Friday, February 22, 2013

ഈസ് തെറ്റിക്കല്‍

സൗന്ദര്യബോധമെന്ന് പറയുന്നത് വല്യേ കാര്യമാണ്‌. എനിക്കതില്ല എന്നത് ലോകം അംഗീകരിച്ച  കാര്യവും. ഞാന്‍ ഒരു ഉടുപ്പിട്ടാല്‍ അതു ചേരില്ല. ഞാന്‍ ആര്‍ക്കെങ്കലും എന്തെങ്കിലും കുപ്പായമോ മറ്റോ വാങ്ങിക്കൊടുത്താല്‍ അവരത് ഒരിക്കലും ഇടൂല്ല. ഞാന്‍ ഒരു കണ്ണട വാങ്ങിയാല്‍ കാണുന്നവരെല്ലാം കുറ്റം പറയും. ഞാന്‍ മീശവെട്ടിയാല്‍ അതെനിക്കു ചേരില്ല. എന്റെ എല്ലാ ഉടുപ്പും ഇളം നീലയില്‍ വരയും കുറിയുമാണ്‌. മുടിവെട്ടുകാരന്‍ എങ്ങനെ വെട്ടണമെന്ന് ചോദിച്ചാല്‍ "നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ" എന്നാണു ഞാന്‍ പറയാറ്.

ഞാന്‍ ഈസ്തെറ്റിക്കലി ചലഞ്ച്ഡ് ആണെന്നത് മനുഷ്യര്‍ക്ക് മാത്രമല്ല അറിയാവുന്നത്. കോളേജില്‍ പഠിക്കുന്ന കാലം പട്ടിക്ക് മുടി വെട്ടിക്കൊടുത്തിട്ട് കണ്ണാടി കാട്ടി എങ്ങനെ ഉണ്ടെടീ എന്നു ചോദിച്ചു. അവള്‍ എന്നെ സൂക്ഷിച്ചു നോക്കിയിട്ട് "ബ്രൂഫ്" എന്നു പറഞ്ഞ് വെട്ടിത്തിരിഞ്ഞു നടന്നു പോയി. നോട്ടത്തില്‍ നിന്നു തോന്നിയത് ശുനകഭാഷയില്‍ ബ്രൂഫ് എന്നു പറഞ്ഞാല്‍ "കലാബോധമില്ലാത്ത കഴുത" എന്നാണെന്നാണ്‌.

കെട്ടിയേപ്പിന്നെ ഉടുപ്പും ചെരിപ്പും വാങ്ങലൊക്കെ ഭാര്യയെ ഏല്പ്പിച്ചു. ശേഷം പുരോഗതി ഉണ്ടെന്നു തോന്നുന്നു, വല്ലപ്പോഴുമൊക്കെ ആളുകള്‍ ഉടുപ്പു കൊള്ളാം, ടൈ കൊള്ളാം
എന്നൊക്കെ പറ്യുന്നത് കേള്‍ക്കാന്‍ ഭാഗ്യമുണ്ടായി.എന്റെ മറ്റു പരിമിതികളെപ്പോലെ ഈ ഒരു സംഗതിയുമായും ഞാന്‍ പണ്ടേ മാനസികമായി പൊരുത്തപ്പെട്ടു കഴിഞ്ഞതാണ്‌‌. ആനയ്ക്ക്  നിലത്തൂന്നൊരടി ചാടാന്‍ കഴിയില്ല. ജിറാഫിനു  ഒരു ശബ്ദവും ഉണ്ടാക്കാന്‍ കഴിയില്ല. കാളയ്ക്ക് ചുവപ്പു നിറം കാണാന്‍ കഴിയില്ല.  എനിക്കു ഈ ഫ്യാഷനും  ട്രെന്‍ഡും ചേര്‍ച്ചയും ഒന്നും മനസ്സിലാക്കാനും കഴിയില്ല. അതുകൊണ്ട് ശ്വാസം മുട്ടിച്ചാകുകയൊന്നുമില്ലല്ലോ, കള.


ഇന്നലെ ഭാര്യയ്ക്ക് കയ്യില്‍ കൊണ്ടുനടക്കുന്ന ഒരു കുഞ്ഞി പേഴ്സ് വേണം. സെന്റര്‍ പോയിന്റില്‍ പോയി. അവിടങ്ങനെ പഴ്സുകള്‍ കൂമ്പാരം കൂട്ടി ഇട്ടിരിക്കുന്നു. വാമദേവി അതിനകത്ത് ചികഞ്ഞ് നോക്കുകയാണ്‌. ചുമ്മാ നില്‍ക്കുവല്ലേ, പെരിച്ചാഴി ചവറുകൂന തുരക്കുമ്പോലെ ഞാനും ഒന്നു തുരന്നു നോക്കി. കണ്ടിട്ട് നല്ല രസമുള്ള ഒരെണ്ണം കയ്യില്‍ കിട്ടി.

"ഇതെങ്ങനെ ഉണ്ട്?"
ഭാര്യ എന്നെ സൂക്ഷിച്ചു നോക്കി. "ഉല്‍സവപ്പറമ്പില്‍ രണ്ടുരൂപയ്ക്ക് ഇതിലും നല്ലത് കിട്ടും."

ഇതാണ്‌ അറിയാത്ത കാര്യത്തില്‍ കേറി ഡയലോഗ് വിട്ടാലുള്ള കുഴപ്പം. എനിവേ, ഇതൊരു അവസരമാണ്‌-  സൗന്ദര്യ ശാസ്ത്രപരമായി ഒരു പാഠം പഠിക്കാം. ഭാര്യ തിരഞ്ഞെടുക്കുന്നതും ഞാനെടുത്തതും തമ്മില്‍ ഒരു താരതമ്യ പഠനം- കമ്പയര്‍, കോണ്ട്രാസ്ക്റ്റ് ഒക്കെ ചെയ്ത്- നോക്കിയാല്‍ എന്താണു സൗന്ദര്യം എന്ന് ഒരു ഊഹം കിട്ടിയേക്കും.
പത്തിരുപത് മിനുട്ട് കഴിഞ്ഞ് പെമ്പ്രന്നോര്‍ ഒരെണ്ണം എടുത്തു. സ്പോട്ട് ലൈറ്റില്‍ പിടിച്ചു നോക്കി, വെറും ലൈറ്റില്‍ പിടിച്ചു നോക്കി. തുറന്നടച്ചു നോക്കി, അകം പുറം തിരിച്ചു നോക്കി -തൃപ്തിയായി, തീരുമാനവും ആയി.

"ഇതാണോ വാങ്ങുന്നത്?"
"അതേ, ഇതു കൊള്ളാം- ഹാന്‍ഡ്ക്ലച്ച്."
" അപ്പോ ഞാനെടുത്തത് പിന്നെ ഹാന്‍ഡ്‌ബ്രേക്ക് ആയിരുന്നോ?"
"ഏയ്, അതിങ്ങനെ ഒന്നുമല്ലായിരുന്നു. ഒരു കൂതറ പേഴ്സ്."
"ഞാനെടുത്തത് ദാ എന്റെ കയ്യില്‍ തന്നെ ഇരുപ്പുണ്ട്. ദാ, രണ്ടും ചേര്‍ത്ത് വച്ച് എന്തെങ്കിലും ഒരു വത്യാസം കാണിച്ചു തന്നേ."
"ങ്ഹേ? ഹ്ം . രണ്ടും ഒന്നാണല്ലോ. അപ്പോ പിന്നെ- ആദ്യം ഞാനതത്ര ശ്രദ്ധിച്ചു കാണില്ല."

സൗന്ദര്യബോധം എന്താണെന്നു ഇപ്പോ മനസ്സിലായി.
https://plus.google.com/u/0/111754722974346117564/posts/CVYXpguwddn

No comments:

Post a Comment