Saturday, August 8, 2015

നിങ്ങടെ റോബോട്ടില്‍ ഭാഷയുണ്ടോ?

പത്തു പതിനഞ്ചു കൊല്ലം മുന്നേ കേട്ട ഗുണ്ട്, ഇന്നു രാവിലേ വീണ്ടും ആരോ എടുത്തിട്ട വഴി കണ്ടു. റോബോട്ടിനു സംസാരിക്കാന്‍ ഏറ്റവും യോജിച്ച ഭാഷ സംസ്കൃതമാണെന്ന് നാസ പറഞ്ഞെന്ന്. ഇതൊക്കെ ഇപ്പഴും പ്രചാരത്തില്‍ ഉണ്ടോ? പരം‌വിസ്മിതാമ്യഹം!
യന്ത്രമനുഷ്യന്‍ ഏതു ഭാഷയില്‍ സംസാരിക്കും?
നെതര്‍ലന്‍ഡിലെ ഐന്‍‌ഥോവന്‍ യൂണിവേര്‍സിറ്റി ഓഫ് ടെക്നോളജിയാണ് റോബോട്ടുകള്‍ക്ക് സംസാരിക്കാനുള്ള റോയ്‌ല (റോബോട്ട് ഇന്ററാക്ഷന്‍ ലാംഗ്വേജ്) ഉരുത്തിരിച്ചത്.
മിക്ക മനുഷ്യഭാഷയിലും ഒരേ വാക്കിനോ പ്രയോഗത്തിനോ പല അര്‍ത്ഥമുണ്ടാകും ഉദാഹരണം മലയാളം ആണു ഉപയോഗിക്കുന്നത് എന്നു വച്ചോളൂ; ഹോട്ടലില്‍ വിളമ്പുകാരന്‍ ആയി നില്‍ക്കുന്ന റോബോട്ട്
"സര്‍ ചായ വേണോ കാപ്പി വേണോ?"
കസ്റ്റമര്‍ : "കാപ്പി മതി" അര്‍ത്ഥം എനിക്കു കാപ്പിയാണു വേണ്ടതെന്നാണ്.
ചോറുണ്ടോണ്ട് ഇരിക്കുന്ന കസ്റ്റമറോട് "സര്‍ ചോറു വേണോ?" എന്നു ചോദിക്കുന്നു
കസ്റ്റമര്‍: "ചോറു മതി." അര്‍ത്ഥം എനിക്കു ചോറു വേണ്ടാ എന്നാണ്.
ചിലപ്പോ മതിയെന്നു പറഞ്ഞാല്‍ വേണം, ചിലപ്പോ മതിയെന്നു പറഞ്ഞാല്‍ വേണ്ടാ; വിളമ്പുകാരന്‍ റോബോട്ട് വിളമ്പുകാരന്‍ പോഞ്ഞിക്കരയെപ്പോലെ വയലന്റ് ആയി ചോറ്റുകലം എടുത്ത് ഇലയില്‍ മറിച്ചുകളയും. ഇതുകൊണ്ട് ഫീനോംസ്, ടെന്‍സ് എന്നിവ ഒഴിവാക്കിയാണ് അവര്‍ റോയ്‌ല ഭാഷ ഉരുത്തിരിച്ചത്.
കാലമൊക്കെ മാറി, ഹോണ്ടാ അസിമോ ജാപ്പനീസും ഇംഗ്ലീഷും പറയും എന്നു മാത്രമല്ല, ആക്സന്റ് വത്യാസം മനസ്സിലാക്കി സംസാരിക്കും. വേറെങ്ങാണ്ടോ റോബോട്ടുകള്‍ സ്വന്തമായി അവരുടെ ഭാഷ ഉരുത്തിരിച്ചു തുടങ്ങി. നാസക്കാരന്റെ ഒരു കുറിപ്പില്‍ ഒരേസമയം ഇരുപതോളം ഭാഷയില്‍ സംസാരിക്കുന്ന റോബോട്ടുകളെക്കുറിച്ച് കണ്ടിരുന്നു. അപ്പോ ആര്‍ട്ടിഫിഷ്യലി ഇന്റലിജന്റ് മെഷീന്‍ ഏതു ഭാഷ സംസാരിക്കും എന്നതിനു പ്രസക്തിയില്ല, ഉടനേ തന്നെ "നാടെവിടെ സര്‍" എന്നു ചോദിച്ച് "തിരോന്തോരം" എന്ന ഉത്തരം കേള്‍ക്കുമ്പോള്‍ "സൂങ്ങളുതന്യേ ചെല്ലാ?" എന്ന് നിങ്ങളുടെ സ്വന്തം ആക്സന്റില്‍ സംസാരിക്കുന്ന റോബോട്ടിനെ കാണാം.
ഇനി നമ്മുടെ റോയ്‌ല പോലെ കുറഞ്ഞ പദാവലിയും ലളിത വ്യാകരണവും ഉപയോഗിക്കുന്ന മനുഷ്യന്‍ ഉപയോഗിക്കുന്ന റോബോട്ടുഭാഷ ആണെങ്കില്‍ ആ പാവം യന്ത്രത്തിനെ ഇട്ടു അഷ്ഠാധ്യായിയും അമരകോശവും പഠിപ്പിക്കുന്നതിനെക്കാള്‍ എളുപ്പം മലയാളം തെറി പഠിപ്പിക്കുന്നതാണ്. അതിലും ലളിതപദാവലി വേറേ എവിടെ കിട്ടും. ഉദാഹരണം "മൈ*" എന്ന ഒറ്റവാക്ക് പഠിപ്പിച്ചാല്‍ അതിനു പദാവലി എത്ര ചുരുക്കാം.
"ഛെ, മൈ*" = ഞാന്‍ നിരാശനാണ്.
"എന്തു മൈ*ആണിത്?" = ഞാന്‍ ആശങ്കപ്പെടുന്നു.
"ഓ, മൈ* പോട്ടെടാ." = ഞാന്‍ നിന്നെ സാന്ത്വനിപ്പിക്കുന്നു.
"എന്തു മൈ* ആണെടാ കാട്ടിയെ?" = ഞാന്‍ നിന്റെ പ്രവൃത്തിയില്‍ കോപാകുലന്‍ ആയി.
"ഒരു മൈ* സംഭവം തന്നെ." = ഞാന്‍ ഇതില്‍ ആശ്ചര്യപ്പെടുന്നു.
"എന്താടാ മൈ*?" = ഞാന്‍ നിന്നെ വെല്ലുവിളിക്കുന്നു.
"എന്തു മൈ*, എന്തോ." = ഞാന്‍ ഘണ്‍ഫ്യൂ!
"എന്തു മൈ* എങ്കിലും വരട്ടെ." = ഞാന്‍ നിസ്സംഗന്‍.
"എനിക്കൊരു മൈ*ഉം ഇല്ല" = ഞാന്‍ ആശങ്കാരഹിതന്‍
അങ്ങനെ അങ്ങനെ. അപ്പോ കാര്യങ്ങള്‍ എല്ലാം ക്ലീയര്‍ ആയല്ലോ?
[ഒരു നിലയില്‍ തമിഴിന്റെ വശ്യത പോലെ സംസ്കൃതത്തിന്റെ സുവ്യക്ത ഘടനയും എനിക്കിഷ്ടമാണ്. പാണിനീസൂത്രമൊക്കെ വായിച്ച് വാ പൊളിച്ചുപോയിട്ടുണ്ട്. എന്നാല്‍ ശാസ്ത്രം പോലെ തന്നെ ഭാഷയുടെ പുരോഗതിയും ഇല്ലാതെയാക്കിയവരുടെ പിന്‍‌മുറക്കാര്‍ തന്നെ അതെന്തെന്ന് അറിയാതെ അതില്‍ മരമഞ്ഞളുണ്ട്, മാങ്ങാണ്ടിയുണ്ട് എന്നൊക്കെ പറഞ്ഞു നടക്കുന്നത് കണ്ടപ്പോള്‍ ബേബി ഇച്ചി സ്ക്രാച്ചി...]

22-dec-2014

No comments:

Post a Comment