Friday, February 22, 2013

പ്രവാസം

വേണമെങ്കില്‍ ഗ്രാമമെന്നു പറയാവുന്ന ഒരു പട്ടണപരിസരത്താണ്‌ ഞാന്‍ ജനിച്ചത്. കൗമാരത്തില്‍ അച്ഛനുമമ്മയുമൊക്കെ മരിച്ചു പോയി.  പ്രതിഭകളായിരുന്ന ചേട്ടന്മാരുടെയും ചേച്ചിമാരുടെയും നിഴലില്‍, അതിന്റെ അപകര്‍ഷതയോടെ, ആശ്രയത്വത്തിന്റെ നിരാശയോടെ ചില്ലറപ്പണികളൊക്കെ ചെയ്ത് അങ്ങനെ വളര്‍ന്നു. ജോലി ചെയ്യുമ്പോള്‍ ഒരാഗ്രഹമുണ്ടായിരുന്നു- പഠിച്ചു തീരുമ്പോള്‍ എന്റെ കൊച്ചു പട്ടണത്തില്‍ സ്വന്തമായി ഒരു കൊച്ചു പ്രാക്റ്റീസ് തുടങ്ങണം. പിന്നെയൊരു കൊച്ചു വീടു വേണം. അവിടെ നിറച്ചും കൃഷി വേണം, മീന്‍ കുളം വേണം,  മുയലും വെരുകും കീരിയും മരപ്പട്ടിയും കുളക്കോഴിയും മൂങ്ങയും ഒക്കെ വന്ന് താമസിക്കാന്‍ മരവും പൊന്തയും നിറച്ചും വളരണം അവിടെ. ആ വീട്ടില്‍ എപ്പോഴും പാട്ടു  കേള്‍ക്കണം. ആ വീട്ടില്‍ ഒരു കൊച്ചു ലൈബ്രറിയും വേണം. ഒരു സംഘടനയ്ക്കും സമരസപ്പെട്ട് പോകാന്‍ കഴിയാത്ത എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവിടെനിന്ന് എന്റെ പരിമിത പരിസരത്തേക്കായിരിക്കും.
 

വളരെ ചെറിയ ഒരു ശമ്പളം. അതില്‍ നിന്നു പഠിത്തത്തിനു പോകുന്ന കാശൊഴികെ എല്ലാം ഉറുമ്പു  അരിമണി കൂട്ടുന്നതുപോലെ ശേഖരിച്ചു വച്ചു. ഒരു സിനിമ കണ്ടാല്‍ അത് മുന്‍‌വരിയില്‍ ഇരുന്നായിരിക്കും. ഒരുടുപ്പു വാങ്ങിയാല്‍ അത് ഏറ്റവും വില കുറഞ്ഞതായിരിക്കും. അവസാന പരീക്ഷയ്ക്കു തൊട്ടു മുന്നേ വലിയ ഒരത്യാവശ്യം വന്ന ബന്ധുവും അടുത്ത സുഹൃത്തുമായ ഒരാള്‍ എന്റെ പ്രാക്റ്റീസ് തുടങ്ങാനായി സമ്പാദിച്ചത് (ഏറെയൊന്നുമുണ്ടായിരുന്നില്ല- ആറുമാസം ഒരു മൂന്നു മുറി ഓഫീസിനു വാടക കൊടുക്കാനുള്ള പണം പോലും തികഞ്ഞിരുന്നില്ല, പക്ഷേ ബാക്കിയൊരു ബാങ്ക് ലോണ്‍ കിട്ടാന്‍ പ്രയാസമൊന്നും ഉണ്ടാവില്ല)  എന്നോട് കടം വാങ്ങിപ്പോയി. 15 വര്‍ഷം കഴിഞ്ഞു- ആ പണം ഇന്നും കിട്ടാക്കടമായി തുടരുന്നു.

ഓട്ടക്കാലണ കയ്യിലില്ലാതെ ഞാന്‍ പരീക്ഷ ജയിച്ചു. എവിടെയെങ്കിലും ജോലി ചെയ്യണം. ക്യാമ്പസ് ഇന്‍‌റ്റര്വ്യൂ മദ്രാസിലായിരുന്നു. എന്നെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത രണ്ടു പേര്‍- സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യയും ടാറ്റായുടെ ഒരു   പ്രീ ഓപ്പറേറ്റീവ് കമ്പനിയും- എനിക്കു കാര്‍ഡയച്ചത് നാട്ടിലെ അഡ്രസിലേക്കായിരുന്നു, ഞാനപ്പോള്‍ ഹൈദരാബാദിലും. കത്തൊക്കെ കിട്ടി വന്നപ്പോള്‍ താമസിച്ചു, അവരു വേറേ ആളിനേം എടുത്തു. ആ നിരാശയില്‍ വെള്ളമടിച്ചു നാശമായി ദുബായിലുള്ള പഴയൊരു കോളേജ് സഹപാഠിയെ വിളിച്ചു. അവനൊരു വിസിറ്റ് വിസ അയച്ചു, വന്ന് എന്തരേലും പണി കണ്ടുപിടിക്ക്. എന്റെ കയ്യിലുള്ള  ചില്ലറ കൊണ്ട് ഒരു ബാഗും രണ്ട് ഉടുപ്പും വാങ്ങിച്ചു. ചേച്ചി ഒരു അഞ്ഞൂറു ദിര്‍ഹം തന്നു. മൂന്നു കൂട്ടുകാരാണ്‌ ആകെ അന്നെനിക്കുള്ളത്. ഒരാള്‍- തിരുവനന്തപുരം എയര്‍പ്പോര്‍ട്ടിലാണ്‌. മറ്റു രണ്ടുപേരും അപ്പോഴും പഠിക്കുകയാണ്‌, ചെറിയ ജോലികളുമായി, എന്നെപ്പോലെ. എയര്‍പ്പോര്‍ട്ട് കൂട്ട് ദുരന്തങ്ങളും ദുരിതങ്ങളും പാറപോലത്തെ മനസ്സാക്കിയ ഒരുത്തനാണ്‌. അവന്‍ ചിരിക്കില്ല, കരയില്ല, ക്ഷോഭിക്കില്ല, ഭയക്കുകയുമില്ല. മറ്റൊരാള്‍ ചോരയില്‍ ചുവപ്പ് കൂടിക്കൂടി ഇടത്തേയറ്റവും തിരിഞ്ഞ് ഫലത്തില്‍ വലത്തെത്തി നില്‍ക്കുന്ന ദാര്‍ശനികനാണ്‌. മൂന്നാമത്തെയാള്‍ അല്പം ലോല മാനസനും. ലോലന്‍ കരഞ്ഞുകളഞ്ഞു. ചുവപ്പന്‍ എന്തരോ തത്വചിന്തയൊക്കെ പറഞ്ഞു ചളമാക്കി.

രണ്ടു പെണ്‍‌കുട്ടികള്‍ ആണ്‌ എനിക്ക് അന്ന് എനിക്കു റിപ്പോര്‍ട്ട് ചെയ്യുന്ന സ്റ്റാഫ്. ഒരാള്‍ എന്റെ ലാസ്റ്റ് വര്‍ക്കിങ്ങ് ഡേയുടെ തലേന്ന് വൈകിട്ട്  വിളിച്ചിട്ട് അടുത്ത ദിവസം ലീവാണെന്നും എന്നോട് ഗുഡ് ബൈ പറയാന്‍ വയ്യ എന്നതാണു കാരണമെന്നും പറഞ്ഞു. രണ്ടാമത്തെ കുട്ടി അതിന്റെ പൂജാമുറിയില്‍ ഒരു വിളക്കു കത്തിച്ചു വച്ചെന്നും എനിക്കു ദുബായില്‍ ജോലിയായി എന്ന് ഞാന്‍ ഫോണ്‍ ചെയ്തു പറഞ്ഞിട്ടേ അതണയ്ക്കൂ എന്നും പറഞ്ഞു.

എന്റെ ബോസ്സുമാര്‍ എന്നെക്കുറിച്ച് സത്യവും കള്ളവും അതിശയോക്തിയും ഒക്കെ നിറച്ച നല്ലവാക്കുകള്‍ ഇട്ടു മൂടി.
അണ്ണനാണ്‌ എന്നെ എയര്‍പ്പോര്‍ട്ടില്‍ കൊണ്ടു വിട്ടത്. ജോലിയില്‍ മാത്രമല്ല, ബന്ധങ്ങളിലും അണ്ണന്‍ തനി പോലീസുകാരനാണ്‌. എയര്‍പ്പോര്‍ട്ടില്‍ വച്ച് അണ്ണനോട് പോട്ടേ എന്നു പറഞ്ഞപ്പോള്‍ യൂണീഫോമിട്ട് നില്‍ക്കുന്ന അണ്ണന്‍ അറിയാതെ എന്നെ കെട്ടിപ്പിടിച്ചു പോയി. എനിക്കോര്‍മ്മ വന്ന ശേഷം അണ്ണനെന്നെ കെട്ടിപ്പിടിച്ച മറ്റൊരു  അവസരവുമില്ല.
എയര്‍പ്പോര്‍ട്ടിലെ കൂട്ടുകാരന്‍  അന്ന് വിമാനത്തിനുള്ളില്‍ വരെ വന്നു. ഞാന്‍ ഇരുന്നു. പത്തു വര്‍ഷം എന്നും കണ്ടിട്ടും "നിനക്കു സുഖമാണോ?" എന്ന ഔപചാരിക ചോദ്യം  പോലും ചോദിക്കുന്ന ശീലമില്ലാത്ത അവന്‍ "ജീവിതത്തില്‍ രണ്ടു വര്‍ഷം എന്തോന്നാണെടാ. നീ വേഗം പോകുക അത്യാവശ്യം നിന്റെ പ്രാക്റ്റീസ് തുടങ്ങാനുള്ള കാശൊപ്പിക്കുക, തിരിച്ചു വരിക. ഞങ്ങളെല്ലാം കാത്തിരിക്കും." എന്ന് പറഞ്ഞ് എന്നെ അതിശയിപ്പിച്ചു.  ബഹ്റൈന്‍ വഴിയായിരുന്നു ഫ്ലൈറ്റ് വന്നത്. ബഹ്റൈന്‍ എയര്‍പ്പോര്‍ട്ടിലെ ടോയിലറ്റില്‍ കയറി കണ്ണാടിയില്‍ നോക്കിയപ്പോള്‍ എനിക്കു കരച്ചില്‍ വന്നു. എന്തിനെന്ന് ഒരു പിടിയുമില്ല.

പതിന്നലു വര്‍ഷം കഴിഞ്ഞു. ആദ്യ തവണ നാട്ടില്‍ പോയപ്പോള്‍ വലിയ ആവേശമായിരുന്നു.എയര്‍പ്പോര്‍ട്ടിലെ കൂട്ടുകാരന്‍ വടക്കേയിന്ത്യയില്‍ ട്രാന്‍സ്ഫര്‍ ആയി. മറ്റു രണ്ടുപേരില്‍ ഒരാള്‍ വിദേശത്തു പോയി. രണ്ടാമനെ കണ്ടു കുറച്ചു വെള്ളമൊക്കെ അടിച്ചു പിരിഞ്ഞു. അവനു പരീക്ഷയാണ്‌, കൂടുതല്‍ ശല്യപ്പെടുത്തിയില്ല. വേറേ കുറേപ്പേരെ ഒക്കെ കണ്ടു. പഴയ ഓഫീസില്‍ പോയി. എനിക്കു വേണ്ടി വിളക്കൊക്കെ കത്തിച്ച കുട്ടി കല്യാണം കഴിച്ച് അമേരിക്കയില്‍ പോയി, കെട്ടുന്ന കാര്യം എനിക്കു മെയില്‍ അയക്കാന്‍ തിരക്കില്‍ മറന്നതാവും. എന്നോട് യാത്ര പറയാന്‍ വയ്യെന്നു പറഞ്ഞ കുട്ടി. "ആ സാറു വന്നോ? സുഖമല്ലേ, എത്ര ദിവസം ലീവ്, എന്നാണു പോണത്, കല്യാണം കഴിക്കാനോ മറ്റോ വന്നതാണോ" എന്നു മാമൂലു ചോദ്യമെല്ലാം ചോദിച്ച് വീണ്ടും അതിന്റെ പണി തുടര്‍ന്നു. പഴയ ബോസ് ദുബായിലുള്ള പുള്ളിയുടെ കുറേ പരിചയക്കാരുടെ കാര്യമൊക്കെ പറഞ്ഞ് അവരെല്ലാം വന്‍ പുലികളായി അതുപോലെ ആയിക്കോളാന്‍ ഉപദേശിച്ചു വിട്ടു.
ഞാനിങ്ങു പോന്നു.

പതിന്നാലു വര്‍ഷമായി. ഒരു ഇരുപത്തഞ്ചു തവണ നാട്ടില്‍ പോയിട്ടുണ്ടാവും. എന്റെ ഫീല്‍ഡുമായുള്ള ബന്ധമൊക്കെ പോയി. ഇനി പ്രാക്റ്റീസ് ചെയ്താല്‍ ഞാന്‍ ജയിലില്‍ പോകും, അത്ര മറന്നു ആ പണിയൊക്കെ. വീട്? അതൊരെണ്ണം വച്ചു, കുളവുമില്ല, പൊന്തയും ഇല്ല കുന്തവും ഇല്ല- ആരു നോക്കാന്‍ അതൊക്കെ. നാട്ടില്‍ പോയിട്ട് ഒന്നും ചെയ്യാനില്ല.

No comments:

Post a Comment