Friday, February 22, 2013


കൂണുകളുടെ ആന്റി ക്യാന്‍സര്‍, ആന്റി വൈറല്‍, ആന്റി ഓക്സിഡന്റ്  പ്രവര്‍ത്തനമാണ്‌ ഇപ്പോഴത്തെ നുട്രീഷന്‍ ഹോട്ട് ടോപ്പിക്ക്. മറ്റെല്ലാ ഡയറ്റ് ഹൈപ്പുകളെയും പോലെ  പൊലിപ്പിച്ച കഥകളും ഒന്നോ രണ്ടോ ഗവേഷണമെടുത്ത് വന്‍ പ്രചാരം ഉണ്ടാക്കുന്നതിലും ഇതൊക്കെ കലാശിക്കുന്നുണ്ടെങ്കിലും ഒട്ടേറേ ഗവേഷണങ്ങള്‍ ഇതിലെ സത്യത്തിന്റെ അംശത്തിലേക്കു തന്നെ  ചെന്നു ചേരുകയാണ്‌. ജോയല്‍ ഫര്‍മാനെപ്പോലെയുള്ള ഡയറ്റാചാര്യന്മാര്‍ വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ ഭക്ഷണത്തില്‍ കൂണുകള്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അദ്ധ്യായങ്ങള്‍ തന്നെ എഴുതിയിട്ടുണ്ട് എന്നതു വേറേയും. കൂണുതീറ്റപ്രാന്തിലേക്ക്  പോകുന്നവര്‍ക്കായി എന്റെ വക ഒരു പരിചയപ്പെടുത്തല്‍. സ്വല്പ്പം ഉപ്പു ചേര്‍ത്ത് വേവിച്ച് വിഴുങ്ങണം കേട്ടോ.

നാട്ടില്‍ സാധാരണ കാണുന്ന കൂണുകള്‍.
ബട്ടണ്‍ മഷ്‌റൂം ( സാദാ കൂണ്‌)- Agaricus bisporus ഏറ്റവും വില കുറഞ്ഞതും സാധാരണയുമായ കൂണ്‌. എന്നുവച്ച് നിസ്സാരനല്ല, വൈറ്റമിന്‍ ഡിയുടെയും ആന്റി ഓക്സിഡന്റുകളുടെയും മികച്ച സ്രോതസ്സ്. ഒരു ദിവസം ഒരു കൂണും ഒരു ഗ്രീന്‍ ടീയും കഴുക്കുന്നവരില്‍ സ്ഥനാര്‍ബ്ബുദത്തിനുള്ള സാദ്ധ്യത 90% വരെ കുറവെന്നും ബട്ടണ്‍ മഷ്റൂം 64% വരെ സ്തനാര്‍ബ്ബുദവും മറ്റ് അര്‍ബ്ബുദവും ഒഴിവാക്കും എന്ന രണ്ടുമൂന്നു പഠനവും ആണ്‌ ബട്ടണ്‍ മഷ്‌റൂമിനെ ലൈം‌ലൈറ്റില്‍ എത്തിച്ചത്.

 ഓയെസ്റ്റെര്‍ മഷ്‌രൂം ചിപ്പിക്കൂണ്‌-Pleurotus Ostreatu നാട്ടില്‍ സാധാരണ പറമ്പില്‍ കാണുന്നത്. മേലേ പറഞ്ഞ ഗുണത്തിനു പുറമേ ലോവാസ്റ്റാറ്റിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ രക്തക്കൊഴുപ്പ് കുറയ്ക്കുമെന്ന് മേനി.

ഗുച്ചി-Morchella esculenta പൊന്നും വിലയുള്ള  ഹിമാലയന്‍  കൂണ്‌. ആന്റി ട്യൂമര്‍ ഇഫക്റ്റിനായി ചൈനീസ് പാരമ്പര്യ വൈദ്യം ഉപയോഗിക്കുന്നു. പഠനങ്ങളൊന്നും ഞാന്‍ കണ്ടില്ല.

നാട്ടില്‍ കിട്ടാന്‍ വിഷമമുള്ള ചില എക്സോട്ടിക് സ്പീഷീസ്:
ഷിറ്റേകേ - Lentinula edodes രുചിയുടെ വന്‍ പുലി. താരങ്ങളില്‍ താരം. ജപ്പാനിലും ചൈനയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ക്യാന്‍സര്‍ ചികിത്സയ്ക്കുപയോഗിക്കുന്ന ലെന്റിനാന്‍ എന്ന ബെയ്റ്റ ഗ്ലൂക്കന്റെയും AHCC എന്ന ആല്‍ഫ ഗ്ലൂക്കന്റെയും ഉറവിടം. ആന്റി വൈറല്‍,  പ്ലാറ്റെലെറ്റ് അഗ്രെഗേഷന്‍ കുറയ്ക്കല്‍ ഗുണങ്ങള്‍ അടക്കം ഒരുപാടു പ്രോപ്പര്‍ട്ടീസ് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

മൈറ്റേകേ Grifola frondosa- പ്രമേഹം, രക്തസമ്മര്‍ദ്ദം, അര്‍ബുദം‍ എന്നിവയെ ചെറുക്കുമെന്ന്    റിപ്പോര്‍ട്ടുകള്‍. എഫ് ഡി ഏ ഇന്‍‌വെസ്റ്റിഗേഷണല്‍ ന്യൂ ഡ്രഗ് വിഭാഗത്തില്‍  ഉള്‍ക്കൊള്ളിച്ച ഒരു ആഹാരം!

ലയണ്‍സ് മേന്‍ ‍-Hericium erinaceus ചിത്രത്തില്‍ കാണിച്ചിരിക്കുന്ന കൂണ്‌. അള്‍സര്‍‌, അന്നനാളത്തിലെ അര്‍ബുദം രക്തക്കൊഴുപ്പിന്റെ ഉയര്‍ച്ച എന്നിവയ്ക്ക് പാരമ്പര്യ ചൈനീസ് വൈദ്യം ഉപയോഗിക്കുന്നു.

ഇവയെല്ലാം ദൈനംദിന ഭക്ഷണയോഗ്യമാണ്‌ എന്നതിനാല്‍ ഉള്‍ക്കൊള്ളിച്ചതാണ്‌. മരുന്നായി മാത്രം ഉപയോഗിക്കുന്നവ അടക്കം മറ്റനേകം കൂണുകളുണ്ട്.

ഫര്‍മാന്റെ പ്രകാരം ജി‌ബോംബ്(ഗ്രീന്‍സ്, അണിയന്‍സ്, മഷ്‌റൂംസ്, ബീന്‍സ്, സീഡ്സ്) മികച്ച ആരോഗ്യം തരുന്ന ഭക്ഷണചേരുവകളാണ്‌. അതു നിലനില്‍ക്കെ തന്നെ ആദ്യം പറഞ്ഞത് ആവര്‍ത്തിക്കുന്നു. ഡയറ്റ് ഹൈപ്പുകളെ മറ്റനേകം ഹൈപ്പുകളെപ്പോലെ ഡിസ്കൗണ്ട് ചെയ്തേ കാണാവൂ. മികച്ച ഡയറ്റ് എന്നാല്‍ വൈവിദ്ധ്യമുള്ള ഡയറ്റ് ആണ്‌. കൂണ്‍ ഒരു മാജിക്ക് ബുള്ളറ്റ് അല്ലതാനും.[വിവരങ്ങള്‍ക്ക് പ്രാഥമിക കടപ്പാട് ഡോ. ഫര്‍മാന്റെ വിവിധ  ബുള്ളറ്റിനുകള്‍]]] [ചിത്രം വിക്കിപ്പീഡിയയില്‍ നിന്ന് അനുമതിയോടെ]
File:Igelstachelbart Nov 06.jpg
https://plus.google.com/u/0/111754722974346117564/posts/3z2uTPqQpFb

No comments:

Post a Comment