അമരം എന്ന സിനിമ കണ്ടവര്ക്കൊക്കെ ഓര്‍മ്മയുണ്ടാകും സിനിമയില്‍ മമ്മൂട്ടി അശോകനോട് ഒരു കൊമ്പന്‍ സ്രാവിനെ പിടിക്കാന്‍ അറിയാത്ത നീ എവിടത്തെ അരയനാണെടാ എന്ന് വെല്ലുവിളിക്കുന്നതും അതേറ്റെടുത്ത് അശോകന്‍ കടലില്‍ പോയി ചൂണ്ടയിട്ട് തങ്കൂസില്‍ കുരുങ്ങിപ്പോകുന്നതും.
സിനിമയില്‍ കൊമ്പന്‍ സ്രാവില്ല. അശോകന്‍ പിടിക്കുന്നതായി കാണിക്കുന്ന ( നേരത്തേ ചത്ത) സ്രാവ് ചട്ടിത്തലയന്‍ സ്രാവാണ്. സത്യത്തില്‍ കൊമ്പന്‍ സ്രാവിനെ പിടിക്കാന്‍ അത്ര പ്രയാസവുമില്ല.
കൊമ്പന്‍ സ്രാവുകള്‍ (Pristidae) സ്രാവുകളല്ല, തിരണ്ടികള്‍ ആണ്. ഒട്ടു മിക്കതും കടലിലാണു ജീവിതമെങ്കിലും ഇവയ്ക്ക് പുഴയിലും ജീവിക്കാന്‍ കഴിയും. ഉപ്പുവെള്ളം അത്യാവശ്യമല്ല. ഇവയെല്ലാം തന്നെ വംശനാശഭീഷണിയിലായതിനാല്‍ ഇന്ത്യയുള്‍പ്പടെ ഒട്ടുമിക്ക രാജ്യങ്ങളിലും കൊമ്പനെ പിടിക്കുന്നത് കുറ്റകരമാണ്.
മുള്ളുകളുള്ള മൂക്കുകൊണ്ട് കടലിന്റെ അടിത്തട്ട് ഇളക്കി കണവ, നങ്ക് തുടങ്ങിയ അടിത്തട്ടുവാസികളയും മീനുകളെയും കണ്ടെത്തി അതിന്റെ മൂക്ക് വാളുപോലെ ഉപയോഗിച്ച് വെട്ടിയാണ് കൊമ്പന്‍ ഇരപിടിക്കുന്നത്.
മുട്ട വയറ്റില്‍ തന്നെ അടവച്ച് വിരിയിച്ച് പ്രസവിക്കുന്ന (viviparous) പ്രജനന രീതിയാണ് കൊമ്പന്‍ സ്രാവുകള്‍ക്ക്. ഇവ ഇരുപതു വര്‍ഷം വരെ ആയുസ്സുള്ള ജീവികളാണ്. ;ചിലയിനം ആറുമീറ്റര്‍ വരെ വളരാറുണ്ട്.
കൊമ്പനെ പിടിക്കുന്നതോ വില്പ്പനയ്ക്കു വച്ചിരിക്കുന്നതോ കണ്ടാല്‍ ഫിഷറീസ് അധികാരികളെയോ വന്യജീവി സംരക്ഷണ അധികൃതരെയോ അറിയിക്കുക. ഈ വിചിത്ര തിരണ്ടിയുടെ നിലനില്പ്പ് പരുങ്ങലിലാണ്. [ചിത്രം വിക്കിപീഡിയയില്‍ നിന്ന്] [വീഡിയോയില്‍ കാണുന്ന ചൂണ്ടക്കാര്‍ അറിയാതെ പിടിച്ച കൊമ്പനെ അവര്‍ തിരികെ വെള്ളത്തില്‍ വിട്ടു]
No comments:
Post a Comment