Showing posts with label Culture. Show all posts
Showing posts with label Culture. Show all posts

Saturday, August 8, 2015

No true Scotsman

ശരിക്കുള്ള മതവിശ്വാസം ഇങ്ങനല്ല എന്ന സ്ഥിരം പല്ലവി. മനസ്സിലായി, there is no true Scotsman എന്ന വൈശാഖന്‍ തമ്പിയുടെ കൃത്യമായ മറുപടി.
നിങ്ങള്‍ കാണുന്നവരില്‍ ഭൂരിപക്ഷവും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവരാണ്. അവരില്‍ ഒരാളുപോലും തോക്കോ ബോംബോ എടുത്ത് മതത്തിന്റെയോ മറ്റെന്തെങ്കിലുമോ പേരില്‍ ആളെക്കൊല്ലാന്‍ തയ്യാറുമല്ല, അങ്ങനെ വേണമെന്ന് അറ്റ് ലീസ്റ്റ് പരസ്യമായി വിശ്വസിക്കുന്നുമില്ല. എന്തെങ്കിലും വിശ്വാസത്തിന്റെയോ വിശ്വാസമില്ലായ്മയുടെയോ പേരില്‍ ആരെങ്കിലും കൊല്ലപ്പെടണമെന്ന് ആഗ്രഹിക്കുന്നവരല്ല മഹാ ഭൂരിപക്ഷം മതവിശ്വാസിയും, അത് ഏതു മതത്തിന്റേതായാലും. എങ്കില്‍ പിന്നെങ്ങനെ വൈശാഖന്‍ തമ്പിയുടെ മറുപടി ശരിയാകുന്നു?
മതവും ഭീകരതയും തമ്മില്‍ ഉള്ള ബന്ധത്തെപ്പറ്റി പ്രൊഫസര്‍ തിമോത്തി സിസ്കിന്റെ നേതൃത്വത്തില്‍ ഡെന്‍‌വര്‍ യൂണിവേര്‍സിറ്റി നടത്തിയ ഒരു പഠനമുണ്ട്. ഒരാളോ ഭൂരിപക്ഷം ജനതയോ മതവിശ്വാസിയോ അവിശ്വാസിയോ ആയാല്‍ ഭീകരവാദം തനിയേ പൊട്ടിമുളയ്ക്കുകയൊന്നുമില്ല എന്നതിനാല്‍ ഹിംസയിലും അതിക്രമങ്ങളിലും മതം എന്തു പങ്കു വഹിക്കുന്നു എന്നാണ് ഗവേഷണത്തിന്റെ വിഷയം . Between Terror and Tolerance: Religion, Conflict and Peacemaking എന്നാണു പേര്‍.
ഒരു മതത്തില്‍ വിശ്വസിക്കുന്നയാളും മറ്റൊരു മതത്തില്‍ വിശ്വസിക്കുന്നയാളും തമ്മില്‍ അടിസ്ഥാനപരമായി വത്യാസമൊന്നുമില്ല. ഡെന്‍‌വര്‍ യൂണിവേര്‍സിറ്റി പഠനം പല കലാപങ്ങളിലും പല മതം വഹിച്ച പങ്ക് പരിശോധിക്കുന്നു.
1. സുന്നി - ഷിയ സംഘട്ടനം
2. ലെബനോണ്‍ സിവില്‍ വാറില്‍ കത്തോലിക്കാ സഭയുടെ പങ്ക്
3. ഇസ്രയേല്‍ പലസ്തീന്‍ പ്രശ്നത്തില്‍ ആഗോളവത്കരണവും മതവും ദേശീയതയും വഹിക്കുന്ന പങ്ക്
4. സുഡാന്‍ സിവില്‍ വാര്‍
5. നൈജീരിയന്‍ കലാപം
6. ശ്രീലങ്കന്‍ വംശീയോന്മൂലനത്തിലെ ബുദ്ധമതത്തിന്റെ പങ്ക്
7. കശ്മീര്‍ പ്രശ്നത്തില്‍ ഹിന്ദു-മുസ്ലീം മതങ്ങളുടെ പങ്ക്
8. വടക്കന്‍ അയര്‍ലന്‍ഡിലെ വംശീയ പ്രശ്നത്തില്‍ കൃസ്തുമതത്തിന്റെ പങ്ക്.
ഇവയിലെ എല്ലാം പൊതു ഘടകം എന്തെന്ന് പരിശോധിച്ചാല്‍ മതത്തിനു ഹിംസയിലും അഹിംസയിലും എന്തു പങ്കാണു വഹിക്കാനുള്ളത് എന്ന് മനസ്സിലാക്കാമല്ലോ. അവരുടെ കണ്ടെത്തെലുകള്‍ ഇങ്ങനെയായിരുന്നു
1. ഏതാണ്ട് എല്ലായിടത്തും ഭരണത്തില്‍ മതത്തിനുള്ള സ്വാധീനം ശക്തമായിരുന്നു. ഇതു രണ്ടും പരസ്പരം സ്വാധീനിക്കും എന്നതിനാല്‍ മതത്തിന്റെ നിലപാട് ഭരണകൂടത്തിന്റേതുമായും മറിച്ചും ശക്തിയായി ബാധിക്കും. തമിശ് വംശജരുമായി സമാധാന ഉടമ്പടിക്ക് ശ്രമിക്കുകയും വെറും അഞ്ചു വര്‍ഷത്തിനു ശേഷം അവരെ ഉന്മൂലനം ചെയ്യാന്‍ കൂടെ നില്‍ക്കുകയും ചെയ്തത് ഒരേ ബുദ്ധമതമാണ്. സര്‍ക്കാരിന്റെ നാഷണലിസത്തില്‍ ശക്തിയായ ഉയര്‍ച്ചയുണ്ടായി എന്നതാണു കാരണം.
2. ഭരണകൂടം മതവുമായി ഒട്ടിച്ചേര്‍ന്നാല്‍ മതം ഭരിക്കും. മതം ഭരിച്ചാല്‍ അതിന്റെ നേതൃത്വം മത ചിന്തകളും മത മുദ്രാവാക്യങ്ങളും മറ്റും ഭരണത്തില്‍ അടിച്ചുകയറ്റും. മത-ദേശീയതാ സഖ്യം രാജ്യം ഭരിക്കുമ്പോള്‍ സ്വാഭാവികമായി അക്രമങ്ങളും തീവ്രവാദവും ഒക്കെ അടിച്ചു കയറും.
3. ഗോത്രവര്‍ഗ്ഗ ഭിന്നത, പ്രാദേശികത, ഇതര രാജ്യങ്ങളുടെയും നാടുകളുടെയും ഇടപെടല്‍ തുടങ്ങിയവയും മതത്തെ ഹിംസയ്ക്ക് അനുകൂലമായ സാഹചര്യത്തിലേക്ക് നയിക്കും. അമേരിക്കക്ക് അഫ്ഘാനിസ്ഥാനിലെ സോവിയറ്റ് ഇടപെടലിനോടുള്ള എതിര്‍പ്പ്, ഗോത്ര ഭിന്നത, പാക്കിസ്ഥാനിലെ മതബന്ധിത നാഷണലിസ്റ്റ് ഭരണം, മറ്റു ചില മതരാജ്യങ്ങളുടെ തുറന്ന സഹായം എന്നിവ മതത്തില്‍ ഉണ്ടാക്കിയ വത്യാസമാണ് ഇന്നത്തെ ഏറ്റവും വലിയ ഭീകരതയ്ക്ക് വിത്തുപാകിയത്. ഇതിലെ മറ്റൊന്നും കാണാതെ ഇതൊക്കെ പാശ്ചാത്യ ഗൂഢാലോചന മാത്രമെന്ന് സ്ഥിരമായി കാണുന്നു. റ്വാണ്ടന്‍ കലാപം കത്തോലിക്കാ സഭ ആഗ്രഹിച്ചിരുന്ന ഒന്നല്ല, ഹുട്ടി-ടുറ്റ്സി ഗോത്രവര്‍ഗ്ഗ ശത്രുത രൂക്ഷമായപ്പോള്‍ സഭ ഇവരിലെ വിശ്വാസികള്‍ക്കു വേണ്ടി പക്ഷം പിടിച്ചു. കൂട്ടമണിയടിച്ച് ആളെ പള്ളിയില്‍ വിളിച്ചു കയറ്റി യന്ത്രത്തോക്കിനു പള്ളീലച്ചന്‍ കൂട്ടക്കൊല ചെയ്യുന്നയിടം വരെ എത്തി അത്.
4. മത നേതൃത്വം എവിടെ ഫോക്കസ് ചെയ്യുന്നു എന്നതിനു ഭീകരതയുമായും മതഹിംസയുമായും നേരിട്ടു ബന്ധമുണ്ട്. ശ്രീലങ്കന്‍ വംശീയ ഹത്യയ്ക്കു മുന്നേ ബുദ്ധമത ഭിക്ഷുക്കള്‍ ഇതര ആരാധനാലയങ്ങള്‍ പൊളിക്കുകയായിരുന്നു. സുഡാന്‍ കലാപത്തിനു മുന്നേ മത നേതാക്കള്‍ എല്ലാവരിലും ശരിയ അടിച്ചേല്പ്പിക്കാന്‍ വാശിപിടിക്കുകയായിരുന്നു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ, രാജ്യത്തിന്റെ, ന്യൂനപക്ഷത്തിന്റെ, ദേശത്തിന്റെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേരേ മത നേതൃത്ത്വം കുതിര കയറാന്‍ തുടങ്ങിയാല്‍ അവിടെ ഹിംസയും ഭീകരവാദവും മുളയ്ക്കാന്‍ താമസമില്ല.
വൈകുന്നേരം നിലവിളക്കു കത്തിച്ച് "മുകുന്നരാമ പായിമാ" എന്നു നാമം ചൊല്ലി ഉറങ്ങുന്ന നാണിത്തള്ളയ്ക്ക് അരോടും ഒരു വിദ്വേഷവുമില്ല. ആരുടെ കുട്ടി ഉരുണ്ടുവീണാലും അവര്‍ ഓടിച്ചെന്ന് എടുക്കും. ഏത് അമ്പലത്തില്‍ പോയാലും അവിടെ വരുന്നവരില്‍ ഭൂരിപക്ഷവും നാണിത്തള്ളയെപ്പോലെയോ ശങ്കരേട്ടനെ പോലെയോ ആയിരിക്കും. എന്നാല്‍ അവര്‍ക്ക് വിശ്വഹിന്ദുപരിഷത്തിന്റെ നയത്തില്‍ യാതൊരു പങ്കുമില്ല. ഹിന്ദു നാഷണലിസം ഉയര്‍ന്നു പാറുമ്പോഴാണ് ശങ്കരാചാര്യനും ജൈനമത നേതാവും ബി.ജെ.പി എം.എല്‍.ഏയും ഒക്കെയിരിക്കുന്നേടത്ത് സാധ്വി സരസ്വതി ബാബറിമസ്ജിദ് ദിനം ആഘോഷിക്കേണ്ടത് കൊടി പൊക്കിയല്ല, ഓരോരുത്തരും കുറഞ്ഞത് ഒരു ശത്രുവിന്റെയെങ്കിലും തലവെട്ടിക്കൊണ്ടാണ് എന്ന് പ്രസംഗിച്ചത്. ആരും കേസെടുത്തില്ല. പാക്കിസ്ഥാന്റെ അനുഭവത്തില്‍ നിന്നുപോലും പാഠം പഠിക്കില്ല എന്ന വാശിയിലാണു നമ്മളെന്ന് തോന്നുന്നു.
നിര്‍ദ്ദോഷികളായ ഭൂരിപക്ഷം വിശ്വാസികളെ ചൂണ്ടിക്കാട്ടി മതത്തിനു ഭീകരതയില്‍ നിന്ന് തലയൂരാനാവില്ല. ഒരു മതത്തിനും.
17-dec-2014

അവര്‍ ഒരു ഫലിതമല്ല

പ്രാരാബ്ധങ്ങള്‍ക്ക് ഒരു ചെവി കൊടുക്കല്‍ സാമൂഹ്യചുമതലകളുടെ ഭാഗമാണ്. നിങ്ങള്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ട, ആളുകള്‍ വന്ന് അവരുടെ കഷ്ടപ്പാടുകള്‍ ഒക്കെ എണ്ണിപ്പെറുക്കി കുറച്ചു സമാധാനം നേടി അങ്ങു പോയിക്കോളും.
ഒരു സ്ഥാപനം തുടച്ചു വൃത്തിയാക്കിയിടുന്ന ജോലിയെടുക്കുന്ന തമിഴ്നാട്ടുകാരി സ്ത്രീ അങ്ങനെ ഒരിക്കല്‍ എന്നോട് ജീവചരിത്രം പറഞ്ഞു തുടങ്ങി. ഉത്സവപ്പറമ്പുകളിലും മറ്റും സ്റ്റേജില്‍ ഡാന്‍സ് കളിക്കുന്ന ട്രൂപ്പില്‍ ചേര്‍ന്ന് തൊഴിലാളി ജീവിതം തുടങ്ങി. അതില്‍ ഒരാളെ കല്യാണവും കഴിച്ചു. ഒരു കുട്ടിയായപ്പോള്‍ ഭര്‍ത്താവ് മറ്റൊരു പെണ്ണിനെ കൂടി കെട്ടി. അവളുടെ പോട്ടി സഹിക്കവയ്യാതെ ഇവരും കുട്ടിയും അയാളെ ഉപേക്ഷിച്ചു. ഡാന്‍സിനുള്ള പ്രായം ഒക്കെ കഴിഞ്ഞപ്പോള്‍ വീട്ടുജോലിക്കാരിയായി ഒരു തമിഴു കുടുംബത്തിനൊപ്പം ദുബായില്‍ വന്നു, ആ ദമ്പതികളുടെ കുട്ടികള്‍ ഒക്കെ വളര്‍ന്നപ്പോള്‍ അവര്‍ തന്നെ ശരിയാക്കിക്കൊടുത്തതാണ് ഇപ്പോഴുള്ള ജോലി. അനുജനു നാട്ടില്‍ ചെറിയ കേറ്ററിങ്ങ് സര്‍‌വീസ് ഉണ്ട്. അക്കനു സിനിമ ഉണ്ടായിരുന്നപ്പോള്‍ നിറയെ വര്‍ക്ക് പിടിച്ചു കൊടുക്കുമായിരുന്നു, ഇപ്പോള്‍ അവനും കടത്തിലാണ്.
നിങ്ങളുടെ അക്കന്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ടോ? ഞാന്‍ തിരക്കി.
ഓ, എന്റെ അക്കനല്ല, ഷക്കീല അക്കന്‍. അറിയില്ലേ, മലയാളത്തിലും നിറയെ പടം ചെയ്തിട്ടുണ്ട്.
കാര്യങ്ങളൊക്കെ ചോദിച്ചു വന്നപ്പോള്‍ ഷക്കീല സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്റെ അയല്‍ക്കാര്‍ക്കും മറ്റും പ്രോജക്റ്റില്‍ ചെറിയ വര്‍ക്കുകള്‍- ടാക്സി, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് റോള്‍, കേറ്ററിങ്ങ് അങ്ങനെയുള്ളവ- കൊടുക്കണമെന്ന് നിബന്ധന വയ്ക്കുമായിരുന്നത്രേ. അങ്ങനെ ഒരു ചെറിയ റോഡിന് അവര്‍ അക്കനും ആശ്രയവും ഒക്കെയായിരുന്നു,
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സിനിമാതാരം ജാക്കി ചാന്‍ ആണെന്ന് ഫാന്‍സ് അവകാശപ്പെടുന്നു. അദ്ദേഹം ലോകോത്തര സിനിമയൊന്നും എടുത്തിട്ടില്ല, ആക്ഷന്‍ ചിത്രീകരണത്തിലെ ആത്മാര്‍ത്തത കൊണ്ടും പ്രത്യേകത കൊണ്ടും പ്രശസ്തനായി. മറ്റൊരു പ്രത്യേകത ജാക്കിയുടെ സപ്പോര്‍ട്ടീവ് റോള്‍ ആണ്. ഹോങ്ങ് കോങ്ങ് സിനിമകളില്‍ ജൂനിയര്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ ജീവിതം വലിയ കഷ്ടമായിരുന്നു. അപകടങ്ങള്‍ ഏറെയും. ജാക്കിച്ചാന്‍ സിനിമകളിലെ സംഘട്ടന രംഗങ്ങള്‍ എല്ലാം ചെയ്യുന്നത് അദ്ദേഹം ട്രെയിന്‍ ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്ന സ്റ്റണ്ട് ടീം ആണ്. അതുപോലെ ഹോങ്ങ് കോങ്ങ് സിനിമ ഷൂട്ടിങ്ങുകളില്‍ മരിച്ചു പോയിട്ടുള്ള സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ വിധവകള്‍ക്ക് സ്വത്ത് ആര്‍ജ്ജിക്കാനാണ് തന്റെ ചില സിനിമകളുടെ ലാഭം മുഴുവന്‍ ഉപയോഗിച്ചത്. സിനിമയില്‍ നിന്ന് ആര്‍ജ്ജിച്ച സ്വത്ത് തന്റെ അടുത്ത തലമുറയ്ക്കല്ല, ചാരിറ്റിക്കാണെന്ന് വില്‍‌പത്രം എഴുതി ഈയിടെ ജാക്കി. നടന്‍ എന്നതിനപ്പുറം ജാക്കി എന്ന നല്ല മനുഷ്യനെയും അനാഥ കുട്ടികളുടെ സം‌രക്ഷകനെയും ആരാധകര്‍ക്ക് ഇഷ്ടമാണ്.
ഷക്കീല വര്‍ക്ക് പരിചയക്കാര്‍ക്ക് പിടിച്ചു കൊടുക്കും എന്ന് ആ പ്രായമായ സ്ത്രീ പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഹോം‌കോങ്ങ് സ്റ്റണ്ട്‌മെന്‍ വെല്‍ഫയര്‍ ഫണ്ടും ജാക്കിച്ചാന്‍ സ്റ്റണ്ട് ടീമും ആണ്.
തിരുവനന്തപുരത്തുകാര്‍ ആരെയും അണ്ണാ എന്നു വിളിക്കും, രായണ്ണാ, രെവിയണ്ണാ, കാര്‍ലോസണ്ണാ, നൗഷാദണ്ണാ... പക്ഷേ തിരുവനന്തപുരത്ത് ചെന്ന് വെറുതേ അണ്ണന്‍ എന്നു പറഞ്ഞാല്‍ അത് വര്‍ക്കല രാധാകൃഷ്ണന്‍ ആണ്. അതിനു പാര്‍ട്ടിഭേദമൊന്നുമില്ല. വര്‍ക്കല രാധാകൃഷ്ണന്‍ ഒരു ജില്ലയുടെ മുഴുവന്‍ അണ്ണന്‍ ആയതുപോലെ ഒരു തീരെ ചെറിയ തെരുവായിരിക്കാം, ഒരു കോളനി ആയിരിക്കാം, എനിക്കറിയില്ല, തമിഴ് നാട്ടില്‍ ഏതോ ഒരിടത്ത് വെറുതേ അക്കന്‍ എന്നു പറഞ്ഞാല്‍ അത് ഷക്കീലയാണ്.
സ്ക്രീനില്‍ കണ്ട് വെള്ളമിറക്കി, പുറത്തിറങ്ങി കൂട്ടുകാരോടൊത്ത് അശ്ലീലം പറഞ്ഞു പൊട്ടിച്ചിരിച്ച്, രാത്രി ഓര്‍ത്ത് സ്വയം‌ഭോഗം ചെയ്തില്ലേ, ആ ശരീരമല്ല ഷക്കീല. അതവരുടെ തൊഴില്‍ ആയിരുന്നു, ജീവിതമല്ല.
[രാവിലേ രാഹുല്‍ പശുപാലന്റെ പോസ്റ്റ് കണ്ടപ്പോള്‍ ഇത്രയും എഴുതാന്‍ തോന്നി.]
29-dec-2-14

ആര്‍ത്തവവും വ്രതശുദ്ധിയും

ഒട്ടുമിക്ക ആചാരങ്ങളും പണ്ടുകാലത്ത് ഉണ്ടായവയാണ്. അന്ന് അറിവ് ഏറെ പരിമിതമായിരുന്നതിനാല്‍ കാര്യ-കാരണ-ഫല ബന്ധം  ഒട്ടേറെ കാര്യങ്ങളില്‍ ആര്‍ക്കും നിശ്ചയമില്ലായിരുന്നു. ആചാരങ്ങള്‍ ഉരുത്തിരിയുന്നതിനെക്കുറിച്ച് ബി.എഫ്. സ്കിന്നര്‍ ഒരു പരീക്ഷണം നടത്തി. അദ്ദേഹം കുറേ പ്രാവുകളെ കൂട്ടിലിട്ടു പ്രത്യേകിച്ച് പ്രാവുകളുടെ ഒരു പെരുമാറ്റത്തിലും ബന്ധിതമല്ലാതെ തീറ്റ നല്‍കാന്‍ തുടങ്ങി. കുറേക്കാലം ഇങ്ങനെയായപ്പോള്‍ തങ്ങള്‍ എന്തു ചെയ്താലാണ് തീറ്റ ലഭിക്കുക (ഒന്നും ചെയ്തിട്ടല്ല തീറ്റ ലഭിക്കുന്നത് എന്ന സത്യം മനസ്സിലാവാതെ) എന്നതിനു പ്രാവുകള്‍ അവരുടേതായ ആചാരങ്ങള്‍ തുടങ്ങി. ചില പ്രാവുകള്‍ വിശക്കുമ്പോള്‍ വട്ടത്തില്‍ ഓടുന്ന ആചാരം തുടങ്ങി, അവ അങ്ങനെ ഓടുമ്പോള്‍ തീറ്റ ലഭിച്ചാല്‍ അത് ഓട്ടാചാരത്തിന്റെ ഫലസിദ്ധി ആണെന്നു കരുതി. വേറേ ചില പ്രാവുകള്‍ തല പെന്‍ഡുലം പോലെ ആട്ടാന്‍ തുടങ്ങി, അതില്‍ തന്നെ തല വലത്തോട്ട് മെല്ലെയും ഇടത്തോട്ട് വേഗത്തിലും ആട്ടിയാല്‍ ഫലം മെച്ചമാകും എന്ന് അവ വിശ്വസിച്ചു. 
ഗ്രീക്ക് പ്രോമിത്യ ചടങ്ങ്. ഇങ്ങനെ ചെയ്താല്‍ സന്തോഷവും സമാധാനവും ഉണ്ടാകുമെന്നാണ് ആചാരംഗ്രീക്ക് പ്രോമിത്യ ചടങ്ങ്. ഇങ്ങനെ ചെയ്താല്‍ സന്തോഷവും സമാധാനവും ഉണ്ടാകുമെന്നാണ് ആചാരം

ഇന്ന് ഒട്ടേറെ കാര്യങ്ങള്‍ മനുഷ്യനറിയാം, എങ്കിലും ആചാരങ്ങള്‍ തലമുറ കൈമാറിവരുന്നു. അജ്ഞതയുടെ കാലത്ത് സ്ത്രീയുടെ യോനിയില്‍ നിന്നും  ക്രമമായ കാലയളവില്‍ ചോര വരുന്നത് എന്തെന്ന് ആര്‍ക്കും മനസ്സിലായില്ല. ചോര ആഭിചാരശക്തിയായിരുന്ന ആഫ്രിക്ക പോലെ ഇടങ്ങളില്‍ ഇതൊരു വന്‍ ശക്തി സ്ത്രീക്ക് കൈവരുന്നതാണെന്നു കരുതി. പ്ലിനി ദ എല്‍ഡര്‍ ആര്‍ത്തവമുള്ള സ്ത്രീ നഗ്നയായി ഇറങ്ങി നിന്നാല്‍ കൊടുങ്കാറ്റുകളും ഇടിമിന്നലും ഒഴിഞ്ഞു പോകുമെന്നും അവള്‍ നടന്നാല്‍ കൃഷിയിടങ്ങളിലെ കീടങ്ങള്‍ ചത്തുവീഴുമെന്നും നിരീക്ഷിച്ചു. ഹവ്വയെ ദൈവം ശപിച്ചതാണെന്നും ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തില്‍ വീണ ചോരയാണെന്നും  ഒക്കെ കരുതിയവര്‍ അതിനെ അഴുക്കായും അശുദ്ധിയായും കരുതി ആര്‍ത്തവമുള്ള സ്ത്രീയെ അകറ്റി നിര്‍ത്തുന്ന ആചാരത്തിലെത്തി.

എന്താണ് ആര്‍ത്തവം?
സ്കിന്നറുടെ പ്രാവുകളല്ല നമ്മളിന്ന്, ശാസ്ത്രം ഏറെ പുരോഗമിച്ചിരിക്കുന്നു. ശരിക്കും എന്താണ് ആര്‍ത്തവം?ഗര്‍ഭപാത്രമുള്ള ജീവികളില്‍ അതിന്റെ ഉള്‍‌വശത്ത് ഒരു പാടയുണ്ട്. ഗര്‍ഭം ധരിക്കുകയും വളര്‍ത്തുകയും പ്രസവിക്കുകയും ചെയ്യുന്നതില്‍ ഇതിനു സങ്കീര്‍ണ്ണമായ പങ്കുണ്ട്. എന്നാല്‍ ഈ പാളിക്ക് ഒരു ആയുര്‍‌ദൈര്‍ഘ്യവും ഉണ്ട്. ആ ഘട്ടം കഴിഞ്ഞാല്‍ ഇത് പൊളിച്ചുകളയണം. ഒട്ടുമിക്ക സസ്തനികളിലും ഇത് തിരികെ ശരീരം വലിച്ചെടുത്ത് ഉപയോഗിക്കും. എന്നാല്‍ മനുഷ്യന്‍, ആള്‍ക്കുരങ്ങ് തുടങ്ങിയ ചില ജീവികളില്‍ ഗര്‍ഭപാത്രം ശരീരത്തെ അപേക്ഷിച്ച് വളരെ വലുതാണ്, വലിയ ഭ്രൂണത്തെ വളര്‍ത്തി  മികച്ച സുരക്ഷ കൊടുക്കാനുള്ള ശേഷി പരിണമിച്ചതിനാലാണിത്. ഇത്രയും വലിയ ഗര്‍ഭപാത്രത്തിനുള്ളില്‍ ഒട്ടേറെ പാടയുണ്ട്, ഇത് ഒട്ടേറെ ക്ലേശിച്ച്, സമയമെടുത്താണ് ശരീരം നിര്‍മ്മിക്കുന്നത് എന്നതിനാല്‍ ഇതിനെ ഒറ്റയടിക്ക് മുഴുവനായി തിരികെ ആഗിരണം ചെയ്യേണ്ട ആവശ്യമില്ല. അതിനാല്‍ ശരീരം ആവശ്യമുള്ളത്ര ഭാഗം  റീസൈക്ലിങ്ങിനായി ഉപയോഗിക്കുകയും ബാക്കി പുറന്തള്ളുകയും ചെയ്യുന്നു. ഇത് രക്തവും ഗര്‍ഭപാത്രചര്‍മ്മ കോശങ്ങളുമായി യോനിയിലൂടെ പുറത്തു പോകും.

മനുഷ്യരിലെ ആര്‍ത്തവചക്രംമനുഷ്യരിലെ ആര്‍ത്തവചക്രം

ആര്‍ത്തവം എന്ന അതിശയം
മനുഷ്യന്റെ പ്രജനനക്രിയയുടെ അത്ഭുതാവഹമായ ഒരു ഭാഗമാണ് ആര്‍ത്തവചക്രം. നിങ്ങളുടെ രാജ്യം ഒരു റോക്കറ്റ് പ്രോജക്റ്റില്‍ ആണെന്നു കരുതൂ. പ്രോജക്റ്റ് തീര്‍ന്നാല്‍ ഉടന്‍ അതിന്റെ തെളിവുകള്‍ ഒക്കെ നശിപ്പിക്കണം, ഇല്ലെങ്കില്‍ ചാരന്മാര്‍ ടെക്നോളജി  അടിച്ചു മാറ്റും. നിങ്ങള്‍ റോക്കറ്റ്  ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നു, ലോഞ്ച് പാഡ് നിര്‍മ്മിക്കുന്നു, ഇന്ധനം നിര്‍മ്മിക്കുന്നു,  അതിസങ്കീര്‍ണ്ണമായ ഘട്ടങ്ങള്‍ ഓരോന്നും പുഷ്പം പോലെ  ഫിനിഷ് ചെയ്യുന്നു, കെട്ടിപ്പിടിക്കുന്നു, പരസ്പരം അഭിനന്ദിക്കുന്നു. റോക്കറ്റ് ലോഞ്ച് പാഡില്‍ ഇറങ്ങാന്‍ റെഡി.  അതിന്റെ ഒരു മോഡ്യൂള്‍, ഒരേയൊരെണ്ണം നിങ്ങള്‍ക്കില്ല, അത് ഫ്രാന്‍സിലെ ഏറോസ്പേസ് വാലിയില്‍ നിന്നും ഇറക്കുമതി ഓര്‍ഡര്‍ ചെയ്തിരിക്കുകയായിരുന്നു. ഫ്രെഞ്ച് മക്കള്‍ ചതിച്ചു ആ മൊഡ്യൂള്‍ എത്തിയില്ല. 

 മിഷന്‍ ക്യാന്‍സല്‍ഡ്. അതിനെ ചാരന്മാര്‍ കണ്ടെത്താതിരിക്കാന്‍ സകലതും നശിപ്പിച്ചുകളഞ്ഞു. കുറേ റീസൈക്കീള്‍ ചെയ്തു, ബാക്കി സ്ക്രാപ്പ് ചെയ്തു. അതോടെ അടുത്ത റോക്കറ്റ് വിക്ഷേപണ പ്രോജക്റ്റ്  തയ്യാറെടുപ്പു തുടങ്ങി. ഇത്രയും കൗതുകകരമായ , പരിണാമപ്രാധാന്യമുള്ള, നമ്മളെയൊക്കെ ഉണ്ടാക്കുക  എന്ന  പ്രോജക്റ്റ് ആണ് ആര്‍ത്തവചക്രം. ഇതില്‍ അശുദ്ധിയുണ്ടെന്ന് കണ്ടെത്തിയത് സ്കിന്നറുടെ പ്രാവുകള്‍ കൂട്ടില്‍ ഓട്ടോമാറ്റിക്ക് ഫീഡര്‍ ഉണ്ടെന്നു മനസ്സിലാവാതെ തല വലത്തോട്ടും ഇടത്തോട്ടും രണ്ടു വേഗത്തില്‍ ആട്ടിയാലാണു തീറ്റ വരുന്നത് എന്നു കണ്ടെത്തിയതിനു തുല്യമാണ്.
 ബൈഖനോര്‍ കോസ്മോഡ്രോംബൈഖനോര്‍ കോസ്മോഡ്രോം

പുരുഷന്റെ ആര്‍ത്തവം
സ്ത്രീയ്ക്ക് ആര്‍ത്തവചക്രത്തിന്റെ അവസാനത്തെ കുറച്ചു ദിവസത്തില്‍ മാത്രമാണ് ശരീരം കോശങ്ങള്‍ റീസൈക്ലിങ്ങിനായി തിരികെ ഒരു ഭാഗം സ്വീകരിക്കുകയും ശേഷിച്ചത് പുറന്തള്ളുകയും ചെയ്യുക. ബാക്കി ദിവസങ്ങളില്‍ എല്ലാം നിര്‍മ്മാണ പ്രക്രിയയാണ്.

ആരോഗ്യമുള്ള, വളര്‍ച്ചയെത്തിയ ശരാശരി പുരുഷന്റെ ശരീരം ഒരു സെക്കന്‍ഡില്‍ 1500ഓളം ബീജങ്ങള്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ് നിരന്തരം. അണ്ഡവളര്‍ച്ചയും ഗര്‍ഭാശയകോശഭിത്തിചര്‍മ്മ നിര്‍മ്മാണവും പോലെ ഇവയ്ക്കും എക്സ്പയറി ഡേറ്റ് ഉണ്ട്. ഇങ്ങനെ നിര്‍മ്മിക്കുന്ന ബീജങ്ങള്‍ സംഭോഗത്തിലോ സ്വയം‌ഭോഗത്തിലോ സ്വപ്നസ്ഖലനത്തിലോ പുറത്തു പോകുകയോ ഇല്ലെങ്കില്‍ ശരീരം ആ ബീജങ്ങളെ റീസൈക്ലിങ്ങിനായി തിരികെ സ്വീകരിക്കുകയോ ചെയ്യും. ഇതു നിരന്തര പ്രക്രിയയാണ്. ഇതും പ്രാചീന മനുഷ്യനു മനസ്സിലായിരുന്നില്ല. സ്ഖലനം സംഭവിക്കുമ്പോള്‍ സുഖത്തിനൊപ്പം ഒരു ആലസ്യം കൂടി അനുഭവിക്കുന്നു അതിനാല്‍ അതെന്തോ ചൈതന്യനഷ്ടമാണെന്നും സ്ഖലിച്ചില്ലെങ്കില്‍ ചൈതന്യം എല്ലാം കൂടി അടിഞ്ഞു കൂടി ശരീരത്തില്‍ ഇരിക്കും എന്നും കരുതി. "വിസര്‍ജ്ജനം -അല്ലെങ്കില്‍ ശരീരത്തിലേക്ക് മടക്കി സ്വീകരണം" എന്ന സ്ത്രീയുടെ ആര്‍ത്തവം പോലെ "സ്ഖലനം- അല്ലെങ്കില്‍ ശരീരത്തിലേക്ക് തിരികെ സ്വീകരണം" എന്ന പുരുഷന്റെ ബീജചക്രവും ഫലത്തില്‍ ആര്‍ത്തവം  തന്നെ. വത്യാസം സ്ത്രീ മാസത്തില്‍ നാലഞ്ചു ദിവസം മാത്രം ആര്‍ത്തവമാകുമ്പോള്‍ പുരുഷന്‍ എല്ലായ്പ്പോഴും "ആര്‍ത്തവത്തില്‍" ആണ് എന്നത്. ബ്രഹ്മചര്യമുള്‍ക്കൊണ്ട വ്രതത്തിലാണെങ്കിലും അല്ലെങ്കിലും പുരുഷനെന്നും ആര്‍ത്തവത്തിലാണ് എന്നു ചുരുക്കം.

രണ്ടുകാലിലും മന്തുള്ളവന്‍ കുളത്തില്‍ ഇറങ്ങി നിന്നിട്ട് കാലില്‍ കുരുവുള്ളവനെ കളിയാക്കി ചിരിക്കും എന്ന് കേട്ടിട്ടില്ലേ, നിരന്തരം 'ആര്‍ത്തവമുള്ള' നമ്മള്‍ പുര്‍ഷന്മാര്‍ മാസത്തില്‍ നാലഞ്ചു ദിവസം ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് അശുദ്ധികല്പ്പിക്കുന്നത് അതുപോലെയല്ലേ, നിങ്ങള്‍ തന്നെ പറഞ്ഞേ.

[ചിത്രങ്ങളെല്ലാം വിക്കിപ്പീഡിയയില്‍ നിന്ന്, ക്രിയേറ്റീവ് കോമണ്‍സ് അനുമതിപ്രകാരം]

23-Dec-2014
പ്ലാറ്റോയുടെ ക്രിറ്റോയിലെ സോക്രട്ടീസിന്റെ കോടതി വിസ്താരം അവസാന ഭാഗത്തിന്റെ ഒരു  സ്വതന്ത്ര വിവര്‍ത്തനം. വിവര്‍ത്തകനു ഭംഗിയുള്ള ഭാഷ വശമില്ല, ഒന്നു വിരട്ടിയാല്‍ മതി, തല്ലരുത്]


നിങ്ങളില്‍ പലരും ചോദിച്ചു- സോക്രട്ടീസ്, നിങ്ങള്‍ക്ക് ഏഥന്‍സില്‍ നിന്നു രക്ഷപ്പെട്ട് എവിടെയെങ്കിലും പോയി സമാധാനമായി ജീവിച്ചുകൂടായിരുന്നോ എന്ന്. പറഞ്ഞു മനസ്സിലാക്കാന്‍ ഏറ്റവും പ്രയാസമുള്ള കാര്യമാണത്. ഞാന്‍ അതു ചെയ്താല്‍ നീതിദേവതയെ ധിക്കരിക്കലാണ്, അതു ചെയ്തിട്ട് എവിടെ പോയാലും സമാധാനമുണ്ടാവില്ല എനിക്ക്. മറിച്ച് ഞാന്‍ ഇവിടെ നിന്ന് ഇവരും ഞാനും ചേര്‍ന്ന് ഞാന്‍ എന്ന വ്യക്തിയെയും മറ്റുള്ളവരെയും പരിശോധിക്കുന്ന ഈ അവസരം ലഭിക്കുക എന്നത് വലിയൊരു കാര്യമാണ്. 


അതേ സമയം എനിക്കു അന്യായമായ ഒരു ശിക്ഷ ലഭിക്കുന്നതിനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഒരു ധനികന്‍ ആയിരുന്നെങ്കില്‍ എനിക്കു അടയ്ക്കാന്‍ കഴിയുന്ന ഒരു തുക പിഴയൊടുക്കി  സ്വന്തന്ത്രനായി പോകാമായിരുന്നു, അതിനു കഴിവില്ല, ഒരു വെള്ളിനാണയം പിഴയായി വിധിക്കാന്‍ നിങ്ങള്‍ തയ്യാറെങ്കില്‍ അതെടുക്കാനുണ്ടാവും എന്റെ പക്കല്‍.


ഏഥന്‍സുകാരേ, പ്ലാറ്റോയും ക്രിറ്റോയും അപ്പോളോഡറസും ചേര്‍ന്ന് മുപ്പതു വെള്ളിക്കാശ് കൊണ്ടുവന്നിട്ടുണ്ട്, അവര്‍ ആള്‍ജാമ്യത്തിനും തയ്യാറാണ്. മുപ്പതു വെള്ളി പിഴയും മൂന്ന് ആള്‍ ജാമ്യവും ഏഥന്‍സുകാരേ, എന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റത്തിനു ന്യായമായ ശിക്ഷയാണ്.


  [ന്യായാധിപര്‍ സോക്രട്ടീസിനു വധശിക്ഷ  നല്‍കുന്നു എന്നടങ്ങിയ വിധി പ്രസ്താവിക്കുന്നു. അതു കേട്ട ശേഷം അദ്ദേഹം തുടരുന്നു]


ഏഥന്‍സുകാരേ, കല്പാന്തകാലത്തോളം ലോകമൊട്ടുക്കുമുള്ളവരില്‍ ഏഥന്‍സ് നഗരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആഗ്രഹമുള്ളവര്‍ നിങ്ങളെ ആക്ഷേപിക്കും സോക്രട്ടീസ് എന്ന ജ്ഞാനിക്ക്  നിങ്ങള്‍ വധശിക്ഷ നല്‍കിയെന്ന്. നിങ്ങളോട് ആക്ഷേപവാക്കു പറയുന്നവരോട് നിങ്ങള്‍ സമ്മതിക്കും ഞാന്‍ ഒരു ജ്ഞാനിയായിരുന്നെന്ന്, ഞാന്‍ ജ്ഞാനിയല്ല എന്നതാണു സത്യമെങ്കിലും. എനിക്കു വധശിക്ഷ വിധിച്ചവരേ, കുറച്ചു ക്ഷമകാട്ടിയിരുന്നെങ്കില്‍ നിങ്ങള്‍ ആഗ്രഹിച്ച എന്റെ മരണം സ്വാഭാവികമായി സംഭവിച്ചേനെ; ഞാന്‍ വയോവൃദ്ധനായി മരണം അടുത്തിരിക്കുകയാണ്.


ഏഥന്‍സുകാരേ, നിങ്ങള്‍ കരുതുന്നു ഞാന്‍ സം‌വാദങ്ങള്‍ക്കു ഉത്സാഹിയായതുകൊണ്ടാണ് വധശിക്ഷ ലഭിച്ചതെന്ന്. അതിലൂടെ എന്തും നിങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കുകയും എന്നിട്ട് ശിക്ഷയില്ലാതെ രക്ഷപ്പെടാം എന്നു കരുതിയെന്നും. സത്യം മറിച്ചാണ്- ഞാന്‍ സം‌വദിക്കുന്നതിനല്ല ശിക്ഷിക്കപ്പെട്ടത്, എത്രയോ പേര്‍ സം‌വാദങ്ങളില്‍ ഏര്‍പ്പെടുന്നു. ഞാന്‍ ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങള്‍- അവ എത്ര അപ്രിയവും അസുഖകരവുമാണെങ്കിലും- സധൈര്യം നിര്‍ലജ്ജം വിളിച്ചു പറഞ്ഞു നടക്കുന്നതിനാണു വധിക്കപ്പെടുന്നത്.  


പ്രിയകരമോ, അംഗീകൃതമോ, കേട്ടുശീലമുള്ളതോ ആയ കാര്യങ്ങള്‍ മാത്രം പറഞ്ഞ് എന്റെ സുരക്ഷ ഉറപ്പാക്കണം എന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല, അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ ആഗ്രഹിക്കുന്നുമില്ല.നിര്‍ഭയം സംസാരിക്കാനാവാത്ത മനുഷ്യന്‍ സ്വതന്ത്രനല്ല, സ്വാതന്ത്ര്യമില്ലാതെ ഒരു ജീവിതം ഞാന്‍ ആഗ്രഹിക്കുന്നുമില്ല. യുദ്ധമാകട്ടെ, കോടതി വിസ്താരമാകട്ടെ എന്തു ചെയ്തും മരണമൊഴിവാക്കുക എന്നതല്ല  അടിസ്ഥാന ലക്ഷ്യം. യുദ്ധത്തില്‍  ശത്രുവിനു മുന്നില്‍ ആയുധം വച്ച് കീഴടങ്ങി സ്വാതന്ത്ര്യം അടിയറ വച്ച് ദയക്കു യാചിക്കുന്നവരുണ്ട്. അങ്ങനെ പലരീതിയിലും മരണം ഒഴിവാക്കാം.  മരണം ഒഴിവാക്കാനല്ല ദുഷിച്ച ജീവിതം ഒഴിവാക്കാനാണ് പ്രയാസം. അന്തസ്സില്ലാത്ത ജീവിതം മരണത്തിലും എത്രയോ ഭീതിദമാണ്.


വൃദ്ധനായ ഞാന്‍ സ്വതന്ത്രമല്ലാത്ത ജീവിതത്തിലും ഭേദപ്പെട്ട മരണം തിരഞ്ഞെടുക്കുന്നു. എന്നില്‍ കുറ്റം ആരോപിച്ച ചെറുപ്പക്കാരായ നിങ്ങള്‍ അന്തസ്സില്ലാത്ത ജീവിതം തെരഞ്ഞെടുക്കുന്നു. 


നിങ്ങള്‍ എനിക്കു വിധിച്ചത് വധശിക്ഷ. അതിലൂടെ നിങ്ങള്‍ക്കു സ്വയം വിധിച്ചതോ സത്യസന്ധതയില്ലാത്ത, ആത്മാര്‍ത്ഥതയില്ലാത്ത, അധാര്‍മ്മികമായ, അനീതിയുള്ള, കുറ്റബോധം നിറഞ്ഞ നീണ്ട ജീവിതവും. ഞാന്‍ എന്റെ വിധി സ്വീകരിക്കുന്നു, നിങ്ങള്‍ നിങ്ങളുടെ വിധി ഏറ്റെടുക്കുന്നു.  ഇങ്ങനെ തന്നെയായിരുന്നു ഇത് അവസാനിക്കേണ്ടിയിരുന്നതും.


അപ്രിയമായ  അഭിപ്രായം പ്രകടിപ്പിച്ച കുറ്റത്തിനു എനിക്കു വധശിക്ഷ വിധിച്ചവരേ,  ഇതാ എന്റെ മരണമൊഴി കേട്ടോളൂ:
"ഞാന്‍ പോയിക്കഴിയുമ്പോള്‍  നിങ്ങള്‍ക്ക് പ്രശ്നപരിഹാരം ആകും എന്നു കരുതുന്നോ? ഓര്‍ത്തോളൂ,   ഈ വിധിയും ഒരു അഭിപ്രായമാണ്. നാളെ നിങ്ങളുടേ മേല്‍ ഇതേ കുറ്റം ആരോപിക്കുന്നത്  ഇതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ആയിരിക്കും. അവര്‍ നിങ്ങളെക്കാള്‍ ചെറുപ്പക്കാരും പ്രചണ്ഡരുമായിരിക്കും. ആളുകളെ  വധിച്ച് വിമര്‍ശനം ഇല്ലാതെയാക്കാം എന്നു കരുതുന്നവരേ, അത് നടപ്പില്ല എന്നു മാത്രമല്ല അന്തസ്സില്ലാത്ത ശ്രമവുമാണ്. മറ്റുള്ളവരുടെ  കാര്യത്തില്‍ ഇടപെടാതെ സ്വയം എങ്ങനെ അന്തസ്സായി ജീവിക്കാം എന്ന് കരുതാത്ത നിങ്ങളുടെ ഈ ദുഷിച്ച ജീവിതം എത്ര ദയനീയം."

നിങ്ങളുടെ ഭാവി  പ്രവചിച്ചു കഴിഞ്ഞു. ഞാന്‍ വിടവാങ്ങുന്നു. 
14-Jan-2015

Appended as comment: The last moments of Socrates:
"എത്ര മര്യാദ്യയുള്ള മനുഷ്യന്‍, ഇവിടെ വന്നതിനു ശേഷം പലതവണ അയാള്‍ വന്നു സംസാരിച്ചു, നല്ല മനുഷ്യന്‍, എനിക്കുവേണ്ടി എത്ര കണ്ണീര്‍‌വാര്‍ത്തു! ക്രിറ്റോ, അയാളുടെ ജോലി നടക്കട്ടെ, വിഷം തയ്യാറായെങ്കില്‍ കൊണ്ടു വരാന്‍ പറയൂ, ആയിട്ടില്ലെങ്കില്‍ അരച്ചു തയ്യാറാക്കാന്‍ പറയൂ."

"സോക്രട്ടീസ്, നേരം ഇനിയും വെളുത്തില്ല. മറ്റുപലരും നേരല്‍ പുലര്‍ന്ന് വളരെക്കഴിഞ്ഞാണ് വിഷം കുടിച്ചത്. നല്ല ഭഷണവും മദ്യം കഴിച്ച്, ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്തു കഴിഞ്ഞ ശേഷം മാത്രം. ധൃതി വയ്ക്കണ്ട, സമയമിനിയും ധാരാളമുണ്ട്."

"അവരെല്ലാം അതു ചെയ്തത്, അത് ആസ്വദിക്കുന്നതുകൊണ്ടാണ്. ഞാന്‍ കുറച്ചു നേരം കൂടുതല്‍ ഇരിക്കുകയോ കുടിക്കുകയോ ചെയ്യാന്‍ ആഗ്രഹിച്ചാല്‍ അത് മരണത്തെ അല്പ്പനേരം കൂടി ഒഴിവാക്കാന്‍ ശ്രമിക്കലാണ്. ഞാന്‍ മരണമൊഴിവാക്കാന്‍ ശ്രമിച്ചിട്ടില്ല, ശ്രമിക്കുന്നുമില്ല. ക്രിറ്റോ, തര്‍ക്കുത്തരം പറയാതെ അനുസരിക്കൂ."

ക്രിറ്റോ വാതില്‍ക്കലുള്ള ഒരു പയ്യനു നേരേ തലകുലുക്കി. കുറച്ചു കഴിഞ്ഞ് അവന്‍ വിഷപാത്രമേന്തിയ ഒരാളുമായി മടങ്ങിവന്നു. പാത്രത്തിലെ വിഷം പരിശോധിച്ച സോക്രട്ടീസ് അയാളോട് തിരക്കി. "സുഹൃത്തേ, ഇക്കാര്യത്തിലെ വിദഗ്ദ്ധന്‍ താങ്കളല്ലേ? ഞാന്‍ എന്തൊക്കെയാണു ചെയ്യേണ്ടത് എന്നു പറഞ്ഞു തരുമോ?

"ഒന്നും വേണ്ട, ഇതു കുടിക്കുക, കാലുകള്‍ മരവിക്കും വരെ നടക്കുക. കാലുമരയ്ക്കുമ്പോള്‍ കിടക്കുക, അത്ര തന്നെ."
സോക്രട്ടീസ് വിഷപാത്രം വാങ്ങി സോക്രട്ടീസ് ഉല്ലാസവാനായി അയാളോട് ചോദിച്ചു. "അല്ല സുഹൃത്തേ, ഒരു സംശയം. ഇതു ദൈവങ്ങള്‍ക്ക് നൈവേദ്യമായി കൊടുക്കുന്നത് നിയമപരമാണോ? 
......

കാലുകള്‍ മരവിച്ചു തുടങ്ങിയപ്പോള്‍ സോക്രട്ടീസ് കിടന്നു. വിഷം നല്‍കിയ ആള്‍ സോക്രട്ടീസിന്റെ പാദങ്ങളില്‍ ഞെക്കിയിട്ട് അറിയുന്നുണ്ടോ എന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ തുടകളില്‍ അമര്‍ത്തി നോക്കി. അതും ഇല്ലെന്നു പറഞ്ഞു അദ്ദേഹം. പിന്നെ സോക്രട്ടീസ് സ്വയം അമര്‍ത്തി നോക്കി. വിഷം ഹൃദയം വരെ കയറുമ്പോള്‍ താന്‍ മരിച്ചോളും എന്ന് നിരീക്ഷിച്ചു. വയറിന്റെ ഭാഗം വരെ തണുത്തു മരച്ചപ്പോള്‍ സോക്രട്ടീസ് പെട്ടെന്നു പുതപ്പ് എടുത്തു മാറ്റി ക്രിറ്റോയുടെ നേര്‍ക്കു തിരിഞ്ഞു.

"ക്രിറ്റോ, നമ്മള്‍ക്ക് എസ്ക്യുലാപ്പിയസിനു ഒരു കോഴിയെ കൊടുക്കാനുണ്ട്. ആ കടം വീട്ടാന്‍ മറക്കരുത്."
"അതു ഞാന്‍ വീട്ടിക്കോളാം സോക്രട്ടീസ്, മറ്റെന്തെങ്കിലും പറയാനുണ്ടോ?"

ആ ചോദ്യത്തിനു മറുപടി ഇല്ലായിരുന്നു. ശേഷം സോക്രട്ടീസ് ഒന്നു പിടഞ്ഞു. വിഷം കൊണ്ടുവന്നയാള്‍ പുതപ്പുകൊണ്ട് അദ്ദേഹത്തെ പുതപ്പിച്ചു. ക്രിറ്റോ സോക്രട്ടീസിന്റെ നിശ്ചലമായ കണ്‍പോളകളും തുറന്ന വായും തിരുമ്മി അടച്ചു.

ഇതായിരുന്നു അവസാനം, ഞങ്ങളുടെ എക്കാലത്തെയും മികച്ച സുഹൃത്തിന്റെ, ഇക്കാലത്തെ ഏറ്റവും വലിയ മനുഷ്യന്റെ, ജ്ഞാനിയും നീതിമാനുമായിരുന്ന മഹാന്റെ

ജസ് നാച്ചുറേലി

ഗോവധ നിരോധനം ഭരണഘടനയില്‍ ഉണ്ട് എന്ന വാദം കുറേക്കാലമായി സോഷ്യല്‍ മീഡിയയില്‍ ഓടുന്നുണ്ട്. ഇന്നലെ ആരോ എനിക്കു കമന്റ് ആയും ഇട്ടിരിക്കുന്നത് കണ്ടു. നിര്‍ദ്ദേശികാ തത്വങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഭരണകൂടത്തിനോടുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണെന്നും അതിനു നിയമസ്വഭാവം ഇല്ലെന്നും അറിഞ്ഞു തന്നെയാണ് മിക്കവരും ഈ പൊള്ളവാദം കൊണ്ടുനടക്കുന്നത് എന്നതിനാല്‍ അതില്‍ സമയം പാഴാക്കുന്നില്ല.  ഈ പോസ്റ്റിന്റെ വിഷയം മറ്റൊന്നാണ്.


നാളെ ഭരണഘടന തിരുത്തി എഴുതി അതില്‍ ഗോവധ നിരോധനമോ ജാതിസമ്പ്രദായമോ അടിമക്കച്ചവടമോ ഒക്കെ ഉള്‍പ്പെടുത്തിയാല്‍ എന്തു ചെയ്യും കോടതി?  ഭരണഘടന തിരുത്തി അതിന്റെ തന്നെ  ആത്മാവിനെ ഖണ്ഡിക്കാനാവുമോ?

അതിലും പ്രധാനം നമ്മുടെ ഭരണഘടന ഉണ്ടായ സമയത്തു തന്നെ  അതില്‍ അടിസ്ഥാനാവകാശങ്ങളിലും ചുമതലകളിലും ഗോവധ നിരോധനമോ ജാതിസമ്പ്രദായമോ അടിമക്കച്ചവടമോ   അനുവദനീയമാണ് എന്നുണ്ടായിരുന്നെങ്കിലോ?


ഇടയ്ക്കിടയ്ക്ക്  എല്ലാവരും ഭരണഘടന എന്നു പറയുന്നതുകൊണ്ടും കോടതി തന്നെ ഭരണഘടനമൂലം നിലനില്‍ക്കുന്നതുകൊണ്ടും അതാണ് ഏറ്റവും വലിയ നിയമം എന്ന് ഒട്ടുമിക്കവരും ധരിച്ചിരിക്കുന്നു.  ഭരണഘടനയ്ക്കു മുകളില്‍ എന്തെങ്കിലും ഉണ്ടോ? ഏറ്റവും വലിയ നിയമം എന്താണ്?

തെമിസ് , നീതിദേവത

താത്വികമായി ഏറ്റവും വലിയ നിയമത്തെ  ജസ് നാച്വറേലി അല്ലെങ്കില്‍ സ്വാഭാവിക നീതി എന്നാണ് വിളിക്കുന്നു. നിയമത്തിനു മുന്നില്‍ അതിലും വലുതായി ഒന്നുമില്ല.  ഇത് എഴുതപ്പെടണമെന്നില്ല, ഇത് പുതിയ കാര്യവുമല്ല. അരിസ്റ്റോട്ടില്‍, തോമസ് അക്വിനാസ് തുടങ്ങിയവര്‍ മുതല്‍ ആധുനിക കാല നിയമ താത്വികര്‍ വരെ ഇതിനെക്കുറിച്ച്  ഒട്ടേറെ   പറഞ്ഞിട്ടുണ്ട്. അന്നും ഇന്നും എന്നും ഏറ്റവും വലിയ നിയമം ജസ്  നാചറേലി  തന്നെ. അതിനാല്‍  ഒരു നീതിപീഠവും അതിനു മുകളില്‍ മറ്റൊന്നും വയ്ക്കില്ല. 

ആധുനിക ഭരണഘടനകള്‍ ജസ് നാച്വറേലിയും ഭരണഘടനയും തമ്മില്‍ ഭിന്നിപ്പ് വന്നാല്‍ ഭരണഘടന തോറ്റു പോകും എന്ന് അറിയാവുന്നവര്‍  ഉണ്ടാക്കിയതാണ്. അവര്‍ അതു വരാതിരിക്കാന്‍ ഭരണഘടന തുടങ്ങുന്നയിടത്ത് തന്നെ ജസ് നാച്വറേലി അതിന്റെ ആദര്‍ശവും ഉദ്ദേശവും ആണെന്ന് എഴുതിയാണ് തുടങ്ങുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്നത്. 

ഡോ. അംബേദ്കര്‍, ഭരണഘടനാനിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍

നിയമ താത്വികനും അഭിഭാഷകനും  അദ്ധ്യാപകനും സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനും  രാഷ്ട്രീയ- സാമൂഹ്യ പ്രവര്‍ത്തകനും ആയിരുന്നു ഡോ. അംബേദ്കര്‍. ഇത്രയും വലിയ ഒരു മഹാന് ജസ് നാച്ചുറേലി ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി തീര്‍ച്ചയായും ഉറപ്പുണ്ടായിരുന്നു. അതിനാല്‍ഇന്ത്യന്‍ ഭരണഘടനയും ഇതു തന്നെ ചെയ്തിരിക്കുന്നു. അതാരംഭിക്കുന്നത് ഒരു പീഠികയോടെ ആണ് 

ഞങ്ങള്‍, ഇന്ത്യയിലെ ജനങ്ങള്‍ ധര്‍മ്മാനുസൃതമായി ഇന്ത്യയെ പരമാധികാര സമത്വാധിഷ്ഠിത മതേതര ജനാധിപത്യ രാജ്യമാക്കുകയും ഈ രാജ്യത്തെ ജനങ്ങള്‍ക്ക് സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയപരവുമായ  നീതി; ചിന്താപരവും  അഭിപ്രായപ്രകടനപരവും വിശ്വാസപരവും  ആചാരപരവുമായ സ്വാതന്ത്ര്യം ; അന്തസ്സിലും അവസരങ്ങളിലും തുല്യത പൗരന്റെയും രാജ്യത്തിന്റെയും അന്തസ്സും ഐക്യവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സാഹോദര്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതായും പ്രഖ്യാപിക്കുന്നു.

ഭരണഘടന ആരംഭിക്കുന്ന പീഠിക

ഈ സ്വാഭാവിക നീതിപ്രഖ്യാപനത്തിലൂടെ ഇന്ത്യന്‍  ഭരണഘടന ജസ് നാച്വറേലിയോട് വിഘടിക്കില്ല എന്ന് സ്പഷ്ടമായും വിശദമായും പറയുന്നു.

പിന്നെയുള്ള ഭാഗങ്ങള്‍ മാറ്റിയെഴുതുമ്പോഴോ മൂലരൂപത്തില്‍ തന്നെയോ ഇതില്‍ നിന്നു വ്യതിചലിക്കുകയോ ഇതിനോട് വിരുദ്ധമാകുകയോ  ചെയ്താല്‍ എന്തു സംഭവിക്കും?

സുപ്രീം കോടതി ആരംഭിച്ച് ഇരുപതു വര്‍ഷം കൊണ്ട് തന്നെ അങ്ങനെ ഒരു സംഭവം ഉണ്ടായി. കേശവാനന്ദ ഭാരതി - കേരള സംസ്ഥാനം എന്നിവര്‍ എതിര്‍കക്ഷിയായ ഒരു കേസ്. സുപ്രീം കോടതിയുടെ 13 അംഗ ഭരണഘടനാ ബെഞ്ച് 11 പ്രത്യേക  വിധി പ്രസ്ഥാവന നടത്തി ഈ കേസില്‍.  ഇതില്‍ ഒട്ടേറെ  വഴികാട്ടികളും നിര്‍‌വചനങ്ങളും ഉണ്ടായി. പ്രധാനമായത്:

  1. ഭരണഘടന ഒരു നിയമമല്ല, അത്  ആദര്‍ശ സംഹിതയാണ്.
  2. അടിസ്ഥാനപരമായി  ഭരണഘടന ജസ് നാച്ചുറേലി (സ്വാഭാവിക നീതി) തന്നെയാണ് ലക്ഷ്യമാക്കുന്നത് . അതിന്റെ മുഖവുര അങ്ങനെ വ്യക്തമാക്കുന്നതിനാല്‍ പിന്നീടുള്ള ഭാഗങ്ങള്‍ മുഴുവന്‍ അതിന്റെ ഈ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലേ  കാണാവൂ.
  3. ആ സ്വാഭാവിക നീതിക്ക് നിരക്കാത്ത യാതൊരു മാറ്റവും ഭരണഘടന തിരുത്തിയെഴുതി ഉണ്ടാക്കിയാല്‍ സാധുവാകില്ല.
  4. ഭരനഘടനയുടെ  നിലവിലുള്ള ഭാഗത്തു തന്നെ സ്വാഭാവിക നീതിക്ക് നിരക്കാത്ത ഒരെണ്ണം (ആര്‍ട്ടിക്കിള്‍ 31-സി) കണ്ടെത്തിയതിനാല്‍ അതുപോലും  സാധുവല്ല. കാരണം ഭരണഘടനയ്ക്ക് പോലും അതിന്റെ പീഠികയിലെ സ്വാഭാവിക നീതിക്കു  വിരുദ്ധമായി ഒന്നും ചെയ്യാനാകരുത്.

ബീഫ് നിരോധിച്ചപ്പോള്‍ ചെന്നൈയില്‍ ഹൈക്കോടതിക്കു മുന്നില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ അഭിഭാഷകര്‍ "ഞങ്ങള്‍ ഒരു നിയമവും ലംഘിക്കുന്നില്ല;  സ്വാഭാവിക നീതിക്കു കടകവിരുദ്ധമായ ഒന്നും സാധുവായ നിയമമല്ല." എന്ന് പ്രഖ്യാപിച്ചത് എന്താണെന്ന് മനസ്സിലാവണമെങ്കില്‍ ഗൂഗിള്‍ സേര്‍ച്ച് മതിയാവില്ല എന്നു  ചുരുക്കം.

[ചിത്രങ്ങള്‍ വിക്കിയില്‍ നിന്ന്, അനുമതി പ്രകാരം എടുത്തത്]
12-Mar-2015

യോഗം!

നമ്മള്‍ ഇന്നു കാണിക്കുന്ന യോഗാസനങ്ങള്‍ക്ക് അയ്യായിരവും ആറായിരവും വര്‍ഷം പഴക്കം ഉണ്ടെന്നും  അത് പ്രാചീന മഹര്‍ഷിമാര്‍ ഉരുത്തിരിച്ചതാണെന്നും  പറയുന്നത് തെറ്റാണ് എന്ന് ഞാനിട്ട പോസ്റ്റില്‍ ചിലര്‍ പലതരം എതിര്‍പ്പുകള്‍ ഉന്നയിച്ചിരുന്നു. കൂട്ടത്തില്‍ തമാശ പോലെ ഡിസ്കവറി ചാനല്‍ ഹാരപ്പന്‍ സീലിലെ പശുപതി യോഗാസനത്തില്‍ ഇരിക്കുകയാണെന്നും യോഗ അവിടെ നിന്ന് (4- 5000 വര്‍ഷം മുന്നേ) തുടങ്ങിയെന്നും ഉള്ള പുളകം കൊള്ളിക്കുന്ന  പ്രൊപഗാന്‍ഡയില്‍ നിന്നു തുടങ്ങാം.


1. പശുപതിയുടെ പദ്മാസനം

ഹാരപ്പന്‍ പശുപതി സീല്‍ ഇതാണ്. ഇതില്‍ ഇരിക്കുന്നയാള്‍ പദ്മാസനത്തിലാണ് (ശിവന്‍ ആണ്) അതിനാല്‍ യോഗ അന്നേ ശിവനില്‍ നിന്നാരംഭിച്ചു എന്നതാണ് അയ്യായിരം വര്‍ഷം പഴക്ക വാദത്തിന്റെ   ഏകാധാരം .

പശുപതി എന്ന് പേരിട്ടുകൊടുത്ത ഈ ആള്‍‌രൂപം ഇരിക്കുന്നത് പദ്മാസനത്തിലാണ് അതുകൊണ്ട് യോഗ ഹാരപ്പയില്‍ ഉണ്ടായിരുന്നു എന്ന് സമ്മതിക്കുകയാണെങ്കില്‍ 

ഇത് ഒരു ഈജ്പ്ഷ്യന്‍ പിരമിഡ് ആര്‍ട്ട് വര്‍ക്കിനും ചക്രാസനത്തിനും തമ്മിലുള്ള സാമ്യം ആണ്.  പത്തു നാലായിരം വര്‍ഷം മുന്നേ,  ഇന്നത്തെ ആധുനിക യോഗാഭ്യാസം ഈജിപ്റ്റില്‍ ഉണ്ടായിരുന്നു എന്ന് സമ്മതിക്കുന്നുണ്ടോ?


മനുഷ്യന്‍ കുണ്ടി കുത്തി ഇരിക്കുന്നതും തലകുത്തിച്ചാടുന്നതും വേട്ടയ്ക്കു പോകുന്നതും ഒക്കെയായി ആയിരക്കണക്കിനു ശിലാരൂപങ്ങളും ചിത്രങ്ങളും ഒക്കെ കാണാം.

 വെസ്റ്റ്റേ ഐലന്‍ഡില്‍ നിന്നു കിട്ടിയ ഹാരപ്പന്‍ പശുപതിയെക്കാള്‍ പഴക്കമുള്ള ഓര്‍ക്‌നി ആണ് ഇത്. ധ്യാനത്തിലിരിക്കുന്ന മഹര്‍ഷി പോലെ തോന്നുന്നുണ്ടോ?


2. യോഗാഭ്യാസത്തിനു പത‌ന്‍‌ജലിയുടെ യോഗസൂത്രമാണ് ആധാരം. അതായത് കുറഞ്ഞത് രണ്ടായിരം വര്‍ഷം എങ്കിലും പഴക്കമുണ്ട്:

പതന്‍ജലി സൂത്രത്തില്‍ യോഗാസനങ്ങള്‍ ഒന്നുമില്ല എന്നതിനു എതിര്‍‌വാദമൊന്നും കിട്ടിയിട്ടില്ല, എന്നാല്‍ പതന്‍‌ജലി പറഞ്ഞതിന് അനുസൃതമായാണ് ഒന്നു രണ്ട് നൂറ്റാണ്ടു മുന്നേ ആസനങ്ങള്‍ ഉണ്ടാക്കിയത് എന്നാണ് എതിര്‍‌വാദം ഉയര്‍ന്നത്.


പതന്‍‌ജലി യോഗയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെ:യോഗ ചെയ്യുന്നവര്‍ക്ക് ജ്ഞാനപാതയിലേക്ക് ഉള്ള വഴിയിലെ അഴുക്കുകള്‍ പോകുകയും ചിന്താ-ജ്ഞാന ശേഷി പ്രകാശിക്കുകയും ചെയ്യും . അഷ്ടയോഗ മാര്‍ഗ്ഗങ്ങള്‍ എന്നാല്‍ ജീവശക്തികള്‍ക്ക് മേലേ പരിപൂര്‍ണ്ണ അജ്ഞാശക്തി, നിയമം പാലിക്കല്‍, ത്യാഗം, ശ്രദ്ധ, ധ്യാനം തുടങ്ങിയവയാണ്.


ഇതിലെങ്ങും ഇന്ന ആസനത്തില്‍ ഇരിക്കണമെന്നോ അങ്ങനെ ഇരുന്നാല്‍ എന്തെങ്കിലും ഗുണമുണ്ടെന്നോ ഒന്നുമില്ല. പതന്‍‌ജലി യോഗയെന്നു പറയുന്നത് സന്യാസതുല്യമായ ഒരു ആത്മീയ ജീവിതത്തെ മാത്രമാണ്.


മുഴുവന്‍ വായിക്കേണ്ടവര്‍ക്ക് ഇത് വായിക്കാം



3. ഉദ്ദേശം നാനൂറ് വര്‍ഷം മുന്നേ എഴുതിയ ഹഠയോഗ പ്രദീപികയില്‍ കുറച്ച് ആസനങ്ങളെ കുറിച്ച് പറയുന്നുണ്ട്, അതിനാല്‍ ഹഠയോഗ പ്രദീപിക നമുക്കൊന്നു വായിക്കാം.


യോഗി യോഗ വിദ്യകള്‍  രഹസ്യമാക്കി വയ്ക്കണം, അത് ആരോടെങ്കിലും പറഞ്ഞാല്‍ യോഗശക്തി ഷണ്ഡമായിപ്പോകും. യോഗിക്ക് വേണ്ട പത്തു കാര്യങ്ങള്‍ തപസ്സ്, ക്ഷമ, ദൈവ വിശ്വാസം, ദയാശീലം, പ്രാര്‍ത്ഥന, മതഗ്രന്ഥ പാരായണം,  മാനം മര്യാദ, ബുദ്ധി, യാഗം. യജ്ഞം  എന്നിവയാണ്,


യോഗി പരിശീലിക്കേണ്ട ആസനങ്ങള്‍സ്വസ്തിക -രണ്ട് കയ്യും തുടയില്‍ വച്ച് നിവര്‍ന്ന് ശാന്തമായി ഇരിക്കുന്നത് സ്വസ്തികഗോമുഖ - വലത്തേ കാല്‍ ഇടതിന്റെ മേലേ വച്ച്  കാലുകള്‍ പശുവിന്റെ മുഖം പോലെ ആക്കി ഇരിക്കുന്നത് ഗോമുഖാസനംവീരാസനം - ഒരു കാല്പ്പാദം മറ്റേ കാലിന്റെ തുടയുടെ മുകളില്‍ വച്ച് ഇരിക്കുന്നത് വീരാസനം.


ഇങ്ങനെ പത്തു പതിനഞ്ചോളം ആസനത്തില്‍ ഇരുന്ന് ഹഠയോഗി  ധ്യാനം പ്രാര്‍ത്ഥന പോലെ പലതും ചെയ്താല്‍ രാജയോഗം ഉണ്ടാകും എന്നാണ് അതില്‍. രാജയോഗം എന്നാല്‍ സമാധി മുതല്‍ ജ്ഞാനം വരെ ധനാഗമനവും അധികാരവും വരെ പലതും ആണെന്ന് പല വ്യാഖ്യാനങ്ങള്‍ കാണാം എന്നാല്‍ അതിലൊന്നും ആരോഗ്യം കിട്ടാനാന് ആസനത്തില്‍ ഇരിക്കുന്നതെന്ന് കാണാനില്ല 


ഇതില്‍ പറഞ്ഞിരിക്കുന്ന പത്തുപന്ത്രണ്ടെണ്ണവും ഇപ്പോഴത്തെ കാലത്തെ ആസനങ്ങളുടെ പൂര്‍ണ്ണമല്ലാത്ത പട്ടികയും യോഗകൊണ്ട് എന്താണു ഫലം എന്ന് ഇപ്പോള്‍ അവകാശപ്പെടുന്നതും നോക്കുക



4. ഇന്നു കാണുന്ന രീതിയിലെ യോഗാസനങ്ങള്‍ കൊണ്ട് ആരോഗ്യത്തിനു ഗുണമുണ്ട് എന്ന് ചില പ്രാഥമിക പഠനങ്ങള്‍ ഉണ്ട്. ഒരു ഉദാഹരണം ആണ്  യോഗയ്ക്ക് മറ്റു തരം ഏറോബിക്ക് വ്യായാമങ്ങള്‍ പോലെ തന്നെ ആരോഗ്യം തരാന്‍ ആകും എന്ന ഒരെണ്ണം



5. എന്നാല്‍ മൂലാധാരത്തില്‍ മൂന്നു മടക്കായി ഉറങ്ങിക്കിടക്കുന്ന ശക്തി ഉണ്ടെന്നും അത് മേലോട്ട് കയറി സഹസ്രാധാരത്തില്‍ ലയിച്ചാല്‍ അത്ഭുതകരമായ ശാന്തിയും സമാധാനവും ലഭിക്കും എന്നാണ് വാദം എങ്കില്‍ ശാസ്ത്രീയമായി അതെങ്ങനെ എന്ന് വിശദീകരിക്കേണ്ടി വരും. മൂലാധാരത്തില്‍ ഒരു കുണ്ഡലിനി ഗ്രന്ഥിയുണ്ടോ, അത് എന്തു ഹോര്‍മോണ്‍/ ജീന്‍ പ്രവര്‍ത്തനം മൂലം പ്രവര്‍ത്തിക്കുന്നു, എന്തു തരം ഊര്‍ജ്ജമാണ് ഇത് എന്നൊക്കെ.


ഞാന്‍ കുണ്ഡലിനി യോഗ പണ്ട് ശ്രീമാതാജി നിര്‍മ്മലാ ദേവിയുടെ അടുത്തു നിന്നു പഠിക്കാന്‍ പോയിട്ടുണ്ട്. രണ്ട് മൂന്ന് സെഷന്‍ കഴിഞ്ഞപ്പോള്‍  ഇത് ഓട്ടോ‌ഹിപ്‌നോസിസ് മാത്രമാണെന്ന് മനസ്സിലായി.  പണിയും നിര്‍ത്തി.

22-Jun-2015

നിങ്ങളുടെ കുട്ടി ലൈംഗികാക്രമണത്തിന്റെ ഇരയാണോ?

അടുത്ത സമയം ഒരു സ്കൂളില്‍ ചെറിയ പെണ്‍‌കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും സംഭവം അന്വേഷിക്കുന്നതില്‍ പാളിച്ചയുണ്ടെന്ന് കണ്ട് നാട്ടുകാര്‍ സംഘടിച്ചു പ്രതിഷേധിക്കുകയും അനന്തരം സ്കൂള്‍ മാനേജ്മെന്റ്  നിരുത്തരവാദപരമായ പ്രസ്താവനകള്‍ പരസ്യമായി നടത്തുകയും ഒക്കെയുണ്ടായി. ഈ സമയത്ത് ചിലര്‍ എന്നോട് ഒരു കുട്ടി ലൈംഗികമായി  ആക്രമിക്കപ്പെടുകയാണെങ്കില്‍ അത് എങ്ങനെ തിരിച്ചറിയും, അതില്‍ മാതാപിതാക്കള്‍ എന്തു ചെയ്യണം എന്നൊക്കെ എഴുതണം എന്ന് ആവശ്യപ്പെട്ടിരുന്നു. തിരക്കുകള്‍ മൂലവും പുസ്തകങ്ങള്‍ കയ്യിലില്ലായിരുന്നതു മൂലവും ഇതുവരെ എഴുതാന്‍ സാധിച്ചില്ല.


1. നിങ്ങളുടെ കുട്ടി ലൈംഗികാക്രമണത്തിനു വിധേയമാകാന്‍ സാദ്ധ്യതയുണ്ടോ?

ഇന്ത്യാ സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 53% കുട്ടികള്‍ ലൈംഗികാതിക്രമത്തിനു വിധേയമാകുന്നു. ഇതില്‍ ആണ്‍‌പെണ്‍ ഭേദമില്ല. ചില വിഭാഗം കുട്ടികള്‍ - ഉദാഹരണം തെരുവുകുട്ടികള്‍, ബാലവേല ചെയ്യുന്ന കുട്ടികള്‍ തുടങ്ങിയവര്‍ ആക്രമിക്കപ്പെടാന്‍ സാധ്യത ഏറും എങ്കിലും ഒരു വിഭാഗം കുട്ടികളും  അപകട സാദ്ധ്യതയ്ക്ക് അതീതരല്ല. കുട്ടികള്‍ക്ക് മേലേയുള്ള ലൈംഗികാക്രമണം അവരില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്ന ഹീനകൃത്യമാണ് എന്നതിനാല്‍ അതിന്റെ ലക്ഷണങ്ങള്‍ എന്തെങ്കിലും കുട്ടി കാട്ടുന്നുണ്ടെങ്കില്‍ അത് തിരിച്ചറിയാന്‍ പഠിച്ചിരിക്കണം.


2. എന്താണ് ഒരു കുട്ടി ലൈംഗികാക്രമണത്തിനു വിധേയമായിട്ടുണ്ടെന്ന് സംശയിക്കേണ്ട സൂചനകള്‍?

  • അറിയിക്കല്‍.  അല്പം മുതിര്‍ന്ന കുട്ടികള്‍, പ്രത്യേകിച്ച് ആറുവയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ വിവരം മാതാപിതാക്കളെയോ മുതിര്‍ന്ന സഹോദരങ്ങളെയോ അറിയിക്കാന്‍ സാദ്ധ്യതയുണ്ട്. കുട്ടിക്ക് എന്തും, നല്ലതും ചീത്തയും, ശരിയും തെറ്റും, വീട്ടില്‍ പറയാനും ചര്‍ച്ച ചെയ്യാനും സ്വാതന്ത്ര്യമുണ്ടായിരിക്കണം. കുട്ടി എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ അതിന്റെ പേരില്‍ പരിഹസിക്കുകയോ വിവരം പറഞ്ഞതിന്റെ പേരില്‍ ശാസിക്കുകയോ അരുത്. ഇത് ഭയം മൂലം കുട്ടികള്‍ എന്തെങ്കിലും പ്രധാനപ്പെട്ട സംഭവം - ലൈംഗികാക്രമണം ആയാലും മറ്റെന്തെങ്കിലും ആയാലും- ഒളിച്ചു വയ്ക്കാന്‍ കാരണമാവും. പലപ്പോഴും മാതാപിതാക്കള്‍ അറിഞ്ഞുകൊണ്ട് അല്ല ഇത്തരം സാഹചര്യമുണ്ടാക്കുന്നത്. ഒരു ഉദാഹരണം: കുട്ടി സ്കൂളില്‍ നിന്നു വരുമ്പോള്‍ ഒരു അഭിപ്രായം പറയുന്നു "ഞാന്‍ വളരുമ്പോള്‍ എന്റെ ക്ലാസ്സിലെ ---- നെ കല്യാണം കഴിക്കും." ഇതു കേട്ട് വീട്ടുകാര്‍ പൊട്ടിച്ചിരിക്കുകയും സുഹൃത്തുക്കളോട് കുട്ടിയുടെ സാന്നിദ്ധ്യത്തില്‍ ഫലിതം പങ്കുവയ്ക്കുകയും ചെയ്യുന്നു .  ഇത് താന്‍ പരിഹസിക്കപ്പെടുമോ എന്ന ഭയം മൂലം പല കാര്യങ്ങളും വീട്ടില്‍ നിന്ന് ഒളിക്കാന്‍ കാരണമായേക്കാം. താന്‍ ഗൗരവത്തോടെ പറയുന്നത് എന്തും ഗൗ‌രവമായിത്തന്നെ വീട്ടുകാര്‍ എടുക്കും എന്ന ഉറപ്പ് കുട്ടിക്ക് ഉണ്ടാവണം. മിക്കപ്പോഴും  കുറ്റവാളി ഇരയെ പുറത്തു പറയരുത് എന്ന് ഭീഷണിപ്പെടുത്താറുണ്ട്. പലപ്പോഴും കുറ്റവാളി കുട്ടി അറിയുന്ന ആള്‍ ആയതിനാല്‍ അയാള്‍ ചെയ്തത് തെറ്റാണോ കുറ്റമാണോ എന്ന് കുട്ടിക്ക് അറിയുകയുമില്ല. കുറ്റത്തെക്കുറിച്ച് കുട്ടിക്ക് നാണക്കേട് ഉണ്ടായേക്കാം. ഭാഷ പൂര്‍ണ്ണമായും സ്വായത്തമാക്കാത്ത ചെറിയ കുട്ടിയാണെങ്കില്‍ അതിനു  കഴിയുകയുമില്ല. ഇതൊക്കെമൂലം മറ്റു സൂചനകള്‍ക്കും വളരെ വലിയ പ്രാധാന്യമുണ്ട്.

  • ശാരീരികക്ഷതം. ലൈംഗികാവയവത്തിലോ മലദ്വാരത്തിലോ മുറിവുകള്‍, പഴുപ്പും അണുബാധയും, രക്തക്കറ, ചോരപുരണ്ട അടിവസ്ത്രങ്ങള്‍ തുടങ്ങി ശാരീരിക തെളിവുകള്‍. പലപ്പോഴും കുട്ടിക്ക് ഇതിനൊപ്പം തലവേദനയും വയറുവേദനയും ഉണ്ടാകാറുമുണ്ട്.
  • ലൈംഗിക ചേഷ്ഠകള്‍. വാക്കാലല്ലാതെയും കുട്ടികള്‍ തങ്ങള്‍ ആക്രമണത്തിനു വിധേയരായെന്ന് സൂചിപ്പിക്കാറുണ്ട്. തീരെച്ചെറിയ കുട്ടികള്‍ പലപ്പോഴും പരസ്യമായിത്തന്നെ ലൈംഗികാവയവങ്ങള്‍ സ്പര്‍ശിക്കാറുണ്ട്, എന്നാല്‍  കുട്ടി സ്വാഭാവികമായി സ്വയം തൊട്ടുനോക്കുന്നതിന്റെ രീതി കണ്ടാല്‍ മാതാപിതാക്കള്‍ക്ക് അറിയാവുന്നതേയുള്ളൂ. അല്പം മുതിര്‍ന്നാല്‍ കുട്ടികള്‍ അത് പരസ്യമായി ചെയ്യുന്നത് നിറുത്തുകയും ചെയ്യും. ഇതല്ലാതെയുള്ള ചേഷ്ടകള്‍ - എന്തെങ്കിലും സാധനം (ഉദാഹരണം പെന്‍സില്‍) കൊണ്ട് ലൈംഗികാവയവം സ്പര്‍ശിക്കുകയോ , ലൈംഗികാവയവത്തിലോ മലദ്വാരത്തിലോ എന്തെങ്കിലും പ്രവേശിപ്പിക്കാന്‍ ശ്രമിക്കുകയോ കളിപ്പാട്ടങ്ങളോടോ പാവകളോടോ ലൈംഗിക ചേഷ്ഠകള്‍ കാണിക്കുകയോ ചെയ്യുന്നുണ്ട് കുട്ടിയെങ്കില്‍ അപായസൂചനയാണത്. ലൈംഗിക വൃത്തി എന്താണെന്ന് അറിയാത്തതിനാല്‍ കുട്ടിക്ക് ആക്രമണത്തെപ്പറ്റി പറയാനും അറിയാതെപോയേക്കാം. ഇതിനാല്‍ കുട്ടി താന്‍ അനുഭവിച്ച പീഡനം ആവര്‍ത്തിച്ച് കാട്ടിസംഭവത്തെപ്പറ്റി  നിങ്ങളെ അറിയിക്കുകയാണ് ഇങ്ങനെ ചെയ്യുന്നതിലൂടെ. മിക്കപ്പോഴും കുട്ടി സ്വയം അറിയാതെ തന്നെ ചെയ്യുന്നതാണിത്.

  • പദപ്രയോഗം. മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന ലൈംഗിക പദങ്ങള്‍ പെട്ടെന്ന് പ്രയോഗിക്കാന്‍ തുടങ്ങുക. ലൈംഗിക വൃത്തിയുമായി ബന്ധപ്പെട്ട  മുതിര്‍ന്നവരുടെ പദങ്ങള്‍ -  പലപ്പോഴും അസഭ്യ പദങ്ങള്‍- കുറ്റവാളിയില്‍ നിന്നും കേട്ടത് കുട്ടിയുടെ സംസാരത്തില്‍  ഉള്‍ക്കൊള്ളിച്ചും കുട്ടി താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന് സൂചിപ്പിക്കാറുണ്ട്.

  • വ്യക്തികളോടും സ്ഥലങ്ങളോടും ഭയം . ചില തരം സ്ഥലങ്ങളോടും ആളുകളോടും പെട്ടെന്നു തുടങ്ങുന്ന ഭയം.  അടുത്ത വീട്ടില്‍ പോകാന്‍ പെട്ടെന്നു തുടങ്ങുന്ന ഭയം, മീശവച്ച ആളുകളെയൊക്കെ പെട്ടെന്നു ഭയക്കാന്‍ തുടങ്ങി, സ്കൂള്‍ ബസ്സില്‍ കയറാന്‍ അതുവരെ ഇല്ലാതെയിരുന്ന ഭയം ഒക്കെ സംശയം ഉണര്‍ത്തേണ്ട കാര്യങ്ങളാണ്. പുതിയ ഭീതി കുട്ടിക്കു തുടങ്ങുമ്പോഴാണ് സംശയം ഉണരേണ്ടത്. പലേ കുട്ടികള്‍ക്കും സ്ഥിരമായ ഭയങ്ങള്‍ ഉണ്ട് പ്രത്യേകിച്ച് തീരെ ചെറിയ കുട്ടികള്‍ക്ക്. ഇതില്‍ ആശങ്കയുടെ കാര്യമില്ല, എന്നാല്‍ പുതിയതായി കുട്ടിക്ക് ചില തരം ആളുകളെയോ സ്ഥലങ്ങളെയോ ഭയം തുടങ്ങിയാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

  • നഗ്നതയും സ്പര്‍ശനവും ഭയം. വസ്ത്രം മാറല്‍, കുളിക്കല്‍, ഡോക്റ്റര്‍ പരിശോധിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഭയം. നഗ്നതയുമായോ സ്പര്‍ശനവുമായോ ബന്ധപ്പെട്ട കാര്യങ്ങള്‍ കുട്ടി ഭയക്കാന്‍ തുടങ്ങുന്നെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

  • ശീലങ്ങളിലും സ്വഭാവത്തിലും വത്യാസം . ടോയിലറ്റിലോ പോട്ടിയിലോ പോകാന്‍ പഠിച്ചു കഴിഞ്ഞ കുട്ടി പെട്ടെന്ന് വീണ്ടും വസ്ത്രത്തില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യാന്‍ ആരംഭിക്കല്‍, കൂട്ടുകാരോടും വീട്ടുകാരോടും മിണ്ടാതെയാകല്‍, ശ്രദ്ധിക്കാനും പഠിക്കാനും കളിക്കാനും ഉള്ള താല്പര്യം നഷ്ടമാകല്‍ തുടങ്ങിയവ ഉദാഹരണം.

ഇത് സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍ മാത്രമാണ്. മറ്റു പലരീതിയിലും കുട്ടികള്‍ ലൈംഗികാക്രമണത്തിനു വിധേയമായി എന്ന് സൂചിപ്പിച്ചേക്കാം. അസ്വാഭാവികമായ എന്തു മാറ്റം കുട്ടിയില്‍ കണ്ടാലും ശ്രദ്ധിക്കാന്‍ ശീലിക്കുക.


3. കുട്ടിയോട് ഇക്കാര്യം സംസാരിക്കുന്നത് എങ്ങനെ?
സംസാരപ്രായമായ കുട്ടിയാണെങ്കില്‍ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് കുട്ടിയോട്  ചര്‍ച്ച ചെയ്യാവുന്നതാണ്. ഇക്കാര്യം ചെയ്യാന്‍ പ്രൊഫഷണല്‍ ഫോറന്‍സിക്ക് ഇന്റര്വ്യൂവര്‍ പിന്‍‌തുടരുന്ന രീതിതന്നെയാണ് അത്യുത്തമം, കാരണം ഈ രീതി ആഗോളതലത്തില്‍ ക്രിമിനോളജിസ്റ്റുകളും മനശാസ്ത്ര വിദഗ്ദ്ധരും കാലാകാലം ഗവേഷണം കൊണ്ട് ഉരുത്തിരിച്ചതാണ്. ഫോറന്‍സിക്ക് ഇന്റര്വ്യൂവര്‍ പിന്‍ തുടരുന്ന മാനദണ്ഡങ്ങള്‍:

  • മുതിര്‍ന്നവരുടെ രീതിയിലുള്ള ലൈംഗികത കുട്ടിക്ക് അന്യമാണ്. അതിനാല്‍ സ്വയം ഒരിക്കലും കുട്ടി കള്ളം പറയില്ല.

  • ഒരു മുതിര്‍ന്നയാള്‍ പറഞ്ഞു പഠിപ്പിച്ച കള്ളം (ഉദാഹരണം അതിര്‍ത്തി തര്‍ക്കത്തിലെ വിദ്വേഷം മൂലം ഒരു പിതാവ് മകളോട് അയല്‍ക്കാരന്‍ പീഡിപ്പിച്ചെന്ന കഥ പറയാന്‍ പ്രേരിപ്പിച്ചു) ആണെങ്കില്‍ത്തന്നെ കുട്ടിക്ക് അന്യമായ ഒരു  പ്രവൃത്തിയെക്കുറിച്ചുള്ള കള്ളം ആയതിനാല്‍ വളരെ വേഗം അത് സ്വയം ഖണ്ഡിക്കും എന്നതിനാല്‍ തിരിച്ചറിയാന്‍ യാതൊരു പ്രയാസവുമില്ല. [ ഇന്ത്യയില്‍  കുട്ടി ലൈംഗികാക്രമണത്തിനു വിധേയമായാല്‍ക്കൂടി അതിനെ മാനം ഭാവി എന്നൊക്കെ ചിന്തിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുകയാണ് എന്നതിനാല്‍ ഇത്തരം സംഭവങ്ങള്‍ വളരെ വിരളമായിരിക്കാം]

  • കുട്ടിയെ ചോദ്യം ചെയ്യാനോ മൊഴി അവിശ്വസിക്കുന്നെന്ന് സൂചിപ്പിക്കാനോ പാടില്ല. കുട്ടിക്ക് തുറന്ന് എന്തും സംസാരിക്കാനുള്ള സാഹചര്യമായിരിക്കണം. 

ഫോറന്‍സിക്ക് ഇന്റര്‍‌വ്യൂവിന് മൂന്നു രീതിയുണ്ട്. പടിപടിയായി ഒന്നില്‍ നിന്നു രണ്ടിലേക്കും രണ്ടില്‍ നിന്നും ആവശ്യമെങ്കില്‍ മൂന്നിലേക്കും പോകുകയാണ് ചെയ്യുക.

ഒന്ന്: ഫ്രീ റീകോള്‍. കുട്ടിയോട് എന്താണ് സംഭവിച്ചത് എന്നു ചോദിച്ചാല്‍ അതിനു ഓര്‍മ്മയുള്ളതും മനസ്സിലായതും പ്രകടിപ്പിക്കാന്‍ ആവുന്നതും അത് പറയും. എന്നാല്‍ അവ്യക്തതയും ഭീതിയും മൂലം ഇതില്‍ പലേ ഭാഗങ്ങളും ഉണ്ടാവില്ല, കാരണം കുഞ്ഞുമനസ്സിനു നെഗേഷന്‍ പ്രോസസ് എന്നൊരു രീതിയുണ്ട്. അപകടം ഉണ്ടായാല്‍ അത് സംഭവിച്ചിട്ടില്ല എന്നു സ്വയം  വിശ്വസിപ്പിക്കല്‍. നെഗേഷന്‍ 100% ആകില്ല എന്നതിനാല്‍ കുട്ടി ഫ്രീറീകോളില്‍ അപൂര്‍ണ്ണമായൊരു സംഭവ വിവരണം ആയിരിക്കും തരുക. പ്രായം കൂടുന്നത് അനുസരിച്ച് കുട്ടിക്ക് സംഭവം ഓര്‍ക്കുന്നതിലെ വ്യക്തതയും പൂര്‍ണ്ണതയും ഏറും.


രണ്ട്: ക്യൂഡ് റീകോള്‍. സംഭവസ്ഥലത്തോ (ഉദാഹരണം അയല്‍‌വീട്) കുറ്റവാളിയുമായി സാമ്യമുള്ള ആള്‍ (ഉദാഹരണം അദ്ധ്യാപകര്‍) തുടങ്ങിയവരെ കാണുമ്പോള്‍ കുട്ടി ഫ്രീ റീകോളില്‍ ഓര്‍ക്കാത്തത് പലതും ഓര്‍ക്കും. മാതാപിതാക്കള്‍ക്ക് പരിമിതമായേ ക്യൂഡ് റീകോള്‍ നടത്താന്‍ കഴിഞ്ഞേക്കൂ. എന്നാല്‍ ഫോറന്‍സിക്ക് ഇന്‍‌വെസ്റ്റിഗേറ്റര്‍ക്ക്  സ്വന്തം അധികാരം ഉപയോഗിച്ച് വളരെ വിപുലമായ ക്യൂഡ് റീകോള്‍ ഇന്റര്‍‌വ്യൂ നടത്താന്‍ കഴിയും.  എനിക്കറിയുന്ന ഒരു കേസില്‍ ഫ്രീ റീകോളില്‍ കുട്ടിക്ക് ആകെ ഓര്‍ക്കാന്‍ കഴിഞ്ഞിരുന്നത് തനിക്ക് വ്യക്തമായി ഓര്‍മ്മയില്ലാത്ത ആരോ സ്കൂളില്‍ വച്ച് എന്തൊക്കെയോ ചെയ്തു എന്നു മാത്രമായിരുന്നു. ഫോറന്‍സിക്ക് ഇന്‍‌വെസ്റ്റിഗേറ്റര്‍ പോലീസിനെക്കൊണ്ട് സ്കൂളില്‍ വച്ച് ഐഡന്റിഫിക്കേഷന്‍ പരേഡ് നടത്തിച്ചു.  കുട്ടി കുറ്റവാളിയെ തിരിച്ചറിയുക മാത്രമല്ല, അയാളെ കണ്ടതോടെ സംഭവം മുഴുവന്‍ ഓര്‍ക്കുകയും പറയുകയും ചെയ്തു.


മൂന്ന്: സജസ്റ്റീവ് റീകോള്‍. ഇന്‍‌റ്റര്വ്യൂവര്‍ മറ്റു രണ്ടു രീതികൊണ്ട് അതുവരെ മനസ്സിലായ കാര്യങ്ങള്‍ കൊണ്ട് ചില സൂചനകള്‍ സംഭവത്തെക്കുറിച്ച് നല്‍കുകയും കുട്ടി അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യുന്ന രീതിയാണ് സജസ്റ്റീവ് റീകോള്‍. ഇത് മാതാപിതാക്കളോ രക്ഷിതാക്കളോ ചെയ്ത് കൂടുതല്‍ കാര്യം മനസ്സിലാക്കുന്നതിനു പകരം വിദഗ്ദ്ധര്‍ക്ക് വിടുന്നതാണ് നല്ലത്. കാരണം, കുട്ടിയോട് ഏറെ സജസ്റ്റീവ് ആയി ആവര്‍ത്തിച്ചാല്‍ കുട്ടി സ്വയം അതു വിശ്വസിക്കാന്‍ തുടങ്ങും- കുട്ടികളുടെ ഭാവനയും യാഥാര്‍ത്ഥ്യബോധവും വളരെ വ്യക്തമായി വേര്‍തിരിക്കപ്പെട്ടതല്ല. "നിന്നെ പീഡിപ്പിച്ചത് ഈ അമ്മാവന്‍ അല്ലേ, അയാള്‍ ആ വീട്ടില്‍ വച്ച് ഇങ്ങനെയല്ലേ ചെയ്തത്" എന്ന രീതിയില്‍ രണ്ടുമൂന്നു തവണ ആവര്‍ത്തിച്ചു ചോദിച്ചാല്‍ കുട്ടി അങ്ങനെയെന്ന് വിശ്വസിക്കാന്‍ തുറ്റങ്ങുകയും ഒരുപക്ഷേ യഥാര്‍ത്ഥ കുറ്റവാളി മറ്റൊരാള്‍ ആയെന്നു വരികില്‍ ശിക്ഷിക്കപ്പെടാതെ പോകുകയും ചെയ്യാം. കുട്ടി താന്‍ ആക്രമിക്കപ്പെട്ടെന്ന് കള്ളം പറയുകയോ സ്വയം വിശ്വസിക്കുകയോ ചെയ്യില്ല, എന്നാല്‍ അതിന്റെ വിശദ വിവരങ്ങള്‍ സജസ്റ്റീവ് റീകോള്‍ തെറ്റായാല്‍ തെറ്റി വിശ്വസിച്ചേക്കാം.

4. കുട്ടി ലൈംഗികാക്രമണത്തിനു വിധേയമായി എന്ന് ന്യായമായ സംശയം തോന്നിയാല്‍ എന്താണു ചെയ്യേണ്ടത്?
  • ശാരീരികമായി അപകടഘട്ടമെങ്കില്‍ ആദ്യം ആശുപത്രിയില്‍ എത്തിക്കുക. അല്ലെങ്കില്‍ എത്രയും വേഗം പോലീസില്‍ പരാതി നല്‍കുകയാണ് വേണ്ടത്. പോലീസ് വിവരം വനിതാ ശിശുക്ഷേമ സമിതിയെ അറിയിക്കും. സമിതിയുടെ നിര്‍ദ്ദേശപ്രകാരം കുട്ടിക്ക് വേണ്ട ആശുപത്രി പരിചരണവും തെറാപ്പിയും  ലഭ്യമാക്കും. എല്ലാ നടപടികളും ചോദ്യം ചെയ്യലും  കോടതി നടപടിയും  എല്ലാം കമ്മീഷന്‍ നിര്‍ദ്ദേശിച്ച വിദഗ്ദ്ധര്‍ വഴി മാതാപിതാക്കളുടെയോ അവരില്ലെങ്കില്‍ അടുത്ത ബന്ധുവിന്റെയോ സാന്നിദ്ധ്യത്തിലായിരിക്കും. കുട്ടി പെണ്ണാണെങ്കില്‍ ഒരു സ്ത്രീബന്ധു എപ്പോഴും കൂടെയുണ്ടായിരിക്കും. ഒരുപാട് തവണ കുട്ടി പോലീസ് സ്റ്റേഷനിലോ കോടതിയിലോ പോകേണ്ടി വരില്ല. കേസെടുക്കാന്‍ വിസമ്മതിക്കുകയോ കുട്ടിയെ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ പോലീസ് ചെയ്യില്ല, ചെയ്യാന്‍ ശ്രമിച്ചാല്‍ തൊപ്പി  തെറിക്കുന്ന ഗുരുതര കുറ്റം ചെയ്തെന്ന് കാട്ടി  പരാതി നല്‍കിയാല്‍ മതിയാകും.
  • ഒരിക്കലും കുറ്റവാളിയെന്ന് സംശയിക്കുന്ന ആളിനെ ചോദ്യം ചെയ്യാനോ ഭേദ്യം ചെയ്യാനോ മുതിരരുത്. ഒന്നാമതായി അത് നിയമം കയ്യിലെടുക്കുകയാണ്. രണ്ടാമത് അയാള്‍ കുട്ടിയെയോ നിങ്ങളെയോ  അപായപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ പോലീസില്‍ നിന്നു രക്ഷപ്പെടാനോ ശ്രമിച്ചേക്കാം. .
  • സംഭവം നടന്ന സ്ഥലത്ത് പരാതിപ്പെടാനും (ഉദാഹരണം നഴ്സറി) ശ്രമിക്കരുത്. അധികാരികള്‍ക്ക് ഇങ്ങനെ ഒരു സംഭവം തന്റെ ഇടത്തു നടന്നു എന്നു പുറത്തറിയുന്നത് അപമാനകരവും പലപ്പോഴും ബിസിനസ് താല്പര്യത്തിനു വിരുദ്ധവുമാണ്. അതിനാല്‍ അവര്‍ കേസ് തേച്ചുമാച്ചു കളയാനോ കുറ്റവാളിയെ രക്ഷിക്കാനോ കുട്ടിയെ ശിക്ഷിക്കാനോ നിങ്ങളെ നിശബ്ദരാക്കാനോ ശ്രമിച്ചേക്കും. അധികാരികളുമായി ബന്ധപ്പെടേണ്ടത് പോലീസിന്റെ പണിയാണ്, നിങ്ങളുടേതല്ല.

ചുരുക്കം :  കുട്ടികളിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കുക. അപായ സൂചനകളും ലക്ഷണങ്ങളും തിരിച്ചറിയാന്‍ പഠിക്കുക .  കുട്ടിക്ക് ഇത്തരം കാര്യങ്ങള്‍ അടക്കം എന്തും തുറന്ന് പറയാനുള്ള സാഹചര്യം വീട്ടിലുണ്ടാക്കുക. ഇക്കാര്യങ്ങള്‍ കുട്ടിയോട് എങ്ങനെ സംസാരിക്കാം എന്ന് പഠിക്കുക.  ലൈംഗികാക്രമണം കുട്ടിക്കു നേരേ ഉണ്ടായി എന്ന്  ശക്തമായ സംശയം ഉണ്ടായാല്‍ എത്രയും വേഗം പോലീസില്‍ അറിയിക്കുക.

പിന്‍കുറിപ്പ്:
  • അതിശക്തമായ പേട്രിയാര്‍ക്കി നിലനില്‍ക്കുന്ന സംസ്കാരങ്ങളില്‍ കുട്ടിയെ പിതാവോ മുത്തച്ഛനോ  മറ്റു മുതിര്‍ന്ന പുരുഷാംഗമോ പീഡിപ്പിച്ചാല്‍ അത് ഒളിച്ചു വയ്ക്കാനേ  മറ്റു അംഗങ്ങള്‍ ശ്രമിക്കാറുള്ളൂ എന്നതാണ് ദയനീയ സത്യം. ആരു കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടേണ്ടതുണ്ട്. അടുത്ത സമയത്ത് ഒരു ബഹറിനി സ്ത്രീ തന്റെ ഭര്‍ത്താവ് അടുത്ത വീട്ടിലെ എട്ടുവയസ്സുകാരി കുട്ടിയെ  ലൈംഗികമായി പീഡിപ്പിച്ചെന്ന് കോടതില്‍ മൊഴി നല്‍കി മാതൃകയായി.

  •  കുട്ടികള്‍ക്കെതിരേ- ആണ്‍‌കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരേ - ലൈംഗിക പീഡനങ്ങള്‍ ചെയ്യുന്നവരില്‍ മഹാഭൂരിപക്ഷവും പുരുഷന്മാരാണ്. അതില്‍ തന്നെ ഭൂരിപക്ഷം കുട്ടി വിശ്വസിക്കുന്ന ഒരാള്‍ - കുടുംബാംഗമോ അദ്ധ്യാപകനോ മറ്റോ ആണ്. ഇതുകൊണ്ട് സ്ത്രീ കുറ്റവാളികള്‍ ഇല്ലെന്ന് വരുന്നില്ല. സ്ത്രീപുരുഷഭേദമെന്യേ കുട്ടികളില്‍ ലൈംഗിക കുറ്റകൃത്യം നടത്തുന്ന ആരെയും ശിക്ഷിക്കേണ്ടതുണ്ട്.

What is culture?

Someone asks me whether I understand culture. He certainly wasn't referring to the making of suitable conditions in a laboratory that facilitates rapid growth of bacteria and viruses. I understand culture. As the Romans who invented the term described it , it is the cultivation of the "soul". It shapes people and the society. I have a problem with only one type of culture- Barbarism. You may tend to think about violent tribes when you hear the term but I go by the Marxist definition.
"Bourgeois society stands at the crossroads, either transition to Socialism or regression into Barbarism." Rosa Luxemburg. Barbarism is the opposite of Socialism.
Now, what makes a culture a barbarian culture? According to me a cultured society should have the following incorporated into it, failing which I wouldn't hesitate to call it Barbarism.
1. All members of the society have equal rights and limits.
2. Laws, rules, norms and beliefs ensure justice, fairness, equality and safety for every member of it.
3. People are free to express their thoughts, beliefs and views.
4. Adults are free to engage in any legal activity and children's, unprivilegeds' and other incapable members' rights are well protected.
5. People have the opportunity to be creative, different and optimistic. They feel they can contribute to progress in any manner they wish to.
6. People mind their own business and do not insist in enforcing their personal views opinions and beliefs on others. They are taught by the culture to respect individuality.
7. People do not believe they have a right by birth, position or power to enslave, exploit or exterminate others.
8. People do not form vigilante groups or kangaroo courts and take law in their hands.
9. All members of the society feel safe , protected and taken care of by the culture of the society.
10. Nobody hates or vindicates you for no fault of yours. You didn't choose your race, ethnicity, place of birth, parents, skin color, caste, creed, tribe, gender, physique or abilities. You shouldn't be blamed for no fault of yours.
See, it's all incredibly simple and obvious.
If the culture cannot embed these simple, basic and essential elements, I would term it as barbarian culture. By the way, majority of the cultures that exist now is barbarian in my opinion. Do you agree?