക്ക് ഇരിക്കട്ടെന്ന്)
  8. വെജിറ്റബിള്‍ സ്റ്റോക്ക് - ഒരു കപ്പ്. തന്നെ ഉണ്ടാക്കാമെങ്കില്‍ ഉണ്ടാക്കിക്കോ, ഞാന്‍ ഒരു ക്യൂബ് മാഗി വെജിറ്റബിള്‍ സ്റ്റോക്ക് കലക്കിവച്ചു
  9. ഉപ്പ് - ഇഷ്ടത്തിന്.
  10. ഒലിവ് ഓയില്‍- ഒന്നര ടേബിള്‍ സ്പൂണ്‍.
  11. തേങ്ങാപ്പാല് - ഒരു കപ്പ്. (ശരിക്കുള്ള സ്റ്റ്രോഗനോഫില്‍ സോര്‍ ക്രീം ആണ്. അതിനു പകരം തേങ്ങാപ്പാലൊഴിച്ചാല്‍ സദാചാര പോലീസൊന്നും വരില്ലല്ലോ, ഉവ്വോ?)

തയ്യാറാക്കല്‍

കൂണ് കഴുകി ചെറുതായി മുറിക്കുക. കെയില്‍ ഇല കഴുകി തണ്ടു കളഞ്ഞ് ഒരിഞ്ചു വലിപ്പത്തില്‍ അരിഞ്ഞു വയ്ക്കുക. സവാള തൊലി കളഞ്ഞ് കഴുകി നീളത്തില്‍ കനം കുറച്ച് അരിയുക. വെളുത്തുള്ളി, കടുക്, ഇഞ്ചി എന്നിവ ഇടിച്ചു ഇഞ്ച ചതച്ച പരുവം ആക്കുക.

പാചകം

വറചട്ടി  എരിതീയിനു മുകളില്‍ വച്ച് എണ്ണ ചൂടാക്കുക. അതില്‍ വെളുത്തുള്ളി-കടുകിഞ്ച്യാദി ലേഹ്യം, സവാള എന്നിവ വഴറ്റുക. വഴണ്ടുതുടങ്ങുമ്പോള്‍ മുളകുപൊടി ചേര്‍ക്കുക, ഉപ്പ് ആവശ്യമെങ്കില്‍ (സൂക്ഷിക്കുക, നിങ്ങളുടെ ടൂത്ത്‌പേസ്റ്റില്‍ മാത്രമല്ല, മാഗി വെജിറ്റബിള്‍ സ്റ്റോക്കിലും ഉപ്പുണ്ട്, അപ്പുക്കുട്ടാ ഓവര്‍ ആക്കല്ലേടേ.) ചേര്‍ത്തോ.

ഇനി കൂണ്, കെയില്‍ ഇല എന്നിവ ചേര്‍ത്ത് ഇളക്കി വഴറ്റുക.  വെജിറ്റബിള്‍ സ്റ്റോക്കും ചേര്‍ത്ത് സംഗതി ഇടയ്ക്ക് ഇളക്കി മൂടിവച്ച് പാചകം ചെയ്യുക. വെന്തു വരുമ്പോള്‍ തേങ്ങാപ്പാലും ചേര്‍ക്കുക. സ്വാദിഷ്ഠമായ മഷ്രൂം-കെയില്‍ സ്റ്റ്രോഗനോഫ് റെഡി.


ഉപഭോജ്യം 

പാസ്റ്റയ്ക്കും ഫ്രൈഡ് റൈസിനും ടോപ്പിങ്ങ് ആയി കഴിക്കാം , ചോറിനു കറിയായി കഴിക്കാം. സ്മിര്‍ണോഫിനു ടച്ചിങ്ങ് ആയും മഷ്‌റൂം കെയില്‍ സ്റ്റോഗനോഫ്  ഉപയോഗിക്കാം.


ഭേദഗതി
  1. ഹെല്‍ത്ത് ഡയറ്റില്‍ ഉള്ളവര്‍ ഒലിവെണ്ണയ്ക്കു പകരം ബ്രാഗ്'സ് ലിക്വിഡ് അമിനോസ് ഉപയോഗിക്കുക. ഇല്ലെങ്കില്‍ സെറാമിക്ക് പാനില്‍ പച്ച വെള്ളം തളിച്ചും തീഷ്ണകാണ്ഡാദികള്‍ വഴറ്റാം. 
  2. എസ്സെല്‍സ്റ്റൈന്‍ ഹാര്‍ട്ട് ഡിസീസ് റിവേര്‍സല്‍ ഡയറ്റില്‍ ഉള്ളവര്‍ മേലേ പറഞ്ഞ ഭേദഗതിക്കു പുറമേ മാഗി പ്രയോഗിക്കുന്നതിനു പകരം പുസ്തകത്തില്‍ ഉള്ളതുപോലെ വെജിറ്റബിള്‍ സ്റ്റോക്ക് സ്വയം ഉണ്ടാക്കി കോരി തേവിനെടേ. മാത്രമല്ല, തേങ്ങാപ്പാലിനു പകരം റൈസ് മില്‍ക്ക് ഒഴിച്ചോളുക, ഇല്ലേല്‍ ഒന്നും ഒഴിക്കണ്ടാ.
  3. ഇനി ഇതിലും കഠിനമായ വല്ല ഡയറ്റിലും ആണെങ്കില്‍ നിങ്ങള്‍ ഇതുണ്ടാക്കണ്ടാ എന്നങ്ങു വച്ചാല്‍ മതി, എനിക്ക് ഒരു പ്രശ്നവും ഇല്ല.
11-Nov-2014

No comments:

Post a Comment