Friday, February 22, 2013

മീഡിയയുടെ പഴ്സടിധര്‍മ്മം

തിരുവല്ല മുതല്‍ കൊട്ടാരക്കര വരെയുള്ള കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡുകളില്‍ ജോലി ചെയ്തിരുന്ന ആളായിരുന്നു ഉണ്ണികൃഷ്ണന്‍ നായര്‍. പത്തിരുപത് കൊല്ലം മുന്നേ മരിച്ചു പോയി.  സാധാരണ ഈ തൊഴില്‍ ചെയ്യുന്നവര്‍ ബസിനകത്തും, ബസില്‍ കയറാനുമുള്ള തിരക്കിനിടയിലും വിരകിയാണ്‌ ഈ തൊഴില്‍ നടത്തിയിരുന്നതെങ്കില്‍ ഉ. നാ. സ്റ്റാന്‍ഡില്‍ ലാവിഷായി   ബഞ്ചില്‍ ഇരുന്നാണ്‌ പണിയെടുക്കുക.. അദ്ദേഹം നമ്മുടെ അടുത്തു വന്നിരിക്കുകയും  എന്തെങ്കിലും ഒരു കദനകുതൂഹലം- മിക്കവാറും മെഡിക്കല്‍ കോളേജില്‍  ഗുരുതരമായി കിടക്കുന്ന മകളെ കാണാന്‍ പോകുന്നെന്ന്- പറഞ്ഞു തുടങ്ങുകയും  നമ്മള്‍ അതില്‍ മുഴുകി ഇരിക്കുമ്പോള്‍ പോക്കറ്റിലോ മുണ്ടിന്റെ മടിക്കുത്തിലോ ഉള്ള പഴ്സ് എടുക്കുകയും ചെയ്യും.

നിങ്ങളുടെ പഴ്സ് അവിടെ ഉണ്ടോന്ന് പരിശോധിച്ചേ- താഴെപ്പറയുന്ന കാര്യങ്ങള്‍ ശരിയോ തെറ്റോ?

1. കേരളത്തിലെ ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സംഭരണം താറുമാറായതിനാല്‍ കര്‍ഷകര്‍ വിളവ് വെട്ടി മൂടി.

2. ത്രിവേണീ ന്യായ വില ഹോട്ടലുകള്‍ അടച്ചു.

3. വന്‍ തോതില്‍ വീണ്ടും വയല്‍ നികത്തല്‍ ആരംഭിച്ചിട്ടുണ്ട്.

4. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ റെക്കോര്‍ഡ് ലാഭത്തില്‍.

5. തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയും   പുതിയ മാനങ്ങള്‍ തേടുന്നു.

6. എന്‍ഡോസള്‍ഫാന്‍ കേരളത്തിലും കര്‍ണ്ണാടകത്തിലും മാത്രമല്ല  എല്ലാ സംസ്ഥാനങ്ങളിലും നിരോധിച്ചാല്‍ മാത്രമേ അതിര്‍ത്തി വഴി കടത്ത് നിലയ്ക്കൂ എന്നതിനാല്‍ സമ്പൂര്‍ണ്ണ നിരോധനം വേണ്ടമെന്ന് കേന്ദ്രമന്ത്രി  പറഞ്ഞു.

7. മുല്ലപ്പെരിയാര്‍ പ്രശ്നം ഒത്തു തീര്‍പ്പായി.

8. സൗജന്യ വൈദ്യ സഹായ പദ്ധതി, ന്യായവില മരുന്നു വിതരണം, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് എന്നിവ നടപ്പായിക്കഴിഞ്ഞു.

9. വിഴിഞ്ഞം പോര്‍ട്ടിന്റെ പണി തുടങ്ങിയിട്ടുണ്ട്.

10. മാലിന്യ സംസ്കരണ പദ്ധതി ആവിഷ്കരിച്ചു, ഉടന്‍ നടപ്പാകും.

11. അതിവേഗ പാത, ബുള്ളറ്റ് ട്രെയിന്‍, തുടങ്ങി സര്‍ക്കാര്‍ വാര്‍ഷികത്തിനു കാണിച്ച  സാധാരണക്കാരനു വേണ്ടിയുള്ള ഗതാഗത സൗകര്യങ്ങള്‍ കേരളത്തെ മാറ്റിമറിക്കും.

12. കേരളം ഭരിക്കുന്നത് സെക്യുലര്‍ ആയ ഒരു മുന്നണി ആണെന്നും പച്ച ബ്ലൗസും വെള്ള ബ്രായും കാവി ജട്ടിയും മറ്റും കാട്ടി അതിനെ അപമാനിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞതിനെത്തുടര്‍ന്ന് മുസ്ലീം മന്ത്രി, നായരു മന്ത്രി, അച്ചായന്‍ മന്ത്രി, ജാതി തിരിച്ചുള്ള സ്ഥാപന  ഭാരവാഹിത്തം നല്‍കല്‍ എന്നിവ അതതു പാര്‍ട്ടികളും സംഘടനകളും നിര്‍ത്തി വച്ചു. "മതമേതായാലും മന്ത്രി നന്നായാല്‍ മതി"  എന്ന് ശ്രീനാരായണീയര്‍ അഭിപ്രായപ്പെട്ടു.
https://plus.google.com/u/0/111754722974346117564/posts/fynFfAni5fb

No comments:

Post a Comment