Saturday, August 8, 2015

തദ്ദേശീയ ശാസ്ത്രപാഠം

കുട്ടികളേ, നിലവിലുള്ള പാഠ്യപദ്ധതിയെല്ലാം പാശ്ചാത്യര്‍ നമ്മളെ വഴിപിഴപ്പിക്കാന്‍ ഉണ്ടാക്കിയതാണെന്നും നമ്മള്‍ നമ്മുടെ സംസ്കാരത്തിനനുസരിച്ചുള്ള പാഠങ്ങള്‍ പഠിപ്പിച്ചു നേര്‍‌വഴിക്കു നടത്തണം എന്നും ഇന്നലെ പറഞ്ഞത് ഹര്‍‌വാര്‍ഡില്‍ പോയിട്ടുള്ള സാമ്പത്തികശാസ്ത്ര വിദഗ്ദ്ധന്‍ ആയതുകൊണ്ട് നമുക്ക് തേങ്ങാ സാമ്പത്തിക ശാസ്ത്രത്തില്‍ തന്നെ ഉടയ്ക്കാം.
ഇന്നലെ വരെ ടാക്സേഷനെക്കുറിച്ച് നിങ്ങള്‍ പഠിച്ചതെല്ലാം മറന്നേക്കൂ, അതൊക്കെ പാശ്ചാത്യ സൃഷ്ടിയാണ്. നമ്മള്‍ ഇന്നു പഠിക്കാന്‍ പോകുന്നത് കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലെ ടാക്സ്, സോറി ചുങ്കത്തെക്കുറിച്ചാണ്. പത്തു രണ്ടായിരത്തഞ്ഞൂറു വര്‍ഷം മുന്നേ എഴുതപ്പെട്ട വിലപ്പെട്ട ഗ്രന്ഥമാണിത്.
ആദായനികുതികളിലെ ലൈംഗികസേവന നികുതികള്‍ ആണ് ഇന്നത്തെ പാഠം. വകുപ്പ് മറന്നു പോകരുത് 2(27). ഇതിന്റെ ടാക്സബിള്‍ എന്റിറ്റികള്‍ ഇപ്രകാരമാണ്:
1. ഗണിക - വേശ്യാലയം സ്ഥാപിച്ച് അതില്‍ വേശ്യകളെ തൊഴിലാളികളായി നിയമിച്ച് നടത്തുന്ന ലൈംഗിക സ്ഥാപനം.
2. രൂപാജീവ - സ്വന്തം ശരീരം വിറ്റ്, ഇന്‍ഡിപെന്‍ഡന്റ് പ്രാക്റ്റീസ് നടത്തുന്ന ലൈംഗിക തൊഴിലാളി.
3. പും‌ശ്ചലി - കാര്യസാധ്യത്തിനും ധനപ്രാപ്തിക്കും വേണ്ടി ഒന്നിലധികം പുരുഷന്മാരോട് ബന്ധം പുലര്‍ത്തുന്ന സ്ത്രീ.
ഇതില്‍ ഗണികകള്‍ക്ക് വേശ്യാലയം തുടങ്ങാനായി ആഭരണം, കെട്ടിടം, വാദ്യോപകരണങ്ങള്‍, കുപ്പായങ്ങള്‍ എന്നിവയ്ക്ക് ധനസഹായമായി സര്‍ക്കാര്‍ ലം‌സം‌ഗ്രാന്റ് ആയി പണം നല്‍കണം. ഇത് തുടക്കത്തില്‍ ഒറ്റത്തവണയേ നല്‍കൂ. മുഖ്യ വേശ്യാലയ നടത്തിപ്പുകാരി വരുമാനത്തിന്റെയും ചിലവുകളുടെയും കൃത്യമായ കണക്കുകള്‍ ആദായ വകുപ്പില്‍ വര്‍ഷാവര്‍ഷം സമര്‍പ്പിച്ച് പരിശോധനയ്ക്കു വിധേയമാക്കി ലാഭവിഹിതം സര്‍ക്കാരില്‍ അടയ്ക്കണം.
രൂപാജീവ സെല്‍ഫ് എമ്പ്ലോയ്ഡ് പേര്‍സണ്‍ എന്ന നിലയില്‍ വിശദമായ ചിലവു കണക്കുകള്‍ സൂക്ഷിക്കേണ്ടതില്ല. അവരുടെ മൊത്തം കളക്ഷന്റെ കണക്കു സൂക്ഷിച്ച് സമയത്ത് അതിന്റെ ആറില്‍ ഒന്ന് തുക നികുതി അടയ്ക്കണം.
പും‌ശ്ചലിയുടെ വരുമാനം കാനോണ്‍ ഓഫ് സേര്‍ട്ടനിറ്റിക്ക് വഴങ്ങുന്നതല്ല എന്നതിനാല്‍ സാധാരണ ഗതിയില്‍ ചുങ്കത്തിനു വിധേയമല്ല, എന്നാല്‍ വീടും പുരയിടവും, ആഭരണങ്ങള്‍, കന്നുകാലികള്‍ തുടങ്ങിയവ കൂടെ‌പൊറുക്കുന്നവര്‍ അവള്‍ക്ക് സമ്മാനമായി നല്‍കിയാല്‍ നികുതിപ്പിരിവുകാര്‍ യോഗ്യമായ ചുങ്കം ചുമത്താവുന്നതാണ്.
രാജ്യത്ത് ക്ഷാമം, കമ്മി ബജറ്റ്, യുദ്ധം, മറ്റു സാമ്പത്തിക ഞെരുക്കം എന്നിവ അനുഭവപ്പെട്ടാല്‍ ലൈംഗികത്തൊഴിലാളികള്‍ എല്ലാവരും ലാഭം ഉയര്‍ത്തി കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ ബാധ്യസ്ഥരാണ്, അല്ലാത്ത പക്ഷം രാജ്യം നികുതി ഉയര്‍ത്തിയേക്കാം.
പട്ടാളക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സൗജന്യ സേവനം നല്‍കാന്‍ ഗണികകളും രൂപാജീവകളും ബാധ്യസ്ഥരാണ്. പും‌ശ്ചലിക്ക് ഈ വകുപ്പ് ബാധകമല്ല. രാജാവിനു ലൈംഗിക സേവനം നടത്തുന്നവര്‍ക്ക് കിട്ടുന്ന പ്രതിഫലം രാജര്‍ഷി, മന്ത്രി, വിദൂഷകന്‍ തുടങ്ങിയവരുടേതിനു തുല്യമായിരിക്കും എന്നു മാത്രമല്ല, മറ്റെല്ലാ രാജസേവകരുടെയും ശമ്പളം പോലെ തന്നെ നികുതിരഹിത വരുമാനം ആയിരിക്കുകയും ചെയ്യും.
ഇന്നത്തെ ക്ലാസ് തീര്‍ന്നു, നാളെ മദ്യച്ചുങ്കത്തെക്കുറിച്ച് നമുക്ക് പഠിക്കാം.
13-dec-2014

No comments:

Post a Comment