Saturday, August 8, 2015

അവനവനിസം

ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്ന കാലത്താണ്, അതുകൊണ്ട് വേണ്ടത്ര "ത്രേ"കള്‍ ചേര്‍ക്കേണ്ട കഥ.
റാവല്‍ രത്തന്‍ സിംഗ് ചിത്തോര്‍ഘട്ട് വാഴുന്ന കാലം. അദ്ദേഹത്തിന്റെ പ്രിയ കലാകാരന്മാരില്‍ രാഘവ് ചേതന്‍ എന്നൊരു സംഗീതജ്ഞനും ഉണ്ടായിരുന്നു. എപ്പോഴോ ഒരിക്കല്‍ രാജാവ് ചേതന്‍ ദുര്‍മന്ത്രവാദിയും ആണെന്ന് കണ്ടെത്തി ആളെ പിടികൂടി മൊട്ടയടിച്ചു പുള്ളി കുത്തി കഴുതപ്പുറത്ത് നഗരപ്രദക്ഷിണം ചെയ്യിച്ച് നാടു കടത്തി.
രത്തന്‍ സിംഗിന്റെ അന്ത്യം കണ്ടേ അടങ്ങൂ എന്ന പ്രതികാര ബുദ്ധിയോടെ ചേതന്‍ ദില്ലിയിലെത്തി അല്ലാവുദീന്‍ ഖില്‍ജി നായാടുന്ന കാടുകളില്‍ ഇരുന്നു മധുരമായി പുല്ലാങ്കുഴല്‍ വായിച്ചു. ആ സംഗീതത്തില്‍ ആവിഷ്ടനായി എത്തിയ സുല്‍ത്താനോട് തന്റെ എല്ലാ സംഗീതത്തിനും പ്രചോദനം ചിത്തോര്‍ഘട്ട് രാജ്ഞിയായ റാണി പദ്മിനിയുടെ സൗന്ദര്യം ആണെന്ന് ഉണര്‍ത്തിച്ചു.
അലാവുദീന്‍ ഖില്‍ജി കുറച്ച് അനുചരന്മാര്‍ക്കൊപ്പം ചിത്തോര്‍ഘട്ടിലെത്തി തനിക്ക് റാണി പദ്മിനിയെ ദൂരെ നിന്ന് ഒന്നു കണ്ടാല്‍ കൊള്ളാമെന്ന് ആഗ്രഹം അറിയിച്ചു. രത്തന്‍ സിംഗിന് അതൊരു അവഹേളനമായി തോന്നിയെങ്കിലും ഇതോടെ മഹാശക്തിമാനായ സുല്‍ത്താനുമായി രമ്യതയില്‍ ആകുന്നെങ്കില്‍ ആകട്ടെ എന്നു കരുതി അതിനു സമ്മതിച്ചു. എന്നാല്‍ റാണി പദ്മിനി താന്‍ നേരിട്ട് സുല്‍ത്താന്റെ മുന്നില്‍ വരില്ലെന്നും വേണമെങ്കില്‍ ഒരു കണ്ണാടിയില്‍ തന്റെ പ്രതിഫലനം കണ്ടുകൊള്ളട്ടെ എന്നു നിബന്ധന വച്ചു.
റാണിയുടെ പ്രതിഫലനം കണ്ട് ഭ്രമിച്ചു പോയ സുല്‍ത്താന്‍ സൂത്രത്തില്‍ രത്തന്‍ സിംഗിനെ പുറത്തേക്ക് വിളിക്കുകയും തടവുകാരന്‍ ആക്കി വച്ച് മോചന ദ്രവ്യമായി റാണി പദ്മിനിയെ തനിക്കു നല്‍കാന്‍ ആവശ്യപ്പെട്ടു. രത്തന്‍ സിംഗിന്റെ പടനായകന്മാരായ ഗോറയും ബാദലും ഈ ആവശ്യം അംഗീകരിച്ചിരിക്കുന്നെന്നും അടുത്ത ദിവസം പുലര്‍ച്ചയോടെ റാണിപദ്മിനിയും തോഴിമാരും അമ്പത് പല്ലക്കുകളിലായി അല്ലാവുദീന്‍ ഖില്‍ജിയുടെ പാളയത്തില്‍ എത്തുമെന്നും അറിയിച്ചു.
പല്ലക്കുകള്‍ എത്തി, എന്നാല്‍ അതില്‍ നിന്നും ചാടിയിറങ്ങിയത് ഗോറയും ബാദലും നൂറുകണക്കിനു പടയാളികളുമായിരുന്നു. മിന്നലാക്രമണത്തില്‍ അവര്‍ രത്തന്‍ സിംഗിനെ മോചിപ്പിച്ചു. ഗോറയടക്കം നിരവധിപേര്‍ മരിച്ചെങ്കിലും രത്തന്‍ സിംഗിനെ മോചിപ്പിച്ച് തിരികെ കോട്ടയില്‍ എത്തിക്കാന്‍ ആ നീക്കത്തിലൂടെ അവര്‍ക്ക് കഴിഞ്ഞു.
കുപിതനായ സുല്‍ത്താന്‍ ചിത്തോര്‍ഘട്ടിനെ ആക്രമിച്ചു. കോട്ട തകര്‍ക്കാന്‍ കഴിയാത്തതുകൊണ്ട് അതിനെ ഉപരോധിച്ചു. നീണ്ട നാളുകള്‍ക്കൊടുവില്‍ കോട്ടയ്ക്കുള്ളില്‍ സംഭരിച്ചിരുന്നതെല്ലാം തീര്‍ന്നു വരവേ തോല്‍‌വി അനിവാര്യമായെന്നു കണ്ട് റാണി പദ്മിനി ചിത്തോര്‍ഘട്ട് കോട്ടയുടെ ചരിത്രത്തിലെ ആദ്യ ജൗഹറിനു ഉത്തരവിട്ടു (ശേഷം റാണി കര്‍‌ണ്ണവതിയും റാണി ജൈവന്തഭായിയും നടത്തിയതും ചേര്‍ത്ത് ആകെ മൂന്നു തവണ കോട്ടയില്‍ ജൗഹര്‍ നടന്നിട്ടുണ്ട്)
കോട്ടയ്ക്കുള്ളിലെ ജൗഹര്‍ കുണ്ഡം എണ്ണയും വിറകുമിട്ട് ആളിക്കത്തിച്ചു. റാണിയുടെ നേതൃത്വത്തില്‍ അവിടെയുണ്ടായിരുന്ന പരസഹസ്രം സ്ത്രീകള്‍ കുട്ടികളെയും എടുത്ത് അവരുടെ പുരുഷന്മാര്‍ നോക്കി നില്‍ക്കെ കുണ്ഡത്തിലേക്ക് ചാടി. അവസാനത്തെ സ്ത്രീയും മരിച്ച കാഴ്ച കണ്ട ശേഷം പുരുഷന്മാര്‍ പോര്‍‌വിളിയുമായി പുറത്തേക്ക് കുതിച്ചു. അവസാനത്തെ എതിരാളിയെയും കൊന്ന് അല്ലാവുദീന്‍ ഖില്‍ജി കോട്ടയില്‍ പ്രവേശിക്കുമ്പോള്‍ അവിടെ നിശബ്ദതയും ശൂന്യതയും മാത്രമായിരുന്നു.
മറ്റെല്ലാ കോട്ടകളെയും പോലെ ചോരയിലും നീരിലും അനീതിയിലും ഒക്കെത്തന്നെയാവാം ചിത്തോര്‍ഘട്ട് ഉയര്‍ന്നത്. ഒരു ചേതന്‍ ഇല്ലെങ്കിലും റാണി പദ്മിനിയെക്കുറിച്ച് അല്ലാവുദീന്‍ ഖില്‍ജി കേട്ടിരുന്നേനെ. ഈ റാണിയില്‍ ഭ്രമിച്ചല്ലെങ്കില്‍ പോലും ഒരുപക്ഷേ സാമ്രാജ്യത്വ വികസനത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ഈ കോട്ട എന്നെങ്കിലും ആക്രമിച്ചേനെ. അതെല്ലാം സാംഗത്യമില്ലാത്ത കാര്യങ്ങള്‍.
അവനവനിസം അതിന്റെ മൂര്‍ച്ഛയില്‍ അവനവന്‍മാത്രമിസമാകുന്നു. അത് കോട്ടകളെയും അതിന്റെ ഭന്‍‌ജകരെയും ജൗഹര്‍ ആഹ്വാനങ്ങളെയും നിര്‍മ്മിക്കുന്നു. ആ അവനവനിസത്തിനു ചുറ്റും അവനവനില്ലായിസത്തിന്റെ മഹത്വങ്ങളെയും നിര്‍മ്മിക്കുന്നു.
കളക്റ്റീവ് അവനവനിസം പോലും സമ്പൂര്‍ണ്ണമല്ലെങ്കില്‍ അത് ഗ്രൂപ്പ് അവനവനിസത്തെയും യുദ്ധങ്ങളെയും മാസ് പര്‍ജുകളെയും സൃഷ്ടിക്കുന്നു.
പരിഷ്കൃതലോകത്ത് സമൂഹം ഒരു ഗ്രഡേഷന്‍ സ്കെയിലില്‍ അവനവനിസത്തിന്റെയും കളക്റ്റീവ് അവനവനിസത്തിന്റെയും ഇടയിലെവിടെയോ കഴിയുന്നു. സമ്പൂര്‍ണ്ണ കളക്റ്റീവ് അവനവനിസം സൈദ്ധാന്തിക മിഴിവും ആദര്‍ശവുമായി ബാക്കിയുമാവുന്നു. അത് എന്നെങ്കിലും കഴിഞ്ഞ പോസ്റ്റിലെ ചീസോമിന്റെ ഉദ്ധരണിയില്‍ കണ്ടതുപോലെ "സ്വകേന്ദ്രീകൃത ചിന്തകളും രാജ്യ-ദേശീയാഭിമാനബോധവും, മതാധിഷ്ഠിത ചിന്തയും തുടച്ചു നീക്കുന്നതിലൂടെ" വരവായേക്കാം.

29-Dec-2013

No comments:

Post a Comment