Saturday, August 8, 2015

സപ്തര്‍ഷികളുടെ 23-ആം അടിയന്തിര യോഗത്തിന്റെ മിനുട്ട്സ്

1. ചെയര്‍മാന്‍ വസിഷ്ഠന്‍ തനിക്ക് വിശ്വാമിത്രന്റെ കയ്യില്‍ നിന്നും ലഭിച്ച കുറിമാനം യോഗത്തില്‍ വായിച്ചു കേള്‍പ്പിച്ചു. ഉള്ളടക്കം പൂര്‍ണ്ണ രൂപം
"പ്രിയരേ, ഞാന്‍ കഴിഞ്ഞ പതിനായിരത്തിലധികം വര്‍ഷമായി ബ്രഹ്മജ്ഞാനം ലഭിച്ചു ബ്രഹ്മര്‍ഷിയാകാനുള്ള തപസ്സിലായിരുന്നു. തപോജ്ഞാനം ലഭിക്കാതെ ഉഴറുമ്പോള്‍ ദേവലോകത്തെ മേനക എന്നൊരു സ്ത്രീ സാന്ദര്‍ഭികവശാല്‍ എന്റെ ആശ്രമത്തില്‍ വന്നിരുന്നു. എന്റെ തപസ്സിന്റെ ഉദ്ദേശം ദൈവങ്ങളുടെയും പ്രപഞ്ചത്തിന്റെ തന്നെയും സൃഷ്ടിയുടെ മൂലരൂപമായ ബ്രഹ്മത്തെക്കുറിച്ച് ജ്ഞാനം ഉണ്ടാക്കുക ആണെന്നും അത് സവിശേഷതകളും കര്‍മ്മശേഷിയുമുള്ള സദ്‌ഗുണ പരബ്രഹ്മം ആണോ അതോ സച്ചിദാനന്ദം മാത്രമുള്ള നിര്‍ഗ്ഗുണ പരബ്രഹ്മം ആണോ എന്ന് തീര്‍ച്ചയാക്കുകയും ആണെന്നും ഞാന്‍ അവരോട് ചര്‍ച്ചാ വേളയില്‍ പറഞ്ഞു. മേനക എനിക്ക് ഉത്തരം ലഭിക്കാത്തതിനു കാരണം ചോദ്യത്തിലെ തന്നെ യുക്തിവൈകൃതം മൂലം ആണെന്നും പ്രപഞ്ചം ആരോ സൃഷ്ടിച്ചു എന്ന അടിസ്ഥാനാനുമാനത്തില്‍ തന്നെ പിഴവുള്ളതുകൊണ്ടായിരിക്കണം ചോദ്യങ്ങളെല്ലാം ഉത്തരമില്ലാതെ നിലനില്‍ക്കുന്നതെന്നും നിരീക്ഷിക്കുകയുണ്ടായി. ഈ നിരീക്ഷണം യുക്തിസഹമെന്ന് തോന്നിയതിനാല്‍ ഞാന്‍ അത് അംഗീകരിച്ച് തപസ്സ് അവസാനിപ്പിച്ചു എന്തെങ്കിലും പണിയെടുത്ത് മേല്‍ ജീവിതം കഴിക്കാന്‍ ആഗ്രഹിക്കുനു. വിശ്വസ്തന്‍, വിശ്വം."
2. മേല്പ്പറഞ്ഞ വിവരം പുറത്തു വരികയെങ്കില്‍ ഋഷികളുടെ വിശ്വാസ്യതയെയും അഭിമാനത്തിനെയും മാത്രമല്ല ബ്രാഹ്മണ്യത്തിന്റെ നിലനില്പ്പിനെ തന്നെ ബാധിക്കും എന്ന് ക്രതുവും മഹായോഗികളായ പുരുഷന്മാര്‍ക്കു പോലും ലഭിക്കാത്ത ഉത്തരം ഒരു കേവല സ്ത്രീ പറഞ്ഞു കൊടുത്തു എന്ന് ലോകമറിഞ്ഞാല്‍ അത് പുരുഷകുലത്തിനു തീരാത്ത അപമാനം ആകുമെന്ന് അംഗിരസ്സും അഭിപ്രായപ്പെട്ടു.
3. എന്തു വില കൊടുത്തും ഈ വിവരം പുറത്തു വരുന്നത് തടയണം എന്ന് പുലഹന്‍ ആഹ്വാനം ചെയ്തതിനെ ഋഷികള്‍ ഏകകണ്ഠമായി പിന്‍ തുണച്ചു.
4. തുടര്‍ന്ന് കണ്വന്‍ എന്ന മഹര്‍ഷിയെ ആളയച്ചു വരുത്താനും ഒരു അനാഥ കുട്ടിയെ താന്‍ കണ്ടെത്തിയെന്നും അത് വിശ്വാമിത്രന്റെയും മേനകയുടെയും കുട്ടിയാണെന്നും സ്ഥാപിക്കുക വഴി വിശ്വനും മേനകയും തമ്മില്‍ അവിഹിതബന്ധമുണ്ടായിരുന്നു എന്ന ലൈംഗികാപവാദമായി തപസ്സിളകിയ സംഭവത്തെ മാറ്റിയെടുക്കാനും തീരുമാനമായി.
5. സംഗതി നാട്ടിലെ സകല മഞ്ഞത്താമരയിലയിലും വരുന്നതോടെ ഈ ഗുരുതരപ്രശ്നം ആളുകള്‍ രസിച്ചു കേള്‍ക്കുന്ന വൃത്തികേടായി ഒഴിഞ്ഞു പൊക്കോളും എന്ന പൂര്‍ണ്ണ വിശ്വാസത്തില്‍ യോഗം പിരിഞ്ഞു.

29-nOV-2013

No comments:

Post a Comment