Saturday, August 8, 2015

ബാല ലൈംഗികപീഡനം

ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്ന പരമ്പരയിലെ മൂന്നാമത്തെ അദ്ധ്യായമാണിത്.

വിഷയത്തിന്റെ സങ്കീര്‍ണ്ണതയും സമയദാരിദ്ര്യവും മൂലം ഇത് മൂന്നു ഭാഗമാക്കുന്നു. ഒന്നാം ഭാഗം (ഈ നോട്ട്) എന്താണ് ബാല ലൈംഗിക പീഡനം എന്നും രണ്ടാം ഭാഗം ഇത് ഇന്ത്യയില്‍ എത്രകണ്ട് വ്യാപകമാണെന്നും എന്താണതിനു കാരണമാകുന്നത് എന്നും അവസാനഭാഗം ഈ കുറ്റകൃത്യത്തിന്റെ വ്യാപ്തി തടയാന്‍ വ്യക്തിതലത്തിലും സാമൂഹ്യതലത്തിലും എന്തു ചെയ്യാനാവുമെന്നും പരിശോധിക്കുന്നു. അവലംബങ്ങളും തുടര്‍ വായനയും അവസാനഭാഗം കൂട്ടിച്ചേര്‍ക്കാം.

ആഗോളതലത്തില്‍ പൊതുനീതിബോധം  ബലാത്സംഗം, കൂട്ടബലാത്സംഗം, പട്ടാളബലാത്സംഗം തുടങ്ങിയവയ്ക്കൊപ്പം കൊടിയ കുറ്റമായി ബാലലൈംഗിക പീഡനത്തെയും കണക്കാക്കിവരുന്നു.  ഇര ഒരു കുട്ടിയാണെന്നും കുട്ടികള്‍ അശക്തരും ആശ്രിതരും സ്വന്തം അവകാശങ്ങള്‍ സ്ഥാപിക്കാന്‍ കഴിവില്ലാത്തവരും ആയ പൗരന്മാര്‍ ആണ് എന്നതാണു കാരണം.

നിര്‍വ്വചനം 
ബാല ലൈംഗിക പീഡന സംരക്ഷണ നിയമം അനുസരിച്ച് ഇന്ത്യയില്‍   പീഡനത്തെ മൂന്നായി  തരം തിരിച്ചിരിക്കുന്നു.

1. ആക്രമണപരമായ ലൈംഗിക വേഴ്ച -കുട്ടിയുടെ  ജനനേന്ദ്രിയത്തിലോ ഗുദത്തിലോ വായയിലോ ലിംഗമോ മറ്റെന്തെങ്കിലും ശരീരഭാഗമോ വസ്തുവോ തള്ളിക്കയറ്റല്‍, കയറ്റാന്‍ ശ്രമിക്കല്‍, ഈ ഭാഗങ്ങളില്‍  കുറ്റവാളി വായ കൊണ്ട് തൊടല്‍.

 2. ലൈംഗികാക്രമണം - കുട്ടിയുടെ യോനി, ലിംഗം, മലദ്വാരം, സ്തനം എന്നിവിടങ്ങളില്‍ സ്പര്‍ശിക്കുകയോ കുട്ടി സ്വയം അങ്ങനെ ചെയ്തു കാട്ടാന്‍ കാരണമാകുകയോ മറ്റെന്തെങ്കിലും രീതിയില്‍  കുട്ടിയോട് ലൈംഗികപരമായി സ്പര്‍ശിക്കുകയോ ചെയ്യല്‍.

3. ലൈംഗിക പീഡനം - കുട്ടിയോട് ലൈംഗികച്ചുവയുള്ള വാക്കുകളോ ആംഗ്യങ്ങളോ കാട്ടല്‍, നഗ്നത ചിത്രീകരിക്കല്‍, ചിത്രീകരിക്കാന്‍ പ്രേരിപ്പിക്കല്‍, യഥാര്‍ത്ഥമോ വ്യാജമോ ആയ ചിത്രീകരണം മറ്റൊരാളെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തല്‍, പിറകേ നടന്ന് ശല്യം ചെയ്യല്‍.

ഇതെല്ലാം മറ്റൊരാളെക്കൊണ്ട് ചെയ്യിക്കുന്നതും ലൈംഗിക പീഡനമാണ്. കുട്ടി എന്നാല്‍ 18 വയസ്സു തികഞ്ഞിട്ടില്ലാത്ത വ്യക്തിയാണ്. എന്നാല്‍ 16 വയസ്സ് കഴിഞ്ഞ വ്യക്തി സമ്മതം നല്‍കിയിരുന്നോ എന്ന് പരിശോധിക്കാവുന്നതാണ്. 16 വയസ്സിനു താഴെ താഴെ പ്രായമുള്ള കുട്ടി സമ്മതം നല്‍കിയതായി കണക്കാക്കില്ല.

ആരാണ് ബാല ലൈംഗിക പീഡകന്‍?
അംഗീകൃത നിര്‍‌വചനം അനുസരിച്ച് പീഡോഫൈല്‍ എന്നാല്‍ പ്രഥാനമായോ പൂര്‍ണ്ണമായോ കുട്ടികളോട്  ലൈംഗികാകര്‍ഷണം തോന്നുന്ന വ്യക്തിയാണ്. മഹാഭൂരിപക്ഷം പീഡോഫൈലുകളും പുരുഷന്മാരാണ് എന്നാല്‍ സ്ത്രീ പീഡോഫൈലുകളും കുറവല്ല. ഇവര്‍ സമൂഹത്തിന്റെ എത്ര ശതമാനം വരും എന്നതിനു വ്യക്തമായ കണക്കുകളുമില്ല. പീഡോഫൈലുകളെ ചികിത്സിച്ചു ഭേദമാക്കാന്‍ നിലവിലെ വൈദ്യശാസ്ത്രത്തില്‍  ഫലപ്രദമായ ചികിത്സയില്ല എന്നതിനാല്‍ ഇവരില്‍ കുറ്റകൃത്യം നടത്തിക്കഴിഞ്ഞവരെ ഒന്നുകില്‍ ലൈംഗിക പ്രചോദനം  മൊത്തമായി തന്നെ കുറയ്ക്കുന്ന ചികിത്സ നടത്തുക അല്ലെങ്കില്‍  കുട്ടികളുമായി ഇടപഴകാതെ  മാറ്റുകയോ മറ്റ് കുറ്റം ആവര്‍ത്തിക്കാതിരിക്കാനുള്ള ശിക്ഷയോ ചികിത്സയോ ചെയ്യുക എന്നതുമാണ്.

നിര്‍‌വചനം അനുസരിച്ചുള്ള പീഡോഫൈലുകള്‍  എല്ലാവരും കുറ്റം ചെയ്യുന്നില്ല. അവരില്‍ ഒരു പക്ഷമേ കുട്ടികള്‍ക്കു മേല്‍ തോന്നുന്ന തങ്ങളുടെ ലൈംഗികാകര്‍ഷണം  പ്രവൃത്തിയിലാക്കുന്നുള്ളൂ. മാത്രമല്ല, നിര്‍‌വചനം അനുസരിച്ചുള്ള പീഡോഫൈല്‍ അല്ലാതെയുള്ള ചിലര്‍ ഒരു സന്ദര്‍ഭം ഒത്തു കിട്ടി എന്നും ഭയക്കേണ്ടതില്ല എന്നും വരുമ്പോള്‍ ബാലപീഡനം നടത്തിയെന്നും വരും.

ബാലപീഡനം - ഘട്ടങ്ങള്‍
 പീഡോഫീലിയ എന്ന  ലൈംഗിക വൈകല്യം ഉള്ളവര്‍ ന്യൂനപക്ഷമാണ്, പക്ഷേ അവര്‍ ബാലലൈംഗിക പീഡനം നടത്താന്‍ സാധ്യത വളരെക്കൂടുതലും. എന്നാല്‍ ഭൂരിപക്ഷം  ബാലലൈംഗിക പീഡനവും കുട്ടികളോട് എന്തും ആകാം എന്ന വികലബോധമുള്ള മറ്റു മനുഷ്യര്‍ ചെയ്യുന്നതാണ്.  ആശയക്കുഴപ്പം ഇല്ലാതെയിരിക്കാന്‍ ഒരു ബാല ലൈംഗിക പീഡനത്തിന്റെ വിവിധ ഘട്ടങ്ങള്‍  പരിശോധിക്കാം:



എന്തുകൊണ്ട് ബാല ലൈംഗിക പീഡനം നടക്കുന്നു എന്നതിനെക്കുറിച്ചു മാത്രമല്ല, എന്തുകൊണ്ട് ചില രാജ്യങ്ങളില്‍ അത് സര്‍‌വസാധാരണവും മറ്റു ചിലയിടങ്ങളില്‍ വിരളവുമാകുന്നു എന്നതിനെക്കുറിച്ചും എന്തുകൊണ്ട് ചിലര്‍ കുറ്റവാളികളും ചിലര്‍ ഇരയും ആകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു എന്നതിനെക്കുറിച്ചും ഒരു പ്രാഥമിക വിവരം തരാന്‍ മുകളിലത്തെ ചിത്രത്തിനു കഴിയും.


കുറ്റവാളി
തെരുവുകുട്ടികളില്‍ ഒരു അപരിചിതന്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാനുള്ള സാധ്യത വളരെയേറെയാണ്. മറ്റുകുട്ടികളില്‍  മഹാഭൂരിപക്ഷവും പീഡിപ്പിക്കപ്പെടുന്നത് (ഒരു ഇന്ത്യന്‍ പഠനം അനുസരിച്ച് 80%ഇല്‍ അധികം) കുട്ടിക്ക് പരിചയമുള്ള, പലപ്പോഴും ആശ്രിതത്വം ഉള്ള വ്യക്തികളാലാണ്. മാതാപിതാക്കളും മുതിര്‍ന്ന സഹോദരങ്ങളും അടക്കം ബന്ധുക്കളോ അദ്ധ്യാപകരോ അയല്‍ക്കാരോ ഒക്കെയാകാം ഇത്. നിര്‍ഭാഗ്യവശാല്‍ ബാലലൈംഗിക പീഡന കുറ്റവാളിയെ തിരിച്ചറിയാന്‍ ലക്ഷണങ്ങള്‍ ഒന്നുമില്ല. അയാള്‍ മിക്കപ്പോഴും മറ്റുരീതിയില്‍ നോര്‍മല്‍ ആയിരിക്കും. ധനികന്‍ എന്നോ എന്നോ ദരിദ്രന്‍ എന്നോ സന്തുഷ്ടനെന്നോ സന്തപ്തനെന്നോ നിരക്ഷരന്‍ എന്നോ അഭ്യസ്തവിദ്യനെന്നോ  ഇത്തരം കുറ്റവാളികളെ പ്രൊഫൈല്‍ ചെയ്യാന്‍ കഴിയില്ല.


കുറ്റവാളി ആണോ പെണ്ണോ? മഹാഭൂരിപക്ഷം പീഡനങ്ങളിലും കുറ്റവാളി ആണാണ്. കുടുംബ സം‌രക്ഷണം ഉള്ള കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളില്‍ പരമാവധി ഒരു പുരുഷന്റെ കൂട്ടുപ്രതി എന്നതിനപ്പുറം സ്ത്രീകുറ്റവാളികള്‍ ഉണ്ടാകുന്നത് തീരെ വിരളമാണ്. എന്നാല്‍ ഇന്ത്യയില്‍ വീട്ടുജോലി ചെയ്യുന്ന കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളില്‍ ഉദാഹരണം ദില്ലിയിലെ ബാലന്റെ ലിംഗം പൊള്ളിച്ച സംഭവവും മുംബൈയിലെ പെണ്‍‌കുട്ടിയുടെ ജനനേന്ദ്രിയത്തില്‍  മുളകു കുത്തിക്കയറ്റിയ സംഭവവും- സ്ത്രീ കുറ്റവാളികള്‍ സര്‍‌വ സാധാരണയും.


ഇര
ഏതു കുട്ടിയും ലൈംഗിക പീഡനത്തിനു ഇരയായേക്കാം എന്നാല്‍ താഴെപ്പറയുന്ന കുട്ടികള്‍ അതിനു ഇരയാകാനുള്ള സാധ്യത കൂടുതലാകുന്നു:

1. ദരിദ്രരായ കുട്ടികള്‍ - ബാലവേശ്യാവൃത്തിയടക്കം ലൈംഗിക പീഡനത്തിനിരയാവാന്‍ ദരിദ്ര ബാലികാ ബാലന്മാര്‍ക്ക് സാധ്യത ഏറെയാണ്.

2. ലൈംഗികവിദ്യാഭ്യാസമോ ധാരണയോ ഇല്ലാത്ത കുട്ടി.

3. സുഹൃത്തുക്കള്‍ അധികമില്ലാത്തതോ അന്തര്‍മുഖയായതോ ആയ കുട്ടി.

4. വീട്ടുകാരുടെ സ്നേഹവും പരിരക്ഷയും ഇല്ലാത്ത കുട്ടി.

5. വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ട- ഉദാഹരണം ജോലിക്കായി ഏജന്റിനു വില്‍ക്കപ്പെട്ട- കുട്ടി.

6. ദുര്‍ബ്ബലമായ കുടുംബത്തിലെ കുട്ടി - ഉദാഹരണം സാമ്പത്തിക പരാധീനത മൂലം മറ്റൊരു വീട്ടില്‍ ആശ്രിതരായ കുടുംബത്തിലെ കുട്ടി.

7. ആത്മവിശ്വാസമില്ലാത്തതോ മനോരോഗം ബാധിച്ചതോ ശാരീരിക പരാധീനതകള്‍ ഉള്ളതോ ആയ കുട്ടി.


ഇര ആണ്‍‌കുട്ടിയോ പെണ്‍‌കുട്ടിയോ?ഇന്ത്യയില്‍ നടന്ന പഠനങ്ങള്‍ പ്രകാരം ആണ്‍‌കുട്ടികളും പെണ്‍‌കുട്ടികളും ഒരേ തോതില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. ആണ്‍-പെണ്‍ ഭേദമില്ല. 

16-feb-2014


[സമയം പോലെ തുടരാം.]

No comments:

Post a Comment