1.എവിടെനിന്നു തുടങ്ങി വാസ്തു?
വാസ്തു ഒരു "ശാസ്ത്രം" ആണെന്നും അതിനെക്കുറിച്ച് വേദങ്ങളില്‍ പരാമര്‍ശമുണ്ടെന്നും വാസ്തുപ്പണിക്കാര്‍ അവകാശപ്പെടുന്നു. അഥര്‍വ വേദത്തില്‍ ഉണ്ടെന്ന് അവകാശപ്പെടുന്നവരോട് അതിലെവിടെ എന്നു ചോദിക്കുമ്പോള്‍ മറുപടിയില്ല. മനുസ്മൃതിയില്‍ അഷ്ടദിഗ്പാലകരെക്കുറിച്ച് പരാമര്‍ശമുണ്ടെന്നും അര്‍ത്ഥശാസ്ത്രത്തില്‍ ഇന്നയിന്ന സ്ഥലങ്ങളില്‍ ഇന്നയിന്ന കെട്ടിടങ്ങളും ഓഫീസുകളും വേണമെന്നു പറയുന്നുണ്ടെന്നുമാണ് എനിക്കിതുവരെ കിട്ടിയ റെഫറന്‍സുകള്‍
2. എന്താണ് അടിസ്ഥാന തത്വം?
Vaasthu Shastra- Alahar Vijay എന്ന പുസ്തകത്തിലും വിക്കി അടക്കം ഓണ്‍ലൈന്‍ ലേഖനങ്ങളിലും പറയുന്നത് ഇങ്ങനെ ഒക്കെ.
മനുഷ്യനടക്കം സകലതും പഞ്ചഭൂതങ്ങളാല്‍ (ഭൂമി, ജലം, അഗ്നി, വായു, ആകാശം) നിര്‍മ്മിതമാണ്. ചരാജഡങ്ങളില്‍ ഇവയുടെ ഏറ്റക്കുറച്ചിലുകള്‍ വൃദ്ധിയും ദോഷവും ഉണ്ടാക്കുന്നു. കെട്ടിടങ്ങളില്‍ ഇവയെ ഫലപ്രദമായി ഉപയോഗിച്ചാല്‍ ആ കെട്ടിടത്തിനും അതിലെ പ്രവര്‍ത്തനങ്ങള്‍ക്കും അന്തേവാസികള്‍ക്കും ആയുരാരോഗ്യ ഭാഗ്യ സന്തോഷാദികള്‍ വര്‍ദ്ധിക്കുന്നു.
കെട്ടിടത്തിനകത്തെ പഞ്ചഭൂത നിയന്ത്രണം നടത്തുന്ന ശക്തിയെ വാസ്തുപുരുഷന്‍ എന്നു പറയുന്നു. ഈ പുരുഷന്‍ ഗര്‍ഭഗൃഹം അല്ലെങ്കില്‍ ബ്രഹ്മസ്ഥാനമൂലം നടുക്കാക്കിയ ഗ്രിഡില്‍ ഇദ്ദേഹം അല്ലെങ്കില്‍ ശക്തി ചിത്രത്തില്‍ കാണുന്നതുപോലെ അധിവസിക്കുന്നു.
[ചിത്രം വിക്കിയില്‍ നിന്ന്]
വാസ്തുപുരുഷന്റെ പഞ്ചഭൂത നിയന്ത്രണം നടത്തുന്നത് അഷ്ടദിഗ്‌പാലകരുടെ സ്വാധീനം മൂലമാണ് ഇതിനാല്‍ കെട്ടിടത്തിന്റെ വടക്ക് കുബേരനും കിഴക്ക് ഇന്ദ്രനും പടിഞ്ഞാറു വരുണനും വടക്കു കിഴക്ക് ശിവനും തെക്കുകിഴക്കു അഗ്നിയും വടക്കുപടിഞ്ഞാറു പിതൃക്കളും പാലകര്‍ ആകുന്നു. ഇവരുടെ ഇടയിലെ സ്ഥാനങ്ങളെല്ലാം ഗ്രിഡ് ആയി കണ്ടാണ് കെട്ടിടം കെട്ടുന്നത്.
അതായത് കുബേരന്‍ വടക്കായതിനാല്‍ പണം വയ്ക്കുന്ന മുറി വടക്കും അഗ്നി തെക്കു കിഴക്കായതിനാല്‍ അടുക്കള അങ്ങനെയും ശിവന്‍ വടക്കുകിഴക്കായതിനാല്‍ പൂജാമുറി അവിടെയും യമധര്‍മ്മന്‍ സത്യവും നീതിയും പാലിക്കുന്നതിനാല്‍ ഓഫീസും ബെഡ്റൂമും ഒക്കെ അവിടെയും ഒക്കെ കെട്ടുക എന്ന രീതിയില്‍ നിയമങ്ങള്‍ മുന്നോട്ട് പോകുന്നു. ഇങ്ങനെ എണ്ണമില്ലാത്ത തരം നിയമങ്ങളുണ്ടാക്കാമെങ്കിലും അടിസ്ഥാന തത്വം അഷ്ടദിഗ്‌പാലകര്‍ക്കിടയിലെ ചതുരക്കള്ളികളാണ് കെട്ടിടം എന്നതാണ്.
നിരുധി ദുഷ്ടശക്തികള്‍ ആയതിനാല്‍ തെക്കുപടിഞ്ഞാറേക്ക് പ്രവേശനകവാടമുള്ള വീടുകള്‍ വച്ചാല്‍ ആ വീട്ടില്‍ ദുഷ്ടന്മര്‍ കയറും, ചീത്ത വാസനകള്‍ വന്ന് പെണ്ണുങ്ങള്‍ വഴിപിഴയ്ക്കും, ആണുങ്ങള്‍ ദുര്‍ന്നടത്തക്കാരാകും എന്നൊക്കെ ചില പ്രൊഹിബിറ്റീവ് തത്വങ്ങളും ഉണ്ട്, ഇവയും അഷ്ടദിഗ്പാലക ഗ്രിഡില്‍ നിന്നു വരുന്നതു തന്നെ.
3.എന്റെ അഭിപ്രായം
ഈ ശാസ്ത്രത്തെ വായിക്കുമ്പോള്‍ ബി എഫ്. സ്കിന്നറുടെ പ്രാവു പരീക്ഷണം ആണ് ഓര്‍മ്മവരുന്നത്. ഒരു പ്രവര്‍ത്തി അതിന്റെ ഫലം എന്ന പ്രതീക്ഷയാണ് ഒരു തത്വമോ ആചാരമോ ഉണ്ടാക്കുന്നത്. സ്കിന്നര്‍ വിശക്കുന്ന പ്രാവുകള്‍ക്ക് റാന്‍ഡം ഫ്രീക്വന്‍സിയില്‍ റാന്‍ഡമായി തന്നെ ഭക്ഷണം നല്‍കാന്‍ ആരംഭിച്ചു. പ്രാവുകള്‍ അനിശ്ചിതത്വം എന്തെന്നോ അജ്ഞത എന്തെന്നോ മനസ്സിലാക്കാന്‍ മാത്രം ബുദ്ധിശക്തിയുള്ള ജീവികള്‍ അല്ലല്ലോ. അവ എന്തെങ്കിലും ചെയ്യുന്നത് ആവര്‍ത്തിക്കുമ്പോള്‍ ഭക്ഷണം ലഭിക്കുന്നോ എന്ന് ശ്രദ്ധിച്ചു തുടങ്ങി. താമസം വിനാ തന്നെ വിശക്കുന്ന ചില പ്രാവുകള്‍ ഭക്ഷണം വരാനായി ചിറകു കുടയാന്‍ തുടങ്ങി. മറ്റു ചിലവ ഭക്ഷണം വരാന്‍ വേണ്ടി കഴുത്തു കറക്കാന്‍ തുടങ്ങി. മറ്റു ചിലത് കൂട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കാനും. അനിശ്ചിതത്വം പ്രാവുകളില്‍ അന്ധവിശ്വാസം നിര്‍മ്മിച്ചെങ്കിലും അവ അത് ക്രോഡീകരിക്കുകയോ എഴുതി സൂക്ഷിക്കുമയോ തലമുറ കൈമാറുകയോ ചെയ്തില്ലെന്നു മാത്രം. ജീവനും ജീവിയും എല്ലാം അനിശ്ചിതത്വം നേരിട്ടുകൊണ്ടേയിരിക്കുമ്പോള്‍ സ്കിന്നറുടെ പ്രാവുകളെപ്പോലെ ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തെ ആചാരമാകും. നാളത്തെ "ശാസ്ത്ര"വും.