Friday, February 22, 2013

ബ്രേവ് ഹാര്‍ട്ട്

പണ്ട് എനിക്കു ബുദ്ധമുട്ടുള്ള ഒരു സാഹചര്യം ഉണ്ടായപ്പോള്‍ അതിനെ നേരിടാനുള്ള "ലയണ്‍ ഹാര്‍ട്ട്" ഉണ്ടാകട്ടെ എന്നാണ്‌ ഒരാള്‍ ആശംസിച്ചത്. എനിക്കൊരു ലയണ്‍ ഹാര്‍ട്ട് അല്ല ഇപ്പോഴാവശ്യം.  സിംഹം ഫുഡ് ചെയിനില്‍ മുകളറ്റത്തായതുകൊണ്ടും വളരെ ശക്തനായതുകൊണ്ടും സംഘബലം കൊണ്ടും തന്നിലും വലിയ ജീവികളെ കൊല്ലാന്‍ കഴിവുള്ള ജന്തുവാണ്‌-  കാട്ടുപോത്തുകളെയും ഒറ്റപ്പെട്ട സംഭവങ്ങളില്‍ ആനയെ വരെ സിംഹം പറ്റമായി വന്നു കൊന്നു തിന്ന സംഭവങ്ങളുണ്ട്. അതിനപ്പുറം എന്തോന്നാണീ  സിംഹം? ഒരു വലിയ പൂച്ച. സിംഹത്തെ ഭയപ്പെടുത്തിയാല്‍ അത് പ്രാണനും കൊണ്ടോടും.  മരിക്കും വരെ പൊരുതി നിന്ന  ചരിത്രം സിംഹത്തിനില്ല. ഒരു ജന്തുവിനെയും വിടാതെ ഏറെ നേരം പിന്‍‌തുടര്‍ന്ന ചരിത്രം പോലുമില്ല.    എനിക്കൊരു സിംഹത്തിന്റെ ഹൃദയം വേണ്ട.

എനിക്കൊരു ഹണി ബാഡ്ജറിന്റെ ഹൃദയമാണ്‌ ഇപ്പോള്‍ വേണ്ടത്. ഹണി ബാഡ്ജറിനു ഒരു പ്രശ്നമുണ്ടായാല്‍ അത്  എത്ര വലിയ ഭീഷണിയാണെങ്കിലും തിരിഞ്ഞോടില്ല. രജനീകാന്തിന്റെ സിനിമയില്‍ പറയുന്നത് തെറ്റാണ്‌, സിംഹം കൂട്ടമായി വരും-ഹണി ബാഡ്ജര്‍ "സിംഗിള്‍ ആ മട്ടും താന്‍ വരും" .ദിവസങ്ങളോളം, വേണമെങ്കില്‍ മരിക്കും വരെ പിന്‍‌തുടരാനും ആക്രമിക്കാനും പിടിച്ചു നില്‍ക്കാനും അതിനു കഴിയും.


[Image courtsey- Wikipedia]
ബുദ്ധിയുടെ കാര്യത്തില്‍ ഹണി ബാഡ്ജര്‍ പുലിയാണ്‌- ആവശ്യമെങ്കില്‍ സ്വന്തം ടൂളുകള്‍ ഉണ്ടാക്കാന്‍ അതിനു കഴിയും. ഹണി ബാഡ്ജര്‍ സ്വന്തം വീടു പണിത് അതില്‍ താമസിക്കും. അതിനു അറിയാതെ കേടു വരുത്തിയാല്‍ അത് ആനയെപ്പോലും കടന്നാക്രമിച്ചുകളയും. 

ഹണി ബാഡ്ജറിനു പേരുപോലെ തേനാണ്‌ ഇഷ്ടം. തേനീച്ചകൂട്ടില്‍ പുഴുക്കളെ തിന്നുന്ന ഇനം കിളികളെ കണ്ടെത്തി അവയെ പിന്‍‌തുടര്‍ന്ന് അവ തേന്‍ കണ്ടെത്തും. തേനില്ലെങ്കില്‍ കിഴങ്ങും ഉള്ളിയും ചെടിയും മരത്തൊലിയും വരെ തിന്നും. കോഴിക്കൂടു കണ്ടാല്‍ അവ വടികൊണ്ട് തുറന്നോ മരത്തടി കരണ്ടോ കോഴിയെ പിടിക്കും. പാമ്പിനെ തിന്നും, ഈച്ചയെ പിടിച്ചു തിന്നും, തവളെയെയും പുഴുക്കളെയും തിന്നും, വേണ്ടിവന്നാല്‍ സിംഹത്തിന്റെ പറ്റിച്ച് സിംഹക്കുട്ടികളെയും തിന്നും. മുട്ടയും തിന്നും കിളിയെയും തിന്നും.ഹണി ബാഡ്ജര്‍ ഏതു സാഹചര്യത്തിലും ജീവിക്കും.

ഹണി ബാഡ്ജര്‍ മിക്കവാറും ജയിക്കുകയാണ്‌ ചെയ്യുന്നത്, എന്നാല്‍ ഒരിക്കലും തോല്‍ക്കില്ലെന്നില്ല. ഒരു വേട്ടക്കാരന്റെ കൃത്യമായി തലയ്ക്കുള്ള  വെടിയില്‍ അതു ചത്തു പോകും. നീളമുള്ള വടികൊണ്ട് തലയ്ക്കടിച്ചും അമ്പും വില്ലും കുന്തവും നഖവും വിഷപ്പല്ലുകളും ഏശാത്ത ഇതിനെ കൊല്ലാന്‍ ചിലപ്പോള്‍ പറ്റിയേക്കാം. ഒരു പറ്റം സിംഹങ്ങള്‍ വന്നാല്‍ അവ തോറ്റേക്കാം. പക്ഷേ അപ്പോഴും അവ സിംഹത്തിനെപ്പോലെ പേടിച്ചോടുകയോ തളരുകയോ അല്ല, അവസാന ശ്വാസം വരെ മുന്നോട്ട് കുതിച്ചാണ്‌ മരിക്കുക.

ഈ ഭംഗിയില്ലാത്ത, ആരും ഇഷ്ടപ്പെടാത്ത, നീച സ്വഭാവമുള്ള, ഏകാകിയുടെ ഹൃദയം ആവശ്യമുണ്ട്.


https://plus.google.com/u/0/111754722974346117564/posts/1iUeSkK2sfM

No comments:

Post a Comment