Friday, February 22, 2013

ഗള്‍ഫിലെ പെസ്റ്റിസൈഡ് മരണങ്ങള്‍

രാഘവേന്ദ്ര ശിവാജി ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിരുന്നു. പണി കഴിഞ്ഞു വന്നു ബര്‍‌ദുബായിലെ ഫ്ലാറ്റില്‍ കിടന്ന് ഉറങ്ങി. അടുത്ത ദിവസം ആളു മേലോട്ടു പോയി.

കുറച്ചു ദിവസത്തിനു ശേഷം ദമാസ് ജ്വല്ലറിയിലെ പത്തു തൊഴിലാളികള്‍ പണി കഴിഞ്ഞു വന്നു കിടന്ന് രാത്രിയില്‍ ശ്വാസം മുട്ടും ശര്‍ദ്ദിയും തുടങ്ങി. എല്ലാവരും ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചവര്‍ ആയതുകൊണ്ട് ഫുഡ് പോയിസണിങ്ങ് ആണെന്നു കരുതി ആശുപത്രിയില്‍ പോയി. ഭാഗ്യത്തിനു ആരും  വടിയായില്ല.

ഈ മാസം ആദ്യം രണ്ടു വയസ്സുള്ള ഒരു കുട്ടി വീട്ടില്‍ വച്ച് അസുഖ ലക്ഷണം കാട്ടിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു  പോയി.

മിനിഞ്ഞാന്ന് ഏഴുപേര്‍ ഇതുപോലെ ആശുപത്രിയില്‍ എത്തി. ഇന്നത്തെ പത്രത്തില്‍ എല്ലാവരും അപകടനില തരണം ചെയ്തെന്നു വാര്‍ത്ത, ഭാഗ്യം.

ഇവരൊക്കെ ഇങ്ങനെ പ്രശ്നം നേരിടാന്‍ കാരണം അയലത്തുകാര്‍ അവരുടെ ഫ്ലാറ്റില്‍ ഇന്‍ഡസ്ട്രിയല്‍ ഗ്രേഡ് പെസ്റ്റിസൈഡുകള്‍ ഉപയോഗിച്ചതാണ്‌.

പ്ലസ് വായിക്കുന്ന ഏതെങ്കിലും ഗള്‍ഫുകാരനു എന്തെങ്കിലും സംശയം ബാക്കിയുണ്ടെങ്കില്‍:

1. ബോംബ് എന്ന ജെനറിക്ക് ലോക്കല്‍ പേരില്‍ അറിയപ്പെടുന്ന വിഷവാതക ഗുളികകള്‍ നിങ്ങള്‍ക്ക് വീട്ടില്‍ ഈച്ചയേയും മൂട്ടയേയും പാറ്റയേയും കൊല്ലാനുള്ളതല്ല, അത് ഗോഡൗണുകളിലും ഫാക്റ്ററികളും   ഫ്യൂമിഗേഷന്‍ വിദഗ്ധര്‍ ഉപയോഗിക്കേണ്ട  പെസ്റ്റിസൈഡ് ആണ്‌.

2. റൂമുകളും ഫ്ലാറ്റുകളും എയര്‍ ടൈറ്റ് അല്ല. ഏസി വഴിയും ഡ്രെയിന്‍ പൈപ്പുകള്‍ എയര്‍ ഹോള്‍, എക്സോസ്റ്റ് പൈപ്പ് ജനാല വാതില്‍ വിടവുകള്‍ വഴിയും  നിങ്ങള്‍ അടുത്ത വീട്ടിലെ ബിരിയാണി മണം അറിയുമ്പോലെ വിഷവും തീണ്ടും.

3. ലൈസന്‍സ്ഡ് പെസ്റ്റ് കണ്ട്റോള്‍ കമ്പനികള്‍ അത്ര എക്സ്പന്‍സീവ് ഒന്നുമല്ല. നിങ്ങളുടെ വീടിന്റെ വലിപ്പം അനുസരിച്ച് നൂറു ദിര്‍ഹം തുടങ്ങി മേലോട്ട് പോകും. നിങ്ങടെ പിള്ളേരും അയലത്തുള്ളോരും ചാകാതെ പ്രാണികളെ കൊല്ലാന്‍ അവര്‍ക്ക് അറിയാം, അവര്‍ ഉപയോഗിക്കുന്ന പെസ്റ്റിസൈഡും അവരുടെ ട്രെയിനിങ്ങും മുനിസിപ്പാലിറ്റി സര്‍ട്ടിഫൈ ചെയ്തതാണ്‌. ഇന്നേവരെ ലൈസന്‍സ്ഡ് കമ്പനി പെസ്റ്റ് കണ്ട്റോള്‍ ചെയ്ത് ആരും ചത്ത സംഭവം ഉണ്ടായിട്ടില്ല.

4. നിങ്ങള്‍ സ്വയം പെസ്റ്റിസൈഡ് ഉപയോഗിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ കൊലക്കുറ്റം ചാര്‍ത്തി പോലീസ് അകത്താക്കും. അല്ലെങ്കില്‍ തന്നെ നിങ്ങള്‍ കാരണം ഒരാള്‍ മരിച്ചു പോയാല്‍ ജീവിതകാലം നിങ്ങള്‍ക്ക് സമാധാനമുണ്ടാകുമോ?
https://plus.google.com/u/0/111754722974346117564/posts/G6D2m1M1Hnd
http://gulfnews.com/news/gulf/uae/general/pesticide-death-timeline-1.1073682

No comments:

Post a Comment