Friday, March 1, 2013

ലൈസ് ഓഫ് മ്യൂ


അണ്ണന്‍ ഇരി, എന്തരിനു വന്നത്?
ചെല്ലാ, നമ്മടെ പ്രാന്‍സിലൊന്നും പഴേപോലെ ആളു പള്ളീക്കേറുന്നില്ല. ഒരു  പടമെടുത്ത് സ്വല്പ്പ വിശ്വാസം കൂട്ടാമെന്നു വച്ചു. വല്ല പിലോസപീം  കേക്കാമെന്നു വിചാരിച്ച് ഊളമ്പാറേലോട്ട് പോകണമെന്ന് നെരുവിച്ചപ്പഴാ  അയലത്തെ കറിയാച്ചന്‍ പറഞ്ഞത് അതിലും മൂത്ത ഒരു മലയാളി കോലാലമ്പൂരില്‍ ഉണ്ടെന്ന്. നേരേ ഇങ്ങോട്ട് വച്ച് പിടിച്ച്. ചെല്ലന്‍ പറ, എങ്ങനെയാ ഇങ്ങനെ ആയേന്ന്.

അണ്ണാ, ഞാന്‍ മാഹിയിലായിരുന്ന് ജനിച്ചത്. അച്ഛന്‍ മാഹി നാരേണനാശാനു സര്‍ക്കസ്സു കമ്പനിയായിരുന്ന്. പണ്ട് അച്ചന്‍ കൊടൈക്കനാലില്‍ സര്‍ക്കസ്സുമായി പോകുന്ന വഴി മൂഞ്ചിക്കല്ലില്‍ വച്ച് ഒരു ലോട്ടറിയടിച്ച്. അതിന്റെ ഓര്‍മ്മയ്ക്ക് എനിക്ക് മൂഞ്ചിക്കല്ല് എന്നു പേരിട്ടു. സ്കൂളില്‍ പിള്ളേരെന്നെ മൂഞ്ചിക്കലാശാന്‍ എന്ന് കളിയാക്കി വിളിക്കാന്‍ തുടങ്ങിയപ്പോ ഞാന്‍ ഒരു വാശിക്ക് ഒന്നാം ക്ലാസ്സില്‍ വച്ച് അമൊണ്ടോന്‍സ് ലോ ഓഫ് ഫ്രിക്ഷന്‍  ബോര്‍ഡില്‍ അങ്ങ് എഴുതി വച്ച്. ഫംഗ്ഷന്‍ ഓഫ് ഫ്രിക്ഷന്‍ ഈക്വല്‍സ്  മ്യൂ ഓഫ് എന്‍ തെളിയിച്ച ശേഷം ഞാന്‍ മ്യൂ ആശാന്‍ ആയി, മൂഞ്ചിക്കല്‍ ഒഴിഞ്ഞും പോയി.

എന്നിട്ട്? വിശ്വാസിയായ കാര്യം പറ.
അച്ചന്‍ പണിയെടുത്തു ജീവിക്കുന്ന ആളായിരുന്നതിനാലും അത്യാവശ്യം തലേല്‍ വെളിവുള്ളതുകാരണവും ഡിങ്കനെ വിശ്വസിച്ചില്ല. അമ്മയാണെങ്കില്‍  വിശ്വാസിയാണ്‌. എനിക്കാണേല്‍ വെളിവുമില്ല വെള്ളിയാഴ്ചയുമില്ല. നമ്മടെ നാടല്ലേ, ചുമ്മാ പോയാലും വിളിച്ചു വിശ്വാസിയാക്കുന്ന സ്ഥലം. ഞാനങ്ങനെ സകലമാന മതത്തിലും വിശ്വസിച്ചു.

ഇത്രേയുള്ളോ? കോപ്പ്, ഞാന്‍ പോണ്‌.
ഇത്രേം പോരെങ്കില്‍ നല്ല കേറ്റ് കേറ്റി പറയാം. അച്ചന്‍ നാരേണന്‍ ആശാനു ടെക്സാസില്‍ സര്‍ക്കസ് നടത്താന്‍ ഒരാഗ്രഹം, നേരേ തമ്പും ട്രെയിലറും കൂടും കിളിയുമെല്ലാം കപ്പലേ കേറ്റി. ഞങ്ങളേം വിളിച്ച്.

കപ്പല്‌? മനസ്സിലായി, അതു മുങ്ങും!
തള്ളേ, തന്നെ,  മുട്ടന്‍ സ്റ്റോം വന്ന്, അതു മുങ്ങി.

ചെല്ലനും കുടുമ്മവും ലൈഫ് ബോട്ടില്‍, ബാക്കിയെല്ലാം ചത്തു.
ഇല്ലന്നേ, അച്ഛന്‍ വിശ്വാസിയല്ലാത്തോണ്ട് ചാകുമെന്ന് ഒറപ്പാരുന്ന്, അമ്മേം പോയി. ഞാന്‍ മാത്രം ഒരു കൊളാപ്സിബിള്‍ ലൈഫ് ബോട്ട് വെള്ളം തൊടീച്ചിട്ട് അതി കേറുമ്പ  കപ്പലിന്റെ ഡെക്കീന്ന് സര്‍ക്കസിലെ ഒരാന ഒറ്റ ചാട്ടം.

ഷിപ്പ് വിട്ട് ഡിങ്കിയിലോട്ടോ? മദം എളകിയതായിരിക്കും, അങ്ങനെ ആന ചാടുമെന്ന് ആനയെ ഇതുവരെ കണ്ടിട്ടില്ലാത്ത ഞാന്‍ പോലും വിശ്വസിക്കില്ല. എന്തായാലും ബോട്ടും മുങ്ങി, അല്ലേ?

തള്ളാണു കഥയെന്ന് പറഞ്ഞില്ലേ? ചോദ്യം അരുത്.
എന്തരോ വരട്ട്, പറ.

ബോട്ട് തുഴഞ്ഞപ്പ ചുറ്റും ഷാര്‍ക്ക് നീന്തിക്കളിക്കുന്നു.
സ്റ്റോം നടക്കുമ്പോഴോ? ഷാര്‍ക്ക് അമ്മായിയമ്മയ്ക്ക് വായുഗുളിക വാങ്ങാനെറിങ്ങയതാവും.

പെട്ടെന്ന് ബോട്ടില്‍ കഴുതപ്പുലി, സര്‍ക്കസിലെയാ. കഴുതപ്പുലി ആനയെ കൊന്ന്. എന്നിട്ട് എന്നെ കേറി പിടിക്കാന്‍ വന്ന്, ഞാന്‍ തുഴയെടുത്ത് കീച്ചി.
ബോട്ടില്‍ സ്ട്രാന്‍ഡഡ് ആയ ഒറ്റ കഴുതപ്പുലി, ചത്ത ആന അവിടെ കിടക്കുമ്പോ, നടുക്കടലില്‍ വച്ച് നിന്നെ പിടിക്കാന്‍ ...മൈ, അല്ല മ്യൂവേ, നിന്നെ കണക്കുസാറാണോ ജന്തുശാസ്ത്രം പഠിപ്പിച്ചത്?


പെട്ടെന്ന് നമ്മടെ ഗോറില്ല.
എല്ലാം കറക്റ്റ് ആയിട്ട് നിന്റെ ബോട്ടില്‍ ചാടി.

ഉവ്വ. ഗോറില്ലയെ കഴുതപ്പുലി കൊന്ന്. അപ്പ നമ്മടെ കടുവ
ഇനി ഒരു ജന്തുവിന്റെ പേരു കൂടി  പറഞ്ഞാല്‍ നിന്റെ അണ്ണാക്കില്‍ ഞാന്‍ പൊറോട്ട ചുരുട്ടി കേറ്റും.

ഇനി പറയൂല്ല. ഏതാണ്ട് നോഹയുടെ പെട്ടകം  ആയി വരുന്നു. കടുവ കഴുതപ്പുലിയെ കൊന്ന്.

നിര്‍ത്തെടാ മ്യൂ, നിന്റെ അസുഖം എനിക്കു മനസ്സിലായി, ഇനി ഞാന്‍ അങ്ങോട്ടു പറയാം. അങ്ങോട്ടും ഇങ്ങോട്ടും കടികൂടി നീയും കടുവേം ഒരു തീരത്തെത്തി.  ഈ കഥയെല്ലാം പറഞ്ഞപ്പോള്‍ അവിടത്തുകാര്‍ "ഡിങ്കന്റെ ഓരോ കളികളേ!" എന്നു മൂക്കത്തു വിരല്‍ വച്ചു. അല്ലേ?

മോര്‍ ഓര്‍ ലെസ്സ് അങ്ങനെ തന്നെ.
ശരി, ഞാന്‍ പോണു.ഈ പടം എടുത്തിട്ടു വല്യ കാര്യമൊന്നുമില്ല. പോണേനു മുന്നേ, നിനക്കു മ്യൂ ആശാന്‍ എന്നല്ല മൂഞ്ചിക്കല്‍ ആശാന്‍ എന്ന പേരു തന്നെ കൂടുതല്‍ ചേരുന്നത്. ഊളമ്പാറയ്ക്കു പോകാന്‍ നിന്ന എന്നെ നിന്റെ അടുത്ത് പറഞ്ഞു വിട്ടവനെ ഞാന്‍ ഒന്നു കാണുന്നുണ്ട്. നിന്നോട് ഇനി സംസാരിച്ചാല്‍ എന്റെ ഉള്ള വിശ്വാസവും പോകും. വല്യ നമസ്കാരം.

No comments:

Post a Comment