Friday, February 22, 2013

സദ്യ!

സദ്യ സദ്യ എന്നൊക്കെ പറഞ്ഞാല്‍ വി  കെ എന്‍ ഇല്ലാതെ എന്തു സദ്യ. മഞ്ചലില്‍ നമ്പൂതിരി കുഞ്ഞിമാളുവിന്റെ വീട്ടില്‍ വരുന്ന നേരം. അരി വയ്പ്പുകാരന്‍ രാമപ്പട്ടര്‍ കാണാനെത്തുന്നു. (മഹാ കഷണ്ടി, മഹാ ശവുണ്ടി).
പദാനുപദം എഴുതണമെങ്കില്‍ അഞ്ചെട്ടു പേജുണ്ട്, അത്രയും പേജിനും രവിയ്ക്ക് കോപ്പിറൈറ്റും ഉണ്ട്.

നമ്പൂതിരി: എന്തൊക്കെയാണ്‌ സദ്യവട്ടം?
പട്ടര്‍: കാളന്‍.

ഒപ്പം കഷണവും എഴുന്നള്ളിക്ക.
നേന്ത്രക്കായ് ചേനാവ്.

അപ്പോ കുറുക്കു കാളന്‍. പശുവിന്‍ പാല്‍ ചേര്‍ത്തിട്ടില്ലേ?
വീഴ്ത്തുന്നുണ്ട്.

പിന്നെ?
ഓലന്‍. പിഞ്ചുമത്തന്‍

ഹായ്.
അവിയല്‍. ഇടിഞ്ചക്ക, പടറ്റുകായ, അച്ചിങ്ങാപ്പയര്‍, പടവലങ്ങാ

ഹായ് ഹായ്.
വെള്ളരിക്കാ പച്ചടി.

ഹൈ.
കയ്പ്പക്കായ കിച്ചടി.

ഹൈ ഹൈ.
പച്ചമാങ്ങാകൊണ്ട് തൊടുകറി.

ഹൂ.
ചെന്നിനായകം കൊണ്ട് ചമ്മന്തി.

ഹോ.
നാലുകൂട്ടം വറുത്തുപ്പേരി, തീയല്‍, ഉപ്പിലിട്ടത്,  പഞ്ചസാര, പനഞ്ചക്കര.

തിരുമനസ്സിനു ഒരു നേരമ്പോക്ക് അനുഭവിക്കുന്നതുപോലെയാണ്‌ തോന്നിയത്. "നിര്‍ത്താ രാമപ്പട്ടരേ.   എനിക്ക് സഹിക്കാനാവുന്നില്ല."
....
തിരുമനസ്സ്  എഴുന്നേറ്റ് രണ്ടുചാല്‍ നടന്നിട്ട് പ്രഥമാസനത്തിലിരുന്നു.

പായസത്തിനുള്ള വട്ടങ്ങള്‍ എന്തൊക്കെ?
ആദ്യമായിട്ട് കാവിലെ  പായസം, നെയ്യും ആലങ്ങാടന്‍ ശര്‍ക്കരയും സമാസമം...

പ്രഥമന്‍?
അടപ്രഥമന്‍.

ക്ഷ. അട അതിശ്ശായി കൊത്തീട്ടില്ലേ?
ഇനി കൊത്തിയാല്‍ കേടുവന്നു പോകും.
ചൂടുപായസം തലയിലൊഴിച്ചപോലെ തിരുമനസ്സ് നിര്‍‌വൃതിക്കൊണ്ടു. "എന്നിട്ട് തന്റെ പാണ്ടിക്കൂട്ടാന്റെ കഥയോ?"
"സാമ്പാറല്ലേ. കയ്പ്പയ്ക്കയുണ്ട്, പടവലങ്ങയുണ്ട്...."

ക്ഷ എന്ന കൂട്ടക്ഷരം ഇത്രയും കേമമായി അടുത്ത കാലത്തൊന്നും അനുഭവിച്ചിട്ടില്ലെന്ന് നമ്പൂരി പട്ടരോട്.

രാമപ്പട്ടര്‍ പോയിക്കഴിഞ്ഞ് തിരുമേനി ചിന്തയിലാണ്ടു. അറുപത്തിരണ്ട് ആണ്ടായി. ഒരാഗ്രഹമേ ബാക്കിയുള്ളൂ. മരിക്കുവോളം നേരമ്പോക്കിനു ശേഷിയില്ലാതെയാക്കരുത്. മുട്ടുമുണ്ടാകരുത്. ഇല്ലത്തെ കാര്യസ്ഥനെ വിളിക്കുമ്പോലെ തിരുമനസ്സ്  ഭഗവാനെ ഒന്നു വിളിച്ചു "വിഷ്ണോ"..

പറമ്പില്‍ ഒരനക്കം. ഒരപശകുനം.  എരേച്ചന്‍. ഇല്ലത്തെ കാര്യസ്ഥന്‍. ശൂദ്രരിലും ശൂദ്രനായ പള്ളിച്ചാന്‍. മുപ്പത്തിമൂന്ന് അടി ദൂരെ നിര്‍ത്തേണ്ടവന്‍.

എരേച്ചന്‍ പാട്ടബാക്കിയുടെയും ഉണ്ണികളുടെയും കണക്ക് അവതരിപ്പിച്ചു കഴിഞ്ഞ് ഇല്ലത്തൊരു വിശേഷമുണ്ടായെന്നു പറയുന്നു. പാപ്പിത്തമ്പുരാട്ടിക്ക് ഒരു ശീലായ്മ വന്നിരുന്നു.

"ച്ചാല്‍ നമ്മുടെ  മൂത്ത വേളിക്ക് അല്ലേ?  നോം നിരീക്കുകയായിരുന്നു, കൊല്ലമിത്രയുമായിട്ടും പാപ്പിക്കു മാത്രം ഒരു ശീലായ്മയും ഇല്ലാത്തതെന്തെന്ന്. ആട്ടേ എന്താ ശീലായ്മ?"

കാലില്‍ ഒരു കുരു.
വാതക്കുരുവാണോ?

എരേച്ചന്‍ പരുങ്ങി. കുരു വീര്‍ത്ത് മുഖം വച്ചു.
എത്ര മുഖം?

മൂന്ന്.
ത്രിനയനോ ഗുരു. അതു വാതക്കുരു തന്നെ. രസായിരിക്കുന്നു, എന്നിട്ടോ പറയൂ എരേച്ചാ?

കുരു വല്ലാതെ വീര്‍ത്തപ്പോള്‍ ജ്വരം തുടങ്ങി. അടിയന്‍ പോയി തൈക്കാട്ടു മൂസ്സിനെ കൊണ്ട് വന്നു- ഇല്ലത്തെ ചോറിനു അടിയന്‍ കൂറുകാണിക്കും. 
ഇല്ലത്ത് ര്‍ എന്നവസാനിക്കുന്ന  പലതിനോടും താന്‍ കൂറു കാണിക്കും, മൂസ്സ് വന്ന കാര്യം പറയൂ എരേച്ഛാ.

മൂസ്സു വന്നു കഷായവും ഗുളികയും നല്‍കി.
മൂസ്സല്ല, മൂസയാണ്‌, ഗുരു, ജ്വരം , മൂസ്സ്.  രസം മുറുകി വരുന്നു.

കല്പ്പിച്ച് ജ്വരം മൂത്തു.
നോന്‍ കല്പ്പിച്ചിട്ടാ ജ്വരം മൂത്തത്? താന്‍ പറയ.

മൂസ്സ് മാത്ര വച്ചു.
കേമം. മൂസ്സിന്റെ മാത്രയെന്നാല്‍ അതു മാത്രയാണ്‌!

ജ്വരം മൂത്ത് സന്നിയായി.
വിഢീ, ജ്വരം മൂത്താല്‍ അതു സന്നിയാണെന്ന് താന്‍ എഴുന്നള്ളിക്കാതെ നോനറിയാം. മൂസ്സിന്റെ മാത്രയില്‍ അടങ്ങാത്ത ജ്വരമോ, അതിശ്ശയായി.

പാപ്പിത്തമ്പുരാട്ടി പിച്ചും പേയും പറയാന്‍ തുടങ്ങി.
അതിപ്പോ സന്നിയില്ലെങ്കിലും പാപ്പി സംസാരിച്ചാല്‍ പിച്ചും പേയും പോലെയേ ആര്‍ക്കും തോന്നൂ.

മൂസ്സ് തളം വച്ചു, സന്നി അടങ്ങിയില്ല.
എട കേമാ!!


കല്പ്പിച്ച് ഇന്നലെ രാത്രി തമ്പുരാട്ടി സിദ്ധി കൂടി.
നമ്പൂതിരി ചെറുവിരല്‍ കുത്തനെ ഇളക്കിക്കൊണ്ട് പറഞ്ഞു "അ: , അതുമുണ്ടായി, അല്ലേ?"

No comments:

Post a Comment