Friday, February 22, 2013

ശങ്കരാഭരണം എന്ന തെലുങ്കു സിനിമയില്‍ പ്രശസ്തമായ ഒരു രംഗമുണ്ട്. ശങ്കര ശാസ്ത്രിയുടെ അയലത്തെ പയ്യന്മാര്‍ പാതിരാത്രി റോക്ക് സംഗീതം എന്ന പേരില്‍ ഒച്ച വച്ച് ശല്യം ചെയ്യുന്നു. പലപ്പോഴും  അതിന്റെ വോക്കല്‍ ശാസ്ത്രിയെ കളിയാക്കുന്ന രീതിയിലാണ്‌.ശല്യം സഹിക്കാതെ ശാസ്ത്രി ഇറങ്ങി ചെല്ലുന്നു. ഇനിയാണ്‌ രസം- റോക്ക് പയ്യന്മാര്‍ ശാസ്ത്രിയോട് പറയുന്നു 'ഇത്  നിങ്ങളുടെ സരിഗമ സംഗീതമല്ല അതിനാല്‍ മനസ്സിലാവുകയുമില്ല' എന്ന്. ശാസ്ത്രി അവര്‍ പാടുന്നത് താനും പാടുമെന്ന് വെല്ലുവിളിക്കുന്നു. റോക്ക് ബാന്‍ഡിലെ ഒരുത്തന്‍  ഒരു  റിഫ്രെയിന്‍ ചങ്കു പൊട്ടി പാടുന്നു. ശാസ്ത്രി അത് അനുകരിക്കുന്നു. ശേഷം ശാസ്ത്രി ഒരു രാഗം മൂളുന്നു, പയ്യന്‍ അതനുകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നു. തല താഴ്തി നില്‍ക്കുന്ന റോക്ക് പാട്ടുകാരോട് വിദേശികള്‍ നമ്മുടെ സംഗീതം പഠിക്കാന്‍ ഇവിടെ വരുമ്പോള്‍ നമ്മള്‍ അതിനെ പുച്ഛിക്കുന്നു തുടങ്ങി സൂപ്പര്‍ സ്റ്റാര്‍ സ്റ്റൈല്‍ ഡയലോഗുകള്‍ അടിച്ച് ഇറങ്ങി പോകുന്നു. സിനിമ നമ്മള്‍ കാണാനാഗ്രഹിക്കുന്നതും നമ്മെ ആവേശം കൊള്ളിക്കുന്നതുമായ രംഗങ്ങള്‍ കാണിക്കും.

ശരിക്കും ഇങ്ങനെ ഒരു സംഭവം നടന്നാല്‍ എങ്ങനെ ആയിരിക്കും?
റോക്ക് ബാന്‍ഡിലെ പയ്യന്‍ "ശാസ്ത്രി, ഇത് പോപ്പ് മ്യൂസിക്ക് ആണ്‌, നിങ്ങളുടെ സരിഗമ സംഗീതമല്ല, അതുകൊണ്ടാണ്‌ നിങ്ങള്‍ക്കിത് ബഹളമായി തോന്നുന്നത്."


ശങ്കര ശാസ്ത്രി "അതെയോ, എങ്കില്‍ നിങ്ങള്‍ ആരെങ്കിലും നിങ്ങളൂടെ സംഗീതത്തില്‍ നിന്ന് ഒന്നു പാടിക്കേള്‍പ്പിക്കൂ, എനിക്കത് പാടാന്‍ കഴിയുമോ എന്ന് നോക്കട്ടെ."

റോക്ക് പയ്യന്‍ : " ഞാനൊരാള്‍ ഒരു വോക്കല്‍ ബിറ്റ് പാടിയാല്‍ നിങ്ങള്‍ക്കത് അനുകരിക്കാന്‍ പറ്റും എന്ന   ഒരു വെല്ലുവിളി നടത്തിയത് തന്നെ റോക്ക് സംഗീതത്തെപ്പറ്റി ശാസ്ത്രിക്കുള്ള അറിവില്ലായ്മയാണു കാണിക്കുന്നത്. ഞാന്‍ പറഞ്ഞു തരാം. താങ്കള്‍ പഠിച്ച രീതിയനുസരിച്ച് നിങ്ങള്‍ സംഗീതത്തെ ശ്രുതി, സ്വരം, താളം എന്നിവ ഇഴപിരിച്ചാണ്‌ മനസ്സിലാക്കുന്നത്. ഓരോ സ്വരവും സപ്തസ്വരങ്ങളില്‍ ഒന്നായി  തരം തിരിച്ചും.  അതായത് സോള്ഫേസ്.  സോള്‍ഫേസ് എന്ന ഫ്രഞ്ചു വാക്ക് കര്‍ണ്ണാടക സംഗീത ഭാഷയിലേക്ക്  മാറ്റിയാല്‍ സ രി ഗ മ എന്നാണു വരുന്നത്, അതായത് ഓരോ സ്വരം ചേര്‍ത്ത് പാടുന്ന രീതി. അതാണു ഞാന്‍ സരിഗമ സംഗീതം എന്നു പറഞ്ഞത്. അത്തരത്തില്‍ പിരിക്കാന്‍ പറ്റാതെ വിളക്കിയ സ്വരമെല്ലാം നിങ്ങള്‍ക്ക് സംഗീതമല്ലാതെ വെറും ബഹളം ആയി തോന്നുന്നതില്‍ അതിശയമില്ല."

ശാസ്ത്രി :സപ്തസ്വരങ്ങളില്ലാത്ത സംഗീതമോ? 

പയ്യന്‍: അതില്ലാത്ത ഗീതമെന്നല്ല. അതിനെ ഇനി പിരിക്കാന്‍ കഴിയാത്ത വിധം  ഒന്നിച്ചു ചേര്‍ത്ത് പുതിയ സംഗീതം ഉണ്ടാക്കല്‍. അത് ഒറ്റയ്ക്ക് പാടുന്നതുപോലെയോ സംഘമായി പാടുന്നതുപോലെയോ അല്ല. പഞ്ചസാരയും പാലും തേയിലയും വെള്ളവും ചേരുമ്പോള്‍ ചായ ആകുന്നതുപോലെ. മനസ്സിലാകുന്നുണ്ടോ?

ശാസ്ത്രി: "അപ്പോള്‍  പോപ്പ് സംഗീതം ശാസ്ത്രീയമാണെന്നാണോ? ഇവിടെ കേള്‍ക്കുന്ന പോപ്പുലര്‍ പാട്ടുകള്‍ ഒന്നും അങ്ങനെ തോന്നുന്നില്ലല്ലോ."

പയ്യന്‍:: "തീര്‍ച്ചയായും ശാസ്ത്രീയമാണ്‌. ഇവിടെ കേള്‍ക്കുന്ന   ഹിറ്റ് പാട്ടുകള്‍- അതായത് സിനിമാ സംഗീതം കര്‍ണ്ണാടക സംഗീതമോ ഹിന്ദുസ്ഥാനിയോ  ലളിതമായ വെസ്റ്റേണ്‍  ഉപകരണ അകമ്പടി കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്നവയാണ്‌. ഫ്യൂഷന്‍ മ്യൂസിക്ക് വേറേ, സംഗീത ശാഖകള്‍ വേറേ. പോപ്പ് സംഗീതം പാശ്ചാത്യ ക്ലാസ്സിക്കല്‍ സംഗീതം മുതല്‍ നാടന്‍ പാട്ടുരീതികളില്‍ നിന്നു വരെ സ്വാംശീകരണം നടത്തിയിട്ടുണ്ടെങ്കിലും സംഗീത ശാഖയായി ഉരുത്തിരിഞ്ഞ്, വളര്‍ന്ന്, പരിണമിച്ചുകൊണ്ടേയിരിക്കുന്ന ശാസ്ത്രീയ രീതി തന്നെയാണ്‌. ശരിക്കും പറഞ്ഞാല്‍ അങ്ങനെയുള്ള നിരവധി ശാസ്ത്രീയ രീതികള്‍ക്ക് പൊതുവില്‍ പറയുന്ന ഒരു പേരാണ്‌. അതിങ്ങനെ പരിണമിച്ചുകൊണ്ടേയിരിക്കും, ഒരിടവും സംഗീതത്തിന്റെ അവസാന രൂപമാകുന്നില്ല."


ശാസ്ത്രി: "അതായത് എനിക്കു മനസ്സിലാക്കാന്‍ കഴിയാത്തത്ര  സങ്കീര്‍ണ്ണമായതുകൊണ്ടാണ്‌ അലോസരപ്പെടുത്തുന്നതെന്നോ?"

പയ്യന്‍ "നിങ്ങള്‍ സംഗീതം പഠിച്ചയാളായതുകൊണ്ട്  മനസ്സിലാക്കാന്‍ അത്ര ബുദ്ധിമുട്ടൊന്നുമുണ്ടാവില്ല, പരിചയക്കുറവാകും. ഞാന്‍ ഈ ഗിത്താറില്‍ വായിക്കുന്നതു  ഒന്നു  കേള്‍ക്കൂ  ഈ ശബ്ദത്തിനു സി‌ മേജര്‍7 എന്നു പറയും. സ ഗ  പ നി എന്ന സ്വരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പാടിയതാണ്‌- സ മൂലസ്വരം, ഗയും നിയും മുഖ്യസ്വരങ്ങള്‍, നി ഇടസ്വരവും. ഇനി ഇതൊന്നു കേട്ടു നോക്കൂ."

ശാസ്ത്രി: "സ ഗ പ നി ഒരുമിച്ച സ്വരമാണോ?"
പയ്യന്‍:: "അതു തന്നെ, Fmaj7. ഞാന്‍ പറഞ്ഞില്ലേ പ്രയാസം ഉണ്ടാകില്ലെന്ന്? പല സ്വരങ്ങള്‍ ചേര്‍ന്ന് പുതിയ ശബ്ദങ്ങളകും, പല ശബ്ദങ്ങള്‍ ചേര്‍ന്ന് പുതിയൊരു ഗീതമാകും, പല ഗീതങ്ങള്‍ ചേര്‍ന്ന് പുതിയൊരു സംഗീതമാകും.  കാലം, ചരിത്രം, ക്ഷാമം, ധാരാളിത്തം, യുദ്ധം, സമാധാനം, രാഷ്ട്രീയം, ചിന്താരീതി, വിരക്തി, ഭയം, ഭക്തി ഒക്കെ  അതതു കാലത്ത് അതിനു പുതിയ ചിട്ടകളും  രൂപപ്പെടുത്തും. അങ്ങനെ പോപ്പ് സംഗീതം പരിണമിച്ചുകൊണ്ടേയിരിക്കും, ശാസ്ത്രീയമായിത്തന്നെ.  ശാസ്ത്രി കേട്ടിട്ടില്ലേ, കൊടും ക്ഷാമകാലത്താണ്‌ ത്യാഗരാജന്‍ കൃതികള്‍ എഴുതിയത്- അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സംഗീതത്തില്‍ ദൈന്യതയും ഭക്തിയും വിലാപവും നിറഞ്ഞിരിക്കും. ഇന്ത്യയിലെ ശാസ്ത്രീയ സംഗീതം പരിണമിക്കുന്നില്ല, ആവര്‍ത്തിക്കപ്പെടുകയാണ്‌. അതും പരിണമിക്കേണ്ടതുണ്ട്."

ശാസ്ത്രിക്ക് വളരെ  അതിശയം തോന്നി. അന്നു രാത്രി പയ്യന്മാര്‍  ശാസ്ത്രിക്കുവേണ്ടി പാടി, ഇതുവരെ ബഹളമായി തോന്നിയിരുന്നത് ശാസ്ത്രിക്ക് സംഗീതമായി തോന്നി.  ശാസ്ത്രിയും അവര്‍ക്കുവേണ്ടി പാടി - ശാസ്ത്രിയുടെ കൃത്യതയും ഇമ്പ്രൊവൈസേഷന്‍ കഴിവും പയ്യന്മാരെയും അതിശയിപ്പിച്ചു.

ശാസ്ത്രി ഏറെ താമസിയാതെ തന്നെ പയ്യന്മാരുടെ റോക്ക് ബാന്‍ഡില്‍ ചേര്‍ന്നു. ഒരുതരം ഫ്യൂഷന്‍  മ്യൂസിക്ക് ആയിരുന്നു ആ ബാന്‍ഡിന്റേത് പക്ഷേ, സാധാരണ ഇന്ത്യയില്‍ കേള്‍ക്കുന്ന മിക്സ്ചര്‍ സംഗീതമായിരുന്നില്ല അത്. ശാസ്ത്രിയടങ്ങുന്ന റോക്ക് ബാന്‍ഡ് വളരെക്കാലം ഹിറ്റ് ചാര്‍ട്ടുകളില്‍ നിലനിന്നു. ആ സംഗീതം കേള്‍ക്കുന്നവരാരും പാട്ടുകാരനു ദുര്‍ന്നടത്തയുണ്ടോ, മദ്യപിക്കുമോ, ജാതിയേത്, മതമേത് എന്നു നോക്കുന്നവരായിരുന്നില്ല. അവര്‍ അയാളുടെ പാട്ട് മാത്രം ശ്രദ്ധിച്ചു, ഇഷ്ടപ്പെട്ടു. ദാരിദ്ര്യവും ഒറ്റപ്പെടലും ശാസ്ത്രിക്ക് പഴങ്കഥയായി. ഒരു ബന്ധം ആരോപിച്ച് തന്നെ പുറം തള്ളിയ കര്‍ണ്ണാടക സംഗീത ലോകത്തോട് ശാസ്ത്രി അങ്ങനെ മധുരമായി പ്രതികാരം ചെയ്തു.
https://plus.google.com/u/0/111754722974346117564/posts/hW5tdix7zoy

No comments:

Post a Comment