Monday, March 18, 2013

എന്താണ് വാസ്തു?




1.എവിടെനിന്നു  തുടങ്ങി വാസ്തു?
വാസ്തു ഒരു "ശാസ്ത്രം" ആണെന്നും അതിനെക്കുറിച്ച് വേദങ്ങളില്‍ പരാമര്‍ശമുണ്ടെന്നും വാസ്തുപ്പണിക്കാര്‍ അവകാശപ്പെടുന്നു.  അഥര്‍‌വ വേദത്തില്‍ ഉണ്ടെന്ന് അവകാശപ്പെടുന്നവരോട് അതിലെവിടെ എന്നു ചോദിക്കുമ്പോള്‍ മറുപടിയില്ല. മനുസ്മൃതിയില്‍  അഷ്ടദിഗ്പാലകരെക്കുറിച്ച് പരാമര്‍ശമുണ്ടെന്നും അര്‍ത്ഥശാസ്ത്രത്തില്‍ ഇന്നയിന്ന സ്ഥലങ്ങളില്‍ ഇന്നയിന്ന  കെട്ടിടങ്ങളും ഓഫീസുകളും വേണമെന്നു പറയുന്നുണ്ടെന്നുമാണ്  എനിക്കിതുവരെ കിട്ടിയ റെഫറന്‍സുകള്‍

2. എന്താണ് അടിസ്ഥാന തത്വം? 
Vaasthu Shastra- Alahar Vijay എന്ന പുസ്തകത്തിലും വിക്കി അടക്കം ഓണ്‍ലൈന്‍ ലേഖനങ്ങളിലും പറയുന്നത് ഇങ്ങനെ ഒക്കെ.
മനുഷ്യനടക്കം സകലതും പഞ്ചഭൂതങ്ങളാല്‍ (ഭൂമി, ജലം, അഗ്നി, വായു, ആകാശം) നിര്‍മ്മിതമാണ്. ചരാജഡങ്ങളില്‍ ഇവയുടെ ഏറ്റക്കുറച്ചിലുകള്‍  വൃദ്ധിയും ദോഷവും ഉണ്ടാക്കുന്നു. കെട്ടിടങ്ങളില്‍ ഇവയെ  ഫലപ്രദമായി ഉപയോഗിച്ചാല്‍ ആ കെട്ടിടത്തിനും അതിലെ പ്രവര്‍ത്തനങ്ങള്‍ക്കും അന്തേവാസികള്‍ക്കും ആയുരാരോഗ്യ ഭാഗ്യ സന്തോഷാദികള്‍  വര്‍ദ്ധിക്കുന്നു.

കെട്ടിടത്തിനകത്തെ പഞ്ചഭൂത  നിയന്ത്രണം നടത്തുന്ന ശക്തിയെ വാസ്തുപുരുഷന്‍ എന്നു പറയുന്നു. ഈ പുരുഷന്‍ ഗര്‍ഭഗൃഹം അല്ലെങ്കില്‍  ബ്രഹ്മസ്ഥാനമൂലം നടുക്കാക്കിയ ഗ്രിഡില്‍ ഇദ്ദേഹം അല്ലെങ്കില്‍ ശക്തി ചിത്രത്തില്‍ കാണുന്നതുപോലെ  അധിവസിക്കുന്നു.
[ചിത്രം വിക്കിയില്‍ നിന്ന്]

വാസ്തുപുരുഷന്റെ പഞ്ചഭൂത നിയന്ത്രണം നടത്തുന്നത് അഷ്ടദിഗ്‌പാലകരുടെ   സ്വാധീനം മൂലമാണ് ഇതിനാല്‍ കെട്ടിടത്തിന്റെ വടക്ക് കുബേരനും കിഴക്ക് ഇന്ദ്രനും പടിഞ്ഞാറു വരുണനും   വടക്കു കിഴക്ക്  ശിവനും തെക്കുകിഴക്കു അഗ്നിയും വടക്കുപടിഞ്ഞാറു പിതൃക്കളും പാലകര്‍ ആകുന്നു. ഇവരുടെ ഇടയിലെ സ്ഥാനങ്ങളെല്ലാം ഗ്രിഡ് ആയി  കണ്ടാണ് കെട്ടിടം കെട്ടുന്നത്.

അതായത്  കുബേരന്‍ വടക്കായതിനാല്‍ പണം വയ്ക്കുന്ന മുറി വടക്കും  അഗ്നി തെക്കു കിഴക്കായതിനാല്‍ അടുക്കള അങ്ങനെയും ശിവന്‍ വടക്കുകിഴക്കായതിനാല്‍ പൂജാമുറി അവിടെയും യമധര്‍മ്മന്‍ സത്യവും നീതിയും പാലിക്കുന്നതിനാല്‍ ഓഫീസും ബെഡ്റൂമും ഒക്കെ അവിടെയും ഒക്കെ കെട്ടുക എന്ന രീതിയില്‍ നിയമങ്ങള്‍ മുന്നോട്ട് പോകുന്നു. ഇങ്ങനെ എണ്ണമില്ലാത്ത തരം നിയമങ്ങളുണ്ടാക്കാമെങ്കിലും അടിസ്ഥാന തത്വം അഷ്ടദിഗ്‌പാലകര്‍ക്കിടയിലെ ചതുരക്കള്ളികളാണ് കെട്ടിടം എന്നതാണ്.

നിരുധി ദുഷ്ടശക്തികള്‍ ആയതിനാല്‍ തെക്കുപടിഞ്ഞാറേക്ക്  പ്രവേശനകവാടമുള്ള വീടുകള്‍ വച്ചാല്‍ ആ വീട്ടില്‍ ദുഷ്ടന്മര്‍ കയറും, ചീത്ത വാസനകള്‍ വന്ന് പെണ്ണുങ്ങള്‍ വഴിപിഴയ്ക്കും, ആണുങ്ങള്‍ ദുര്‍ന്നടത്തക്കാരാകും എന്നൊക്കെ ചില  പ്രൊഹിബിറ്റീവ് തത്വങ്ങളും ഉണ്ട്, ഇവയും അഷ്ടദിഗ്പാലക ഗ്രിഡില്‍ നിന്നു വരുന്നതു തന്നെ.


3.എന്റെ അഭിപ്രായം

ഈ ശാസ്ത്രത്തെ വായിക്കുമ്പോള്‍ ബി എഫ്. സ്കിന്നറുടെ പ്രാവു പരീക്ഷണം ആണ് ഓര്‍മ്മവരുന്നത്. ഒരു  പ്രവര്‍ത്തി അതിന്റെ ഫലം എന്ന പ്രതീക്ഷയാണ്  ഒരു തത്വമോ ആചാരമോ ഉണ്ടാക്കുന്നത്. സ്കിന്നര്‍  വിശക്കുന്ന പ്രാവുകള്‍ക്ക്  റാന്‍ഡം ഫ്രീക്വന്‍സിയില്‍ റാന്‍ഡമായി തന്നെ ഭക്ഷണം നല്‍കാന്‍ ആരംഭിച്ചു. പ്രാവുകള്‍ അനിശ്ചിതത്വം എന്തെന്നോ അജ്ഞത എന്തെന്നോ മനസ്സിലാക്കാന്‍ മാത്രം ബുദ്ധിശക്തിയുള്ള ജീവികള്‍ അല്ലല്ലോ. അവ എന്തെങ്കിലും ചെയ്യുന്നത് ആവര്‍ത്തിക്കുമ്പോള്‍ ഭക്ഷണം ലഭിക്കുന്നോ എന്ന് ശ്രദ്ധിച്ചു തുടങ്ങി. താമസം വിനാ തന്നെ വിശക്കുന്ന ചില പ്രാവുകള്‍ ഭക്ഷണം വരാനായി ചിറകു കുടയാന്‍ തുടങ്ങി. മറ്റു ചിലവ ഭക്ഷണം വരാന്‍ വേണ്ടി കഴുത്തു കറക്കാന്‍ തുടങ്ങി. മറ്റു ചിലത് കൂട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കാനും. അനിശ്ചിതത്വം  പ്രാവുകളില്‍ അന്ധവിശ്വാസം നിര്‍മ്മിച്ചെങ്കിലും അവ അത് ക്രോഡീകരിക്കുകയോ  എഴുതി സൂക്ഷിക്കുമയോ   തലമുറ കൈമാറുകയോ ചെയ്തില്ലെന്നു മാത്രം. ജീവനും ജീവിയും എല്ലാം അനിശ്ചിതത്വം നേരിട്ടുകൊണ്ടേയിരിക്കുമ്പോള്‍ സ്കിന്നറുടെ പ്രാവുകളെപ്പോലെ ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തെ ആചാരമാകും. നാളത്തെ "ശാസ്ത്ര"വും.

5 comments:

  1. Need more detailed notes :) Expecting more :)

    ReplyDelete
  2. Vaasthu may be viewed more or less like a construction standard followed by any modern organization. Imagine a row of houses near a street with their kitchens positioned in one direction - obviously it will be a matter of aesthetics and convenience to connect them to a common network,like drainage.Our folly lies in the fact that we connect everything to religion.

    ReplyDelete
  3. ലോകത്തിലെ വിവിധ സംസ്കാരങ്ങള്‍ക്ക് അവിടത്തെ കാലാവസ്ഥ-ഭൂപ്രദേശ സംബന്ധമായതും സാമ്പത്തിക/സാമൂഹിക സാഹചര്യം അനുസരിച്ചുമെല്ലാം രൂപപ്പെട്ടതായ ആര്‍ക്കിടെക്ചര്‍ ശൈലിയുണ്ട്. അത്തരം ഒരു ശൈലിയായി വാസ്തുവിനെ കണ്ടുകൂടെ? ഭാരതത്തിലെ പ്രാചീന ആര്‍ക്കിടെചര്‍ സമ്പ്രദായത്തില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ സ്വാധീനം ശക്തമായിരുന്നു. ഇതിന്റെ ഒപ്പം അന്ധവിശ്വാസങ്ങളും കടന്നുകൂടി.ഭാരതീയ ആര്‍ക്കിടെചറിന്റെ പ്രൌഡിയും സൌന്ദര്യവും വിളിച്ചോതുന്ന നിരവധി കെട്ടിടങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നുമുണ്ട്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ഥമായ ആര്‍ക്കിടെചറല്‍ സമ്പ്രദായങ്ങള്‍ ഉണ്ട്. ഇടക്കാലത്ത് കേരളത്തിലും മറ്റും നവോഥനാകാലഘട്ടത്തിന്റെ സ്വാധീനം മൂലം വാസ്തുവിനെ കാര്യമായി പരിഗണിച്ചിരുന്നില്ല. എന്നാല്‍ വീണ്ടും അന്ധവിശ്വാസങ്ങളിലേക്ക് തിരിഞ്ഞു നടക്കുമ്പോല്‍ ഇന്നിപ്പോള്‍ ആര്‍ക്കിടെക്ചര്‍ എന്നതിനേക്കാള്‍ അന്ധവിശ്വാസത്തിലൂന്നിക്കൊണ്ട് 402-330 എന്ന തോതിലുള്ള ബെഡ്രൂം കണക്കുകളിലേക്ക് നാം ഒതുങ്ങുന്നു.

    വെളിച്ചം വായു എന്നിവയ്ക്ക് വാസ്തു പ്രാധാന്യം നല്‍കുന്നുണ്ട്. സ്വസ്ഥമായ ജീവിതത്തിനുതകുന്നതും പ്രകൃതിയ്ക്ക് അനുകൂലവുമായ നിരവധി കാര്യങ്ങള്‍ അതിലുണ്ട്. എന്നാല്‍ ഇപ്പോള്‍ ചില കണക്കുകളിലും അന്ധവിശ്വാസങ്ങളിലും ഊന്നിക്കൊണ്ടാണ് കാര്യങ്ങള്‍ മുന്നോട്ട് (?) പോകുന്നത്. സാമ്പത്തിക പ്രതിസന്ധിതീരുവാന്‍ ചില തകിടുകളും ഏലസ്സുകളും മതിയെന്ന രീതിയില്‍ പത്രങ്ങളില്‍ പരസ്യം കാണാം. ഓരോ കെ.എസ്.ആര്‍.ടി.സി ബസ്സിലും ഈ തകിട് ഫിറ്റു ചെയ്താല്‍ കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി മാറുമോ എന്ന ചോദ്യം ചോദിക്കുവാന്‍ ആരും മിനക്കെടുന്നില്ല.

    ReplyDelete
  4. ഈ വിഷയത്തെക്കുറിച്ച് അധികം പഠിക്കാതെയുള്ള ഒരു ലേഖനമാണ് ഇവിടെ എനിക്ക് വായിക്കാന്‍ കഴിഞ്ഞത്. എന്റെയും താങ്കളുടെയും സമയം വിലപ്പെട്ടതായതു കൊണ്ടു തന്നെ വരികളെ കീറി മുറിച്ച് ഖണ്ഡിക്കാന്‍ ഞാന്‍ സമയം മിനക്കെടുത്തുന്നില്ല. അതു കൊണ്ടു എവിടെ നിന്നു തുടങ്ങി വാസ്തു എന്ന താങ്കളുടെ ചോദ്യത്തിന് മറുപടി പറഞ്ഞു കൊള്ളട്ടെ.

    വാസ്തു എന്നതൊരു ശാസ്ത്രമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. 'ശാസയിതി ശാസ്ത്രം' എന്നു കേട്ടിട്ടുണ്ടല്ലോ. അതായത് ശാസിക്കുന്നതാണ് ശാസ്ത്രം. വാസ്തുവില്‍ നിഷിദ്ധമായവും സ്വീകാര്യമായവുമായ വസ്തുതകളെക്കുറിച്ചാണ് വിശദീകരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതൊരു ശാസ്ത്രമാകുന്നു.

    ഋഗ്വേദത്തില്‍ നിന്ന് ആയുര്‍വേദവും യജുര്‍വേദത്തില്‍ നിന്ന് ധനുര്‍വേദവും സാമവേദത്തില്‍ നിന്ന് ഗാന്ധര്‍വവേദവും അഥര്‍വ വേദത്തില്‍ നിന്ന് സ്ഥാപത്യവേദവും (വാസ്തു) ഉപവേദങ്ങളായി രൂപപ്പെട്ടു. അഥര്‍വവേദത്തിന്റെ ഉപവേദമായ വാസ്തുവിദ്യ പക്ഷെ ആ പേരിലല്ല അറിയപ്പെടുന്നത്. അതിന് സ്ഥാപത്യവേദം എന്നാണ് പേര്. ആശങ്കക്കിടവേണ്ട; മറ്റു വേദങ്ങളിലും വാസ്തു ഒഴിവാക്കപ്പെട്ടിട്ടില്ല. ഉദാഹരണത്തിന് ഋഗ്വേദം ആറാം മണ്ഡലം നാല്പത്തിയാറാം മണ്ഡലത്തിലെ ആദ്യശ്ലോകം മുതല്‍ വാസ്തുവിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ചുടുകട്ട, കല്ല്, മരം തുടങ്ങിയ മൂന്നു ധാതുക്കള്‍ കൊണ്ട് ഉണ്ടാക്കിയതും ശീതതാപവര്‍ഷാദികളില്‍ നിന്നും അഭയം നല്‍കുന്നതും ശത്രുക്കളുടെ നിശിതമായ ആയുധങ്ങള്‍ ഏല്ക്കാത്തതും സുഖം പ്രദാനം ചെയ്യുന്നതുമായ വീട് നിര്‍മ്മിച്ചു നല്‍കണേയെന്ന പ്രാര്‍ത്ഥനയാണതില്‍.

    വാസ്തുവിദ്യ ബ്രഹ്മമുഖത്തില്‍ നിന്നുണ്ടായതെന്നുള്ള പരാമര്‍ശത്തോടെയാണ് ബൃഹത് സംഹിതയില്‍ വരാഹമിഹിരന്‍ വാസ്തുവിദ്യാപടലം ആരംഭിക്കുന്നത്. ബ്രഹ്മാവ് സൃഷ്ടിച്ച് മുനിപരമ്പര വളര്‍ത്തിയെടുത്ത വാസ്തുജ്‌ഞാനം താനിപ്പോള്‍ വെളിപ്പെടുത്തുന്നതായാണ് വരാഹമിഹിരന്റെ പ്രസ്താവന.
    "വാസ്തുജ്ഞാനമഥാതഃ കമലഭവാന്മുനി
    പരമ്പരയാതം ക്രിയതേധുനാ മയേദം"

    എന്നാല്‍ വിശ്വകര്‍മ്മ പ്രകാശികയില്‍ വാസ്തുവിദ്യോത്പത്തിയുടെ വ്യാപനത്തില്‍ ശിവനും പങ്കുണ്ടെന്നു പറയുന്നു.
    "യദുക്തം ശംഭുനാ പൂര്‍വം
    വാസ്തുശാസ്ത്രം പുരാതനം
    പരാശരഃ പ്രാഹബൃഹദ്രഥായ
    ബൃഹദ്രഥഛ പ്രാഹ ച വിശ്വകര്‍മ്മണേ
    സ വിശ്വകര്‍മ്മഃജഗതാം ഹിതായ
    പ്രോവാചശാസ്ത്രം ബഹുഭേദയുക്തം"

    മത്സ്യപുരാണത്തിലും വാസ്തുശാസ്ത്രത്തെക്കുറിച്ചും അതു പ്രചരിപ്പിച്ച ആചാര്യന്മാരെക്കുറിച്ച് പരാമര്‍ശമുണ്ട്.
    "ഭൃഗുരത്രിര്‍ വസിഷ്ഠശ്ച വിശ്വകര്‍മ്മ മയസ്തഥാ
    നാരദോ നഗ്നജിത് ചൈവ വിശാലാക്ഷഃ പുരന്ദരഛ
    ബ്രഹ്മകുമാരോ നന്ദീശഛ ശൗനകോ ഗര്‍ഗ ഏവച
    വാസുദേവോനിരുദ്ധശ്ച തഥാശുക്രബൃഹസ്പതി
    അഷ്ടാദശൈതേ വിഖ്യാതാഃ ശില്പശാസ്ത്രോപദേശകഃ"

    ReplyDelete
  5. ശാസ്ത്രത്തെ സ്വീകരിക്കുകയും ആചാര്യങ്ങള്‍ സ്ഥാപിക്കുകയും സ്വയം ആചരിക്കുകയും ചെയ്യുന്നവനാണ് ആചാര്യന്‍ എന്നാണ് ബ്രഹ്മവൈവര്‍ത്ത പൂരാണത്തിലെ പരാമര്‍ശം. സ്ഥാനം നോക്കുന്നവരെ ആചാര്യന്‍ (ആശാരി എന്നു ഭാഷാഭേദം) എന്നു വിളിക്കാറുണ്ടെന്നു പ്രത്യേകം ഓര്‍മ്മിക്കുക.

    "ആചിനോതി ഹി ശാസ്ത്രാണി
    ആചാരേ സ്ഥാപയത്യപി
    സ്വയമാചരതേ ചൈവ
    തസ്മാത് ആചാര്യയുച്യതേ"

    "വസന്തി പ്രാണനോ യത്ര ഇതി വാസ്തു" എന്ന
    മയമതത്തിലെ പ്രസ്താവന അനുസരിച്ച് പ്രാണനുള്ള എന്തും ജീവിക്കുന്നത് വാസ്തുവാണ്.
    "ശില്പി കര്‍മ്മാദികം വാസ്തു" എന്ന ശില്പവിദ്യാ നിര്‍വചനമനുസരിച്ച് ശില്പി ഉണ്ടാക്കുന്നതെല്ലാം വാസ്തുവില്‍പ്പെടും
    "വാസ്തുശാസ്ത്രം കരിഷ്യാമി ലോകാനാം ഹിതകാമ്യയാ" എന്ന വിശ്വകര്‍മ്മപ്രകാശികയിലെ നിര്‍വചനമനുസരിച്ച് ലോകത്തിന്റെ യോഗക്ഷേമവും ഹിതവുമാണ് വാസ്തുവിദ്യ ലക്ഷ്യം വയ്ക്കുന്നത്.

    നാട്യശാസ്ത്രാചാര്യനായ ഭരതമുനി നാട്യശാസ്ത്രത്തില്‍ നാടകശാലകളുടെയും പ്രേക്ഷാഗൃഹങ്ങളുടേയും രചനാവിധികള്‍ പരാമര്‍ശിക്കുന്നതു പോലെ തന്നെയാണ് ഭരണതന്ത്രജ്ഞനായ കൗടില്യന്‍ അര്‍ത്ഥശാസ്ത്രത്തിലൂടെ രാജാക്കന്മാരുടേയും സൈനികരുടേയും വസതികളെപ്പറ്റിയും നഗരവിധാനത്തെപ്പറ്റിയും വിശദീകരിക്കുന്നത്. അക്കാലത്തെ അളവുകോലുകള്‍, വീഥികള്‍, കോട്ടകൊത്തള നിര്‍മ്മാണം, ഗൃഹനിര്‍മ്മാണ ക്രമം എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ അര്‍ത്ഥശാസ്ത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.

    എവിടെ നിന്ന് തുടങ്ങി വാസ്തുവിദ്യ എന്ന താങ്കളുടെ സംശയത്തിന് ചെറുതായെങ്കിലും ഒരു അറുതി വന്നിട്ടുണ്ടാകുമെന്നു കരുതട്ടെ.

    ഇങ്ങനെ തങ്ങളുടെ ആവശ്യങ്ങളനുസരിച്ച് ഗൃഹം, കട്ടില്‍, വീഥി, ക്ഷേത്രം തുടങ്ങിയവ നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് വാസ്തുവില്‍ പറയുന്നത്. കുറേക്കൂടി ലളിതവത്ക്കരിച്ചാല്‍ ഉത്തരം, കോടിക്കഴുക്കോല്‍, അലസിക്കഴുക്കോല്‍, വള, വാമട എന്നിവയുടെ അനുപാതം കൃത്യമാക്കിയ കണക്കുകള്‍ക്കു യോജിക്കുന്ന തരത്തില്‍ തറയും ഭിത്തിയും പണിതുയര്‍ത്തിയെങ്കിലല്ലേ മേല്‍ക്കൂര ഭംഗിയായി നിര്‍മ്മിക്കാനാകൂ. അപ്പോള്‍ തറ പണി മേല്‍ക്കൂരയ്ക്ക് അനുയോജ്യമായ വിധത്തിലാകണം. ഇതിന് തറപണിയുന്നതിന് മുമ്പേ അളവൊപ്പിക്കേണ്ടതുണ്ട്. അപ്പോള്‍ അതിന് ഒരു ശാസ്ത്രത്തിന്റെ സഹായം വേണം. ഇതു തന്നെ വാസ്തുശാസ്ത്രം.

    വാസ്തുവിനെക്കുറിച്ച് പഠിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ലേഖനം എഴുതിയതെങ്കില്‍ വാസ്തുവിനെക്കുറിച്ച് കൂടുതലറിയാന്‍ സര്‍ക്കാര്‍ നടത്തുന്ന ഡിപ്ലോമ കോഴ്സുണ്ട്. ആറന്മുളയില്‍ വാസ്തുവിദ്യാഗുരുകുലം എന്ന പേരിലുള്ള ഡീംഡ് യൂണിവേഴ്സിറ്റി നടത്തുന്ന പി.ജി ഡിപ്ലോമ, കറസ്പോണ്ടന്‍സ് ഡിപ്ലോമ കോഴ്സുകളുണ്ട്. താങ്കളുടെ തെറ്റിദ്ധാരണകള്‍ അകറ്റാന്‍ ഈ കോഴ്സുകള്‍ സഹായിച്ചേക്കും. വിവിധ തുറകളിലുള്ള വ്യക്തിത്വങ്ങള്‍ ഈ ശാസ്ത്രത്തെ അറിയാന്‍ ഈ കോഴ്സുകള്‍ പഠിക്കുന്നുണ്ട്.

    സ്നേഹത്തോടെ

    ReplyDelete