Friday, February 22, 2013

തനിയാവര്‍ത്തനം

ഇതൊരു കൊച്ചു പട്ടണമാണിപ്പോള്‍. ഞാന്‍ ജനിച്ചു വളര്‍ന്ന സ്ഥലം. ഒരു കവലയായിരുന്നു അന്നൊക്കെ. പേരൊന്നും പറയുന്നില്ല, ഒരു പേരില്‍ എന്തിരിക്കുന്നു. ഇവിടെയടുത്ത് ഒരു  ലഹള ഉണ്ടായി പണ്ട്. ഈഴവരും ദളിതരും മാറുമറയ്ക്കാന്‍ പാടില്ലെന്നും ചില നായര്‍ മാടമ്പിമാര്‍ ശഠിക്കുകയും അത് നായര്‍ ഈഴവ ലഹള ആയി മാറുകയും ചെയ്തു. അന്ന് ലഹളയ്ക്കു പരിഹാരം ഉണ്ടാക്കാന്‍ അയ്യന്‍ കാളി ഇവിടെ വന്നിരുന്നു. അയ്യന്‍ കാളിയെ വധിക്കാന്‍ കൂരിനായര്‍ എന്നൊരു  തെമ്മാടിക്ക്  വസ്തു എഴുതിക്കൊടുക്കാന്‍ തയ്യാറായ ചിലര്‍ ഇവിടെയുള്ളവര്‍ ആയിരുന്നു. ലഹള അടക്കാന്‍ ഈഴവരെ സ്വന്തം വീട്ടിനകത്ത് ക്ഷണിച്ചിരുത്തി ഇലയിട്ട് ചോറു വിളമ്പി ഊട്ടി സ്വന്തം സമുദായത്തില്‍ നിന്നു ഭീഷണി ഏറ്റു വാങ്ങിയ ഒരു വൃദ്ധയും ഇവിടെയുള്ളവര്‍ ആയിരുന്നു. കൊല്ലം പീരങ്കി മൈതാനി വരെ നടന്നു ചെന്ന്  പതിനായിരങ്ങള്‍ നോക്കി നില്‍ക്കുന്ന സ്റ്റേജില്‍ കയറി നിന്ന് ദളിതയെന്ന സൂചന അടയാളമായ കല്ലുമാല പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബാലിക ഇവിടെയൊരു കൂരയില്‍ ജനിച്ച കുട്ടിയായിരുന്നു.


ഇതൊരു കൊച്ചു പട്ടണമാണിപ്പോള്‍. ഇവിടത്തെ ജനതിയില്‍ ഭൂരിപക്ഷം ഇന്നും കൃസ്ത്യാനികളും  ഈഴവരും നായന്മാരുമാണ്‌. കൂറ്റന്‍ വീടുകള്‍, നിരന്നു പോകുന്ന കാറുകള്‍, കടകള്‍, ഫാക്റ്ററികള്‍, ആശുപത്രികള്‍, സിനിമാക്കൊട്ടകള്‍, ജൗളിക്കടകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്കെ നടത്തുന്നത് ഈ മൂന്നു വിഭാഗക്കാരുമാണ്‌. ന്യൂനപക്ഷം മുസ്ലീങ്ങളുമുണ്ട്. ദളിതര്‍? അവരുമുണ്ട്- അവിടവിടെ ചെറിയ വീടുകള്‍. എന്തെങ്കിലും പണികള്‍...

ഇവിടെയാണ്‌ എന്റെ വകയിലൊരു ജ്യേഷ്ഠനും ജനിച്ചത്. പുള്ളി പലേ നാടുകളില്‍ ജോലി ചെയ്ത് തിരിച്ചെത്തി. കുറച്ചു സ്ഥലം വാങ്ങി റബ്ബറിട്ടു. നമ്മടെ ഏരിയയില്‍ റബ്ബറിന്റെ കൃഷി കുറവാണ്‌. മരം വളര്‍ന്നു ഇപ്പോ വെട്ടാറായി. രണ്ടാഴ്ച മുന്നേ നാട്ടില്‍ പോയപ്പോല്‍ ചേട്ടച്ചാര്‍ അതിനു നടുവില്‍ ഒരു മുറിയും അടുക്കളയും കക്കൂസും മാത്രമുള്ള ഒരു കുഞ്ഞി  വീട് പണിയുന്നു. ആകെ  അരയേക്കറില്‍  താഴെ മരമുള്ളേടത്ത് ഷീറ്റടിബുദ്ധിയല്ല. ഇനി ആണേല്‍ തന്നെ ഷീറ്റടി മിഷ്യന്‍ വയ്ക്കാന്‍  അടുക്കളയും കക്കൂസും കെട്ടി കാശു കളയുന്നത് എന്തിനെന്നു തിരക്കി.

ഇവിടെ റബ്ബറു വെട്ട് ജോലിക്കാരില്ല. ഇത്രേം ചെറിയ പ്ലോട്ട് വെട്ടാന്‍ ദൂരേന്ന് ആളും വരില്ല.അങ്ങനെ ഇരിക്കുമ്പോഴാണ്‌ ഒരു പരിചയക്കാരന്‍ ഒരു പ്രപ്പോസല്‍ വച്ചത്. പുള്ളി ഇവിടെ എലക്ട്രിസിറ്റി ബോര്‍ഡിലെ  എമ്പ്ലോയീ ആണ്‌, താമസിക്കാന്‍ ഒരു സ്ഥലവും കിട്ടാതെ വലയുകയായിരുന്നു. താമസിക്കാന്‍ ഒരു മുറി കണ്ടെത്തിക്കൊടുത്താല്‍  റബ്ബര്‍ പുള്ളി വെട്ടും. വാടക കൂലിയേല്‍ കുറച്ചിട്ട് ബാക്കി കൊടുത്താല്‍ മതി.

ഇത്രേം വല്യ ഏരിയയില്‍ അയ്യാള്‍ക്കു മാത്രം താമസിക്കാന്‍ ഒരു വീടില്ലേ? പുള്ളി എക്സ്റ്റ്റാ സം‌തിംഗിനു വേണ്ടി റബ്ബറു വെട്ടുന്നെങ്കില്‍ അത് അഭിമാനിച്ചു പറയേണ്ട  കാര്യമല്ലേ. ഇതാണു ഈ സര്‍ക്കാര്‍ ജോലിക്കാരുടെ കുഴപ്പം. ആപ്പീസില്‍ പേപ്പറുന്തുന്നതേ ഉള്ളൂ ഡിഗ്നിറ്റിയുള്ള പണിയെന്നു വിചാരിക്കും.

സംഗതി സത്യമാണെടാ. ഞാന്‍ അയാള്‍ക്ക് വീടു കുറേ
അന്വേഷിച്ചതാ. ആരും കൊടുക്കില്ല.

ബംഗാളികള്‍ക്കു വരെ ഇവിടെ വീടു കിട്ടുന്നു. പിന്നെ ഇയാള്‍ക്കെന്താ, ആളു വെള്ളമടീം കച്ചറേം ഒക്കെയാണോ?
ഏയ് ഡീസന്റ് പുള്ളിയാ. പക്ഷേ ആദിവാസിയാ. കാണിക്കാരന്‍ ജാതീലെ. RPLഇല്‍ കാഷ്വല്‍ ലേബര്‍ ആയി ജോലി ചെയ്യാന്‍ നാട്ടില്‍ വന്നതാണ്‌ , പിന്നെയാ പഠിച്ചു  കെ എസ് ഈ ബിയില്‍ കിട്ടിയത്.
.

ലഹള അടക്കാന്‍ ഈഴവരെ സ്വന്തം വീട്ടിനകത്ത് ക്ഷണിച്ചിരുത്തി ഇലയിട്ട് ചോറു വിളമ്പി ഊട്ടി സ്വന്തം സമുദായത്തില്‍ നിന്നു ഭീഷണി ഏറ്റു വാങ്ങിയ ഒരു വൃദ്ധയും ഇവിടെയുള്ളവര്‍ ആയിരുന്നു. കൊല്ലം പീരങ്കി മൈതാനി വരെ നടന്നു ചെന്ന്  പതിനായിരങ്ങള്‍ നോക്കി നില്‍ക്കുന്ന സ്റ്റേജില്‍ കയറി നിന്ന് ദളിതയെന്ന സൂചന അടയാളമായ കല്ലുമാല പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബാലിക ഇവിടെയൊരു കൂരയില്‍ ജനിച്ച കുട്ടിയായിരുന്നു.

No comments:

Post a Comment