Friday, February 22, 2013

അയ്യരുകളി

അച്ച, നമുക്ക് ടോയ് സ്റ്റോര്‍ വരെ പോകാം?
ഇല്ല. ആഴ്ചേല്‍ ആഴ്ചേല്‍ ടോയി. നീ ആരെടേ ലിയോ മാറ്റല്‍ ടോള്‍സ്‌റ്റോയിയോ?

(പയ്യനു അഭിമാനക്ഷതം)
വെറുതേ പോയി ലേറ്റസ്റ്റ് കളക്ഷന്‍ ഒക്കെ ഒന്നു നോക്കി വരാം,
ഒന്നും വാങ്ങണ്ടാ.
അങ്ങനെയെങ്കില്‍ പോകാം.
[
കാറില്‍ വച്ച്]

അച്ഛ, നമ്മുടെ കയ്യില്‍ 99 ദിര്‍ഹം ഉണ്ടോ?
ഇപ്പോള്‍ ഇല്ല. [99 ദിര്‍ഹം വിലയുള്ള എന്തോ ആ സ്റ്റോറില്‍ ഉണ്ട്- കഴിഞ്ഞ തവണ നോക്കി വച്ചതാകാം, അല്ലെങ്കില്‍ കൂട്ടുകാര്‍ പകര്‍ന്നു കൊടുത്ത വിജ്ഞാനം ആകാം]

49 ദിര്‍ഹം ഉണ്ടോ?
ഉണ്ടെങ്കില്‍ എന്താ?
ഒന്നുമില്ല.
ശരി.

കടയില്‍  കയറുന്നു, പയ്യന്‍ ഓരോന്നെടുത്തു നോക്കുന്നു, തിരിച്ചു വയ്ക്കുന്നു.   അടുത്ത റാക്കിലേക്ക് നടക്കുമ്പോള്‍ കാലില്‍ ദര്‍ഭമുന കൊണ്ട ശകുന്തളയെപ്പോലെ തിരിഞ്ഞു നോക്കുന്നു. യെവിടെ, നമ്മളോടാ കളി? ടോയ് മുട്ടി വീട്ടില്‍ നടക്കാന്മേല്ലാ. അതില്‍ തന്നെ മിക്കതും
ഊരിയും ഫിറ്റ് ചെയ്തും നാശമാക്കിയും കഴിഞ്ഞു.

അപ്പോള്‍ വരുന്നു നാട്ടില്‍ നിന്ന് ചേട്ടന്റെ ഫോണ്‍.
നീയെവിടെ നിന്‍ നിഴലെവിടെ? നിന്നില്‍ കാലന്‍ നട്ടു വളര്‍ത്തിയ...
തിരക്കായിപ്പോയതുകൊണ്ട് വിളിക്കാഞ്ഞതാ അണ്ണാ.

മോനെവിടെ?
അവനേം കൊണ്ട് ടോയ് സ്റ്റോറിലാണു ഇപ്പോള്-‍ വെറുതേ എല്ലാം കാട്ടിക്കൊടുത്താല്‍ മതി പോലും.

അയ്യരുടെ കഥ അറിയാമോ?
ഇല്ല അതെന്താ?

അയ്യരു പണി കഴിഞ്ഞ് വീട്ടില്‍ വന്നു കയറിയപ്പോള്‍ കുട്ടികള്‍ ഭയങ്കര ബഹളം, ഒരു സ്വൈരതയുമില്ല. അങ്ങേര്‍ക്ക് കലിയിളകി.
"  എന്നടാ ഇത്? ഇപ്പടി തൊന്തരവു പണ്ണിനാല്‍ ഇനി മേലേ നാന്‍ ഉങ്കളെ പാര്‍ക്കുക്കു കൂട്ടി പോയി  പസങ്കള്‍ ഐസ് ക്രീം സാപ്പിടത് കാട്ടിത്തരവേ  മാട്ടേന്‍."

ഞാന്‍ മോനെ വിളിച്ചു "ടോ, മുപ്പതു ദിര്‍ഹത്തിനു താഴെ വിലയുള്ള എന്തെങ്കിലും എടുത്തോ നീ."

അവന്‍ പൊന്മാന്‍ ഡൈവ് ചെയ്യുന്നതുപോലെ എങ്ങോട്ടോ ഒരു പറക്കല്‍.

വല്യച്ഛന്മാരാണു പിള്ളേരെ ചീത്തയാക്കുന്നത്. അച്ഛന്മാരെയും.

No comments:

Post a Comment