Thursday, February 28, 2013

Evolution, Discovery and Invention


Dad?
Yes?
Before  humans, when there were only dinosaurs…
Dinosaurs and some other animals.

Yes, then. Then… where were the languages?
Well,  there were no languages then. After humans evolved, they started communicating with each other in so many sounds. Then  the sounds became codes with meanings – like  if I scream “Kree” that means there is a tiger over there,  everyone better watch out.  And when you scream”Aah” it means “there is food over there.” Then it   evolved to structured words  that  can convey more, like “Kree koo see” means” there is a tiger over there, everybody  join together with spears”. That’s how sentences evolved. Sentences  of different kind were made, like the one which you can ask, the one which you can  pass information and the ones you use to express   feelings. Rules became  complex to make complex  talks  and it becomes a complete language. Since people were isolated in so many places then, so many different languages evolved.

Okay..but
But?
How did  food people eat evolve?
Food  did not evolve with us, in that sense. People started hunting for food, then they discovered  what are edible, and what was not. Some people  might have eaten some mushroom and found  it is tasty and good. Some others might have eaten poisonous mushrooms and people knew then they can kill. Finding out something that is already there, but you did not know of  is called  discovery.   For example, people did not know  we breathe in oxygen from air till some hundreds of years back , but we had been doing  it all the time!

How did they discover Karate then?
Karate was not discovered.  Ancient  people invented some good forms of fighting and then it was developed further  for better fighting. Karate is one of those fighting style inventions, though parts of it kind of evolved too. The Karate you learned, Shotokan was  developed  by   Great  Master Funakoshi.  Regarding inventions, Karate is not a good example, since it has heavy elements of  evolution and discovery too. Have you ever thought how did  they make a bicycle?

How?
There were only horse and bullock drawn carts as forms of transportation. A genius,   believed to be a guy named McMillan  created a  machine  which will go on two wheels  if you peddle it fast enough.  Everyone  greatly benefited  from this  invention.

Cool.
Then an animal doctor named Dunlop  bought a bicycle for his son and his son was getting neck problems and headache because riding the bicycle was  very bumpy and harsh. He thought  of some way to  reduce the shock and bumps in a bicycle ride and came up with the idea of making rubber rings around the iron wheels. Thus Dunlop invented the tyres  we use today.

Okay.
Evolution means something came into existence  or changed by itself. Discovery means something was already there, but  no one knew until someone found out. Invention means  it was not there but someone thought  of it and made it happen. Languages evolved.  Poisonous mushrooms were discovered and bicycle was invented.

Saturday, February 23, 2013

കൊമ്പന്‍ സ്രാവ്


അമരം എന്ന സിനിമ കണ്ടവര്ക്കൊക്കെ ഓര്‍മ്മയുണ്ടാകും സിനിമയില്‍ മമ്മൂട്ടി അശോകനോട് ഒരു കൊമ്പന്‍ സ്രാവിനെ പിടിക്കാന്‍ അറിയാത്ത നീ എവിടത്തെ അരയനാണെടാ എന്ന് വെല്ലുവിളിക്കുന്നതും അതേറ്റെടുത്ത് അശോകന്‍ കടലില്‍ പോയി ചൂണ്ടയിട്ട്   തങ്കൂസില്‍ കുരുങ്ങിപ്പോകുന്നതും.

സിനിമയില്‍ കൊമ്പന്‍ സ്രാവില്ല. അശോകന്‍ പിടിക്കുന്നതായി കാണിക്കുന്ന ( നേരത്തേ ചത്ത) സ്രാവ് ചട്ടിത്തലയന്‍ സ്രാവാണ്‌. സത്യത്തില്‍ കൊമ്പന്‍ സ്രാവിനെ പിടിക്കാന്‍ അത്ര പ്രയാസവുമില്ല.

File:Pristis pectinata - Georgia Aquarium Jan 2006.jpg

കൊമ്പന്‍  സ്രാവുകള്‍ (Pristidae) സ്രാവുകളല്ല, തിരണ്ടികള്‍ ആണ്‌. ഒട്ടു മിക്കതും കടലിലാണു ജീവിതമെങ്കിലും ഇവയ്ക്ക് പുഴയിലും ജീവിക്കാന്‍ കഴിയും. ഉപ്പുവെള്ളം അത്യാവശ്യമല്ല. ഇവയെല്ലാം തന്നെ വംശനാശഭീഷണിയിലായതിനാല്‍ ഇന്ത്യയുള്‍പ്പടെ ഒട്ടുമിക്ക രാജ്യങ്ങളിലും കൊമ്പനെ പിടിക്കുന്നത് കുറ്റകരമാണ്‌.


മുള്ളുകളുള്ള മൂക്കുകൊണ്ട് കടലിന്റെ അടിത്തട്ട് ഇളക്കി കണവ, നങ്ക് തുടങ്ങിയ  അടിത്തട്ടുവാസികളയും മീനുകളെയും കണ്ടെത്തി അതിന്റെ  മൂക്ക് വാളുപോലെ ഉപയോഗിച്ച് വെട്ടിയാണ്‌ കൊമ്പന്‍ ഇരപിടിക്കുന്നത്.

മുട്ട വയറ്റില്‍ തന്നെ അടവച്ച് വിരിയിച്ച് പ്രസവിക്കുന്ന (viviparous) പ്രജനന രീതിയാണ്‌ കൊമ്പന്‍ സ്രാവുകള്‍ക്ക്. ഇവ ഇരുപതു വര്‍ഷം വരെ ആയുസ്സുള്ള ജീവികളാണ്‌. ;ചിലയിനം ആറുമീറ്റര്‍ വരെ വളരാറുണ്ട്.


കൊമ്പനെ പിടിക്കുന്നതോ വില്പ്പനയ്ക്കു വച്ചിരിക്കുന്നതോ കണ്ടാല്‍ ഫിഷറീസ് അധികാരികളെയോ വന്യജീവി  സം‌രക്ഷണ അധികൃതരെയോ അറിയിക്കുക. ഈ വിചിത്ര  തിരണ്ടിയുടെ നിലനില്പ്പ് പരുങ്ങലിലാണ്‌. [ചിത്രം വിക്കിപീഡിയയില്‍  നിന്ന്] [വീഡിയോയില്‍ കാണുന്ന ചൂണ്ടക്കാര്‍ അറിയാതെ പിടിച്ച കൊമ്പനെ അവര്‍ തിരികെ വെള്ളത്തില്‍ വിട്ടു]

Friday, February 22, 2013

ശങ്കരാഭരണം എന്ന തെലുങ്കു സിനിമയില്‍ പ്രശസ്തമായ ഒരു രംഗമുണ്ട്. ശങ്കര ശാസ്ത്രിയുടെ അയലത്തെ പയ്യന്മാര്‍ പാതിരാത്രി റോക്ക് സംഗീതം എന്ന പേരില്‍ ഒച്ച വച്ച് ശല്യം ചെയ്യുന്നു. പലപ്പോഴും  അതിന്റെ വോക്കല്‍ ശാസ്ത്രിയെ കളിയാക്കുന്ന രീതിയിലാണ്‌.ശല്യം സഹിക്കാതെ ശാസ്ത്രി ഇറങ്ങി ചെല്ലുന്നു. ഇനിയാണ്‌ രസം- റോക്ക് പയ്യന്മാര്‍ ശാസ്ത്രിയോട് പറയുന്നു 'ഇത്  നിങ്ങളുടെ സരിഗമ സംഗീതമല്ല അതിനാല്‍ മനസ്സിലാവുകയുമില്ല' എന്ന്. ശാസ്ത്രി അവര്‍ പാടുന്നത് താനും പാടുമെന്ന് വെല്ലുവിളിക്കുന്നു. റോക്ക് ബാന്‍ഡിലെ ഒരുത്തന്‍  ഒരു  റിഫ്രെയിന്‍ ചങ്കു പൊട്ടി പാടുന്നു. ശാസ്ത്രി അത് അനുകരിക്കുന്നു. ശേഷം ശാസ്ത്രി ഒരു രാഗം മൂളുന്നു, പയ്യന്‍ അതനുകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നു. തല താഴ്തി നില്‍ക്കുന്ന റോക്ക് പാട്ടുകാരോട് വിദേശികള്‍ നമ്മുടെ സംഗീതം പഠിക്കാന്‍ ഇവിടെ വരുമ്പോള്‍ നമ്മള്‍ അതിനെ പുച്ഛിക്കുന്നു തുടങ്ങി സൂപ്പര്‍ സ്റ്റാര്‍ സ്റ്റൈല്‍ ഡയലോഗുകള്‍ അടിച്ച് ഇറങ്ങി പോകുന്നു. സിനിമ നമ്മള്‍ കാണാനാഗ്രഹിക്കുന്നതും നമ്മെ ആവേശം കൊള്ളിക്കുന്നതുമായ രംഗങ്ങള്‍ കാണിക്കും.

ശരിക്കും ഇങ്ങനെ ഒരു സംഭവം നടന്നാല്‍ എങ്ങനെ ആയിരിക്കും?
റോക്ക് ബാന്‍ഡിലെ പയ്യന്‍ "ശാസ്ത്രി, ഇത് പോപ്പ് മ്യൂസിക്ക് ആണ്‌, നിങ്ങളുടെ സരിഗമ സംഗീതമല്ല, അതുകൊണ്ടാണ്‌ നിങ്ങള്‍ക്കിത് ബഹളമായി തോന്നുന്നത്."


ശങ്കര ശാസ്ത്രി "അതെയോ, എങ്കില്‍ നിങ്ങള്‍ ആരെങ്കിലും നിങ്ങളൂടെ സംഗീതത്തില്‍ നിന്ന് ഒന്നു പാടിക്കേള്‍പ്പിക്കൂ, എനിക്കത് പാടാന്‍ കഴിയുമോ എന്ന് നോക്കട്ടെ."

റോക്ക് പയ്യന്‍ : " ഞാനൊരാള്‍ ഒരു വോക്കല്‍ ബിറ്റ് പാടിയാല്‍ നിങ്ങള്‍ക്കത് അനുകരിക്കാന്‍ പറ്റും എന്ന   ഒരു വെല്ലുവിളി നടത്തിയത് തന്നെ റോക്ക് സംഗീതത്തെപ്പറ്റി ശാസ്ത്രിക്കുള്ള അറിവില്ലായ്മയാണു കാണിക്കുന്നത്. ഞാന്‍ പറഞ്ഞു തരാം. താങ്കള്‍ പഠിച്ച രീതിയനുസരിച്ച് നിങ്ങള്‍ സംഗീതത്തെ ശ്രുതി, സ്വരം, താളം എന്നിവ ഇഴപിരിച്ചാണ്‌ മനസ്സിലാക്കുന്നത്. ഓരോ സ്വരവും സപ്തസ്വരങ്ങളില്‍ ഒന്നായി  തരം തിരിച്ചും.  അതായത് സോള്ഫേസ്.  സോള്‍ഫേസ് എന്ന ഫ്രഞ്ചു വാക്ക് കര്‍ണ്ണാടക സംഗീത ഭാഷയിലേക്ക്  മാറ്റിയാല്‍ സ രി ഗ മ എന്നാണു വരുന്നത്, അതായത് ഓരോ സ്വരം ചേര്‍ത്ത് പാടുന്ന രീതി. അതാണു ഞാന്‍ സരിഗമ സംഗീതം എന്നു പറഞ്ഞത്. അത്തരത്തില്‍ പിരിക്കാന്‍ പറ്റാതെ വിളക്കിയ സ്വരമെല്ലാം നിങ്ങള്‍ക്ക് സംഗീതമല്ലാതെ വെറും ബഹളം ആയി തോന്നുന്നതില്‍ അതിശയമില്ല."

ശാസ്ത്രി :സപ്തസ്വരങ്ങളില്ലാത്ത സംഗീതമോ? 

പയ്യന്‍: അതില്ലാത്ത ഗീതമെന്നല്ല. അതിനെ ഇനി പിരിക്കാന്‍ കഴിയാത്ത വിധം  ഒന്നിച്ചു ചേര്‍ത്ത് പുതിയ സംഗീതം ഉണ്ടാക്കല്‍. അത് ഒറ്റയ്ക്ക് പാടുന്നതുപോലെയോ സംഘമായി പാടുന്നതുപോലെയോ അല്ല. പഞ്ചസാരയും പാലും തേയിലയും വെള്ളവും ചേരുമ്പോള്‍ ചായ ആകുന്നതുപോലെ. മനസ്സിലാകുന്നുണ്ടോ?

ശാസ്ത്രി: "അപ്പോള്‍  പോപ്പ് സംഗീതം ശാസ്ത്രീയമാണെന്നാണോ? ഇവിടെ കേള്‍ക്കുന്ന പോപ്പുലര്‍ പാട്ടുകള്‍ ഒന്നും അങ്ങനെ തോന്നുന്നില്ലല്ലോ."

പയ്യന്‍:: "തീര്‍ച്ചയായും ശാസ്ത്രീയമാണ്‌. ഇവിടെ കേള്‍ക്കുന്ന   ഹിറ്റ് പാട്ടുകള്‍- അതായത് സിനിമാ സംഗീതം കര്‍ണ്ണാടക സംഗീതമോ ഹിന്ദുസ്ഥാനിയോ  ലളിതമായ വെസ്റ്റേണ്‍  ഉപകരണ അകമ്പടി കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്നവയാണ്‌. ഫ്യൂഷന്‍ മ്യൂസിക്ക് വേറേ, സംഗീത ശാഖകള്‍ വേറേ. പോപ്പ് സംഗീതം പാശ്ചാത്യ ക്ലാസ്സിക്കല്‍ സംഗീതം മുതല്‍ നാടന്‍ പാട്ടുരീതികളില്‍ നിന്നു വരെ സ്വാംശീകരണം നടത്തിയിട്ടുണ്ടെങ്കിലും സംഗീത ശാഖയായി ഉരുത്തിരിഞ്ഞ്, വളര്‍ന്ന്, പരിണമിച്ചുകൊണ്ടേയിരിക്കുന്ന ശാസ്ത്രീയ രീതി തന്നെയാണ്‌. ശരിക്കും പറഞ്ഞാല്‍ അങ്ങനെയുള്ള നിരവധി ശാസ്ത്രീയ രീതികള്‍ക്ക് പൊതുവില്‍ പറയുന്ന ഒരു പേരാണ്‌. അതിങ്ങനെ പരിണമിച്ചുകൊണ്ടേയിരിക്കും, ഒരിടവും സംഗീതത്തിന്റെ അവസാന രൂപമാകുന്നില്ല."


ശാസ്ത്രി: "അതായത് എനിക്കു മനസ്സിലാക്കാന്‍ കഴിയാത്തത്ര  സങ്കീര്‍ണ്ണമായതുകൊണ്ടാണ്‌ അലോസരപ്പെടുത്തുന്നതെന്നോ?"

പയ്യന്‍ "നിങ്ങള്‍ സംഗീതം പഠിച്ചയാളായതുകൊണ്ട്  മനസ്സിലാക്കാന്‍ അത്ര ബുദ്ധിമുട്ടൊന്നുമുണ്ടാവില്ല, പരിചയക്കുറവാകും. ഞാന്‍ ഈ ഗിത്താറില്‍ വായിക്കുന്നതു  ഒന്നു  കേള്‍ക്കൂ  ഈ ശബ്ദത്തിനു സി‌ മേജര്‍7 എന്നു പറയും. സ ഗ  പ നി എന്ന സ്വരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പാടിയതാണ്‌- സ മൂലസ്വരം, ഗയും നിയും മുഖ്യസ്വരങ്ങള്‍, നി ഇടസ്വരവും. ഇനി ഇതൊന്നു കേട്ടു നോക്കൂ."

ശാസ്ത്രി: "സ ഗ പ നി ഒരുമിച്ച സ്വരമാണോ?"
പയ്യന്‍:: "അതു തന്നെ, Fmaj7. ഞാന്‍ പറഞ്ഞില്ലേ പ്രയാസം ഉണ്ടാകില്ലെന്ന്? പല സ്വരങ്ങള്‍ ചേര്‍ന്ന് പുതിയ ശബ്ദങ്ങളകും, പല ശബ്ദങ്ങള്‍ ചേര്‍ന്ന് പുതിയൊരു ഗീതമാകും, പല ഗീതങ്ങള്‍ ചേര്‍ന്ന് പുതിയൊരു സംഗീതമാകും.  കാലം, ചരിത്രം, ക്ഷാമം, ധാരാളിത്തം, യുദ്ധം, സമാധാനം, രാഷ്ട്രീയം, ചിന്താരീതി, വിരക്തി, ഭയം, ഭക്തി ഒക്കെ  അതതു കാലത്ത് അതിനു പുതിയ ചിട്ടകളും  രൂപപ്പെടുത്തും. അങ്ങനെ പോപ്പ് സംഗീതം പരിണമിച്ചുകൊണ്ടേയിരിക്കും, ശാസ്ത്രീയമായിത്തന്നെ.  ശാസ്ത്രി കേട്ടിട്ടില്ലേ, കൊടും ക്ഷാമകാലത്താണ്‌ ത്യാഗരാജന്‍ കൃതികള്‍ എഴുതിയത്- അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സംഗീതത്തില്‍ ദൈന്യതയും ഭക്തിയും വിലാപവും നിറഞ്ഞിരിക്കും. ഇന്ത്യയിലെ ശാസ്ത്രീയ സംഗീതം പരിണമിക്കുന്നില്ല, ആവര്‍ത്തിക്കപ്പെടുകയാണ്‌. അതും പരിണമിക്കേണ്ടതുണ്ട്."

ശാസ്ത്രിക്ക് വളരെ  അതിശയം തോന്നി. അന്നു രാത്രി പയ്യന്മാര്‍  ശാസ്ത്രിക്കുവേണ്ടി പാടി, ഇതുവരെ ബഹളമായി തോന്നിയിരുന്നത് ശാസ്ത്രിക്ക് സംഗീതമായി തോന്നി.  ശാസ്ത്രിയും അവര്‍ക്കുവേണ്ടി പാടി - ശാസ്ത്രിയുടെ കൃത്യതയും ഇമ്പ്രൊവൈസേഷന്‍ കഴിവും പയ്യന്മാരെയും അതിശയിപ്പിച്ചു.

ശാസ്ത്രി ഏറെ താമസിയാതെ തന്നെ പയ്യന്മാരുടെ റോക്ക് ബാന്‍ഡില്‍ ചേര്‍ന്നു. ഒരുതരം ഫ്യൂഷന്‍  മ്യൂസിക്ക് ആയിരുന്നു ആ ബാന്‍ഡിന്റേത് പക്ഷേ, സാധാരണ ഇന്ത്യയില്‍ കേള്‍ക്കുന്ന മിക്സ്ചര്‍ സംഗീതമായിരുന്നില്ല അത്. ശാസ്ത്രിയടങ്ങുന്ന റോക്ക് ബാന്‍ഡ് വളരെക്കാലം ഹിറ്റ് ചാര്‍ട്ടുകളില്‍ നിലനിന്നു. ആ സംഗീതം കേള്‍ക്കുന്നവരാരും പാട്ടുകാരനു ദുര്‍ന്നടത്തയുണ്ടോ, മദ്യപിക്കുമോ, ജാതിയേത്, മതമേത് എന്നു നോക്കുന്നവരായിരുന്നില്ല. അവര്‍ അയാളുടെ പാട്ട് മാത്രം ശ്രദ്ധിച്ചു, ഇഷ്ടപ്പെട്ടു. ദാരിദ്ര്യവും ഒറ്റപ്പെടലും ശാസ്ത്രിക്ക് പഴങ്കഥയായി. ഒരു ബന്ധം ആരോപിച്ച് തന്നെ പുറം തള്ളിയ കര്‍ണ്ണാടക സംഗീത ലോകത്തോട് ശാസ്ത്രി അങ്ങനെ മധുരമായി പ്രതികാരം ചെയ്തു.
https://plus.google.com/u/0/111754722974346117564/posts/hW5tdix7zoy

സക്കറിയമാര്‍ ഡിനോസറിനെ കണ്ടതുപോലെ

പ്രിയ സക്കറിയ,

താങ്കള്‍ പറഞ്ഞത്ഞാന്‍ കേട്ടില്ല..  റേഡിയോക്കാരു വായിച്ചത് കേട്ടതേയുള്ളൂ. അവരു വായിച്ചതു തന്നെയാണ്‌ താങ്കള്‍ പ്രസംഗിച്ചതെന്ന് കരുതുന്നു.

ഇടതുപക്ഷം ഡിനോസറുകളെപ്പോലെ ആയെന്ന അഭിപ്രായം കൊള്ളാം കേട്ടോ.  അതിനു ചെറിയ മസ്തിഷ്കവും വലിയ ഉടലും ആയതുകൊണ്ടാവും ഭീമ മസ്തിഷ്കവും ശുഷ്കദേഹവുമുള്ള ബുദ്ധിരാക്ഷസന്മാര്‍ നിരന്തരം അതിനു മസ്തിഷ്ക വ്യായാമദാനം നടത്തുന്നത്. പക്ഷേ ഒരു കൊഴപ്പം സാറേ, ചെറിയ മസ്തിഷ്കമേ ഉള്ളെങ്കിലും പത്താം ക്ലാസ്സുവരെ ഞാന്‍ പഠിച്ച ശാസ്ത്രം വച്ച് ചെറിയ മസ്തിഷ്കവും വലിയ ഉടലുമാണ്‌ അതിനെ വംശനാശത്തിലെത്തിച്ചത് എന്ന സാറിന്റെ തീയറി ബലക്കുന്നില്ലല്ലോ.

ഡിനോസര്‍ ഇല്ലാതെയായതിനെക്കുറിച്ച് അന്നു പഠിച്ച പാഠമൊക്കെ നോക്കിയിട്ട്  തീയറി പലതാണ്‌.  താപവ്യതിയാനം, ഉല്‍ക്കാ പതനം, സസ്തനികള്‍  മുട്ടകളെയും കുഞ്ഞുങ്ങളെയും കൊന്നു തീര്‍ക്കല്‍, ഏറെക്കാലം ഇവോള്വ് ചെയ്ത അവസ്ഥ, ഭൂകമ്പം, അഗ്നിപര്‍‌വതം, സമുദ്രനിരപ്പിലെയും ഭൂഖണ്ഡങ്ങളിലെയും മാറ്റം...  ഒക്കെയാവാം ഇതില്‍ പലതും ഒന്നിച്ചതാവാം- എന്തായാലും മസ്തിഷ്കത്തിന്റെയും ഉടലിന്റെയും  അനുപാതം വച്ചാണെന്ന് അങ്ങ് പറഞ്ഞപ്പോഴാണ്‌ മനസ്സിലായത്.

 ട്രൂഡോണ്‍ എന്ന ഡിനോസാറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്നത്തെ ആനയെക്കാളും കുരങ്ങനെക്കാളും എന്‍സഫൈലൈസേഷന്‍ ക്വോഷ്യന്‍റ്റ് ഉള്ള  ജന്തുവായിരുന്നു.. വംശനാശകാലത്ത് അതും തട്ടിപ്പോയി.

 
ഉടല്-‍ തലച്ചോറ് അനുപാതമാണ്‌ ബുദ്ധിയുടെയും അതിജീവനത്തിന്റെയും മാനദണ്ഡമെങ്കില്‍ അങ്ങേയ്ക്ക് തത്തമ്മയുടെ ബുദ്ധിയില്ല സാര്‍. ഏതാണ്ട് എലിയുടെ ബുദ്ധിയേ  ഉള്ളൂ. അതിജീവന സാധ്യതയും. ശുകബുദ്ധിയും  മൂഷിക ബുദ്ധിയും ഓര്‍മ്മിപ്പിക്കുന്ന പലേ ആളുകളും  നായകസ്ഥാനങ്ങളില്‍ വിലസുന്നെന്നത് കാണുമ്പോള്‍ അതു ശരിയാണെന്ന് തോന്നിയേക്കാമെങ്കിലും  ശരാശരി മനുഷ്യന്റെ കാര്യത്തില്‍ അങ്ങനെ അല്ല.

ഡിനോസാറുകള്‍ അന്യം നിന്ന കൂട്ടത്തില്‍  സസ്തനികളും പക്ഷികളും ചെറുജീവികളും ജലജീവികളും സസ്യങ്ങളും  അടക്കം അന്നത്തെ ലോകത്തിന്റെ ഭൂരിപക്ഷ ജീവനും ഒടുങ്ങിയെന്നു കൂടെ ആലോചിച്ച ശേഷം ഇരിക്കും കൊമ്പ് മുറിച്ചു രസിച്ചോളൂ, വംശനാശത്തിന്റെ കാലം സ്വപ്നം കണ്ടോളൂ.

സസ്നേഹം,
ഒരു ഡിനോസാര്‍.

ഞങ്ങളുടെ സ്വന്തം വേശ്യ

ലൈംഗികത്തൊഴിലാളി എന്നൊക്കെ ആളുകള്‍ വിളിക്കും മുന്നേ, എവിടെയെങ്കിലുമൊക്കെ വേശ്യയെക്കണ്ടാല്‍ കല്ലേറു മുതല്‍   പഠനം വരെ എന്തെങ്കിലും ഒന്ന് ചെയ്യണം എന്ന് കരുതും മുന്നേ എന്റെ നാട്ടില്‍ ഒരു വേശ്യ ജീവിച്ചിരുന്നു (അവരിപ്പോഴും ജീവിച്ചു തന്നെ ഇരിപ്പുണ്ട്). ശരിക്കുള്ള പേരെന്തിന്‌, സരോജിനി എന്നു വിളിക്കാം തല്‍ക്കാലം.

ഞങ്ങള്‍ ആണ്‍‌കുട്ടികള്‍ രഹസ്യമായി ഡ്രൈവിങ്ങ് സ്കൂള്‍ എന്നൊക്കെ പറഞ്ഞിരുന്നു. അവരുടെ വീട്ടില്‍ ആണ്‍കുട്ടികള്‍ പോകുന്നതില്‍ വിലക്കും ഉണ്ടായിരുന്നു. അതൊഴിച്ചാല്‍ ആരും അവരെ അവഹേളിക്കുകയോ ഒറ്റപ്പെടുത്തുകയോ ഒന്നും ചെയ്തിരുന്നുമില്ല.  അവര്‍ ബീഡി തെറുത്ത് വീട്ടില്‍ തന്നെ വിറ്റിരുന്നു. ബീഡിവാങ്ങാന്‍ എന്ന  ഭാവേന പുരുഷന്മാര്‍ക്ക് അവിടെ കയറിച്ചെല്ലാന്‍  ഉള്ള സൗകര്യത്തിനാവും.

പരസ്യമായി അവിടെ ചെല്ലുന്ന കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. അവരെല്ലാം മറ്റു നാനാവിധ  അസാന്മാര്‍ഗ്ഗിക വൃത്തിയും (തല്ല്,  കുടിച്ചിട്ടു ബഹളമുണ്ടാക്കല്‍, വീട്ടുകാരെ ഉപദ്രവിക്കല്‍, ചീട്ടുകളി...) ഉള്ളവരെന്നാണ്‌ കേട്ടുകേള്‍‌വിയും. മറ്റു പതിവുകാര്‍ ആരൊക്കെയെന്ന് നിശ്ചയമില്ല.

ഒരു മകനും ഒരു മകളും അവര്‍ക്കുണ്ടായിരുന്നു. മകള്‍ ജനിച്ചത് എനിക്കു പത്തു  പതിനഞ്ച് വയസ്സായപ്പോഴാണ്‌. ഈ കുട്ടി  മൂന്നു നാലു  വയസ്സായപ്പോഴേ വീട്ടുജോലികള്‍ ചെയ്യാന്‍ തുടങ്ങി. പാല്‍ വാങ്ങാന്‍ അവള്‍ അവളുടെ അത്രയും വലിയൊരു സ്റ്റീല്‍ പാത്രവും താങ്ങി എന്റെ വീട്ടില്‍ വരും. അവളുടെ ശരിക്കുള്ള പേര്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. അന്നത്തെ സിനിമാ നടി മോനിഷ ഉണ്ണിയുടെ നല്ല ഛായ അവള്‍ക്കുള്ളതുകൊണ്ട് ഞാന്‍ അവളെ മോനിഷ എന്നു വിളിച്ചു. അവളും സ്വയം അങ്ങനെ വിളിച്ചു. "മോനീച്ച വന്നു. മോനീച്ചയ്ക്ക് പാല്‍ വേണം..."

എന്റെ വീട്ടിലന്ന് ഒരു രാജപാളയം ഹൗണ്ട് ഉണ്ട്. മോനിഷയുടെ വീടു നിറച്ചും പട്ടിയും പൂച്ചയും ആയിരുന്നിട്ടും  അവള്‍ക്ക് ഇതിനെയായിരുന്നു ഇഷ്ടം. വെള്ളപ്പട്ടി എന്നായിരുന്നു അവള്‍ അതിനെ വിളിച്ചിരുന്നത്. ഇടയ്ക്കിടയ്ക്ക് പാലുവാങ്ങിക്കഴിഞ്ഞ  "മോനീച്ചയ്ക്ക് വെള്ളപ്പട്ടീന്റെ കൂടെ കളിക്കണം". അവന്‍ അതീവ അനുസരണയുള്ളവന്‍ ആണെങ്കിലും ബ്രീഡില്‍ ഹൗണ്ട് ആയതുകൊണ്ട് ഞാന്‍ അവളെ ഒറ്റയ്ക്ക് കളിക്കാന്‍ വിടില്ല, കൂടെ പോകും.  പട്ടിയ്ക്ക് എന്തോ മോനിഷയോട് ഇഷ്ടമൊക്കെയായിരുന്നെങ്കിലും അനുസരണ തീരെയില്ലായിരുന്നു. അവളുടെ കൂടെ പന്തൊക്കെ കളിക്കും, പക്ഷേ തമാശയ്ക്ക് ഉന്തിയിടുക. ചെയിന്‍ പിടിച്ചാല്‍ വലിച്ചോണ്ട് ഓടുക തുടങ്ങി കുരുത്തക്കേട് കാണിക്കും. അവളെ പട്ടിയുടെ കൂടെ കളിപ്പിക്കുന്നത് വലിയ മിനക്കേടായിട്ടും ഒരു  കുട്ടി വന്നു ചോദിക്കുമ്പോള്‍ പറ്റില്ലെന്നു പറയാന്‍ തോന്നാത്തതുകൊണ്ട് സമയം കണ്ടെത്തുകയാണ്‌ പതിവ്.

ഒരിക്കല്‍ ഞങ്ങളുടെ ചായക്കടക്കാരന്‍ സ്പെഷല്‍ ഉലുവാച്ചി മീന്‍ കറിയുണ്ടാക്കിയത് കഴിക്കാന്‍ ചെന്നിരിക്കുമ്പോള്‍ ഫാക്റ്ററി തൊഴിലാളിയായ വിജയേട്ടന്‍ തീപ്പെട്ടിയ്ക്ക് വന്നു കയറി. കടക്കാരന്‍ അപ്പവും മീന്‍ കറിയും കഴിക്കാന്‍ വിളിച്ചപ്പോള്‍ വിജയേട്ടന്‍ ഉച്ചഭക്ഷണം കഴിച്ചെന്നു  പറഞ്ഞു.
"സരോജിനീടേ വീട്ടീന്നാ?" ചായക്കടക്കാരന്‍ അലക്ഷ്യമായി തിരക്കി. വിജയേട്ടന്‍ മൂളി. എനിക്കു  സംസാരിക്കാന്‍ കൊള്ളാവുന്ന ഒരു കസ്റ്റമര്‍,  വിജയേട്ടനെ ഞാന്‍ നോട്ട്  ചെയ്തു.


പക്ഷേ ഒറ്റയടിക്ക് ചോദിക്കാതെ ഒരുപാടു കാലം മറ്റു പലേ വിഷയങ്ങളും ചര്‍ച്ച ചെയ്ത ശേഷമാണ്‌ സരോജിനിയുമായുള്ള ബന്ധത്തെക്കുറിച്ച് ഞാന്‍ ചോദിക്കുന്നത്.  വിജയേട്ടന്‍ തന്ന  വിവരണം ഞാന്‍ തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.
വിവാഹിതരും അവിവാഹിതരുമായി ഒട്ടേറെപ്പേര്‍ സരോജിനിയുടെ സന്ദര്‍ശകരാണ്‌. അവരില്‍ പലരുടെയും വീടുകളില്‍ ഇക്കാര്യം അറിയുകയും ചെയ്യാം. ആളുകള്‍ പലതരം ആവശ്യത്തിനാണ്‌ പോകുന്നതും. ചിലര്‍ ബീഡിവാങ്ങാന്‍, ചിലര്‍ ഭക്ഷണം കഴിക്കാന്‍, ചിലര്‍ ലൈംഗികവേഴ്ചയ്ക്ക്, ചിലര്‍ ചിലപ്പോഴൊക്കെ ചിലതിനോ എല്ലാത്തിനുമോ. സരോജിനി ആരോടും കാശു ചോദിച്ചു വാങ്ങിക്കാറില്ല. കൊടുത്താല്‍ വാങ്ങും. ചിലര്‍ ഊണിനും ബീഡിക്കും ലൈംഗികവേഴ്ചയ്ക്കും കൃത്യമായി കണക്കുവച്ച് കൊടുക്കും. ചിലര്‍ മാസാമാസം ശമ്പളത്തില്‍ നിന്നോ മറ്റോ ഒരു തുക സരോജിനിക്കു നല്‍കും. പണമുണ്ടെങ്കില്‍ എന്തും കൊടുക്കും പണമില്ലെങ്കില്‍ ഒന്നുമില്ലാതെയും വരും എന്ന ടേംസിലുള്ളവരുണ്ട്. ആദ്യാനുഭവം ആഗ്രഹിച്ച് കയ്യിലൊരു കാശുമില്ലാതെ സൗജന്യ വേഴ്ച ആഗ്രഹിച്ചു വരുന്ന പയ്യന്മാരുമുണ്ട് അവരും നിരാശരാകാറില്ല.
"അവളുടെ വീട്ടില്‍ വന്നു കയറുന്ന പട്ടിക്കും പൂച്ചയ്ക്കും കാക്കയ്ക്കും ഒക്കെ ആവശ്യമുള്ള ചോറും വെള്ളവും അവള്‍ കൊടുക്കും. നമ്മള്‍ക്കും അതുപോലെ  ആവശ്യമുള്ളത് ചോറോ ബീഡിയോ പരുവാടിയോ എന്താന്നുവച്ചാ അത് കിട്ടും. തിരിച്ച് കാശുണ്ടേല്‍ കൊടുക്കാം, നന്ദിയുണ്ടേലും കൊടുക്കാം, ഒന്നുമില്ലേലും അവള്‍ക്കൊന്നുമില്ല."


സരോജിനിയുമായി വിജയേട്ടന്റെ ബന്ധമെന്തെന്ന്  ചോദിച്ചില്ല ഞാന്‍., പക്ഷേ മോനിഷയുടെ കണ്ണുകള്‍ക്ക് സിനിമാതാരത്തിന്റേതിനെക്കാള്‍ വിജയേട്ടന്റെ കണ്ണുകളുളോടാണ്‌ സാമ്യം എന്ന് വന്യമായൊരു തോന്നല്‍ . സരോജിനിയുടെ പറമ്പ് കടന്നുപോകുമ്പോഴൊക്കെ അവിടെ കൂടിയ തെരുവുനായ്ക്കളെയും പൂച്ചകളേയും ഞാന്‍ പിന്നീട് ശ്രദ്ധിച്ചിട്ടുണ്ട്.


മോനിഷ ഇപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്വീപ്പര്‍ ആണ്‌. അവളുടെ ചേട്ടന്‍ പട്ടണത്തില്‍ ജ്യൂസും പഴങ്ങളും വില്‍ക്കുന്ന കട നടത്തന്നു. ഇരുവരും കല്യാണവും കഴിഞ്ഞ് മക്കളൊക്കെയായി വെവ്വേറേ സ്ഥലത്താണ്‌. സരോജിനി മകനോടൊപ്പമാണ്‌. അവര്‍ക്കെല്ലാം സുഖമാണ്‌. വിജയേട്ടന്‍ റിട്ടയര്‍ ചെയ്തു, എവിടെയെന്ന് എനിക്കറിയില്ല.

മീഡിയയുടെ പഴ്സടിധര്‍മ്മം

തിരുവല്ല മുതല്‍ കൊട്ടാരക്കര വരെയുള്ള കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡുകളില്‍ ജോലി ചെയ്തിരുന്ന ആളായിരുന്നു ഉണ്ണികൃഷ്ണന്‍ നായര്‍. പത്തിരുപത് കൊല്ലം മുന്നേ മരിച്ചു പോയി.  സാധാരണ ഈ തൊഴില്‍ ചെയ്യുന്നവര്‍ ബസിനകത്തും, ബസില്‍ കയറാനുമുള്ള തിരക്കിനിടയിലും വിരകിയാണ്‌ ഈ തൊഴില്‍ നടത്തിയിരുന്നതെങ്കില്‍ ഉ. നാ. സ്റ്റാന്‍ഡില്‍ ലാവിഷായി   ബഞ്ചില്‍ ഇരുന്നാണ്‌ പണിയെടുക്കുക.. അദ്ദേഹം നമ്മുടെ അടുത്തു വന്നിരിക്കുകയും  എന്തെങ്കിലും ഒരു കദനകുതൂഹലം- മിക്കവാറും മെഡിക്കല്‍ കോളേജില്‍  ഗുരുതരമായി കിടക്കുന്ന മകളെ കാണാന്‍ പോകുന്നെന്ന്- പറഞ്ഞു തുടങ്ങുകയും  നമ്മള്‍ അതില്‍ മുഴുകി ഇരിക്കുമ്പോള്‍ പോക്കറ്റിലോ മുണ്ടിന്റെ മടിക്കുത്തിലോ ഉള്ള പഴ്സ് എടുക്കുകയും ചെയ്യും.

നിങ്ങളുടെ പഴ്സ് അവിടെ ഉണ്ടോന്ന് പരിശോധിച്ചേ- താഴെപ്പറയുന്ന കാര്യങ്ങള്‍ ശരിയോ തെറ്റോ?

1. കേരളത്തിലെ ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സംഭരണം താറുമാറായതിനാല്‍ കര്‍ഷകര്‍ വിളവ് വെട്ടി മൂടി.

2. ത്രിവേണീ ന്യായ വില ഹോട്ടലുകള്‍ അടച്ചു.

3. വന്‍ തോതില്‍ വീണ്ടും വയല്‍ നികത്തല്‍ ആരംഭിച്ചിട്ടുണ്ട്.

4. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ റെക്കോര്‍ഡ് ലാഭത്തില്‍.

5. തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയും   പുതിയ മാനങ്ങള്‍ തേടുന്നു.

6. എന്‍ഡോസള്‍ഫാന്‍ കേരളത്തിലും കര്‍ണ്ണാടകത്തിലും മാത്രമല്ല  എല്ലാ സംസ്ഥാനങ്ങളിലും നിരോധിച്ചാല്‍ മാത്രമേ അതിര്‍ത്തി വഴി കടത്ത് നിലയ്ക്കൂ എന്നതിനാല്‍ സമ്പൂര്‍ണ്ണ നിരോധനം വേണ്ടമെന്ന് കേന്ദ്രമന്ത്രി  പറഞ്ഞു.

7. മുല്ലപ്പെരിയാര്‍ പ്രശ്നം ഒത്തു തീര്‍പ്പായി.

8. സൗജന്യ വൈദ്യ സഹായ പദ്ധതി, ന്യായവില മരുന്നു വിതരണം, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് എന്നിവ നടപ്പായിക്കഴിഞ്ഞു.

9. വിഴിഞ്ഞം പോര്‍ട്ടിന്റെ പണി തുടങ്ങിയിട്ടുണ്ട്.

10. മാലിന്യ സംസ്കരണ പദ്ധതി ആവിഷ്കരിച്ചു, ഉടന്‍ നടപ്പാകും.

11. അതിവേഗ പാത, ബുള്ളറ്റ് ട്രെയിന്‍, തുടങ്ങി സര്‍ക്കാര്‍ വാര്‍ഷികത്തിനു കാണിച്ച  സാധാരണക്കാരനു വേണ്ടിയുള്ള ഗതാഗത സൗകര്യങ്ങള്‍ കേരളത്തെ മാറ്റിമറിക്കും.

12. കേരളം ഭരിക്കുന്നത് സെക്യുലര്‍ ആയ ഒരു മുന്നണി ആണെന്നും പച്ച ബ്ലൗസും വെള്ള ബ്രായും കാവി ജട്ടിയും മറ്റും കാട്ടി അതിനെ അപമാനിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞതിനെത്തുടര്‍ന്ന് മുസ്ലീം മന്ത്രി, നായരു മന്ത്രി, അച്ചായന്‍ മന്ത്രി, ജാതി തിരിച്ചുള്ള സ്ഥാപന  ഭാരവാഹിത്തം നല്‍കല്‍ എന്നിവ അതതു പാര്‍ട്ടികളും സംഘടനകളും നിര്‍ത്തി വച്ചു. "മതമേതായാലും മന്ത്രി നന്നായാല്‍ മതി"  എന്ന് ശ്രീനാരായണീയര്‍ അഭിപ്രായപ്പെട്ടു.
https://plus.google.com/u/0/111754722974346117564/posts/fynFfAni5fb

ഐലാന്‍ഡ് ഇഫക്റ്റ്

ഇന്‍സുലാര്‍ ഡ്വാര്‍ഫിസവും ജൈജാന്റിസവും  പെനിന്‍സുലാര്‍ ഇന്ത്യയില്‍

ഫോസ്റ്റേര്‍സ് റൂള്‍ എന്നു കേട്ടിട്ടില്ലേ? അതായത് ഒരു  തുരുത്തില്‍ എന്‍ഡെമിക്ക് ആയി ജീവിക്കുന്ന ജീവികള്‍  റിസോഴ്സിന്റെ  ദൗര്‍ലഭ്യമോ അതിലഭ്യതയോ മൂലം സ്വാഭാവികമായി പരിണമിക്കേണ്ടിയിരുന്നതില്‍ നിന്നും വളരെ കുള്ളനായോ വളരെ ഭീമാകാരമായോ മാറും.

ഐലന്‍ഡ് റൂളില്‍ വളരുന്ന ജന്തുക്കളുടെ ഒരു പ്രത്യേകത  എന്തെന്നു വച്ചാൽ അവരുടെ ആവാസ വ്യവസ്ഥയ്ക്ക് അന്യമായ   ഒരു ഭീഷണി പുറത്തു നിന്നും ഉണ്ടായാല്‍ മിക്കവാറും അതിന്റെ കട്ടയും ബോര്‍ഡും  മടങ്ങി പോകും എന്നതും.

ഐലന്‍ഡ് ഡ്വാര്‍ഫിസത്തിന്റെ ഉദാഹരണം: പണ്ട് ഇട്ടാവട്ടത്ത് വെട്ടിയും കുത്തിയും കളിച്ചിരുന്ന കുറേ  കുഞ്ഞി രാജാക്കന്മാര്‍ നമുക്കുണ്ടായിരുന്നു. മലയുടെ മറവുണ്ടാക്കിയ  സ്ഥലത്ത് പണ്ടെന്നോ ചോളന്‍ കേറി വന്നപ്പോഴുള്ള പച്ചിരുമ്പിന്റെ വാളും ഓടി വള്ളത്തിന്റെ നേവിയും ഒക്കെയായി ഇവര്‍ സസുഖം  അത്തപ്പാടിയും പഠിപ്പില്ലാത്തവരും സാങ്കേതികമായി അറിവില്ലാത്തവരുടെയും  ഒക്കെ  മോളില്‍ സസുഖം വാണിരുന്നു.

ടെക്നോളജിയുടെയും ഇന്‍ഫോര്‍മേഷന്റെയും ദൗര്‍ലഭ്യം മൂലം ഡ്വാര്‍ഫുകള്‍ ആയിപ്പോയ ഇവരെ ഫ്രെഞ്ച് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സുല്‍ത്താന്‍ മലകടന്നു വന്നും, കടലേക്കൂടെ വന്ന  ബിലാത്തിക്കാരൻ കേറിയടിച്ചും ഒക്കെ തുടങ്ങിയപ്പോള്‍ ഈ  ചെറിയ നിസ്സഹായ ജീവികള്‍ക്ക്
വംശനാശം സംഭവിച്ചു പോയി.

കേരളത്തില്‍ പിന്നെ സംഭവിച്ച വംശനാശം ഐലാന്‍ഡ് ജൈജാന്റിസം മൂലമാണ്‌.. ആള്‍ക്കാര്‍ക്ക് വിവരലഭ്യതയും പൊതുവിജ്ഞാനവും കുറവായിരുന്ന കാലം ഈ ജന്തുക്കള്‍ - പൊതുവില്‍ ഗൗമസ്തികരോ അദ്ധ്യാപഹയന്മാരോ ഒക്കെയായിരുന്നവര്‍ നാലഞ്ചു പുസ്തകം തിന്ന് ഭീമാകാരന്മാരായി ബുദ്ധിരാക്ഷന്മാരും സര്‍‌വജ്ഞാനികളും ഒക്കെ ആയി മാറുകയായിരുന്നു. കേബിള്‍ ടെലിവിഷനിലെ കാക്കത്തൊള്ളായിരം അന്താരാഷ്ട്ര ചാനലുകള്‍, ഇന്റര്‍നെറ്റ് വഴി വിവര വിനിമയം ഒക്കെ വന്നപ്പോഴേക്ക് വായില്‍ തോന്നിയ പൊട്ടത്തരം വീശി ജീവിക്കുന്ന  ഈ ബുദ്ധിജീവികളും അന്യം നിന്നു പോയി.

https://plus.google.com/u/0/111754722974346117564/posts/PniGFhXqW4c